സയണിസ്റ്റുകളുടെ തെരഞ്ഞെടുപ്പ് ആയുധമാണ് അല്‍അഖ്‌സ: ഖാലിദ് മിശ്അല്‍

അല്‍അഖ്‌സ മസ്ജിദിനെതിരെ ഇസ്രായേല്‍ ആക്രമണം നിര്‍ബാധം തുടരുകയാണെന്ന് ഹമാസ് തലവന്‍ ഖാലിദ് മിശ്അല്‍. സയണിസ്റ്റ് ശക്തികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമായി അല്‍അഖ്‌സ മസ്ജിദ് മാറിയിരിക്കുന്നു. അതിനാലാണ് പുണ്യസ്ഥലത്തിനെതിരെ ഭീഷണികള്‍ മാസാമാസം വര്‍ധിക്കുന്നത്. അധിനിവിഷ്ട ജറൂസലമിലെ മസ്ജിദിനു നേരെയുണ്ടായ തീവെപ്പ് ആക്രമണത്തിന്റെ 53ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗസ്സയില്‍ നടന്ന നാലാമത് ഇന്റര്‍നാഷനല്‍ സ്‌കോളേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവിഷ്ട ഫലസ്തീനിനകത്തും പുറത്തുമുള്ള എല്ലാ ഫലസ്തീന്‍ ശ്രമങ്ങളുടെയും പദ്ധതികളുടെയും നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. സയണിസ്റ്റ് അധിനിവേശത്തില്‍ നിന്ന് അല്‍അഖ്‌സ മസ്ജിദിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ അറബികളുടെയും മുസ്‌ലിംകളുടെയും ലോകത്തുള്ള മുഴുവന്‍ ആളുകളുടെയും പങ്കാളിത്തത്തിന്റെ പ്രാധാന്യവും മിശ്അല്‍ ഊന്നിപ്പറഞ്ഞു.
