14 Tuesday
January 2025
2025 January 14
1446 Rajab 14

എ പി ജെ അബ്ദുല്‍കലാം അഗ്നിച്ചിറകുകളില്‍ സ്വപ്നം വിതറിയ മഹാന്‍

ഹാറൂന്‍ കക്കാട്‌


ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയുടെ 32-ാമത് എഡിഷനില്‍ അതിഥിയായി എത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും അത്ഭുത പ്രതിഭ എ പി ജെ അബ്ദുല്‍കലാം. 2013 നവംബറിലെ ആദ്യ വ്യാഴാഴ്ച മൂന്ന് സെഷനുകളിലായി ആയിരക്കണക്കിന് ശ്രോതാക്കളോടാണ് അദ്ദേഹം സംവദിച്ചത്. സദസ്സില്‍ ഞങ്ങള്‍ കുറെ മലയാളികളുമുണ്ടായിരുന്നു. തുരുതുരാ ഉയരുന്ന വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ഹൃദ്യമായ ഉത്തരങ്ങള്‍ നല്‍കി കലാം സദസ്യരെ കൈയ്യിലെടുത്തു.
ഇന്ത്യന്‍ ശാസ്ത്രലോകത്തെ അതികായനും രാഷ്ട്രപതിയും ഭാരതരത്നവുമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് സ്ഥിരോത്സാഹത്തിന്റെ വഴികളിലൂടെയാണെന്ന് ജീവസ്സുറ്റ ആ വാക്കുകള്‍ ശ്രവിച്ചവര്‍ക്കെല്ലാം ബോധ്യമായി. ഭാരതത്തിന്റെ ആത്മാഭിമാനത്തിന് അഗ്‌നിച്ചിറകുകള്‍ നല്‍കിയ ആ വലിയ ശാസ്ത്രജ്ഞന്‍ ഒരു സാങ്കേതിക വിദ്യാ വിദഗ്ധന്‍ മാത്രമായിരുന്നില്ല; രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു.
1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മോസ്‌ക് സ്ട്രീറ്റിലെ സാധാരണ കുടുംബത്തില്‍ ജൈനുലാബ്ദീന്റെയും അഷിയമ്മയുടെയും മകനായാണ് അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍കലാം എന്ന എ പി ജെ അബ്ദുല്‍കലാമിന്റെ ജനനം. കുഗ്രാമമായ രാമേശ്വരം അദ്ദേഹത്തിന് തെളിഞ്ഞ ആത്മീയതയുടെ ആദ്യ പാഠങ്ങള്‍ നല്കി. ഖുര്‍ആന്‍ പഠനങ്ങളും ഉറച്ച മതവിശ്വാസിയായ പിതാവ് ജൈനുലാബ്ദീന്റെ മതവ്യാഖ്യാനങ്ങളും കലാമില്‍ ആത്മീയ ചൈതന്യം നിറച്ചു. രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കലാമിന്റെ മുതിര്‍ന്ന സഹോദരിയുടെ ഭര്‍ത്താവ് ജലാലുദ്ദീന്‍ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും കലാമിനോടു പറയുമായിരുന്നു.
ഒരിക്കല്‍ ജലാലുദ്ദീനോടൊപ്പം തകര്‍ന്നുകിടന്ന പാമ്പന്‍പാലം കാണാന്‍പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി; അത് സൃഷ്ടിച്ച ദൈവത്തിന്റെയും. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്തുണ്ടായ കടുത്ത ദാരിദ്ര്യം മറികടക്കാന്‍ അദ്ദേഹം ജോലിയിലേര്‍പ്പെട്ടു. കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീന്‍ ഗ്രാമത്തിലെ പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി സഞ്ചരിച്ചിരുന്ന തീവണ്ടി അവിടെ നിറുത്താതിരുന്ന കാലത്ത് പത്രക്കെട്ടുകള്‍ വണ്ടിയില്‍ നിന്നു പുറത്തേക്കു വലിച്ചെറിയുകയായിരുന്നു പതിവ്. ഈ പത്രക്കെട്ടുകള്‍ എടുത്തു ഒരുമിച്ചു കൂട്ടുന്ന ജോലിയില്‍ കലാമും വ്യാപൃതനായി. ഈ സഹായത്തിന് ലഭിച്ചിരുന്ന ചെറിയ പാരിതോഷികമാണ് തന്റെ ആദ്യത്തെ വേതനം എന്നു അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
രാമേശ്വരം സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജില്‍ നിന്നു ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ആകാശങ്ങളില്‍ പറക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകണമെങ്കില്‍ ഭൗതിക ശാസ്ത്ര പഠനം കൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1958-ല്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ ട്രെയിനിയായി ചേര്‍ന്നു. പൈലറ്റാവാനായിരുന്നു ആഗ്രഹം. എന്നാല്‍ വ്യോമസേനയുടെ പൈലറ്റ് പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടു.
പ്രതിരോധ വകുപ്പിലെ ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ ഡവലപ്‌മെന്റ് ആന്റ് പ്രൊഡക്ഷനില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റായി കലാം നിയമിതനായത് ഇന്ത്യയുടെ ‘മിസൈല്‍ മനുഷ്യ’ന്റെ പിറവിക്കു വഴിയൊരുക്കി. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന പ്രൊഫ. എം ജി കെ മേനോനാണ് കലാമില്‍ റോക്കറ്റ് എന്‍ജിനീയറെ കണ്ടെത്തിയത്.
എച്ച് എ എല്ലില്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഹോവര്‍ കോഫ്റ്റ് പണിയാന്‍ കലാമിനെ ഏല്പിച്ചു. ദിവസവും പതിനെട്ടു മണിക്കൂര്‍ ജോലിചെയ്ത് ‘നന്ദി’ മിഷന്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പ്രതിരോധമന്ത്രിയായ വി കെ കൃഷ്ണമേനോന്‍ ‘നന്ദി’ കാണാന്‍ വന്നു. അദ്ദേഹത്തിന് നന്ദിയില്‍ പറക്കാന്‍ മോഹം. കലാം തന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിര്‍ബന്ധം. കലാം മന്ത്രിയേയും കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. എന്നാല്‍ സാങ്കേതികമായി ‘നന്ദി’ വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതി നിര്‍ത്തിവെക്കേണ്ടിവന്നു.
‘ഇന്ത്യന്‍ സയന്‍സിലെ മഹാത്മാഗാന്ധി’യെന്ന് കലാം വിശേഷിപ്പിച്ച ഡോ. വിക്രം സാരാഭായി തുമ്പയില്‍ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാന്‍ 1962-ല്‍ കലാമിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരം തുമ്പയില്‍ കലാമിന് പൂജ്യം മുതല്‍ ജോലി ചെയ്യേണ്ടി വന്നു. ഇവിടെവെച്ച് ഇന്ത്യയിലെ ആദ്യ റോക്കറ്റായ നൈക്-അപാഷെയ്ക്ക് തുടക്കം കുറിച്ചു. 1963 നവംബര്‍ ഒന്നിന് നൈക്-അപാഷെ ധൂമപടലങ്ങളുമായി തുമ്പയില്‍നിന്ന് കുതിച്ചു. രണ്ടാം ലോകമഹാ യുദ്ധകാലത്ത് ബ്രിട്ടനെ തകര്‍ത്ത വി-2 എന്ന ജര്‍മന്‍ റോക്കറ്റുകളുടെ ശില്പിയായ വോണ്‍ബ്രോണ്‍ 1976ല്‍ ഇന്ത്യയിലെത്തിയപ്പോള്‍, അദ്ദേഹവുമായുള്ള സംഭാഷണം കലാമിന്റെ തൊഴില്‍ വീക്ഷണത്തെ മാറ്റിമറിച്ചു.
1967-ല്‍ ഡോ. വിക്രം സാരാഭായി കലാമിനെയും എയര്‍ഫോഴ്സിലെ ക്യാപ്റ്റന്‍ വി എസ് നാരായണനെയും വിളിച്ചു വരുത്തി സാറ്റലൈറ്റ് റോക്കറ്റുകളെക്കുറിച്ചു സംസാരിച്ചു. ഡല്‍ഹി അശോകാ ഹോട്ടലിലെ ഈ ചര്‍ച്ചയാണ് ഇന്ത്യന്‍ റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കും വഴിമരുന്നിട്ടത്. മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ട് കലാമും സംഘവും എസ് എല്‍ വി 3 റോക്കറ്റ് പൂര്‍ത്തിയാക്കി. പന്ത്രണ്ട് വര്‍ഷത്തെ കഠിനതപസ്യയുടെ ഫലമായി 1979 ആഗസ്ത് 10ന് ശ്രീഹരിക്കോട്ടയില്‍ എസ് എല്‍ വി 3 വിക്ഷേപണത്തിന് തയ്യാറായി. 23 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള റോക്കറ്റ് ഭ്രമണപഥത്തെ ലക്ഷ്യമാക്കി ഉയര്‍ന്നു. ഒരു രാഷ്ടം മുഴുവന്‍ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാല്‍, 317 സെക്കന്‍ഡുകള്‍ക്ക് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റോക്കറ്റ് തകര്‍ന്നുവീണു.
വിക്ഷേപണ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് കലാം തന്നിലേക്ക് ഒതുങ്ങിക്കൂടി. വി എസ് എസ് സി ഡയറക്ടര്‍ ഡോ. ബ്രഹ്മപ്രകാശ് കലാമിന് ആത്മവീര്യം പകര്‍ന്നു. 1980 ജൂലായ് 17ന് എസ് എല്‍ വി 3 രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം ഭ്രമണപഥത്തിലെത്തിച്ചു. എസ് എല്‍ വി 3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും കിടപിടിക്കുന്ന ഇന്ത്യയുടെ ‘പൃഥ്വി’ക്കും ‘അഗ്‌നി’ക്കും ‘നാഗി’നും ‘ത്രിശ്ശൂലി’നും രൂപം കൊടുക്കുമ്പോള്‍ അനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുല്‍കലാം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. കലാം ശാസ്ത്രരംഗത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്.
രാഷ്ട്രപതി എന്ന മഹത്തരമായ പദവി അതുവരെ തുടര്‍ന്ന ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതില്‍ അദ്ദേഹത്തെ ഒരു തരത്തിലും ബാധിച്ചില്ല. എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി മുഴുകി. നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നുവരുന്ന നാനൂറിലധികം ഇ-മെയിലുകള്‍ക്ക് ഓരോ ദിവസവും അദ്ദേഹം പുലര്‍ച്ചെ രണ്ട് മണിവരെ ഇരുന്ന് മറുപടി അയയ്ക്കുമായിരുന്നു.
ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെക്രട്ടറി, രാജ്യരക്ഷാ മന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ്, ഡി ആര്‍ ഡി ഒ ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളും കലാം വഹിച്ചു. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ആര്യഭട്ട പുരസ്‌കാരം, ഡോക്ടര്‍ ഓഫ് സയന്‍സ് തുടങ്ങിയവയാണ് കലാമിന് ലഭിച്ച പ്രധാന ബഹുമതികള്‍.
അബ്ദുല്‍കലാമിന്റെ ആത്മകഥയായ ‘അഗ്‌നിച്ചിറകുകളി’ല്‍ അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും നേര്‍ച്ചിത്രം കാണാം. ഇന്ത്യ 2020: എ വിഷന്‍ ഫോര്‍ ദ ന്യൂ മില്ലെനിയം, ഇന്ത്യ മൈ ഡ്രീം, സയന്റിസ്റ്റ് ടു പ്രസിഡന്റ്, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ്, ടേണിങ് പോയിന്റ്, എന്‍വിഷനിംഗ് ആന്‍ എന്‍പവേഡ് നേഷന്‍: ടെക്നോളജി ഫോര്‍ സൊസൈറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ഗൈഡിംഗ് സോള്‍സ്: ഡയലോഗ്സ് ഓണ്‍ ദ പര്‍പ്പസ് ഓഫ് ലൈഫ്, ചില്‍ഡ്രണ്‍ ആസ്‌ക് കലാം തുടങ്ങിയവയാണ് കലാമിന്റെ മറ്റു പ്രധാന കൃതികള്‍. വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. 2015 ജൂലൈ 27ന് 84-ാം വയസ്സില്‍ ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അബ്ദുല്‍കലാം അന്തരിച്ചത്. ഭൗതിക ശരീരം രാമേശ്വരം പൈക്കറുമ്പ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Back to Top