അറബ് ഉച്ചകോടികളില്‍ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ക്കളെ ആര്‍ക്ക് പേടി?
സജീവന്‍
ഫലസ്തീനിന്റെ ചുറ്റുമുള്ള ഏതാണ്ടെല്ലാ അറബ് ഭരണകൂടങ്ങളുടെയും അകമഴിഞ്ഞ മൗനാനുവാദത്തോടെയാണ് ഫലസ്തീനിലെ ഇസ്രായേലിന്റെ വംശഹത്യ അരങ്ങേറുന്നത്. ഇറാന്‍ ഇതില്‍ നിന്നൊഴിവാണെന്നു പറയാം.
കൊട്ടിഘോഷിച്ച് കഴിഞ്ഞയാഴ്ച റിയാദില്‍ സഊദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അറബ് ഉച്ചകോടി, അറബ് ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ ദൗര്‍ബല്യവും അമേരിക്കന്‍ അടിമത്തവും ഇസ്രായേലിനോടുള്ള ‘സഹോദര സ്‌നേഹ’വും വെളിപ്പെടുത്തുന്നതായിരുന്നു. അമേരിക്കയോടും ഇസ്രായേലിനോടുമുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനോ ഈ രണ്ടു രാജ്യങ്ങളുടെയും ഉല്‍പന്നങ്ങള്‍ ഔദ്യോഗികമായി നിരോധിക്കാനോ ഒരു അറബ് രാജ്യവും സന്നദ്ധമല്ല. ആകെ നടന്നത് മൃദുവായ അപലപിക്കല്‍ മാത്രം.
സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇന്‍കുബേറ്ററില്‍ കഴിയുന്ന നവജാത ശിശുക്കളെയും കൂട്ടക്കൊല ചെയ്യാന്‍ ഇസ്രായേലി സേന ആശുപത്രികള്‍ ഉപരോധിക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഭരണകൂടങ്ങളെല്ലാം കൂളായി നോക്കിനില്‍ക്കുന്നത്. ലക്ഷങ്ങള്‍ കൂട്ടമരണത്തിന്റെ വക്കത്താണ്. അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെങ്ങുമുള്ള ജനത ഇസ്രായേലിന്റെ വംശഹത്യക്കെതിരെ അതിശക്തമായി തെരുവുകളില്‍ പ്രതിഷേധിക്കുന്നത് മറ്റൊരു അത്ഭുതമായി വിശേഷിപ്പിക്കാതെയും വയ്യ. അറബ് രാജ്യങ്ങളിലെ ജനക്കൂട്ടങ്ങളുടെ തെരുവുകളിലെ പ്രതിഷേധം ഒരു ലാവാപ്രവാഹമായി തങ്ങളെ മൂടിക്കളയുമോ എന്നതാണ് അറബ് ഏകാധിപതികളുടെ ഏക വേവലാതി.
അറബ് രാജ്യങ്ങളുടെ സമ്മര്‍ദം അമേരിക്കക്ക് താങ്ങാന്‍ കഴിയുന്നില്ല എന്നതാണ് ഉയര്‍ന്നുകേള്‍ക്കുന്ന വലിയൊരു ഫലിതം. സത്യത്തില്‍ അമേരിക്കയുടെ മൂടുതാങ്ങികളായ അറബ് ഏകാധിപതികള്‍ അങ്ങനെയൊരു സമ്മര്‍ദവും ചെലുത്തിയിട്ടുണ്ടാവില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്? ‘വേഗം പണി തീര്‍ത്ത് പോടാ കുട്ടാ’ എന്നതാവും നെതന്യാഹുവിനോടുള്ള അറബ് ഏകാധിപതികളുടെ മനോഗതം. അമേരിക്ക ഇസ്രായേലിന്റെ മേല്‍ വെടിനിര്‍ത്തലിനു സമ്മര്‍ദം ചെലുത്തുന്നു എന്നതാണ് മറ്റൊരു തമാശ. അതും വെറുതെ. ഈ രണ്ടു ഫലിതങ്ങളും അറബ് തെരുവുകളുടെ രോഷം തണുപ്പിക്കാനുള്ള ഒറ്റമൂലി മാത്രം. യഥാര്‍ഥത്തില്‍ ജൂത സയണിസ്റ്റുകളും ക്രിസ്ത്യന്‍ സയണിസ്റ്റുകളും ചേര്‍ന്നുള്ള ഫലസ്തീനികളുടെ വംശഹത്യയാണ് അരങ്ങു തകര്‍ക്കുന്നത്. അതിനിടയില്‍ അറബ് ഉച്ചകോടികളില്‍ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ക്കളെ ആര് ഗൗനിക്കുന്നു!