7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

അപകടങ്ങളെ അതിജീവിക്കാന്‍

ഇബ്‌റാഹീം ശംനാട്‌


ആകസ്മികമായ അപകടങ്ങള്‍ ആധുനിക ജീവിതത്തിന്റെ അനിവാര്യമായ ഭാഗമായിരിക്കുകയാണ്. അവിരാമമായി തുടരുന്ന കലാപങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ഉണ്ടാവുന്ന മനുഷ്യ ദുരന്തങ്ങള്‍, പ്രകൃതി കെടുതികള്‍, വരള്‍ച്ച, വ്യക്തികളുടെ ജീവിതത്തില്‍ പൊടുന്നനെ സംഭവിക്കുന്ന യാദൃച്ഛികമായ വിപത്ത്, വാഹന അപകടങ്ങള്‍ ഇങ്ങനെ എണ്ണമറ്റ ദുരന്തങ്ങള്‍ക്കിടയിലാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്. അവയില്‍ പലതും മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചത് മൂലമുള്ള ദുരന്തങ്ങളാണ്. മറ്റു ചിലതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”നാം നിങ്ങളെ സുസ്ഥിതിയിലും ദുസ്ഥിതിയിലും അകപ്പെടുത്തി പരീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു” (21:35). ആ ദുരന്തങ്ങളുടെ നിസ്സഹായതയില്‍ എന്ത് ചെയ്യണമെന്നറിയാതെ പലപ്പോഴും നാം പതറിപ്പോവുന്നു.
സുഊദി അറേബ്യയില്‍ നടന്ന ഒരു അതിദാരുണമായ സംഭവം. മധുവിധുവിന്റെ മധുര ദിനങ്ങള്‍, അസുലഭ നിമിഷങ്ങള്‍. ആ നിമിഷങ്ങള്‍ ജീവിതത്തില്‍ നിന്നു ഒരിക്കലും അസ്തമിക്കരുതെന്ന് അവര്‍ പ്രാര്‍ഥിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു. ആ തരുണിയുടെ അവയവങ്ങള്‍ ഓരോന്നായി ചലനമറ്റുകൊണ്ടിരുന്നു. കരളും വൃക്കയും പ്രവര്‍ത്തന രഹിതമായി. തലച്ചോര്‍ പ്രതികരിക്കാതെയായി. അവസാനം അവളുടെ ഹൃദയവും നിലച്ചു. പിന്നെ അവളുടെ രക്തം തണുക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ അവശേഷിച്ചുള്ളൂ.
ഇതിനെക്കാള്‍ ഞെട്ടലുളവാക്കുന്ന ദുരിതങ്ങള്‍ നമ്മില്‍ പലരും കണ്ടിരിക്കാം. ഇത്തരം ദുരന്ത നിമിഷങ്ങളെ എങ്ങനെ നേരിടണമെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നു. സാധ്യമായ രൂപത്തില്‍ അത്തരം ദുരന്തങ്ങളെ തടയാന്‍ ശ്രമിക്കുന്നതോടൊപ്പം, മാനസികമായി അവയെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.

വിധി വിശ്വാസം
ദുരന്തങ്ങളെ മാനസികമായി അഭിമുഖീകരിക്കാനുള്ള ഏറ്റവും നല്ല വഴി അല്ലാഹുവിന്റെ വിധിയില്‍ വിശ്വസിച്ച് സമാശ്വാസം കൊള്ളുകയാണ്. ഈ ജീവിതം പരീക്ഷണമാണെന്നും അത് സ്രഷ്ടാവ് എങ്ങനെ പരീക്ഷിക്കുമെന്ന് നമുക്ക് അറിയാത്തതിനാല്‍ ഇത് ഒരു വിധിയാണ് എന്ന വിശ്വാസം മനസ്സിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു കൊള്ളട്ടെ. (9:51)
അല്ലാഹു നമ്മെ സൃഷ്ടിക്കുമ്പോള്‍ തന്നെ ജീവിതത്തില്‍ ഉണ്ടാവേണ്ട എല്ലാ കാര്യങ്ങളെ കുറിച്ച് അവന്റെ ഗ്രന്ഥത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അതനുസരിച്ച് എനിക്ക് സംഭവിക്കേണ്ടത് സംഭവിച്ചു. അത്രയേയുള്ളൂ ഈ ദുരന്തം എന്ന് ന്യൂനീകരിക്കുകയാണ് അതിനുള്ള പരിഹാരം. പ്രവാചകന്‍ പറഞ്ഞു: സത്യവിശ്വാസികളുടെ കാര്യം അത്ഭുതകരം തന്നെ. അവന്റെ കാര്യമെല്ലാം അവന് ഗുണകരമായിതീരുന്നു. ഇത് സത്യവിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭ്യമല്ല. അവന്‍ സന്തോഷാവസ്ഥ പ്രാപിച്ചാല്‍ നന്ദികാണിക്കുന്നു. അങ്ങനെ അത് അവന് ഗുണകരമാവുന്നു. ഇനി ദുരിതാവസ്ഥ ബാധിച്ചാലോ? അവന്‍ ക്ഷമ കൈകൊള്ളുന്നു. അതും അവന് ഗുണകരം തന്നെ.

പ്രാര്‍ഥന
എല്ലാ വിപത്തിനെയും തടയാനുള്ള മറ്റൊരു വജ്രായുധമാണ് പ്രാര്‍ഥന. ഒരുപക്ഷെ വിധിയെ പോലും മാറ്റിമറിക്കാനുള്ള ശക്തി പ്രാര്‍ഥനക്കുണ്ടെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ നമ്മുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അറിയുകയും അവയ്ക്ക് പരിഹാരം കാണാന്‍ കഴിവുള്ളവനാണ് എന്ന വിശ്വാസം ഒരു മനുഷ്യന് നല്‍കുന്ന സാന്ത്വനം പറഞ്ഞറിയിക്കുക സാധ്യമല്ല. തന്നെ സൃഷ്ടിച്ച അല്ലാഹു തന്റെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുമെന്ന ഉത്തമ വിശ്വാസത്തോടെ അവനോട് വിനയാന്വിതനായി കേണപേക്ഷിക്കുന്നതാണ് പ്രാര്‍ഥന.
തന്റെ അടിമകള്‍ തന്നോട് പ്രാര്‍ഥിക്കുന്നത് അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. അങ്ങനെയുള്ള പ്രാര്‍ഥനകള്‍ക്ക് ഒന്നുകില്‍ പെടുന്നനെ ഉത്തരം ലഭിച്ചേക്കാം. അല്ലെങ്കില്‍ നമുക്കറിയാത്ത എന്തൊ കാരണത്താല്‍ അതിന് ഉത്തരം നല്‍കുന്നത് പിന്തിക്കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. ഏതായാലും പരലോകത്ത് അതൊരു മഹത്തായ കര്‍മമായി പരിഗണിക്കുന്നതും പ്രതിഫലം നല്‍കുന്നതുമായിരിക്കും. അതുകൊണ്ട് വിപത്ത് വിപാടനം ചെയ്യാന്‍ നമുക്ക് അല്ലാഹുവോട് പ്രാര്‍ഥിക്കാം. യാത്ര ഉള്‍പ്പടെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ ഇസ്ലാം പ്രത്യേകം പ്രാര്‍ഥനകള്‍ പഠിപ്പിക്കുന്നത് ഇത്തരം വിപത്തുകളില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ കൂടിയാണ്.

ദാനം ചെയ്യുക
ദാനം ചെയ്യുന്നത് വിപത്ത് തടയാന്‍ പര്യാപ്തമാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. നിങ്ങളുടെ രോഗങ്ങളെ, ദാനം ചെയ്ത് ചികിത്സിക്കാന്‍ നബി (സ) പറഞ്ഞു. എന്തും ദാനം ചെയ്യാം. ധനം മാത്രമാണ് ദാനം ചെയ്യാവുന്നത് എന്നത് ഒരു മിഥ്യാധാരണ മാത്രം. രക്തം മുതല്‍ പുഞ്ചിരി വരെ ജനങ്ങള്‍ക്ക് ആവശ്യമായതെന്തും ദാനം ചെയ്ത് വിപത്തു തടഞ്ഞ് നിര്‍ത്താവുന്നതാണ്.
ദൈവം നമ്മില്‍ എന്തോ ഒരു അപരാധം കണ്ടതിനാലാവാം വിപത്തുക്കള്‍ ഉണ്ടായത്. വെള്ളം തീ കെടുത്തുന്നത് പോലെ ദാനം ചെയ്യല്‍ അല്ലാഹുവിന്റെ കോപത്തെ തടയാനുള്ള നല്ലൊരു മാര്‍ഗമാണ്. വിപത്തു വരുന്നത് തടയാന്‍ ഇതിലൂടെ സാധിച്ചേക്കും. അഥവാ അതിന് സാധിച്ചില്ലെങ്കിലും അതിന്റെ ഉദ്ദേശ്യ ശുദ്ധിക്കനുസരിച്ച് നാളെ പരലോകത്ത് പ്രതിഫലവും ലഭിക്കുമെന്നത് നിസ്തര്‍ക്കം.
കുടുംബ ബന്ധം ചാര്‍ത്തുക
മനുഷ്യബന്ധങ്ങള്‍ സൃഷ്ടിച്ചത് അല്ലാഹുവാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ ഒരു പ്രസക്തിയില്ല. പരിപാവനമായ ഈ കുടുംബ ബന്ധത്തെ പവിത്രമായി സൂക്ഷിക്കുകയും അതിനെ ആദരിക്കുകയും ചെയ്യേണ്ടത് ഒരു വിശ്വാസിയുടെ അടിസ്ഥാന ബാധ്യതയാണ്. ഇന്ന് കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായിരിക്കുന്നു എന്ന് മാത്രമല്ല, പരസ്പരം ശത്രുതയിലാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്.
കുടുംബ ബന്ധങ്ങള്‍ ചാര്‍ത്തുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതമാവാന്‍ നിമിത്തമായിത്തീരുകയും വിപത്തുകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്ന് നബി(സ)യുടെ വചനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അനസ്(റ) പറയുന്നു: ‘നബി (സ) പറഞ്ഞിരിക്കുന്നു: ഉപജീവനമാര്‍ഗം വിശാലമായി കിട്ടാനും ദീര്‍ഘായുസ്സ് ലഭിക്കാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സ്വന്തം ബന്ധുക്കളുമായി നല്ലനിലയില്‍ വര്‍ത്തിക്കട്ടെ.’

സല്‍കര്‍മങ്ങളില്‍ മുഴുകുക
മനുഷ്യര്‍ അതിക്രമകാരികളാവുമ്പോഴാണ് ദൈവത്തിന്റെ ശിക്ഷയിറങ്ങുന്നതെന്ന് പൗരാണിക മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തില്‍ നിന്നും പഠിക്കാന്‍ കഴിയുന്ന പാഠമാണ്. കൂടുതല്‍ സുകൃതം ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. നന്മക്ക് നന്മയല്ലാതെ പ്രതിഫലമില്ല എന്ന ഖുര്‍ആന്‍ വചനം എത്ര അന്വര്‍ഥം. ഇതെല്ലാം ചെയ്തിട്ടും ചിലപ്പോള്‍ വിപത്തുകള്‍ നമ്മെ വരിഞ്ഞ് മുറുക്കിയേക്കാം. അപ്പോഴും നാം നിരാശപ്പെടരുത്. കാരണം ഏതൊരു വിപത്തിന്റെയും ആയുഷ്‌കാലം ചുരുങ്ങിയ സമയം മാത്രമാണ്. ആ കാലയളവില്‍ ഒന്നുകില്‍ അത് നീങ്ങിയിരിക്കാം, അല്ലെങ്കില്‍ അതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞ് കൂടാനുള്ള ത്രാണി അയാള്‍ ആര്‍ജിച്ചിരിക്കാം. അതുമല്ലെങ്കില്‍ അയാള്‍ ഈ ലോകത്തോട് തന്നെ വിടവാങ്ങിയിരിക്കും.
വിപത്ത് അനുഗ്രഹമായി തീരുന്ന ചില അവസരങ്ങളും ഉണ്ടാവാറുണ്ട്. അതിനുള്ള ഉദാഹരണമാണ് ഖുര്‍ആനിലെ സൂറത്ത് കഹ്ഫില്‍ വിവരിക്കുന്ന ഖിദ്‌റ് നബിയുടെ സംഭവങ്ങള്‍. മൂസാ നബിയുമായുള്ള യാത്രയില്‍ ആരിലും ഭയം സൃഷ്ടിക്കുന്ന ചില കാര്യങ്ങള്‍ ഖിദ്‌റ് നബി ചെയ്യുന്നു. അതില്‍ ഒരു സംഭവം ഇവിടെ ഉദ്ധരിക്കാം: മൂസായും ഖിദ്‌റും ഒരു കപ്പലില്‍ സഞ്ചരിക്കാനിടയായപ്പോള്‍ ഖിദ്‌റ് ആ കപ്പലിനെ ഓട്ടപ്പെടുത്തിക്കളഞ്ഞു. കാരണമന്വേഷിച്ച മൂസായോട് ഖിദ്‌റ് പറഞ്ഞു: അത് നദിയില്‍ അധ്വാനിച്ചു കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു. അതിനെ ഒരു കേടായ കപ്പലാക്കണമെന്നു ഞാന്‍ തീരുമാനിച്ചു. എന്തുകൊണ്ടെന്നാല്‍, മുന്നില്‍ എല്ലാ കപ്പലുകളും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവിന്റെ പ്രദേശമുണ്ടായിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല.

താഴേക്ക് നോക്കുക

തന്നെക്കാള്‍ കഷ്ടപ്പെടുന്നവരെ ശ്രദ്ധിക്കുന്നവര്‍ക്ക് ഏത് ദുരിതങ്ങളേയും ധീരമായി നേരിടാന്‍ സാധിക്കും. പ്രവാചകന്‍ പറഞ്ഞു: നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത്. ദൈവം നിനക്ക് നല്‍കിയ അനുഗ്രഹങ്ങളെ നിന്ദിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x