അഖീദയും ശരീഅത്തും നവോത്ഥാന ശിലകള്‍
അബ്ദുല്‍ അലി മദനി
മാനവരാശിയെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയുക്തരായ ദൈവദൂതന്മാരുടെ രിസാലത്ത് (പ്രവാചകത്വം) മൂന്ന് അടിസ്ഥാന ശിലകളിലാണ് നിലകൊള്ളുന്നത്: ഒന്ന്: പ്രപഞ്ചനാഥനായ അല്ലാഹുവിലുള്ള വിശ്വാസം, രണ്ട്: മരണാനന്തര ജീവിതവിശ്വാസം, മൂന്ന്: മോക്ഷം ലഭിക്കാന്‍ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കണമെന്നത്. ഇതിലെ ഒന്നും രണ്ടും അടിത്തറകള്‍ അഖീദയിലും മൂന്നാമത്തേത് ശരീഅത്തിലുമാണ് ഉള്‍പ്പെടുക. മതം (ദീന്‍) എന്നത് അഖീദയും ശരീഅത്തും അടങ്ങിയതുമാണ്.
ഓരോ കാലഘട്ടങ്ങളിലും പ്രവാചകന്മാര്‍ തങ്ങളുടെ സമുദായങ്ങളെ പഠിപ്പിച്ച അഖീദ (വിശ്വാസകാര്യങ്ങള്‍) ഒരേ രൂപത്തിലുള്ളവയാണ്. എന്നാല്‍ അവര്‍ പരിശീലിപ്പിച്ച ശരീഅത്ത് മൗലികമായി മതത്തിന്റെ ഒരടിത്തറയാണെങ്കിലും അതില്‍ വ്യത്യസ്ത രൂപഭാവങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. കാരണം, മനുഷ്യരുടെ ബുദ്ധിവികാസം, ജീവിത സാഹചര്യങ്ങള്‍, അവരുടെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവുമായ അഭിവൃദ്ധി, സാമ്പത്തികവും വ്യാവസായികവുമായ ഉന്നമനം എന്നിവയിലെല്ലാം വ്യത്യസ്ത അവസ്ഥകള്‍ വന്നുചേരുന്നതിനാലാണത്.
എന്നാല്‍ മുഴുവന്‍ പ്രവാചകരിലൂടെയും അറിയിച്ച വിശ്വാസകാര്യങ്ങള്‍ ഒന്നുതന്നെയായിരുന്നു എന്നതാണ് പരമാര്‍ഥം. ശരീഅത്ത് എന്ന് നാം പറയാറുള്ള കര്‍മനിയമങ്ങളില്‍ പ്രവാചകന്മാരുടെ സമൂഹത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് വ്യത്യാസങ്ങളുണ്ടായിരുന്നു. അഥവാ, ആദിമ മനുഷ്യനോടും ആദ്യത്തെ ദൈവദൂതനോടും അറിയിച്ച ശരീഅത്തല്ല അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബിയിലൂടെ അറിയിച്ചതെന്ന് സാരം. ശരീഅത്തില്‍ കാല-സമയ-സാഹചര്യ വിഭിന്നതകള്‍ പരിഗണിച്ച് നിയമവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നത് ഒരിക്കലും മാറ്റത്തിരുത്തലുകള്‍ വേണ്ടതില്ലാത്ത വിധമുള്ള സമ്പൂര്‍ണ ശരീഅത്ത് അവതരിപ്പിക്കപ്പെടുന്നതിനു മുമ്പായിരുന്നു എന്നുകൂടി ഉള്‍ക്കൊണ്ടുള്ള വിലയിരുത്തലാണിവിടെ നാം ഉദ്ദേശിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍, മതനിയമങ്ങളെ (ശരീഅത്തിനെ) കാലോചിതമായി മാറ്റാവുന്നതാണെന്ന തെറ്റായൊരു വായന നടത്തുന്നവര്‍ രിസാലത്തിലൂടെ (പ്രവാചകത്വം) ലഭ്യമായ നിയമസംഹിതകളുടെ അന്തഃസത്ത ഉള്‍ക്കൊള്ളാത്തതിനാലാണ് ഇങ്ങനെ പറയാന്‍ ഇടവന്നത്.
പ്രവാചകന്മാര്‍ അവരവരുടെ സമുദായങ്ങളെ അറിയിച്ച ശരീഅത്ത് പ്രവാചകന്മാരുടെ സ്വന്തം വ്യക്തിപര താല്‍പര്യത്തിനനുസരിച്ച് മാറ്റം വരുത്തിയതല്ല, ദൈവിക നിര്‍ദേശപ്രകാരമാണ്. അതിനാല്‍ ദൈവദൂതന്മാരെ പോലെത്തന്നെ സമൂഹത്തിലെ എല്ലാ ഓരോരുത്തര്‍ക്കും നിയമങ്ങളെ മാറ്റാന്‍ സ്വതന്ത്ര അവകാശമുണ്ടെന്ന പ്രചാരണം ദൈവിക നിയമങ്ങളെ നിസ്സാരമായി കാണലാണ്. തന്നെയുമല്ല, ശരീഅത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തണമെങ്കില്‍ പ്രവാചകന്മാരിലൂടെ ലഭ്യമാകുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ പാടില്ലെന്നത് സമ്പൂര്‍ണ മതവിശ്വാസത്തിന്റെ ഭാഗവുമാണ്. അതിനാല്‍ കാലോചിതമായി മുന്‍ പ്രവാചകന്മാരിലൂടെ മാറ്റങ്ങള്‍ വരുത്തുകയും, അവസാനമായി സമ്പൂര്‍ണ രൂപത്തില്‍ ഇനിയൊരിക്കലുമൊരു മാറ്റത്തിന് വിധേയമാക്കാന്‍ പാടില്ലാത്തവിധം പൂര്‍ത്തീകരിച്ചതായി അറിയിക്കപ്പെട്ട ശരീഅത്തിലെ നിയമങ്ങള്‍ കാലോചിതമായി മാറ്റാന്‍ ഒരിക്കലും ആര്‍ക്കും അനുവാദമില്ല തന്നെ.
അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബി(സ)യിലൂടെ സമ്പൂര്‍ണമാക്കിത്തന്ന ശരീഅത്ത് നിയമങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമല്ലെന്നു പറയാനുള്ള പ്രധാന കാരണം മനുഷ്യ സമൂഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടുണ്ടെന്നതിനാലാണ്. അഥവാ, ഇനിയൊരിക്കലും നിയമങ്ങള്‍ അടിക്കടി മാറ്റം വരുത്തേണ്ടവിധം അനുഭവങ്ങള്‍ക്ക് സാധ്യതയില്ലെന്നതാണ്. മനുഷ്യരുടെ ജീവിതസൗഖ്യത്തിനും സൗകര്യത്തിനും അനുസൃതമായി നിയമങ്ങള്‍ മാറ്റുകയെന്നതിനേക്കാള്‍ ഖണ്ഡിതവും അന്തിമവുമായി അവതരിച്ച സമ്പൂര്‍ണ നിയമങ്ങളെ അനുധാവനം ചെയ്യുകയും പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയുമാണ് നല്ലത്. പ്രവാചകന്മാര്‍ പഠിപ്പിച്ചിട്ടില്ലാത്ത പുതിയയിനം കര്‍മങ്ങളോ മനുഷ്യസമൂഹം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത നന്മതിന്മകളോ ഉണ്ടാവാനില്ലെന്നിരിക്കെ പിന്നെയെന്തിനാണ് പുതിയ നിയമസംഹിതയെന്നതാണ്. മറ്റൊന്ന്, നിലവിലുള്ള ഏതൊരു നിയമസംഹിതയേക്കാളും മികവുറ്റ അളവുകോലുകള്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ പരിപൂര്‍ണ രൂപത്തില്‍ കാണുന്നതിനാലും ഇസ്‌ലാമിക ശരീഅത്ത് മാറ്റണമെന്ന മുറവിളിയേക്കാള്‍ ശക്തമാക്കേണ്ടത് ഇസ്‌ലാമികമല്ലാത്ത നിയമങ്ങളുടെ സാധ്യതകളെ വിശകലനം നടത്തേണ്ടതിലാണെന്നതാണ് പരമാര്‍ഥം. നിലവിലുള്ള മുഴുവന്‍ വിശ്വാസകര്‍മങ്ങളും താരതമ്യപഠനം നടത്തുന്നതായാല്‍ കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടും.
പ്രവാചകന്മാര്‍ അഖിലവും പ്രബോധനം ചെയ്ത മഹത്തായ തത്വമാണ് തൗഹീദ് (ഏകദൈവവിശ്വാസം). ഈ ആശയം സ്ഥാപിച്ചെടുക്കുകയെന്നത് രിസാലത്തിലെ അടിസ്ഥാന വിഷയങ്ങളില്‍ പെട്ടതുമാണ്. ശരീഅത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മുറവിളി കൂട്ടുന്നവര്‍ അഖീദയില്‍ (വിശ്വാസകാര്യങ്ങള്‍) ഭേദഗതി വരുത്തണമെന്ന് പറയാറില്ല. അതിലൊന്നും അത്തരക്കാര്‍ക്ക് താല്‍പര്യവുമില്ല. അഖീദയും ശരീഅത്തും തോന്നുംപോലെ മാറ്റിത്തിരുത്താമെങ്കില്‍ പ്രവാചകന്മാരുടെ പ്രസക്തിയെന്താണ്?.
ഒന്നാമത്തെ ദൈവദൂതനായ നൂഹ്(അ) മുതല്‍ ഖുര്‍ആനില്‍ പേരെടുത്തുപറഞ്ഞ മുഴുവന്‍ പ്രവാചകന്മാരും അവരവരുടെ സമുദായങ്ങളോട് മുഖ്യമായും പറഞ്ഞത് ‘നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് ആരാധ്യനില്ല’ എന്നാണ്. മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലാതെ അംഗീകരിക്കുന്ന തത്വമാണിത്. രിസാലത്തിലെ (പ്രവാചകത്വം) അടിസ്ഥാന ഘടകങ്ങളിലൊന്നായ അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ഉള്‍പ്പെടുന്നതാണ് തൗഹീദ്.
അല്ലാഹുവിന്റെ സത്ത, നാമങ്ങള്‍, സവിശേഷ ഗുണങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെല്ലാം തൗഹീദിന്റെ ഭാഗങ്ങളാണ്. അന്തിമ വിശകലനത്തില്‍ തൗഹീദ് എന്നത് അല്‍ഈമാന്‍ എന്നതിലാണ് ഉള്‍പ്പെടുക. അഥവാ, അല്‍ഈമാന്‍ എന്നതിലെ ഒരിനമത്രേ അത്തൗഹീദ് എന്നത്. അല്ലാഹുവിന്റെ ഏകത്വം വിശദമാക്കപ്പെടുന്ന വിജ്ഞാനശാഖയായതുകൊണ്ടാവണം തൗഹീദിനെ അല്‍ഈമാന്‍ എന്നതിനേക്കാള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഈമാന്‍ എന്നതിലേക്കുള്ള ക്ഷണമെന്ന് പറയുന്നതിനേക്കാള്‍ തൗഹീദിലേക്കുള്ള ക്ഷണമെന്നും പറയാറുണ്ട്.
തൗഹീദ് പൂര്‍ണമായി ഉള്‍ക്കൊണ്ടവനെ മുവഹ്ഹിദ് എന്നു പറയുന്നു. ഈമാന്‍ കാര്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടവരെ മുഅ്മിന്‍ എന്നും. അപ്പോള്‍ മുഅ്മിന്‍ എന്നത് പൊതുവായതും മുവഹ്ഹിദ് എന്നത് അതിലെ പ്രത്യേകമായൊരിനവുമാണ്. ഈമാനും തൗഹീദും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. അല്ലാഹുവിലും പ്രവാചകരിലും ഗ്രന്ഥങ്ങളിലും ദൈവവിധിയിലും മാലാഖമാരിലും പരലോക ജീവിതത്തിലുമുള്ള വിശ്വാസകാര്യങ്ങളാണല്ലോ ഈമാന്‍ കാര്യങ്ങളെന്ന് പറയുന്നത്. ഇത് ശരീഅത്തിലെ മൗലിക ഭാഗവുമാണ്. മറ്റു വിശ്വാസകാര്യങ്ങളെല്ലാം ഇതിന്റെ അനുബന്ധങ്ങളായി കണക്കാക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ഉള്‍പ്പെട്ടതാണ് തൗഹീദ് എന്നത്. ഈമാന്‍ കാര്യങ്ങളില്‍ ഒന്നാമത്തേത് അംഗീകരിക്കുകയും ബാക്കിയെല്ലാം മാറ്റിവെക്കുകയും ചെയ്താല്‍ ശരീഅത്ത് ഉള്‍ക്കൊണ്ടവനാകില്ല.
ഒരാള്‍ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് സമ്മതിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതോടൊപ്പം മാലാഖമാരിലോ ദൈവവിധിയിലോ (ഖളാഅ്) ഉണ്ടാവേണ്ട വിശ്വാസം പൂര്‍ണരൂപത്തില്‍ അയാളിലില്ലെങ്കില്‍ അവനെ മുവഹ്ഹിദ് എന്ന് പറയാവതല്ല. പ്രവാചകന്മാരുടെ ഇസ്മത്തിന് (പാപസുരക്ഷിതത്വം) നിരക്കാത്തത് വിശ്വസിച്ചാലും അതുപോലെത്തന്നെ. മനുഷ്യചരിത്രത്തില്‍ വിശ്വാസികളില്‍ എക്കാലത്തും വിള്ളലുകളും അപചയങ്ങളും സംഭവിച്ചത് ഇത്തരം പഴുതുകളിലൂടെയാണ്.
അല്ലാഹുവിന്റ ഏകത്വത്തെ നേരായവിധം പൂര്‍ണമായി ഉള്‍ക്കൊള്ളാഞ്ഞാല്‍ ഈമാന്‍കാര്യങ്ങളിലെല്ലാം തന്നെ ഗുരുതരമായ വീഴ്ചകള്‍ സ്വാഭാവികമായും സംഭവിക്കും. അതിനാല്‍ ശരീഅത്ത് നടപ്പാക്കാന്‍ കഴിയാതെയും വരും. തൗഹീദ് ഈമാനില്‍ പെട്ടതാണെന്ന് പറഞ്ഞാലും ഈമാന്‍കാര്യങ്ങളിലെ ഏറ്റവും വിശിഷ്ടമായ ഒരിനമാണ് തൗഹീദ് എന്ന് തിരിച്ചുപറഞ്ഞാലും പ്രശ്‌നമാവില്ല.
സൂറത്ത് ഇബ്‌റാഹീമിലെ കലിമത്തുന്‍ ത്വയ്യിബയുടെ ഉപമ നല്ലൊരു വൃക്ഷത്തെപ്പോലെയാണെന്ന് സൂചിപ്പിക്കുന്ന വചനത്തില്‍, വൃക്ഷത്തിന്റെ നാരായ വേര് തൗഹീദാണെങ്കില്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുകിടക്കുന്ന വൃക്ഷച്ചില്ലകളും ശാഖകളും തൗഹീദിന്റെ അനുബന്ധമായുള്ളതായാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. അഥവാ, പ്രസ്തുത വൃക്ഷത്തിന്റെ ശാഖകളും ചില്ലകളും അടക്കമാണ് ഈമാന്‍ എന്നു സാരം. കലിമയുടെ കേവലം ഉരുവിടല്‍ കൊണ്ടു മാത്രം ആരും മുവഹ്ഹിദായിത്തീരുകയില്ല. അടിയുറച്ച ഈമാനിനാല്‍ സ്ഫുടം ചെയ്ത കറകളഞ്ഞ തൗഹീദും അതിന്റെ ഫലദായകമായ ജീവിതവും ഉള്‍ക്കൊള്ളുന്നതാണ് മുവഹ്ഹിദിന്റെ ലക്ഷണം.
നബി(സ) പറഞ്ഞു: ‘ഞാനും എനിക്കു മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരും അവരവരുടെ സമുദായങ്ങളെ അറിയിച്ചതില്‍ ഏറ്റവും വിശിഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണെന്നാണ്. അതുപോലെ തന്നെയാണ് സത്യവിശ്വാസം എഴുപതില്‍പരം ശാഖകളുള്ളതാണെന്നും അതിലെ ഉത്തമമായത് ലാഇലാഹ ഇല്ലല്ലാഹ് എന്നതാണെന്നും താഴേക്കിടയിലുള്ളത് വഴിയിലെ ഉപദ്രവം നീക്കലാണെന്നും സൂചിപ്പിക്കുന്ന നബിവചനവും അറിയിക്കുന്നത്.
ഈ അധ്യാപനങ്ങളിലെല്ലാം പറയുന്നത് പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് തൗഹീദ് മാത്രമാണെന്നല്ല. മറിച്ച്, ഏറ്റവും പ്രാധാന്യപൂര്‍വം പഠിപ്പിച്ചത് തൗഹീദാണെന്നാണ്. അതല്ലാത്ത മറ്റു കാര്യങ്ങളും പ്രവാചകന്മാര്‍ ജനങ്ങളെ പരിശീലിപ്പിച്ചിരുന്നു. എഴുപതില്‍പരം ശാഖകളുള്ളതിലെ താെഴക്കിടയിലുള്ള കര്‍മം പോലും ഈമാനില്‍ പെട്ടതാണെന്ന സൂചന കൊണ്ടുതന്നെ അതു ഗ്രഹിക്കാം. സമഗ്രവും അന്യൂനവുമായ സമ്പൂര്‍ണ നിയമസമാഹാരത്തിന്റെ പറയത്തക്ക വിശേഷണങ്ങളിലൊന്നാണത്.
പ്രവാചകന്മാര്‍ അഖീദയും ശരീഅത്തും അടങ്ങിയ ദീനാണ് മനുഷ്യരെ അറിയിച്ചത്. അതിന്റെ സമ്പൂര്‍ണമായി അറിയിക്കപ്പെട്ട നിയമസംഹിതയെയാണ് നാം ഇസ്‌ലാമിക ശരീഅത്തെന്ന് പറയുന്നത്. ഇനി ഒരിക്കലും ഒരു ദൈവദൂതനോ വേദഗ്രന്ഥമോ വരില്ലെന്നതിനാല്‍ കാലത്തിനനുസൃതമായി ശരീഅത്തിനെ മാറ്റാനും പാടില്ല. ശരീഅത്തില്‍ ഭേദഗതി വരുത്തണമെങ്കില്‍ പ്രവാചകന്മാര്‍ അറിയിക്കണം. ഗവേഷണപരമായ ഇജ്തിഹാദിലൂടെ കണ്ടെത്തുന്ന പ്രായോഗികവും മതവിരുദ്ധവുമല്ലാത്തതുമായ കാര്യങ്ങള്‍ ശരീഅത്ത് നിയമങ്ങളെ മാറ്റാനുള്ള മാനദണ്ഡമല്ല. മറിച്ച് മതത്തെ മനുഷ്യജീവിതവുമായി കൂട്ടിച്ചേര്‍ത്തു നിര്‍ത്താനുള്ളതാണ്.
ഈയൊരവസ്ഥ മതത്തെ ജീവനുള്ളതാക്കുകയാണ് ചെയ്യുക. പ്രവാചകന്മാര്‍ മനുഷ്യരെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ തന്നെ അവര്‍ അവരുടെ ജീവിതത്തിലെ മറ്റു ഭാഗങ്ങള്‍ക്കും മാതൃക കാണിച്ചിരുന്നു. ഈ ശരീഅത്തിലേക്ക് മനുഷ്യരെ വഴികാണിച്ച ദൈവദൂതന്മാരൊന്നും അവരുടെ സമുദായങ്ങളോട് ഇതിന്റെ പേരില്‍ ഒരു പ്രതിഫലവും കാംക്ഷിക്കുകയോ ചോദിക്കുകയോ ചെയ്തിരുന്നില്ല. തന്നെയുമല്ല, തങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തിയതായും കാണുന്നു. അതിനാല്‍ ജീവിതം സമ്പൂര്‍ണമായ ഇസ്‌ലാമിക ശരീഅത്തിന് അനുസൃതമാക്കിക്കൊണ്ടുള്ള ഇസ്‌ലാഹാണ് (മതനവീകരണം) മുസ്‌ലിംകള്‍ക്ക് വിജയകരമാകുന്ന നവോത്ഥാനത്തിന് വഴിയൊരുക്കുക.
മനുഷ്യര്‍ക്കിടയില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സംഭവിച്ചാല്‍ വിശ്വാസികളോടുള്ള ദൈവിക നിര്‍ദേശം അല്ലാഹുവിലേക്കും ദൈവദൂതനിലേക്കും മടങ്ങുക എന്നത് മാത്രമാണ്. അഥവാ, ഖുര്‍ആന്‍, സത്യവും ശരിയുമായി അംഗീകരിച്ച സുന്നത്ത് എന്നിവയിലേക്ക്. ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളും വചനങ്ങളും ആശയങ്ങളുമാണ്. സുന്നത്ത് നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയും. പക്ഷേ ഇത് നിദാനശാസ്ത്ര അറിവുകള്‍ പ്രകാരം സ്ഥിരപ്പെടുത്തി അംഗീകരിക്കപ്പെട്ടതാകണം. ഇതിന്റെ അപ്പുറത്തുള്ള വ്യാഖ്യാനങ്ങളായ തഫ്‌സീറുകളും തഅ്‌വീലുകളും മേലെ സൂചിപ്പിച്ച രണ്ട് പ്രമാണങ്ങളെക്കാളും മുന്‍ഗണന കൊടുക്കേണ്ടതല്ല. വിശുദ്ധ ഖുര്‍ആനിനെതിരായി വരുന്ന ഏതൊരു വിശദീകരണവും ആരുടേതായാലും സ്വീകാര്യമല്ല. കാരണം അതെല്ലാം നൂറുശതമാനവും പാപമുക്തി (ഇസ്മത്ത്) കൈവരിച്ചവരുടേതായിരിക്കില്ല എന്നതാണ്. ചില സംഭവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നുയരുന്ന ചില ചോദ്യങ്ങള്‍ക്കും ഉത്തരമായോ പരിഹാരമായോ മതനിയമങ്ങളടങ്ങിയ സൂക്തങ്ങളുടെ അവതരണമുണ്ടായിട്ടുണ്ട്. അസ്ബാബുന്നുസൂല്‍ എന്ന നിലയില്‍ അതിനെല്ലാം വിശദീകരണങ്ങളും ഗ്രന്ഥരചനകളും ഉണ്ടായിട്ടുണ്ട്.
ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനപരമായ പൊതുസ്വഭാവം ഇങ്ങനെയാണ്: 1. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളൊന്നും മനുഷ്യരെ പ്രയാസപ്പെടുത്തും വിധമുള്ളതല്ല. മാത്രമല്ല, വളരെ ലളിതമായതാണവ. 2. മുഹമ്മദ് നബി(സ)ക്കു മുമ്പ് നിയുക്തരായ പ്രവാചകന്മാരുടെ സമൂഹത്തിന്റെ സമീപനങ്ങളാല്‍ അവര്‍ക്ക് നിയമമാക്കപ്പെട്ടവയിലുണ്ടായിരുന്ന പ്രയാസങ്ങളെ കുറക്കുക. 3. നിയമങ്ങള്‍ പടിപടിയായി സൗകര്യപൂര്‍വം ആക്കുക. ഉദാ: മദ്യപിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ ശേഷം ആരാധനകളുടെ സമയങ്ങളില്‍ മദ്യപാനം ഒഴിവാക്കാന്‍ പറഞ്ഞു. ശേഷം അന്തിമമായി നിങ്ങള്‍ക്കിനി ഒഴിവാക്കാന്‍ സമയമായില്ലേ എന്ന ചോദ്യത്തിലൂടെയാണ് മദ്യം നിരോധിച്ചത്. ഇതെല്ലാം ശരീഅത്തിന്റെ സുന്ദരമായ ചില മുഖങ്ങളാണ്.
കൂടാതെ ഹലാലും ഹറാമും വ്യക്തമാക്കിയത്, അവ്യക്തമായിട്ടുള്ളതിനെ വ്യക്തമാകും വരെ കാത്തിരിക്കാവുന്നത്. നന്മതിന്മകളുടെ മുന്‍ഗണനയും മറ്റും പരിഗണിക്കേണ്ടവ, രണ്ട് പ്രയാസങ്ങളിലെ ലഘുവായതിനെ സ്വീകരിക്കാവുന്നത്, വിലക്കിയതാണെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ അനുവദനീയമാക്കാവുന്നവ മുതലായവയും ഇസ്‌ലാമിക നിയമങ്ങളില്‍ കാണാം. ദൈവിക നിയമങ്ങളില്‍ മനുഷ്യര്‍ തന്നിഷ്ടപ്രകാരം മാറ്റങ്ങള്‍ വരുത്താവതല്ല. അങ്ങനെയായാല്‍ മതനിയമങ്ങള്‍ ജീവനില്ലാതെ കാലഹരണപ്പെട്ടുപോകും. അഖീദയും ശരീഅത്തും കൂട്ടിപ്പിടിച്ചുള്ള ജീവിതം തന്നെ മതപ്രബോധനവും നവോത്ഥാനവുമാകും.