അറബ് യുദ്ധങ്ങള്‍
എം എസ് ഷൈജു
ഫലസ്തീന്റെ ഗതി ഇന്നത്തേത് പോലെ മാറിപ്പോയതില്‍ അറബ് യുദ്ധങ്ങള്‍ക്കുള്ള പങ്ക് അനവഗണനീയമായതാണ്. ഒരു പക്ഷെ ഇതൊരു സംവാദാത്മകമായ നിരീക്ഷണമാകാം. ഇതിന്റെയര്‍ഥം ആ യുദ്ധങ്ങള്‍ തെറ്റായിരുന്നു എന്നല്ല. വിശകലനം നടത്താന്‍ കഴിയാത്ത വിധമുള്ള സങ്കീര്‍ണതകളാണ് അറബ് ഇസ്‌റയേല്‍ യുദ്ധങ്ങള്‍ക്കുള്ളത്. ലോകത്ത് ആര് കേട്ടാലും പിന്തുണക്കുന്ന ന്യായങ്ങളാണ് അറബികള്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും പിന്താങ്ങുന്ന രാഷ്ട്രം എന്ന നിലയില്‍ മാത്രമാണ് ഇസ്‌റയേല്‍ പരിഗണിക്കപ്പെട്ടത്. നീതിക്കും ന്യായത്തിനും വേണ്ടി നടത്തപ്പെട്ട യുദ്ധങ്ങള്‍ എന്ന് നമുക്ക് വിളിക്കാമെങ്കിലും അറബ് യുദ്ധങ്ങളില്‍ അവധാനതക്കുറവും അപാകതകളുമുണ്ടായിരുന്നു. യുദ്ധമുഖത്ത് പഴയ ഗോത്ര ശൈലിയിലുള്ള ആധിപത്യ ത്വരയാണ് അറബ് സംയുക്ത സേന പ്രകടിപ്പിച്ചതെങ്കില്‍ അറബ് സേനയുടെ ശക്തിക്ഷയങ്ങളെയും സംഘാടന ന്യൂനതയേയും തിരിച്ചറിഞ്ഞും പ്രതിരോധിച്ചുമാണ് ഇസ്‌റയേല്‍ യുദ്ധം ചെയ്തത്. അനിതരമായ യുദ്ധതന്ത്രജ്ഞതയും ഗൂഡാലോചനാ സ്വഭാവത്തിലുള്ള നയതന്ത്ര നീക്കങ്ങളും ആയുധ മികവും അസൂത്രണശേഷിയും കൊണ്ടാണ് ഇസ്‌റയേല്‍ യുദ്ധത്തിനിറങ്ങിയത്.
മറ്റൊരു പ്രധാനപ്പെട്ട ന്യൂനത ഇസ്‌റയേലിനെ നേരിടാന്‍ ഇറങ്ങിത്തിരിച്ച അറബ് രാജ്യങ്ങളൊന്നും പൂര്‍ണാര്‍ഥത്തില്‍ സ്വതന്ത്രരായ രാജ്യങ്ങളായിരുന്നില്ല. ഈജിപ്ത് പോലെയുള്ള രാജ്യങ്ങള്‍ അപ്പോഴും ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് കീഴില്‍ തന്നെയായിരുന്നു. ലബനാനും സിറിയയുമൊന്നും സ്വാതന്ത്ര്യത്തിന്റെ ബാലാരിഷ്ടതകള്‍പോലും പിന്നിട്ടിരുന്നില്ല. അത് കൂടാതെ, യുദ്ധത്തിനിറങ്ങിയ ജോര്‍ദാന്‍പോലെയുള്ള രാജ്യങ്ങള്‍ ബ്രിട്ടീഷ് താത്പര്യം നിലനിര്‍ത്താന്‍ ശ്രമിച്ചവരും പല സന്ദിഗ്ധ ഘട്ടത്തിലും അഭിപ്രായസ്ഥിരത കാണിക്കാത്തവരുമായിരുന്നു.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ ഹുസൈന്‍ ഫലസ്തീന്‍ ഭൂമിയില്‍ കണ്ണ് വെച്ചാണ് വിഷയത്തില്‍ ഇടപെട്ടത് തന്നെ. ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടന്‍ അറബ് രാജ്യം വാഗ്ദാനം ചെയ്ത് കൂടെ നിര്‍ത്തിയ ശരീഫ് ഹുസൈന്റെ ഇളയ മകനായിരുന്നു അബ്ദുല്ല. രണ്ടാം ലോക യുദ്ധകാലത്തും അബ്ദുല്ല തങ്ങളോടൊപ്പം നിന്നതിന്റെ പ്രതിഫലമായാണ് ജോര്‍ദാന്‍ എന്ന പ്രവിശ്യയുടെ ഭരണം ബ്രിട്ടന്‍ അബ്ദുല്ലക്ക് നല്‍കിയത്. അങ്ങനെ അബ്ദുല്ല രാജാവായി. ജോര്‍ദാന്‍ കൂടാതെ ഖുദ്‌സിന്റെ ഭരണവും തനിക്ക് ലഭിക്കണമെന്ന് അബ്ദുല്ല ആഗ്രഹിച്ചിരുന്നു. ഇതൊന്നും കൂടാതെ ഇസ്‌ലാമിക പോരാളികളായി യുദ്ധമുഖത്ത് നിന്നവരില്‍ സുന്നി പക്ഷക്കാരും ശിയാ പക്ഷക്കാരുമായ മതവിശ്വാസികളുണ്ടായിരുന്നു. ഒരു യുദ്ധമുഖത്തായിരുന്നിട്ട് കൂടി ഇവര്‍ക്ക് പ്രത്യയശാസ്ത്ര ഭിന്നതകള്‍ മറന്ന് യോജിക്കാന്‍ കഴിഞ്ഞില്ല. പോരാളികളുടെ പ്രത്യയ ശാസ്ത്ര വൈരം കൊണ്ടുണ്ടായ രാഷ്ട്രീയ ദുര്‍ഗതി വേറെ തന്നെ പറയേണ്ടതുണ്ട്.
പ്രധാനമായും മൂന്ന് യുദ്ധങ്ങളാണ് ഇസ്‌റയേലും അറബ് രാജ്യങ്ങളും തമ്മില്‍ നടന്നത്. മൂന്നിന്റെയും രീതിയും സ്വഭാവങ്ങളും വ്യത്യസ്തമായിരുന്നു. ഇത് മൂന്നും അറബികള്‍ക്ക് പരാജയം സമ്മാനിച്ചു എന്നതിലാണ് ഐക്യപ്പെടുന്നത്. 1948 മെയ് 15ന് ആരംഭിച്ച ആദ്യ യുദ്ധം 48ലെ യുദ്ധമെന്ന പേരിലാണ് ലോകത്ത് അറിയപ്പെടുന്നത്. പിന്നീട് 1956ല്‍ നടന്ന ഒരു യുദ്ധവും 67ല്‍ ആറു ദിന യുദ്ധമെന്ന പേരില്‍ വിഖ്യാതമായ മറ്റൊരു യുദ്ധവും അറബ് രാജ്യങ്ങളും ഇസ്‌റയേലും തമ്മില്‍ അരങ്ങേറി.
ഓരോ സൈനിക നീക്കത്തിന് ശേഷവും ഇസ്‌റയേല്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. 48ലെ ആദ്യ യുദ്ധത്തിന്റെ ആദ്യ പകുതിയില്‍ അറബ് സേനയാണ് മുന്നിട്ട് നിന്നത്. മേല്‍ സൂചിപ്പിച്ചത് പോലെ ഒട്ടേറെ ദൗര്‍ബല്യങ്ങളിലായിരുന്നിട്ടും ആ മുന്നേറ്റം നേടാന്‍ അറബ് സേനക്ക് കഴിഞ്ഞത് അവരുടെ മികവിനെക്കാള്‍ ഇസ്‌റയേലിന്റെ ദൗര്‍ബല്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. ഇസ്‌റയേലിന്റെ ദൗര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ് പോരാട്ട മുഖം തുറക്കാന്‍ അവര്‍ക്ക് ഒരു പരിധിയോളം സാധിച്ചു. ആദ്യം ഈജിപ്തിന്റെ സൈന്യവും തുടര്‍ന്ന് ജോര്‍ദാന്‍, ലബനാന്‍ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളും ഫലസ്തീനിലെത്തി. ജോര്‍ദാന്റെ സൈന്യം നേരത്തെ തന്നെ സ്വന്തം നിലയില്‍ ചില സൈനിക നീക്കങ്ങള്‍ നടത്തിയിരുന്നു.
പോരാട്ടമുഖത്ത് കടന്ന് വന്ന മറ്റൊരു സംഘം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സന്നദ്ധ പോരാളികളായിരുന്നു. ഈജിപ്ത്, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലിപ്പിക്കപ്പെട്ട പോരാളികളായിരുന്നു അവരില്‍ ഭൂരിപക്ഷവും. പൊളിറ്റിക്കല്‍ താത്പര്യങ്ങളുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന പേരിലാണ് ലോകത്ത് അറിയപ്പെടുന്നത്. അവര്‍ക്ക് പുറമെ ഖുദ്‌സ് മുഫ്തിയായിരുന്ന അമീനുല്‍ ഹുസൈനിയുടെ നേതൃത്വത്തിലുള്ള വിമോചന സേനയുമായി ചേര്‍ന്ന അനവധി പ്രാദേശിക സംഘങ്ങളും ആയുധങ്ങളുമായെത്തി.
ഇവരെയാണ് പിന്നീട് അറബ് സേന പിരിച്ച് വിട്ടത്. പിരിച്ച് വിട്ടെങ്കിലും പോരാളികള്‍ മടങ്ങിപ്പോയില്ല. അനേകം അറബ് ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പോരാളി സംഘങ്ങളും ഫലസ്തീനിലെത്തി. ഇതില്‍ പല സന്നദ്ധ പോരാളി സംഘങ്ങള്‍ക്കും അറബ് സേനയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങളും ചിലപ്പോഴൊക്കെ ശത്രുതയുമുണ്ടായിരുന്നു.
27 ദിവസം നീണ്ട, യുദ്ധത്തിന്റെ ആദ്യ പകുതിയില്‍ ഇസ്‌റയേല്‍ കനത്ത പ്രതിരോധത്തിലായി. കയ്യേറിയ പല അറബ് ഗ്രാമങ്ങളില്‍ നിന്നും ജീവനും കൊണ്ട് ഇസ്‌റയേല്‍ സേന പിന്തിരിഞ്ഞോടി. ജൂതര്‍ തിങ്ങിപ്പാര്‍ക്കുന്ന പടിഞ്ഞാറന്‍ ജറുസലേം പട്ടണം അറബ് സേന പിടിച്ചെടുത്ത് അവിടെ കനത്ത ഉപരോധമേര്‍പ്പെടുത്തി. ലബനാന്റെ ഫലസ്തീന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ മുഴുവന്‍ അറബ് സേന കൈക്കലാക്കി. പുരാതന ഖുദ്‌സ് അധീനപ്പെടുത്തുകയും ജെറീക്കോ, ജറീന്‍, റുദ്ദ്, റാമല്ല എന്നീ പട്ടണങ്ങളില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. യുദ്ധം വീക്ഷിക്കുന്നവര്‍ക്ക് സ്പഷ്ടമായ അറബ് മുന്നേറ്റം കാണാന്‍ കഴിയുമായിരുന്നു.
ഇസ്‌റയേല്‍ പരാജയം മണത്ത ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സഭ നടത്തിയ ദുരുപദിഷ്ടമായ ഒരിടപെടലും തുടര്‍ന്നുള്ള അറബ് സേനയുടെ പിന്മടക്കവും കൊണ്ടാണ് ഇസ്‌റയേല്‍ നിലനിന്നതെന്ന് വീക്ഷിക്കുന്ന നിരവധി ചരിത്രകാരന്മാരുണ്ട്. നാലാഴ്ചത്തെ വെടി നിര്‍ത്തല്‍ യു എന്‍ പ്രഖ്യാപിച്ചു. രക്തരൂഷിതമല്ലാതെയുള്ള ഒരു പരിഹാരം വേണമെന്ന് യു എന്‍ അഭിപ്രായപ്പെടുകയും ചെയ്തു. മധ്യസ്ഥന്മാരേയും നിരീക്ഷകരെയും നിയോഗിച്ച് യു എന്‍ ചര്‍ച്ച നടത്തുമ്പോള്‍ മറു ഭാഗത്ത് ഇസ്‌റയേല്‍ അത്യാധുനികമായ യുദ്ധോപകരണങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. ചെക്കോസ്‌ളവാക്യയിലെ ആയുധ ഫാക്ടറികളില്‍ നിന്ന് ആയുധം നിറച്ച കപ്പലുകള്‍ ഇസ്‌റയേല്‍ തീരത്ത് വന്ന് കൊണ്ടിരുന്നു. വൈദഗ്ധ്യം നേടിയ പട്ടാളക്കാരെ പുറം നാടുകളില്‍ നിന്ന് പണം കൊടുത്ത് തയാറാക്കി നിര്‍ത്തി.
ഇസ്‌റയേല്‍ എന്ന തങ്ങളുടെ പുതിയ രാജ്യത്തിന്റെ പോരായ്മകള്‍ അവര്‍ പഠിച്ചു. തെല്‍അവീവില്‍ നിന്ന് സൈനിക നീക്കം നടത്താന്‍ മതിയായ റോഡുകളോ യുദ്ധമുഖങ്ങളിലേക്ക് ജല വിതരണത്തിനുള്ള സംവിധാനങ്ങളോ ഇല്ലായെന്ന് അവര്‍ മനസിലാക്കി. രാവും പകലും പണികള്‍ നടത്തി രാജ്യം ഒരു വന്‍ യുദ്ധത്തിനായി തയാറെടുത്തു. യൂറോപ്പില്‍ തീവ്ര യുദ്ധ പരിശീലന കേന്ദ്രങ്ങള്‍ തുറന്ന് ഇസ്‌റയേല്‍ പടയാളികള്‍ക്ക് ആധുനിക യുദ്ധ തന്ത്രങ്ങളിലും വെടിക്കോപ്പുകളുടെ ഉപയോഗത്തിലും നിരന്തരമായ പരിശീലനങ്ങള്‍ നല്‍കി. ഫ്രാ ന്‍സ് ആയുധങ്ങളുടെ ഒരു വമ്പിച്ച വ്യൂഹം തന്നെ ഇസ്‌റയേലിന് നല്‍കി. അറബികളെ തുരത്തുക എന്നത് പാശ്ചാത്യരുടെ അഭിമാന പ്രശ്‌നമായി മാറി. ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനവും കാത്ത് അറബികള്‍ പ്രതീക്ഷയോടെ ഇരിക്കുകയായിരുന്നു.
ഐക്യരാഷ്ട്ര സഭ നിയോഗിച്ച മധ്യസ്ഥന്‍ കൗണ്ട് ബര്‍ണാഡോ മധ്യസ്ഥ തീരുമാനം പ്രഖ്യാപിച്ചതോടെ സ്ഥിതി വീണ്ടും വഷളായി. ചില അതിര്‍ത്തികള്‍ മാറ്റി വരച്ചും പഴയ നിര്‍ദേശങ്ങളില്‍ നിന്ന് ചില്ലറ ഭേദഗതികള്‍ മാത്രം വരുത്തിക്കൊണ്ടുള്ളതുമായിരുന്നു പുതിയ നിര്‍ദേശം. എന്നാല്‍ തങ്ങളുടെ പ്രശ്‌നം ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളുടെതല്ലെന്നും ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെയും നീതിയുടേതുമാണെന്നുമുള്ള നിലപാടാണ് അറബികള്‍ സ്വീകരിച്ചത്. മധ്യസ്ഥ നിര്‍ദേശത്തെ ഇസ്‌റയേലും തള്ളിക്കളഞ്ഞു.
മധ്യസ്ഥ നീക്കങ്ങള്‍ പൊളിഞ്ഞതോടെ വെടിനിര്‍ത്തല്‍ കാലാവധി കഴിഞ്ഞയുടന്‍ തന്നെ വീണ്ടും പോരാട്ടമാരംഭിച്ചു. യുദ്ധത്തിന്റെ രണ്ടാം പകുതിയില്‍ ഇസ്‌റയേല്‍ പുറത്തെടുത്ത ആയുധങ്ങളും യുദ്ധ തന്ത്രജ്ഞതയും പ്രഹരശേഷിയും കണ്ട് അറബ് സേന അന്ധാളിച്ച് പോയി. ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് ഇസ്‌റയേലിന് പുറം ലോകവുമായി കരമാര്‍ഗം ബന്ധം സ്ഥാപിക്കാനോ സൈനിക സഹകരണം തേടാനോ അറബ് രാജ്യങ്ങളിലൂടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഈയൊരു പോരായ്മയെ മുന്നില്‍ക്കണ്ട് കൊണ്ട് പാശ്ചാത്യ ശക്തികള്‍ ഐക്യരാഷ്ട്ര സഭയെ മുന്നില്‍ നിര്‍ത്തി നടത്തിയ ഒരു നീക്കമാണ് വെടി നിര്‍ത്തല്‍ പ്രഹസനമെന്നാണ് അറബ് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്. അതില്‍ കുറെയൊക്കെ വസ്തുതകളുമുണ്ട്.
ഇസ്‌റയേല്‍ സൈനിക പോസ്റ്റുകളില്‍ നിന്ന് തൊടുത്തു വിടുന്ന മാരക പ്രഹരശേഷിയുള്ള അത്യാധുനിക ആയുധങ്ങള്‍ക്ക് മുമ്പില്‍ അറബികള്‍ പതറിപ്പോയി. പിടിച്ചടക്കിയ കേന്ദ്രങ്ങള്‍ക്ക് പുറമെ കൈവശമിരുന്ന അനേകം സ്ഥലങ്ങള്‍ കൂടി അറബികള്‍ക്ക് നഷ്ടമാകാന്‍ തുടങ്ങി. ഖുദ്‌സ് ഉപരോധത്തെ ഇസ്‌റയേല്‍ സമര്‍ഥമായി ഭേദിച്ചു. അറബ് സൈന്യം ചിന്നഭിന്നമായി. ഇസ്‌റയേല്‍ സൈന്യം അറബ് ഗ്രാമങ്ങളില്‍ കടന്ന് കൂട്ടാക്കശാപ്പ് ആരംഭിച്ചു. ഭയന്ന് വിഹ്വലരായ അറബ് ജനത രക്ഷകരില്ലാതെ പരക്കം പാഞ്ഞു. എന്ത് വില കൊടുത്തും ഫലസ്തീന്‍ തങ്ങള്‍ നേടുക തന്നെ ചെയ്യുമെന്ന ദൃഢമായ ആത്മവിശ്വാസത്തിലായിരുന്നു അവര്‍. അവിടെ നിന്നും അരാജകത്വത്തിലേക്കുള്ള കൂപ്പ് കുത്തല്‍ മാനസികമായി അവരെ ദുര്‍ബലപ്പെടുത്തി. ഇതാണ് കൂട്ടപ്പലായനം അഥവാ നഖ്ബാ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട സംഭവങ്ങള്‍ക്ക് തുടക്കമായത്.
1948ലെ യുദ്ധത്തില്‍ ഏഴുലക്ഷം അറബ് ഫലസ്തീനികള്‍ പലായനം ചെയ്യപ്പെടുകയോ പുറം തള്ളപ്പെടുകയോ ചെയ്യപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. യഥാര്‍ഥ സംഖ്യ ഇതിനും എത്രയോ മുകളിലായിരിക്കും. കണക്കുകള്‍ പ്രകാരം യുദ്ധപൂര്‍വ പലസ്തീന്‍ ജനസംഖ്യയുടെ ഏകദേശം പകുതിയോളം പേരെങ്കിലും ആദ്യ യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്യുകയോ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു. പാലായനം ചെയ്ത ആളുകള്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്ന മുറക്ക് മടങ്ങിയെത്താം എന്ന പ്രതീക്ഷയില്‍ സ്വന്തം വീടുകളും പൂട്ടിയാണ് അവര്‍ പോയത്. ആ താക്കോലുകള്‍ മാത്രം ഇന്നും അവരുടെ കൈവശമുണ്ട്. അവര്‍ക്കൊരിക്കലും സ്വഗൃഹങ്ങളിലേക്ക് പിന്നീട് മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. അധിനിവേശത്തിന്റെ അടയാളമായി ഫലസ്തീന്‍ ജനത ആ താക്കോലുകള്‍ ഇന്നും സൂക്ഷിക്കുന്നു! അവര്‍ വിട്ട് പോയ സ്ഥലങ്ങള്‍ മുഴുവന്‍ ഇസ്രായേല്‍ കൈയ്യേറി ജൂതഗ്രാമങ്ങളാക്കി മാറ്റി. ഫലസ്തീന്‍ നഗരങ്ങളെ തകര്‍ക്കുകയും ഗ്രാമങ്ങളെ കയ്യേറുകയും ചെയ്യുക എന്ന രീതിയാണ് ഇസ്രായേല്‍ സ്വീകരിച്ചത്. യുദ്ധാനന്തരം ഏറ്റവും കുറഞ്ഞത് 600 ഗ്രാമങ്ങളെങ്കിലും ഇവ്വിധം ഇസ്രായേല്‍ കവര്‍ന്നെടുത്ത് കഴിഞ്ഞിരുന്നു. ഈ കൂട്ടപ്പലായനത്തിന്റെ കാരണങ്ങളെ വെളുപ്പിച്ചെടുക്കാന്‍ പല പാശ്ചാത്യ, ഇസ്രായേല്‍ വിധേയത്വമുള്ള ചരിത്രകാരന്മാരും ശ്രമിക്കാറുണ്ട്. എന്തൊക്കെ പറഞ്ഞാലും ആധുനിക മനുഷ്യ ചരിത്രം സാക്ഷിയായ ഹൃദയഭേദകമായ ഈ അരും കൊലകള്‍ക്കും പാലായനങ്ങള്‍ക്കുമുള്ള ആദ്യ മൂന്ന് കാരണക്കാര്‍ ഇസ്രായേല്‍, പാശ്ചാത്യ ശക്തികള്‍, അവരുടെ കളിപ്പാവയെപ്പോലെ പ്രവര്‍ത്തിച്ച ഐക്യരാഷ്ട്ര സഭ എന്നിവരാണ്. ഈ യാഥാര്‍ഥ്യം അംഗീകരിച്ച് കൊണ്ട് മാത്രമേ ഇതില്‍ ഒരു വിശകലനത്തിന് പോലും പ്രസക്തിയുള്ളൂ.
യുദ്ധം അവസാനിക്കുമ്പോള്‍ അറബ് സേന പിന്നിലോട്ട് നീങ്ങിയ മുഴുവന്‍ പ്രദേശങ്ങളും ഇസ്‌റയേലിന്റെ കൈയ്യിലായി. ജൂലൈ 17ന് ഐക്യരാഷ്ട്ര രക്ഷാ സമിതി രണ്ടാമത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇസ്‌റയേലിന്റെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും അറബ് സേനയെ തുരത്തിയെന്ന് മാത്രമല്ല, അറബ് രാജ്യത്തിനായി യു എന്‍ നിര്‍ദ്ദേശിച്ചിരുന്ന സ്ഥലങ്ങളുടെ 30 ശതമാനം കൂടി ഇസ്‌റയേലിന്റെ അധീനതയിലെത്തിയിരുന്നു. യുദ്ധവിരാമം പ്രഖ്യാപിച്ചതില്‍ സിയോണിസ്റ്റുകള്‍ കോപാകുലരായിരുന്നു. ഫലസ്തീന്‍ പൂര്‍ണമായും കയ്യടക്കാനുള്ള ഒരവസരം നഷ്ടപ്പെട്ടതായാണ് അവര്‍ കരുതിയത്. യുദ്ധത്തിന്റെ പ്രത്യക്ഷമായ അനന്തര ഫലങ്ങള്‍ ഏറ്റവും ചുരുങ്ങിയത് രണ്ടെണ്ണമായിരുന്നു.
ഫലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണം സാധ്യമാകാത്ത ഒരു രാഷ്ട്രീയ സ്ഥിതി സംജാതമായെന്നതും അറബ് സേനയെ മാനിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നുമുള്ള രണ്ട് കക്ഷികള്‍ ഫലസ്തീനികളില്‍ നിന്ന് രൂപപ്പെട്ടെന്നതുമായിരുന്നു അവ. അറബ് രാജ്യങ്ങള്‍ പിന്മാറിയെങ്കിലും സായുധ പോരാട്ട സംഘങ്ങള്‍ പലയിടങ്ങളിലും പോരാട്ടം തുടര്‍ന്നു. ഈ പോരാട്ടത്തിന്റെ മറവില്‍ ഇസ്രായേല്‍ വീണ്ടും വീണ്ടും ഫലസ്തീന്റെ ഭൂമി കയ്യേറിക്കൊണ്ടിരുന്നു. യുദ്ധകാലത്ത് നാട് വിട്ടോടിയ ഫലസ്തീനികള്‍ ഇസ്രായേലിന്റെ അധീനതയിലല്ലാത്ത ഫലസ്തീന്റെ ചെറിയ പ്രദേശത്തേക്കും ചുറ്റുമുള്ള രാജ്യങ്ങളിലേക്കും അഭയാര്‍ഥികളായി പരന്നൊഴുകി. അഭയാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടാക്കാന്‍ ലോക രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയെ നിര്‍ബന്ധിച്ചു.
ഒടുവില്‍ കടുത്ത പക്ഷപാതപരമായ ഒരു നിലപാടാണ് ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ സ്വീകരിച്ചത്. ഫലസ്തീനികള്‍ ഇസ്‌റയേല്‍ കയ്യേറിയ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ഇസ്‌റയേലിന്റെ ഭരണത്തിന് കീഴില്‍ തുടരണമെന്നും അല്ലെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം വാങ്ങാമെന്നുമുള്ള ജുഗുപ്‌സാപരമായ ഒരു പ്രമേയമാണ് യു എന്‍ പാസാക്കിയത്. ആത്മാഭിമാനമുള്ള ഒരു ജനതക്കും സ്വീകാര്യമാകുന്ന നിലപാടായിരുന്നില്ല അത്. ഫലസ്തീനികളുടെ വ്യക്തിത്വവും ദേശീയതയും ഇസ്രായേലിന് അടിയറവ് വെക്കാന്‍ നിര്‍ദേശിക്കുന്ന ഈ പ്രമേയം തങ്ങള്‍ തള്ളിക്കളയുന്നതായി അവര്‍ പ്രഖ്യാപിച്ചു.
പിന്‍വാങ്ങിയ ഈജിപ്തും ജോര്‍ദാനും ബാക്കി വന്ന ഫലസ്തീന്‍ കഷ്ണത്തെ അവരുടെ രാജ്യങ്ങളോട് ചേര്‍ത്തു. വെസ്റ്റ് ബാങ്ക് ജോര്‍ദാനും, ഗസ്സ ഈജിപ്തും പങ്കിട്ടെടുത്തു. യുദ്ധം അവസാനിക്കുമ്പോള്‍ ഫലസ്തീന്‍ എന്ന രാജ്യം വായുവില്‍ ലയിച്ച് ചേര്‍ന്നു! ഫലസ്തീനികളായ കുറെ മനുഷ്യര്‍ മാത്രം അഭയാര്‍ഥികളായി സ്വന്തം നാട്ടിലും അന്യ നാട്ടിലുമായി ചിതറപ്പെട്ടു. തങ്ങളുടെ രക്ഷക്ക് തങ്ങളല്ലാതെ മറ്റാരുമില്ലെന്ന വലിയ ബോധ്യം ഫലസ്തീനികളില്‍ രൂപപ്പെട്ടു. അരക്ഷിതബോധം അനുഭവിക്കുന്ന ഏതൊരു ജനതയിലും സംഭവിക്കുന്ന കാര്യങ്ങളാണ് പിന്നീട് ഫലസ്തീനികളും സംഭവിച്ചത്. അതിലൊന്ന് കടുത്ത സ്വത്വവല്‍ക്കരണമാണ്. ഫലസ്തീനികളില്‍ പിന്നീട് സംഭവിച്ച വിദ്യാഭ്യാസപരമായ ഉണര്‍ച്ച ഈ സ്വത്വബോധത്തിന്റെ ജാഗരണത്തിലൂടെ സംഭവിച്ചതാണ്. രണ്ടാമത്തേത് പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിക്കാത്ത പോരാട്ടങ്ങളാണ്. ഏറ്റവും നിസ്സാരരെന്ന് ഇസ്രായേല്‍ എഴുതിതള്ളിയ ആ ജനത ഇന്നും ഇസ്രായേലിന് ഭീഷണിയായായിക്കൊണ്ടിരിക്കുന്നത് ഈയൊരു പരിണാമത്തിലൂടെയാണ്.
ഈജിപ്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇഖ്‌വാനുല്‍ മുസ് ലിമൂന്‍ എന്ന ഇസ്‌ലാമിസ്റ്റ് സംഘടന തെഴുത്ത് വളര്‍ന്നു. ഇസ്‌ലാമിനെതിരിലുള്ള പാശ്ചാത്യ അധിനിവേശങ്ങള്‍ക്കെതിരില്‍ രൂപപ്പെട്ട ഒരു ഇസ്‌ലാമിക സംഘടനയാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അഥവാ ഇസ്‌ലാമിക് ബ്രദര്‍ ഹുഡ്. ഇസ്‌ലാമിക കാഴ്ച്ചപ്പാടിലുള്ള ഒരു രാഷ്ട്രനിര്‍മിതിയാണ് ബ്രദര്‍ഹുഡിന്റെ ലക്ഷ്യം. മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് സംഘടന വിശ്വസിക്കുന്നു.
ഫലസ്തീന്‍ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ പിന്‍വാങ്ങിയതോടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ വിഷയം ഏറ്റെടുത്തു. ഈജിപ്തിന്റെ ഭാഗമായ ഗസ്സ കേന്ദ്രീകരിച്ച് അവര്‍ പോരാട്ട പദ്ധതികള്‍ പുനരാരംഭിച്ചു. ജൂതരെ ആക്രമിക്കാനും അവരുടെ സൈ്വര്യ ജീവിതത്തിന് തടസമുണ്ടാക്കി ഇസ്രായേലിനെ സമ്മര്‍ദപ്പെടുത്താനുമായിരുന്നു ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ശ്രമിച്ചത്. തുടര്‍ന്ന് നിരവധി സ്‌ഫോടനങ്ങളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഗസ്സ കേന്ദ്രീകരിച്ച് ആരംഭിച്ചു.
അനേകം അറബികളും ജൂതരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു കൊണ്ടിരുന്നു. ഈ ആക്രമണങ്ങളെയൊക്കെ ഇസ്രായേല്‍ രണ്ട് രീതിയില്‍ ഗുണോത്ഭവിപ്പിച്ചു. ഒന്ന് അവരുടെ നാരാധമത്വത്തെ മറയാക്കാന്‍ ലോകത്തിന് മുന്നില്‍ ഈ ആക്രമണങ്ങളെ കാണിച്ച് കൊടുത്തു. രണ്ട്, സിയോണിസ്റ്റുകളുടെ ആഗ്രഹപ്രകാരം കൂടുതല്‍ കയ്യേറ്റത്തിനുള്ള അവസരമാക്കി ഓരോ അക്രമണങ്ങളെയും അവര്‍ മാറ്റിക്കൊണ്ടിരുന്നു.