ഉര്‍ദുവിന്റെ വേരറുക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന
എ പി അന്‍ഷിദ്
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉര്‍ദു ഭാഷയെക്കുറിച്ച് മാത്രം പരാമര്‍ശിക്കാതിരുന്നത്, പതിറ്റാണ്ടുകളായി ഈ ഭാഷയോട് തുടരുന്ന അവഗണനയെക്കുറിച്ചുള്ള ചര്‍ച്ചകളെ ഒരിക്കല്‍ കൂടി മുഖ്യധാരയില്‍ എത്തിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനു മുമ്പേ തുടങ്ങിയതാണ് ഉര്‍ദുവിനെ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള നീക്കങ്ങള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പിന്നിട്ട ഏഴു പതിറ്റാണ്ടിനിടയിലും ഈ അവഗണന അനുസ്യൂതം തുടര്‍ന്നിട്ടുണ്ട്. മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം ഈ ചിറ്റമ്മനയം കൂടുതല്‍ ശക്തിയാര്‍ജിക്കുക കൂടി ചെയ്തു.
യു പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉര്‍ദു ഭാഷക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഭരണകൂട ആക്രമണങ്ങള്‍ ഇതിന്റെ ഭാഗവും ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്താതെ പോയത് അവഗണനാ ശ്രമങ്ങളുടെ തുടര്‍ച്ചയുമാണ്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉര്‍ദു പരാമര്‍ശിക്കാതിരുന്നത് ബോധപൂര്‍വമല്ലെന്ന വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദം കള്ളമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. ഇന്ത്യന്‍ ഭാഷാ പ്രോത്സാഹനവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയവക്കു പുറമെ ഭരണഘടനയുടെ ഷെഡ്യൂള്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകളുടേയും അവയുടെ പ്രോത്സാഹനത്തിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പരാമര്‍ശമുള്ളത്. ഉര്‍ദു ഒഴികെയുള്ള ഭാഷകളെ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല, കസ്തൂരിരംഗന്‍ കമ്മിറ്റി നേരത്തെ കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ച കരടു വിദ്യാഭ്യാസ നയത്തില്‍ സിന്ധിക്കൊപ്പം ഉര്‍ദുവും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അന്തിമ കരട് പുറത്തുവന്നപ്പോള്‍ ഉര്‍ദു അപ്രത്യക്ഷമായത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാനാവില്ല.
ഉര്‍ദു ഭാഷയോട് ബി ജെ പിയും കേന്ദ്ര സര്‍ക്കാറും ഇക്കാലമത്രയും സ്വീകരിച്ചിട്ടുള്ള നിലപാടുകളും ബോധപൂര്‍വ്വമുള്ള അവഗണനയാണെന്ന വാദങ്ങളെ ബലപ്പെടുത്തുന്നുണ്ട്. ബി ജെ പി അധികാരത്തിലുള്ള ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉര്‍ദു ഭാഷക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പ്രത്യേകിച്ച് യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയില്‍.
യഥാര്‍ഥത്തില്‍ ഇത്തരത്തില്‍ അവഗണിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തേണ്ടതോ ആയ ഒന്നാണോ ഉര്‍ദു ഭാഷ, എന്തുകൊണ്ട് ഉര്‍ദു ചിലര്‍ക്ക് ശത്രുവാകുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരംകൂടി ഇതോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. അതിന് ചരിത്രത്തിലൂടെയുള്ള ഒരു എത്തിനോട്ടം അനിവാര്യമാണ്.
ചരിത്രം, പരിണാമം
പൂര്‍ണമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രൂപപ്പെടുകയും വളരുകയും വികാസം പ്രാപിക്കുകയും ചെയ്ത ഭാഷയാണ് ഉര്‍ദു. സാങ്കേതിക തടസ്സങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മാതൃഭാഷക്കു തുല്യം. ലോകത്തൊട്ടാകെ നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയും 50 കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയും. ഹിന്ദി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയും ഉര്‍ദുവാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ആ നിലക്കും ഉര്‍ദു പരിപോഷിപ്പിക്കപ്പെടേണ്ടതു തന്നെയാണ്.
പിന്നെ എന്തുകൊണ്ടാണ് ഇത്തരമൊരു അവഗണന. ഉര്‍ദു ഭാഷയുടെ ആവിര്‍ഭാവം എന്ന് എന്നതിന് കൃത്യമായ ഉത്തരമില്ല. ഇന്നത്തെ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയാണ് ഉര്‍ദുവിന്റെ ജന്മദേശമെന്നാണ് കണക്കാക്കപ്പെടുന്നത്. 12-13 നൂറ്റാണ്ടുകളില്‍ പശ്ചിമേഷ്യയില്‍ നിന്നും പേര്‍ഷ്യയില്‍നിന്നും വന്ന വ്യാപാരികളും കുടിയേറ്റക്കാരും സംസാരിച്ചിരുന്ന തുര്‍ക്കി, അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ തദ്ദേശീയ സംസാര ഭാഷയായ ഖഡീബോലിയുമായി കൂടിച്ചേര്‍ന്നാണ് ഉര്‍ദു രൂപപ്പെട്ടതെന്നാണ് ചരിത്രം. ആദ്യ കാലത്ത് ലിപികളില്ലാത്ത സംസാര ഭാഷ മാത്രമായിരുന്നു ഇത്. പല പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ ഭാഷ 1750-കളിലാണ് ഉര്‍ദു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മുഗള്‍ കാലഘട്ടം ഉര്‍ദുവിന്റെ സുവര്‍ണ ദശയായിരുന്നു. അക്കാലത്ത് മുഗള്‍ കൊട്ടാരത്തില്‍ ഉര്‍ദുവിന് പ്രത്യേക സ്ഥാനം കല്‍പ്പിക്കപ്പെട്ടിരുന്നു. സംസാര ഭാഷയില്‍ നിന്ന് സാഹിത്യഭാഷയിലേക്ക് ഉര്‍ദു രൂപാന്തരപ്പെടുന്നതും ഈ ഘട്ടത്തിലാണ്.
ഉര്‍ദു ശത്രുപക്ഷത്തേക്ക്
സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയില്‍ തന്നെ ഉര്‍ദുവിന് ശത്രുപരിവേഷം വച്ചുകെട്ടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനു ചില കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും മുഖ്യം രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ഉര്‍ദു പകര്‍ന്നു നല്‍കിയ കനല്‍ച്ചൂടായിരുന്നു. യഥാര്‍ഥത്തില്‍ ഹിന്ദിയും ഉര്‍ദുവും ‘ഭായി ഭായി’ ആവേണ്ടതാണ്. കാരണം ഖഡീബോലി എന്ന പ്രാദേശിക ഭാഷയില്‍ നിന്നാണ് ഇവ രണ്ടിന്റെയും ആവിര്‍ഭാവം. അക്ഷരമാലയിലും ലിപിയിലും മാത്രമേ ഹിന്ദിയും ഉര്‍ദുവും തമ്മില്‍ കാര്യമായ വ്യത്യാസമുള്ളൂ. സംസാര രീതിയും ശൈലിയുമെല്ലാം ഒരുപോലെയാണ്. ബ്രഹ്മി ലിപിയില്‍ നിന്നുള്ള ദേവനാഗിരിയെയാണ് എഴുത്തുഭാഷയായി രൂപാന്തരപ്പെട്ടപ്പോള്‍ ഹിന്ദി കൂട്ടുപിടിച്ചത്. ഉര്‍ദുവാകട്ടെ പേര്‍ഷ്യന്‍- അറബ് ലിപികളെയും.
ഇന്ത്യയിലെ മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെ മാത്രം ഭാഷയല്ല ഉര്‍ദു. അങ്ങനെയൊന്ന് ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ബ്രാന്‍ഡിങ് ആണ്. എല്ലാ വിഭാഗം ജനങ്ങളും ഉര്‍ദു സംസാരിക്കാറുണ്ട്. ഉര്‍ദു ഭാഷയില്‍ സാഹിത്യരചനകള്‍ വരെ നടത്തിയ ഇതര മതക്കാരും സമുദായക്കാരുമുണ്ട്.
സ്വാതന്ത്ര്യസമര കനല്‍പഥങ്ങളിലെ അക്ഷരമെന്ന ആയുധം
ഉര്‍ദുവിന് മുസ്‌ലിം ബ്രാന്‍ഡിങ് ആസൂത്രിതമായി സാധ്യമാക്കിയെടുക്കുകയായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. ആര്യസമാജവും മറ്റും തുടക്കമിട്ട ഹിന്ദി മൂവ്‌മെന്റ് ഇതില്‍ വലിയ പങ്കുവഹിച്ചു. ഇരു ഭാഷകളും തമ്മിലുള്ള അകലം വര്‍ധിക്കാന്‍ ഇതു കാരണമായി. അതിനേക്കാള്‍ ഉപരി ഉര്‍ദു തരംതാഴ്ത്തപ്പെടേണ്ടത് അധിനിവേശ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താല്‍പര്യമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ തുല്യതയില്ലാത്ത ഏടുകളാണ് ഉര്‍ദു ഭാഷ സമ്മാനിച്ചിട്ടുള്ളത്. അക്കാലത്ത് ഉര്‍ദു ഭാഷയില്‍ പുറത്തിറങ്ങിയിരുന്ന പത്രങ്ങളെല്ലാം തന്നെ കൃത്യമായി ബ്രിട്ടീഷ് വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചവയായിരുന്നു. ദില്ലി അഖ്ബാര്‍, സ്വാദിഖുല്‍ അഖ്ബാര്‍ തുടങ്ങിയ പത്രങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടാന്‍ അനേകം പേര്‍ക്ക് പ്രചോദനമായി. ദില്ലി അഖ്ബാറിന്റെ പത്രാധിപരായിരുന്ന മുഹമ്മദ് ബാകിറിനെ ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. സ്വാദിഖുല്‍ അഖ്ബാറിന്റെ പത്രാധിപരായിരുന്ന ജലാലുദ്ദീനെ ജയിലില്‍ അടച്ചു.
മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ഷാ സഫര്‍, വിഖ്യാത ഉര്‍ദു കവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, തത്വചിന്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, അലി സഹോദരങ്ങള്‍ തുടങ്ങി അസംഖ്യം പേര്‍ ഉര്‍ദുവിനെ പോരാട്ടവഴികളില്‍ ആയുധമാക്കിയവരില്‍ ഉള്‍പ്പെടും.
ദേശപ്രേമവും ബ്രിട്ടീഷ് വിരുദ്ധതയും തുടിക്കുന്ന അനേകം കവിതകളും ലേഖനങ്ങളും ഇക്കാലത്ത് ഉര്‍ദുവില്‍ പിറവിയെടുക്കുകയുണ്ടായി. മിര്‍സ ഗാലിബ്, ഹസ്്‌റത് മൊഹാനി, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, മുന്‍ഷി പ്രേംചന്ദ്, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി, മുഹമ്മദലി ജൗഹര്‍, അബുല്‍കലാം ആസാദ് തുടങ്ങി അനേകം കവികളും സാഹിത്യകാരന്മാരും ഇതില്‍ കണ്ണികളായി. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം പോലും ഉര്‍ദുവിന്റെ സംഭാവനയായിരുന്നു.
ഹിന്ദിയും ഉര്‍ദുവും ഹിന്ദുസ്ഥാനിയും
പരിണാമവഴികളില്‍ അവഗണിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ദേശീയ ഭാഷയായി തലയെടുപ്പോടെ നില്‍ക്കേണ്ട ഒന്നായിരുന്നു ഉര്‍ദു ഭാഷയെന്ന് നിസ്സംശയം പറയാം. സ്വാതന്ത്ര്യ സമരത്തിനു നല്‍കിയ എണ്ണിയാലൊടുങ്ങാത്ത സംഭാവനകള്‍ക്കൊപ്പം നല്ലൊരു ശതമാനം ജനങ്ങളും ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഉപാധി എന്ന നിലയിലും അത്രമേല്‍ സ്വീകാര്യതയുണ്ടായിരുന്നു ഉര്‍ദുവിന്. എന്നാല്‍ നേരത്തെ പറഞ്ഞപോലെ നിക്ഷിപ്ത താല്‍പര്യങ്ങളുള്ളവര്‍ അതിന് തുരങ്കം വെക്കുകയായിരുന്നു. ഹിന്ദി- ഉര്‍ദു അകല്‍ച്ച സ്വാതന്ത്ര്യ സമരത്തെപ്പോലും ദുര്‍ബലപ്പെടുത്തുമെന്ന് ഗാന്ധിജിയെപ്പോലുള്ളവര്‍ ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് രണ്ടു ഭാഷകളും ഉള്‍ചേരുന്ന ഹിന്ദുസ്ഥാനിയെ മാതൃഭാഷയായി സ്വീകരിക്കണമെന്ന വാദം ഉയര്‍ന്നു വന്നതും ആ ആവശ്യത്തിന് വലിയൊരളവോളം സ്വീകാര്യത ലഭിച്ചതും.
എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ ആസൂത്രിതമായി സ്ഥാപിച്ചെടുത്ത ബ്രാന്‍ഡിങ് അതിന് തടസ്സമായി. ഉര്‍ദുവിനെ പ്രോത്സാഹിപ്പിക്കാന്‍ രംഗത്തെത്തുന്നവര്‍ ഹിന്ദി വിരുദ്ധരായി ചിത്രീകരിക്കപ്പെട്ടു. ഹിന്ദി വിരുദ്ധത ഹിന്ദു വിരുദ്ധതയായിക്കൂടി ചിത്രീകരിക്കപ്പെട്ടതോടെ സ്വാഭാവികമായും ഉര്‍ദുവില്‍ നിന്ന് ഒരു വിഭാഗം അകലം പാലിച്ചു. ഹിന്ദു- ഉര്‍ദു അകല്‍ച്ചയെ പരിപോഷിപ്പിക്കുന്ന എല്ലാ നടപടികളെയും ബ്രിട്ടനും ആവതു പ്രോത്സാഹിപ്പിച്ചു. അതിന്റെ പരിണിത ഫലം സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഉള്‍പ്പെടെ പ്രതിഫലിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഉര്‍ദുവിനോടുള്ള ഈ അവഗണന തുടര്‍ന്നു പോന്നിട്ടുണ്ട്.
ഹിന്ദി പ്രീണനം വഴി ഹിന്ദു പ്രീണനം
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭൂരിപക്ഷ ജനവിഭാഗമായ ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈക്കൊണ്ട നടപടികളില്‍ ഉര്‍ദു വിരുദ്ധത വലിയ ഘടകമായിരുന്നു. രണ്ടാം ഔദ്യോഗിക ഭാഷയെങ്കിലും ആവേണ്ടിയിരുന്ന ഉര്‍ദു ഭരണഘടനയിലെ ഇന്ത്യന്‍ ഭാഷകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതു തന്നെ ഭാഗ്യം. ഇന്ത്യാ- പാക് വിഭജനവും ഇതിനൊരു കാരണമായി. സ്വതന്ത്ര പാകിസ്താന്‍ രൂപപ്പെട്ടപ്പോള്‍ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുത്തത് ഉര്‍ദുവായിരുന്നു. ഇതോടെ ഉര്‍ദു വിരുദ്ധത പാകിസ്താന്‍ വിരുദ്ധതയും ഉര്‍ദു പ്രേമം പാകിസ്താന്‍ പ്രേമവുമാണെന്ന സങ്കല്‍പ്പം ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടു. ഉര്‍ദു ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുത്തത് പില്‍ക്കാലത്ത് പാകിസ്താനിലുണ്ടാക്കിയ പൊല്ലാപ്പ് ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ ബംഗാള്‍ ഇന്നത്തെ ബംഗ്ലാദേശ് ആയി രൂപപ്പെട്ട രാഷ്ട്ര വിഭജനത്തിലാണ് അവസാനിച്ചതെന്നത് മറ്റൊരു വസ്തുത.
ഏതായാലും ഉര്‍ദുവിനോടുള്ള അവഗണന ഹിന്ദി പ്രീണനമായി തെറ്റിദ്ധരിക്കപ്പെടുകയും അതിനെ രാഷ്ട്രീയമായ മുതലെടുപ്പിനു ഉപയോഗിക്കപ്പെടുകയും ചെയ്തു. ഇന്നത്തെ ഉത്തര്‍പ്രദേശും ബിഹാറും ഉള്‍പ്പെടുന്ന യുണൈറ്റഡ് പ്രോവിന്‍സില്‍ രണ്ടാം ഔദ്യോഗിക ഭാഷയായിരുന്നു ഉര്‍ദു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജമ്മുകശ്മീര്‍, തെലുങ്കാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇന്നും ഉര്‍ദു വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സംസാര ഭാഷയാണ്. എണ്ണമറ്റ ഉര്‍ദു മീഡിയം സ്‌കൂളുകള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയും ജാമിഅ മില്ലിയ്യയും പോലുള്ള ഉന്നത കലാലയങ്ങള്‍ ഉര്‍ദുവിന്റെ സാംസ്‌കാരിക പരിസരം പേറുന്നവയാണ്. ഈ യാഥാര്‍ഥ്യങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ് ഉര്‍ദുവിനോടുള്ള ചിറ്റമ്മനയം ഇന്നും തുടര്‍ന്നു പോരുന്നത്.
കവിതയിലോ ലേഖനങ്ങളിലോ ഒതുങ്ങുന്നതല്ല ഇന്ത്യന്‍ സാംസ്‌കാരിക പരിസരത്തിന് ഉര്‍ദു നല്‍കിയ സംഭാവനകള്‍. കഥകള്‍, നോവലുകള്‍, നാടകങ്ങള്‍, സിനിമകള്‍ എന്നിവയെല്ലാം ഈ ഭാഷയില്‍ നിന്ന് ജന്മം കൊണ്ടിട്ടുണ്ട്. ഉമറാവോ ജാന്‍, സത്രജ് കെ കിലാഡി, പക്കീസ എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ട ഉര്‍ദു സിനിമകളായിരുന്നു. ‘ഗസല്‍’ എന്ന ലോകം മുഴുവന്‍ ആസ്വാദകരുള്ള കാവ്യശാഖ ശക്തിയാര്‍ജിച്ചിരിക്കുന്നത് ഉര്‍ദു ഭാഷയിലെത്തിയതോടെയാണ്. ലോക ഭാഷകളില്‍ നിന്നുള്ള എണ്ണമറ്റ സാഹിത്യസൃഷ്ടികള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ജനിച്ച് കേരളത്തില്‍ ജീവിച്ച് ഉര്‍ദുവിനെ പ്രാണവായുപോലെ പ്രണയിച്ച് ജീവിതം തന്നെ ആ ഭാഷക്കു വേണ്ടി സമര്‍പ്പിച്ച സര്‍വര്‍ സാഹിബിനെപ്പോലുള്ളവരെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കാതിരിക്കാനാവില്ല. സ്വന്തമായ സാഹിത്യ രചനകള്‍ക്കൊപ്പം വൈക്കം മുഹമ്മദ് ബഷീറിന്റേത് ഉള്‍പ്പെടെ നിരവധി കഥകള്‍ സര്‍വര്‍ സാഹിബ് ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഉര്‍ദു ഉന്മൂലന ശ്രമം
അനുസ്യൂതം തുടര്‍ന്നുവന്ന ഈ അവഗണനകളെ വകഞ്ഞുമാറ്റിയാണ് ഉര്‍ദു ഇന്നും തലയെടുപ്പോടെ ഇന്ത്യന്‍ സാഹിത്യ, സാംസ്‌കാരിക പരിസരങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ഉര്‍ദുവിനെതിരെ നടക്കുന്നത് അവഗണനാ ശ്രമമല്ല, മറിച്ച് ഉന്മൂലന നീക്കമാണ്. കേന്ദ്ര വിദ്യാഭ്യാസ നയരേഖയില്‍ ഉര്‍ദു അവഗണിക്കപ്പെട്ടത് യാദൃച്ഛികമായി സംഭവിച്ചതല്ല. ബി ജെ പി ഭരിക്കുന്ന യു പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെയുണ്ടായ ഉര്‍ദു വിരുദ്ധ നീക്കങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. കാര്യങ്ങള്‍ ബോധ്യപ്പെടുന്നതിനു വേണ്ടി മാത്രം അവയില്‍ ചിലത് പരാമര്‍ശിക്കാം.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട ഉര്‍ദു അധ്യാപക നിയമന നീക്കം ഉപേക്ഷിച്ചു കൊണ്ടായിരുന്നു തുടര്‍ന്നുവന്ന യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ആദ്യ കൈയേറ്റം. 2015 ഡിസംബര്‍ 15-നാണ് അധ്യാപക നിയമന നടപടി തുടങ്ങുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. 2016 ഡിസംബറില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിനല്‍കി. 2017 ജനുവരിയില്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായി. 2017 മാര്‍ച്ച് മുതല്‍ കൗണ്‍സലിങ് ആരംഭിക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിനിടെ യു പിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയും ഭരണമാറ്റമുണ്ടാവുകയും ചെയ്തു. ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇതിനു തൊട്ടു പിന്നാലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉപേക്ഷിച്ചു. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ആവശ്യത്തിന് ഉര്‍ദു അധ്യാപകരുണ്ടെന്ന വാദം നിരത്തിയായിരുന്നു നീക്കം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം തന്നെ ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴായിരുന്നു ഈ നടപടിയെന്ന് ഓര്‍ക്കണം.
തൊട്ടു പിന്നാലെ 2018-ല്‍ ആദിത്യനാഥ് സര്‍ക്കാര്‍ മദ്‌റസകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നടപ്പാക്കി. കേരളത്തിലേയോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയോ വിദ്യാഭ്യാസ പരിസരങ്ങളുമായി താരതമ്യം ചെയ്ത് ഉത്തരേന്ത്യയിലെ മദ്‌റസകളെ നമുക്ക് കാണാനാവില്ല. അവിടെ അധസ്ഥിത, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ഭൗതിക വിദ്യാഭ്യാസം പോലും ആശ്രയിച്ചിരിക്കുന്നത് മദ്‌റസകളെയാണ്. ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയാണ് മദ്‌റസകളില്‍ ഭൗതിക പഠനത്തിനുള്ള അവസരം ഒരുക്കണമെന്നും ഇതിനായി സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണമെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠനം നടത്തിയ രജീന്ദ്ര സച്ചാര്‍ കമ്മിറ്റി അന്നത്തെ യു പി എ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ശിപാര്‍ശ ഉള്‍ക്കൊണ്ട് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് തുടക്കം കുറിക്കുകയും മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ചലനം സഷ്ടിക്കാന്‍ ഇത് കാരണമാവുകയും ചെയ്തിരുന്നു.
മതാധ്യാപനത്തിനൊപ്പം മദ്‌റസകളില്‍ ശാസ്ത്ര, ഗണിത വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് നിലവില്‍ ഗ്രാന്റ് അനുവദിക്കുന്നുണ്ട്. മദ്‌റസകളെ തകര്‍ക്കാനായാല്‍ ഈയൊരു ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തേയും അതുവഴി സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുള്ള അവരുടെ പ്രാതിനിധ്യത്തേയും ഇല്ലാതാക്കാമെന്നത് ആസൂത്രിതമായ കണക്കുകൂട്ടലിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശ് മദ്‌റസാ ബോര്‍ഡിന്റെ രജിസ്‌ട്രേഷനിലാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെയാണ് ഇവയെല്ലാം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ യു പി സര്‍ക്കാര്‍ കൊണ്ടുവന്നത്. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന മദ്‌റസകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.
ഉത്തര്‍പ്രദേശ് മദ്‌റസാ ബോര്‍ഡിന്റെ കണക്കുപ്രകാരം 2018-ല്‍ 23,000-ത്തില്‍ അധികം മദ്‌റസകളുണ്ടായിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. മുഴുവന്‍ മദ്‌റസകളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നതായി മൗലാനാ മുഹമ്മദ് ബഷീര്‍ തൗഖി പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ 19,000 മദ്‌റസകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 4200 മദ്‌റസകള്‍ നിലവിലില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
മദ്‌റസാ അധ്യാപകരാകാന്‍ ഉര്‍ദു അറിയണമെന്നില്ലെന്ന വിവാദ നിയമ ഭേദഗതിയായിരുന്നു അടുത്ത ഘട്ടം. സര്‍ക്കാര്‍ ഉടമസ്ഥതയിലോ സര്‍ക്കാര്‍ സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ 2019 ജൂണില്‍ നടപടി പ്രാബല്യത്തിലായി. അതുവരെയുള്ള നിയമപ്രകാരം ഉര്‍ദു എഴുതാനും വായിക്കാനും അറിയല്‍ നിര്‍ബന്ധമാണ്.
പ്രാഥമിക തലം മുതല്‍ ഫാസില്‍ (ബിരുദം) വരെയുള്ള മദ്‌റസാ ക്ലാസുകളില്‍ ഉര്‍ദുവാണ് ആശയവിനിമയത്തിനുള്ള ഏക മാധ്യമം എന്നിരിക്കെയാണ് വിവാദ നീക്കം. ഉര്‍ദു അറിയണമെന്ന നിബന്ധനയുള്ളതിനാല്‍ മദ്‌റസകളില്‍ സയന്‍സ്, കണക്ക് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ കിട്ടുന്നില്ലെന്ന ന്യായം നിരത്തിയായിരുന്നു സര്‍ക്കാര്‍ നടപടി.
അധ്യാപക പരീക്ഷ എഴുതുന്നതിനുള്ള ഭാഷകളുടെ പട്ടികയില്‍ നിന്ന് ഉര്‍ദുവിനെ ഒഴിവാക്കിയതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2018 ജനുവരി ഒമ്പതിന് ആണ് 65,500 അസിസ്റ്റന്റ് അധ്യാപക പോസ്റ്റുകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഇതോടൊപ്പം യോഗ്യതാ പരീക്ഷ എഴുതുന്ന ഭാഷകളുടെ പട്ടികയില്‍നിന്ന് ഉര്‍ദു ഒഴിവാക്കി. ലക്ഷക്കണക്കിന് മുസ്‌ലിം ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് പുറംതള്ളുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. അതുവരെയുള്ള കീഴ്‌വഴക്കം അനുസരിച്ച് ഹിന്ദിയിലോ മറ്റ് ഒപ്ഷനുകളായ ഇംഗ്ലീഷ്, ഉര്‍ദു എന്നിവയിലോ പരീക്ഷ എഴുതാമായിരുന്നു. ഇതാണ് അട്ടിമറിക്കപ്പെട്ടത്. മുഹമ്മദ് മുംതസിം വേഴ്‌സസ് യു പി സര്‍ക്കാര്‍ കേസില്‍ അലഹാബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രമുഖ ഉര്‍ദു കലാലയമായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഉറുദു-അറബി-ഫാര്‍സി യൂണിവേഴ്‌സിറ്റിയുടെ പേരും ബി ജെ പി സര്‍ക്കാര്‍ മാറ്റം വരുത്തി. ലക്‌നോവില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ പേരില്‍ നിന്ന് ഭാഷാ പേരുകള്‍ എടുത്തുകളഞ്ഞ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി വിശ്വവിദ്യാലയ എന്നാക്കുകയായിരുന്നു.
ഇതേ സമയത്തു തന്നെയാണ് അലഹാബാദ് യൂണിവേഴ്‌സിറ്റിയുടെ പേര് പ്രയാഗ്‌രാജ് യൂണിവേഴ്‌സിറ്റിയാക്കിയത്. ഫൈസാബാദ് ഡിവിഷന്‍ അമേഠി ഡിവിഷനാക്കി. അംബേദ്കര്‍ നഗര്‍, അമേഠി, ബാരബങ്കി, അയോധ്യ, സുല്‍ത്താന്‍പൂര്‍ ജില്ലകള്‍ അടങ്ങുന്നതാണ് ഫൈസാബാദ് ഡിവിഷന്‍.
പ്രയാഗ്‌രാജ്, ഫത്തേപൂര്‍, കൗസാമ്പി, പ്രതാപ്ഗഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന അലഹാബാദ് ഡിവിഷന്‍ പ്രയാഗ്‌രാജ് ഡിവിഷനാക്കി. മുസാഫര്‍നഗറിന്റെ പേര് ലക്ഷ്മിനഗര്‍ എന്നും ആഗ്രയുടെ പേര് അഗ്രാവന്‍ എന്നുമാക്കി മാറ്റണമെന്ന നിര്‍ദേശം യോഗി സര്‍ക്കാറിന്റെ മേശപ്പുറത്താണ്. ന്യൂനപക്ഷ ഐഡന്റിറ്റിയെ ഒന്നൊന്നായി തുടച്ചുനീക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍. പേരുമാറ്റത്തിനെതിരെ അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നെങ്കിലും സംസ്ഥാന സര്‍ക്കാറിന് പരാതി നല്‍കാന്‍ നിര്‍േദശിച്ച് തള്ളുകയായിരുന്നു.
ഹരിയാനയിലും ബി ജെ പി സഖ്യസര്‍ക്കാര്‍ അധികാരത്തിലുള്ള ബിഹാറിലുമെല്ലാം ഇത്തരം നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ദേശീയാടിസ്ഥാനത്തില്‍ തന്നെ ഉര്‍ദു ഉന്മൂലന ശ്രമങ്ങളെ മോദി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ സൂചനകളായേ ഇപ്പോഴത്തെ നീക്കത്തെ വിലയിരുത്താനാവൂ.
ഉര്‍ദു കേവലമൊരു ഭാഷയല്ല. ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അതിജീവനത്തിനുള്ള ആയുധമാണ്. നിരായുധരാക്കിയാല്‍ ശത്രുവിനെ കീഴ്‌പ്പെടുത്തുക എളുപ്പമാണല്ലോ. ഈ തന്ത്രം തന്നെയാണ് ഇപ്പോള്‍ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ രംഗങ്ങളിലും ഒരു കാലത്തും ഈ ജനത ഉയര്‍ന്നുവരരുതെന്ന ലക്ഷ്യത്തോടെയുള്ള അടിച്ചമര്‍ത്തല്‍. ദേശീയ വിദ്യാഭ്യാസ നയത്തിലെ അവഗണന ഇതിന്റെ തുടര്‍ച്ച മാത്രമാണ്.
ഇന്ത്യന്‍ ജനസംഖ്യയില്‍ ചെറു ന്യൂനപക്ഷത്തിനു മാത്രം പരിചിതമുള്ള, സംസാര ഭാഷയെന്ന നിലയില്‍ ഒരു ഘട്ടത്തിലും വളരുകയോ വികാസം പ്രാപിക്കുകയോ ചെയ്തിട്ടില്ലാത്ത, ദേശീയാഖണ്ഡതയ്‌ക്കോ ദേശീയോദ്ഗ്രഥനത്തിലോ ഒരു തരത്തിലും സ്വാധീനിക്കപ്പെടാന്‍ ഇടയില്ലാത്ത സംസ്‌കൃതത്തിന് നല്‍കുന്ന അമിത പ്രാധാന്യവും ഇതോടൊപ്പം നാം ഗണിച്ചെടുക്കേണ്ടതുണ്ട്. പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന ത്രിഭാഷാ സങ്കല്‍പ്പത്തിനെതിരെ (ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം) തമിഴകത്തും ബംഗാളിലും പ്രതിഷേധം ശക്തമാണ്. സമാനമായ ചെറുത്തുനില്‍പ്പ് ഇന്ത്യയൊട്ടുക്കും ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകള്‍ക്കെതിരെ 1980-കളില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ അരങ്ങേറിയ ഭാഷാ സമരം കേരള ചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന അധ്യായമാണ്. അവയെല്ലാം ഇത്തരം പോരാട്ടങ്ങളില്‍ ഊര്‍ജ്ജമാകേണ്ടതുണ്ട്.`