21 Saturday
December 2024
2024 December 21
1446 Joumada II 19

സ്വയം വലുതാകലും അപവാദ പ്രചാരണങ്ങളും

പി കെ മൊയ്തീന്‍ സുല്ലമി


സോഷ്യല്‍ മീഡിയയില്‍ സമസ്തയുടെയും അവരോട് അനുഭാവം പുലര്‍ത്തുന്നവരുടെയും അഴിഞ്ഞാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വയം വലുതാക്കിക്കാണിക്കലും മുജാഹിദ് പ്രസ്ഥാനത്തെയും അവരുടെ ആദര്‍ശങ്ങളെയും കൊച്ചാക്കി കാണിക്കുകയെന്നതും, അവരുടെ മേല്‍ ഇല്ലാത്ത അപവാദ പ്രചാരണങ്ങള്‍ നടത്തുകയെന്നതും അവര്‍ വര്‍ഷങ്ങളോളമായി തുടര്‍ന്നുവരുന്ന പ്രക്രിയയാണ്. അവരുടെ സ്വയം വലുതാകലിന് രണ്ട് ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: പേരോട് അബ്ദുറഹ്്മാന്‍ സഖാഫിയുടെ പ്രസ്താവന: ”അദ്ദേഹം നമസ്‌കരിക്കുമ്പോള്‍ ഒരു ജിന്ന് ഉസ്താദിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം കത്തി കൊണ്ട് കുത്തി. പിന്നീട് ആ ഉസ്താദിനെ കണ്ടിട്ടില്ല”.
ഇവിടെ ഏത് ഉസ്താദ് ആണെന്ന് വ്യക്തമല്ല. അദ്ദേഹം നമസ്‌കാരത്തിനിടയിലാണ് ജിന്നിനെ കുത്തിയത്. അപ്പോള്‍ നമസ്‌കാരത്തിന്റെ ബാക്കി ഭാഗങ്ങള്‍ തുടര്‍ന്നോ എന്നും പറഞ്ഞില്ല. നുണക്കഥയില്‍ ചോദ്യമില്ലല്ലോ! അതുപോലെ പിന്നീട് കാണാത്ത ഉസ്താദ് ആരാണ്? പള്ളിയില്‍ ദര്‍സ് നടത്തുന്ന ഉസ്താദിനെയോ അതോ ജിന്നിന്റെ കോലത്തില്‍ വന്ന ഉസ്താദിനെയോ?
സമസ്തയിലെ പണ്ഡിതനായ മൂത്തേടം ഖാസിമിയുടെ ഒരു നുണ ശ്രദ്ധിക്കുക: ”ജിന്നു കുടുംബത്തിലെ വഴക്കു തീര്‍ക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹത്തോട് ഒരു മുസ്‌ലിം ജിന്ന് പറഞ്ഞു.” സി എം മടവൂരിെന സംബന്ധിച്ചും മറ്റ് ഔലിയാക്കളെക്കുറിച്ചും പറഞ്ഞു പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് കൈയും കണക്കുമില്ല. എന്നാല്‍ കോറോണ ബാധിച്ച് ആയിരക്കണക്കിന് ആളുകള്‍ കേരളത്തില്‍ തന്നെ മരണപ്പെട്ടു. അവരില്‍ ഒരാളെ പോലും രക്ഷപ്പെടുത്താന്‍ സി എം മടവൂരിന് സാധിച്ചില്ല. അതുപോലെ ഈ വര്‍ഷം ചുട്ടുപൊള്ളുന്ന ചൂടായിരുന്നു. അതില്‍ നിന്ന് ഒരു ഡിഗ്രി ചൂടു പോലും കുറക്കാന്‍ ലോകം മുഴുവന്‍ ‘നിയന്ത്രിക്കുന്ന’ സി എം മടവൂരിന് സാധിച്ചില്ല. എന്തിനധികം പറയണം, സ്വന്തം ജീവന്‍ തിരിച്ചുപിടിച്ച് ഖബ്‌റില്‍ നിന്നു രക്ഷപ്പെട്ട് ദുനിയാവിലേക്ക് വരാന്‍ പോലും അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ചുരുക്കത്തില്‍, സമസ്തയിലെ ചില പണ്ഡിതന്മാരെങ്കിലും ദൈവനിഷേധികളായി മാറി എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതിനോടൊപ്പം ഇത്തരം വാദങ്ങള്‍ അല്ലാഹു ഒരിക്കലും പൊറുക്കാത്ത വലിയ ശിര്‍ക്കില്‍ പെട്ടതുമാണ്. അല്ലാഹു രക്ഷിക്കട്ടെ.
പേരോടും മൂത്തേടം ഖാസിമിയും ജല്‍പിക്കുന്നത് മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത ജിന്നിനെ കണ്ടു എന്നാണ്. അത് കളവാണ്. അല്ലാഹു അരുളി: ”തീര്‍ച്ചയായും അവനും (പിശാചും) അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍” (അഅ്‌റാഫ് 27). ഇമാം ശാഫിഈ(റ) പ്രസ്താവിച്ചതായി ഇമാം ബൈഹഖി രേഖപ്പെടുത്തി: ”നബിയല്ലാത്ത ഒരാള്‍ താന്‍ ജിന്നുകളെ കണ്ടുകൊണ്ടിരിക്കുന്നുവെന്ന് വല്ലവനും വാദിക്കുന്നപക്ഷം നിശ്ചയമായും അവന്റെ സാക്ഷിത്വത്തെ (കാഴ്ചയെ) ഞാന്‍ നിഷ്ഫലമാക്കിയിരിക്കുന്നു” (ഫത്ഹുല്‍ബാരി: 10197).
പേരോടും ഖാസിമിയും ജിന്നുകളെ സംബന്ധിച്ച് എന്തു നുണയും തട്ടിവിടാന്‍ തയ്യാറുള്ളവരാണ്. ഒന്നു രണ്ട് ഉദാഹരണങ്ങള്‍ മാത്രം പറയാം.
ഒന്ന്: ‘മുജാഹിദുകള്‍ സുന്നികളെ മുശ്‌രിക്കാക്കുന്നു.’ യഥാര്‍ഥ മുജാഹിദുകളായ ആരും തന്നെ സുന്നികളെ മുശ്‌രിക് എന്ന് വിളിക്കില്ല. അങ്ങനെ വിളിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അവര്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നു പുറത്താക്കപ്പെട്ടവരോ സ്വയം പുറത്തുപോയവരോ ആണ്. എന്നാല്‍ യഥാര്‍ഥ മുജാഹിദുകള്‍ സുന്നികളെ മുശ്‌രിക്കുകളായി ഗണിക്കാറില്ല. കാരണം ശിര്‍ക്ക് രണ്ടു വിധമുണ്ട്. ഒന്ന്, അടിസ്ഥാന ശിര്‍ക്ക്. വിഗ്രഹാരാധനയില്‍ ജീവിച്ച് മരണപ്പെടുന്നവരാണവര്‍. രണ്ട്, ഭാഗികമായ ശിര്‍ക്ക്.
അവര്‍ ഭാഗികമായി ശിര്‍ക്ക് ചെയ്യുന്നവരാണ്. യഹൂദികളും ക്രിസ്ത്യാനികളും ഭാഗികമായി ശിര്‍ക്ക് ചെയ്യുന്നവരാണ്. അവര്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുകയും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യും. അവര്‍ വേദഗ്രന്ഥങ്ങളിലും അന്ത്യദിനത്തിലും പ്രവാചകന്മാരിലും മലക്കുകളിലും മറ്റു വിശ്വസിക്കേണ്ട കാര്യങ്ങളിലെല്ലാം വിശ്വസിക്കുന്നവരുമാണ്. അവരെ വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് ഹേ, വേദക്കാരേ എന്നു വിളിച്ചുകൊണ്ടാണ്, മറിച്ച്, മുശ്‌രിക്കുകളേ എന്നു വിളിച്ചുകൊണ്ടല്ല. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ”നബിയേ പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമവായമുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അഥവാ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷാധികാരികളാക്കാതിരിക്കുകയും ചെയ്യുക (എന്നതാണത്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്നപക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക” (ആലുഇംറാന്‍ 64). ഇതുപോലെ വേദക്കാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള നിരവധി വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. അതുപോലെ മുശ്‌രിക്കുകളെയും വേദക്കാരെയും ഒപ്പം പരാമര്‍ശിക്കുന്ന വചനങ്ങളും കാണാം. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ”വേദക്കാരിലും മുശ്‌രിക്കുകളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് വന്നുകിട്ടുന്നതുവരെ (അവിശ്വാസത്തില്‍ നിന്ന്) വേറിട്ടുപോരുന്നവരായിട്ടില്ല” (ബയ്യിന 1).
വേദക്കാര്‍ വേദഗ്രന്ഥങ്ങളിലും മറ്റു വിശ്വസിക്കേണ്ട കാര്യങ്ങളിലും ഭാഗികമായോ പൂര്‍ണമായോ വിശ്വസിക്കുന്നതുകൊണ്ടുതന്നെയാണ് അവരില്‍ നിന്നു വിവാഹം കഴിക്കാന്‍ പോലും ഇസ്‌ലാം അനുവദിച്ചത്. അല്ലാഹു അരുളി: ”നിങ്ങള്‍ക്കു മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു” (മാഇദ 5). അതേ സന്ദര്‍ഭത്തില്‍ ആദ്യകാലത്ത് മുശ്‌രിക്കുകളെ വിവാഹം കഴിക്കാമായിരുന്നെങ്കിലും പിന്നീടത് നിഷിദ്ധമാക്കപ്പെട്ടു. അല്ലാഹു അരുളി: ”ബഹുദൈവ വിശ്വാസികളെ അവര്‍ വിശ്വസിക്കുന്നതുവരെ അവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്” (അല്‍ബഖറ 221).

അപ്പോള്‍ ഒരു സംശയം: ഒരു മുസ്‌ലിം ശിര്‍ക്ക് ചെയ്യുമോ? ഒരു മുസ്‌ലിമില്‍ നിന്ന് ഏതു തെറ്റും വരാവുന്നതാണ്. എന്നാല്‍ പ്രവാചകന്മാര്‍ക്ക്, കുഫ്‌റ്, കാപട്യം, ഹറാം എന്നിവയില്‍ നിന്നെല്ലാം സംരക്ഷണമുണ്ട്. അതുകൊണ്ടാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ശിര്‍ക്കിനെ സൂക്ഷിക്കാന്‍ നമ്മോട് കല്‍പിച്ചത്. അല്ലാഹു അരുളി: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍” (അന്‍ആം 82). ഈ വചനത്തിലെ ‘ളുല്‍മ്’ എന്ന പദം ഇമാം ബുഖാരി വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”നബി(സ) പറഞ്ഞു: ളുല്‍മ് (അക്രമം) എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്കാണ്” (ബുഖാരി). സൂറഃ റൂമില്‍ (31) അല്ലാഹു അരുളി: ”നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക. നിങ്ങള്‍ മുശ്‌രികുകളില്‍ പെട്ടുപോകരുത്.” ഇതുപോലെ ശിര്‍ക്കിനെ സൂക്ഷിക്കാന്‍ പറഞ്ഞ നിരവധി വചനങ്ങള്‍ വേറെയുമുണ്ട്.
മാത്രവുമല്ല, സഹാബികളുടെ അടുക്കല്‍ നിന്നുപോലും ശിര്‍ക്കിലേക്കു പോയേക്കാവുന്ന സന്ദര്‍ഭങ്ങള്‍ വന്നിട്ടുണ്ട്. ഹുനൈന്‍ യുദ്ധസന്ദര്‍ഭത്തില്‍ ഒരു വിഭാഗം സഹാബികള്‍ നബി(സ)യോട് പറഞ്ഞു: ”അവര്‍ക്ക് (മുശ്‌രിക്കുകള്‍ക്ക്) ആയുധം കൊളുത്താനുള്ള മരമുള്ളതുപോലെ ഞങ്ങള്‍ക്കും (സമ്പര്‍ക്കത്തിനു വേണ്ടി) ആയുധം കൊളുത്താനുള്ള ഒരു മരം നിശ്ചയിച്ചുതരണം. നബി(സ) പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും മഹാന്‍. നിങ്ങള്‍ ഈ ചോദിച്ച ചോദ്യം ബനൂഇസ്രാഈല്യര്‍ മൂസാ നബി(അ)യോട് അവര്‍ക്ക് ഒരുപാട് ദൈവമുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നിശ്ചയിച്ചുതരണം (എന്നതിന് തുല്യമാണ്) എന്ന് ചോദിച്ചതിന് തുല്യമാണ്” (തിര്‍മിദി).
സുന്നികള്‍ മുശ്‌രികുകളാണെങ്കില്‍ നാം അവരില്‍ നിന്നു വിവാഹം കഴിക്കില്ലല്ലോ? അവര്‍ പരസ്പരം അനന്തരാവകാശം ഭാഗിക്കില്ലല്ലോ? അവരെ സുന്നികളെ മറവു ചെയ്യുന്ന ഖബര്‍സ്ഥാനില്‍ മറവു ചെയ്യില്ലല്ലോ? ചുരുക്കത്തില്‍, യഥാര്‍ഥ മുജാഹിദുകളില്‍ ആരും തന്നെ സുന്നികളെ മുശ്‌രിക്കായി ഗണിക്കുന്നില്ല. പ്രാര്‍ഥനകളും മറ്റ് ആരാധനകളും അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പ്പിക്കല്‍ ശിര്‍ക്കാണ് എന്ന് അവര്‍ പറയാറുണ്ട്. കാരണം അവര്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കേണ്ട മറ്റു കാര്യങ്ങളിലെല്ലാം വിശ്വസിക്കുന്നവരാണ്. അവര്‍ ശഹാദത്ത് കലിമ ഉച്ചരിക്കുന്നവരാണ്. അവരെ എങ്ങനെ മുശ്‌രിക്കെന്ന് വിളിക്കും? അങ്ങനെ വിളിക്കണമെങ്കില്‍ വിളിക്കപ്പെടുന്ന വ്യക്തി ഞാന്‍ മുശ്‌രിക്കാണെന്ന് സമ്മതിക്കണം. നമസ്‌കാരം ഒഴിവാക്കല്‍ കുഫ്റാണ്. പക്ഷേ, അത്തരക്കാരെ കാഫിറെന്നു വിളിക്കാന്‍ നമുക്ക് അധികാരമില്ല.
രണ്ട്: സമസ്തയുടെ സമുന്നത പണ്ഡിതനായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള മറ്റൊരു ആക്ഷേപം, മുജാഹിദുകള്‍ മക്കാ മുശ്‌രിക്കുകളെ മുഅ്മിനുകളാക്കിയെന്നതാണ്. ഇതും മുജാഹിദുകളെപ്പറ്റി ഇവര്‍ സ്ഥിരമായി നടത്തിപ്പോരാറുള്ള ഒരു അപവാദ പ്രചാരണമാണ്.
ലോകത്തുള്ള എല്ലാ മതവിശ്വാസികളും ജഗദീശ്വരനെ, യഹോവയെ, അല്ലാഹുവെ അംഗീകരിക്കുന്നതു പോലെ മക്കയിലെ മുശ്‌രിക്കുകളും അംഗീകരിച്ചിരുന്നു എന്നത് വിശുദ്ധ ഖുര്‍ആനില്‍ പരന്നുകിടക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. മറിച്ചുള്ള വാദം ഖുര്‍ആന്‍ നിഷേധമാണ്. സൂറഃ അല്‍മുഅ്മിനൂനില്‍ മാത്രം വന്ന വചനങ്ങള്‍ ശ്രദ്ധിക്കുക: ”നബിയേ, ചോദിക്കുക (മുശ്‌രിക്കുകളോട്): ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ പറയൂ. അവര്‍ (മുശ്‌രിക്കുകള്‍) പറയും അല്ലാഹുവിന്റേതാണെന്ന്. താങ്കള്‍ പറയുക: നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ? താങ്കള്‍ ചോദിക്കുക: ഏഴ് ആകാശങ്ങളുടെ സംരക്ഷകനും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാണ്? അവര്‍ പറയും: അല്ലാഹുവാകുന്നു. താങ്കള്‍ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? താങ്കള്‍ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശമാണ്. അവന്‍ അഭയം നല്‍കുന്നു. അവനെതിരില്‍ അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവര്‍ ആരാണ്? നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറയൂ. അവര്‍ പറയും: അതെല്ലാം അല്ലാഹുവിനുള്ളതാണ്. താങ്കള്‍ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?” (മുഅ്മിനൂന്‍ 84-89).
മാത്രവുമല്ല, ആപത്ഘട്ടങ്ങളില്‍ അവര്‍ അല്ലാഹുവോടായിരുന്നു വിളിച്ചു പ്രാര്‍ഥിച്ചിരുന്നത്. അല്ലാഹു അരുളി: ”എന്നാല്‍ അവര്‍ (മുശ്‌രിക്കുകള്‍) കപ്പലില്‍ കയറിയാല്‍ (അപകടം സംഭവിച്ചാല്‍) കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ വിളിച്ച് പ്രാര്‍ഥിക്കും” (അന്‍കബൂത്ത് 65).
അല്ലാഹു അരുളി: ”പര്‍വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നതാണ്” (ലുഖ്മാന്‍ 32). ഹദീസുകള്‍ പരിശോധിച്ചാലും മക്കയിലെ മുശ്‌രിക്കുകള്‍ അല്ലാഹുവിനെ അംഗീകരിച്ചതായി ബോധ്യപ്പെടും.
സൂറഃ അന്‍ഫാലിലെ 32ാം വചനത്തിന് ഇമാം ബുഖാരി കൊടുത്ത വിശദീകരണം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും: ”അനസുബ്‌നു മാലിക്(റ) പ്രസ്താവിച്ചു: അബൂജഹല്‍ (ബദ്ര്‍ യുദ്ധസന്ദര്‍ഭത്തില്‍) പറഞ്ഞു: അല്ലാഹുവേ, മുഹമ്മദിന്റെ പക്കലുള്ള (മതം) നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ (അത് അംഗീകരിക്കാത്തപക്ഷം) വേദനാജനകമായ ശിക്ഷ ഞങ്ങള്‍ക്ക് നീ നല്‍കേണമേ” (ബുഖാരി, ഇബ്‌നു കസീര്‍ 2:304).

Back to Top