സസ്യങ്ങളും പരിസ്ഥിതി വ്യൂഹവും
എ ആര്‍ കൊടിയത്തൂര്‍
ഭൂമിയുടെ ശ്വാസകോശങ്ങളും പ്രകൃതിയുടെ ഹൃദയവുമായ കാടുകളുടെ സംരക്ഷണം ഭൂമിയെയും അതിലെ വിഭവങ്ങളെയം കാത്തുരക്ഷിക്കുന്നതിന് ഏറെ സഹായകമാണ്. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന കാടുകള്‍ക്കും പാരിസ്ഥിതിക പ്രാധാന്യമുണ്ടെങ്കിലും ദൈവം ഒരുക്കിത്തന്ന പ്രകൃതിയിലെ സ്വാഭാവിക വനങ്ങള്‍ക്ക് അവ ഒരിക്കലും തുല്യമാകില്ല തന്നെ.
നിര്‍ജീവമായ ഭൂമിയില്‍ മഴ വര്‍ഷിപ്പിച്ച ജഗന്നിയന്താവ് ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് സസ്യലതാദികള്‍ മുളപ്പിക്കുകയും ഉറവകള്‍ ഒഴുക്കുകയും തോട്ടങ്ങള്‍ തയ്യാറാക്കുകയും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷിക്കുവാനാണ് ഒരുക്കിയിരിക്കുന്നത്. ജീവജാലങ്ങളുടെ നിലനില്പും സസ്യങ്ങളുടെ ധാരാളം ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുന്നു. നല്ലതു ഭക്ഷിച്ചു ആരോഗ്യത്തോടെ ജീവിക്കാനും ശുദ്ധവായു ശ്വസിക്കാനുമുള്ള സംവിധാനവും സ്രഷ്ടാവായ നാഥന്‍ ഭൂമിയില്‍ ഒരുക്കിയിരിക്കുന്നു. സസ്യങ്ങളിലെ ദൈവശാസ്ത്രത്തെപ്പറ്റി വിചിന്തനം നടത്തിയാല്‍ ധാരാളം കാര്യങ്ങള്‍ നമുക്കു മുമ്പില്‍ അനാവൃതമാകും.
വൃക്ഷങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന അരയാല്‍ ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വിശുദ്ധ വൃക്ഷമാണ്. നീലഗിരിയിലെ ബഗഡ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നുണ്ട്. ബോധ്ഗയിലെ അരയാലിന്റെ ചുവട്ടില്‍ വെച്ചാണ് ശ്രീബുദ്ധന്‍ ജ്ഞാനോദയമുണ്ടായതെന്നാണ് വിശ്വാസം.
ആല്‍മരങ്ങളെ പൊതുവെ വടവൃക്ഷങ്ങള്‍ എന്നും ക്ഷീരദ്രുമങ്ങള്‍ എന്നും നാമകരണം ചെയ്യാറുണ്ട്. ഏകദേശം 65 ഇനം ആല്‍വൃക്ഷങ്ങളുണ്ട്. ഭാരതീയ വൈദ്യ സമ്പ്രദായത്തോടു മാത്രമല്ല, ഭാരതീയ സംസ്‌കാരത്തോടും ഈ വൃക്ഷങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. ഇവയില്‍ പലതിനെയും ഒന്നിച്ചും പഞ്ചവല്‍ക്കങ്ങളായിട്ടും നാല്‍പ്പാമരപ്പട്ടയായിട്ടും മറ്റും ഉപയോഗിക്കുവാന്‍ ആയുര്‍വേദ പ്രകാരം വിധിക്കപ്പെടുന്നു. ആര്‍ട്ടിക്കേസി കുടുംബത്തില്‍ പെട്ടതാണ് ആല്‍മരങ്ങള്‍.
എണ്‍പത് മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഇലകൊഴിയും വൃക്ഷമാണ് അരയാല്‍. വേരുകള്‍ തായ്ത്തടിയോട് ചേര്‍ന്ന് വളരുന്നതുകൊണ്ട് തായ്ത്തടിയില്‍ ധാരാളം ചാലുകള്‍ കാണാം. ഹൃദയാകാരത്തിലുള്ള തണ്ടിലും ഇലകളിലും വെളുത്ത പാലുപോലുള്ള കറ(ഹമലേഃ) ഉണ്ട്. ഇല ആനക്ക് തീറ്റയായി കൊടുക്കാറുണ്ട്. തൊലിയില്‍ നിന്ന് ടാനിനും (ഠമിിശി) നാരും എടുക്കാറുണ്ട്. തൊലിക്കും ഇലയ്ക്കും ഔഷധ ഗുണങ്ങളുണ്ട്.
തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്ക്ക് ശമനം കിട്ടും. ഉഷ്ണപ്പുണ്ണിന്റെ ചികിത്സക്കായി അരയാല്‍ തൊലിയിട്ടു തിളപ്പിച്ചു വെള്ളം ഉപയോഗിക്കാറുണ്ട്.
ഓക്‌സിജന്‍ വിതരണ കേന്ദ്രങ്ങളായി ആലിന്റെ ഇലകള്‍ അറിയപ്പെടുന്നു. അരയാല്‍ കാവുകളിലും ക്ഷേത്രങ്ങളിലും സംരക്ഷിച്ചുവരുന്നു. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ മനുഷ്യജീവിതം ഭൂമിയില്‍ ദുസ്സഹമാകും.
മുപ്പത് മീറ്ററോ അതിലധികമോ ഉയരത്തില്‍ പടര്‍ന്നുപന്തലിച്ചു വളരുന്ന വലിയ ഇല കൊഴിയും വൃക്ഷമാണ് പേരാല്‍. ഇതിന്റെ ശാഖോപ ശാഖകളില്‍ നിന്ന് ധാരാളം വേരുകള്‍ താഴോട്ടു വളരുകയും അവ കാലക്രമത്തില്‍ മണ്ണില്‍ ഉറച്ച് ശാഖകളെ താങ്ങി നിര്‍ത്തുകയും ചെയ്യുന്നു. ഇതിന്റെ ഇല ഏകദേശം പ്ലാവില പോലെയായിരിക്കും. ഫലങ്ങള്‍ ചെറുതും ഇരുണ്ടതുമാണ്. രണ്ടെണ്ണം വീതം പത്രകക്ഷത്തില്‍ ശാഖകളോടു കൂടിച്ചേര്‍ന്നു പറ്റിപ്പിടിച്ചിരിക്കും.
ആല്‍മരങ്ങളില്‍ മറ്റൊരു വിഭാഗമാണ് അത്തി. ഇടത്തരം വൃക്ഷമാണിത്. ഇതിന് മറ്റ് ആല്‍വൃക്ഷങ്ങള്‍ക്കുള്ളതുപോലെ കൂടുതല്‍ വായവ വേരുകളില്ല. അത്തരം വേരുകള്‍ നീളം കുറഞ്ഞതും നേര്‍ത്തതുമാണ്. ഇലകള്‍ക്ക് ഏകദേശം മാവിലയുടെ വലിപ്പമുണ്ടാകും. ഗോളാകൃതിയിലുള്ള ഫലങ്ങള്‍ കുലകളായി കാണപ്പെടുന്നു. മൂപ്പെത്തുമ്പോള്‍ ചുവപ്പു നിറമാകുന്നു. മൃദുരോമം കൊണ്ടുള്ള ഒരു ബാഹ്യാവരണം ഫലത്തിനുണ്ടായിരിക്കും. മധുരമുള്ള നീര് ഉള്ളതുകൊണ്ട് തിന്നാന്‍ കൊള്ളാം.
അത്തിപ്പഴം പോഷക മൂല്യമുള്ളതാണ്. വൈറ്റമിന്‍ എ യും കാല്‍സ്യവും അതില്‍ അടങ്ങിയിട്ടുണ്ട്. പാശ്ചാത്യര്‍ ഭക്ഷണത്തിനുശേഷം പാകം ചെയ്യാത്ത അത്തിപ്പഴം കഴിക്കാറുണ്ട്. പ്രോട്ടീന്‍, സിട്രിക് ആസിഡ് തുടങ്ങിയവ അത്തിയിലടങ്ങിയിട്ടുണ്ട്. കരള്‍ ക്ഷയം, രക്തവാതം, സന്ധിവാതം, വൃക്കയിലെ കല്ല്, മൂലവ്യാധി തുടങ്ങിയ അസുഖങ്ങള്‍ക്ക് അത്തിപ്പഴം ഫലപ്രദമാണ്.
ഔഷധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്തി. പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തി. അത്തിയുടെ തൊലിയും കായും എല്ലാം ഉപയോഗിക്കാന്‍ പറ്റുന്നതാണ്.
ആല്‍മരങ്ങളില്‍ പെട്ട ഒരു മരമാണ് ഇത്തി. ഫൈക്കസ് ഗിബോസ എന്നാണ് ശാസ്ത്രനാമം. ഈ മരം പല വലിപ്പത്തില്‍ കാണപ്പെടുന്നു. ചിലപ്പോള്‍ ഭിത്തികളിലും കിണറുകളിലും ദ്രവിച്ച വീടുകളിലും കിളിച്ചുനില്‍ക്കുന്നത് കാണാം. ഇലകള്‍ കട്ടിയുള്ളതും ഇരുണ്ട പച്ച നിറത്തോടു കൂടിയതും മാവിലയോളം വീതിയുള്ളതുമാണ്. ഇരുണ്ട, ചെറിയ ഫലങ്ങള്‍ പഴുക്കുമ്പോള്‍ ഇളം മഞ്ഞ നിറമാകുന്നു. ഇവയുടെ മരത്തൊലിക്ക് ഔഷധവീര്യമുണ്ട്. മിക്ക അല്‍വൃക്ഷങ്ങളുടെയും തൊലിയില്‍ ടാനിന്‍, വാക്‌സ്, സാപോണിന്‍ ഇവ അടങ്ങിയിട്ടുണ്ട്.
ഇത്തിയുടെ ഔഷധഗുണം വളരെയേറെയാണ്. ശക്തശുദ്ധി ഉണ്ടാക്കും. ശീതളമാണ്. പ്രമേഹ രോഗത്തില്‍ മൂത്രത്തിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നു. എല്ലാ വിഷങ്ങളെയും ശമിപ്പിക്കുന്നു. കുഷ്ഠം, വ്രണം, ചര്‍മരോഗം ഇവ ശമിപ്പിക്കുന്നു. അര്‍ശസിന് നല്ലതാണ്.
തന്നാലി, പൂമൊട്ട്, പൂവം, കായ് എല്ലാം ഔഷധ ഭാഗങ്ങളാണ്. ധാരാളം ഔഷധപ്രയോഗങ്ങളുണ്ട്. അവയില്‍ പെട്ടതാണ്, അത്തിമൊട്ടിന്റെ കഷായത്തില്‍ അല്പം കാവിമണ്ണ് ചേര്‍ത്ത് 60 മി.ലിറ്റര്‍ വീതം ദിവസം മൂന്നുനേരം കുടിച്ചാല്‍ അതിആര്‍ത്തവം, രക്താര്‍ശസ്സ്, രക്തപ്രദരം ഇവ എളുപ്പം ശമിക്കും.
ഭൂമിയിലെ എണ്ണമമറ്റ സസ്യലതാദികള്‍ ദൈവം ഒരുക്കിവെച്ചിരിക്കുന്നു: ‘പിന്നീട് നാം ഭൂമിയെ ഒരുതരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും. ഇടതൂര്‍ന്നു നില്ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗങ്ങളും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്” (അബസ 26-32)
സസ്യങ്ങളും ചെടികളും ധാരാളം ഉപകാരങ്ങള്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമായി നിര്‍വഹിക്കുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സസ്യങ്ങള്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് ആഗിരണംചെയ്യുന്നു. വേരുകളിലൂടെ ഇത് ജലവുമായി ചേരുന്നു. സുര്യപ്രകാശത്തിന്റെ സഹായത്താല്‍ ഇലകള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ നിര്‍മിക്കുന്നു. ഇതിനെ പ്രകാശസംശ്രേഷണമെന്നാണ് പറയുന്നത്. ഇതുമൂലം സസ്യങ്ങള്‍ ഓക്‌സിജന്‍ പുറന്തള്ളുന്നു. മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഓക്‌സിജന്‍ അത്യാവശ്യമാണല്ലോ. മനുഷ്യന്‍ പുറന്തളളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പ്രകൃതിയില്‍ അധികമാകാതെ നിലനിര്‍ത്തുന്നത് മരങ്ങളാണ്. മണ്ണില്‍ നൈട്രജന്‍ ആഗിരണം ചെയ്യപ്പെടുന്നതിലും സസ്യങ്ങളുടെ പങ്ക് വലുതാണ്. പ്രവാചക വചനം എത്ര ശ്രദ്ധേയം:’ഒരു മുസ്്‌ലിം ഒരു ചെടി നടുകയോ ഒരു കൃഷി ഇറക്കുകയോ ചെയ്ത്, അതില്‍നിന്ന് പക്ഷിയോ മനുഷ്യനോ മൃഗമോ ഭക്ഷിക്കുന്നില്ല, അത് അവന് ധര്‍മമായിട്ടല്ലാതെ” (ബുഖാരി)
മരംവെച്ചു പിടിപ്പിക്കാനും കൃഷി ചെയ്യാനുമുള്ള പ്രോത്സാഹനമാണ് നാമിവിടെ ദര്‍ശിക്കുന്നത്.
വൃക്ഷങ്ങള്‍ നശിച്ചാല്‍ ജീവികള്‍ക്ക് ഭക്ഷണം ഇല്ലാതാകും. തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, ചിതലുകള്‍ എന്നീ ജീവികള്‍ വനമില്ലാതാകുന്നതോടെ അപ്രത്യക്ഷമാകും. വന്യജീവ ജാലങ്ങളും കുറയും. അതിനാല്‍ വനസംരക്ഷണം നമ്മുടെ ചുമതലയാണ്.
നമുക്ക് വളരെ സുപരിചിതവും പാവനമായി കരുതപ്പെടുന്നതുമായ ഔഷധസസ്യങ്ങളില്‍ പെട്ട തുളസിയെപ്പറ്റി ഇത്തിരി ചിന്തിക്കാം. കറുത്ത തുളസിക്ക് കൃഷ്ണതുളസി ന്നെും വെളുത്ത തുളസിക്ക് രാമതുളസി ന്നെും പേരു നല്‍കിയിരിക്കുന്നു. ഇതില്‍ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്.
ഔഷധവീര്യമുള്ള തുളസി പനി, ജലദോഷം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ശമിപ്പിക്കുന്നു. തേള്‍ വിഷം, ചിലന്തിവിഷം, പാമ്പുവിഷം ഇവക്കെതിരായി ഒരു പ്രതിവിഷമെന്ന നിലയില്‍ തുളസി പ്രവര്‍ത്തിക്കും. തുളസിയിലെ നീര് തേനും ചേര്‍ത്ത് പതിവായി ദിവസം മൂന്നുനേരം ഉപയോഗിച്ചാല്‍ പല അസുഖങ്ങളും സുഖപ്പെടും. ചെറിയ കുട്ടികള്‍ക്ക് തുളസിയിലെ നീരും പനിക്കൂര്‍ക്ക നീരും(കഞ്ഞിക്കൂര്‍ക്ക എന്നും പറയാറുണ്ട്) കൃത്യമായി നല്‍കിയാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും ഇല്ലാതാവാന്‍ സഹായിക്കം.
ഇത്തരം ഔഷധസസ്യങ്ങളെല്ലാം നാം സംരക്ഷിക്കണം. മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ പുനര്‍ജന്മത്തിന് ഒരു മാറ്റം അത്യാവശ്യമാണ്. കോടിക്കണക്കിന് വര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞുണ്ടായ ജീവന്റെ വ്യവസ്ഥിയിയാണ് ഈ ലോകം. ദശകോടിക്കണക്കിന് ജന്തുസസ്യജൈവ രൂപങ്ങള്‍ക്ക് നിലനില്‍പ്പിന്നാവശ്യമായ സാഹചര്യം അല്ലാഹു ഒരുക്കിയിട്ടുണ്ട്.
മനുഷ്യന്‍ എത്രതന്നെ നശിപ്പിച്ചാലും പ്രപഞ്ചനാഥന്‍ ഈ ഭൂമിയെ അവസാനകാലംവരെ നിലനിര്‍ത്തുകതന്നെ ചെയ്യും.
ഈ ഭൂമിക്ക് കോടിക്കണക്കിന് അവകാശികളുണ്ട്. അതില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍. ഭൂമിയിലെ എല്ലാ വിഭവങ്ങളും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പ്രകൃതി വിഭവങ്ങളെ വേണ്ടവിധംസംരക്ഷിച്ച് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുകയാണ് വേണ്ടത്. പ്രകൃതി സംരക്ഷണം മാനവ സംരക്ഷണമാണ്. മാത്രമല്ല ജീവ സംരക്ഷണം കൂടിയാണ്. ദൈവിക സംവിധാനം ഉപയോഗപ്പെടുത്തി നന്ദി കാണിക്കുന്നവരായി ജീവിക്കുകയാണ് മനുഷ്യധര്‍മം. ‘നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങ ള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദി കാണുക്കുന്നുള്ളൂ”(വി.ഖു 7:10) ‘ഭൂമിയില്‍ നന്മ വരുത്തിയതിനുശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്” (വി.ഖു 7:56)