2 Monday
December 2024
2024 December 2
1446 Joumada II 0

തദ്ദേശ സ്വയംഭരണം ലാഭചേതങ്ങളുടെ കണക്കെടുക്കുമ്പോള്‍

എ പി അന്‍ഷിദ്

മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. പുതിയ തദ്ദേശ ഭരണകൂടങ്ങള്‍ അധികാരമേറുന്നതിന്റെ തിരക്കിലാണിപ്പോള്‍ കേരളം. കണക്കുകൂട്ടലുകള്‍ തെറ്റിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്തവണത്തേതെന്ന് പറയാം. വലിയ തിരിച്ചടി പ്രതീക്ഷിച്ച ഇടതു മുന്നണി അപ്രതീക്ഷിതമായ കുതിപ്പുണ്ടാക്കിയിരിക്കുന്നു. നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച ഐക്യമുന്നണിക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ ഇതുവരെയും കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയും താരതമ്യേന മുന്നേറ്റം കാഴ്ച വച്ചിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവം വിട്ടൊഴിയും മുമ്പേ എത്താനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കൂട്ടലും കിഴിക്കലുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ അണിയറയില്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കും എന്ന ചര്‍ച്ചയും ഇതോടൊപ്പം സജീവമാണ്. 2015-നെ അപേക്ഷിച്ച് ഓരോ മുന്നണിക്കും എത്രത്തോളം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു, തിരിച്ചടി നേരിട്ടു എന്ന കണക്കുകള്‍ ഒന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
കേരളത്തില്‍ വലിയ തോതിലുള്ള ഇടതു അനുകൂല തരംഗം എന്ന നിലയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസത്തെ വാര്‍ത്താ ചാനലുകളുടെയും അടുത്ത ദിവസത്തെ പത്രമാധ്യമങ്ങളുടെയും വിശകലനങ്ങളില്‍ തെളിയുന്നത്. എന്നാല്‍ എല്ലാ കാലത്തും ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ടാകാറുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം എന്നതുകൊണ്ടുതന്നെ ഈ തരംഗ വീക്ഷണം എത്രത്തോളം ശരിയാണ് എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഗ്രാമപഞ്ചായത്ത്
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 514 ഇടത്താണ് ഇടതുമുന്നണി ഇത്തവണ അധികാരം പിടിച്ചത്. 375 പഞ്ചായത്തുകളില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം. എന്‍ ഡി എ 23 പഞ്ചായത്തുകളിലും പുതിയ ട്രന്റ് തീര്‍ത്ത ട്വന്റി 20 അടക്കമുള്ള മറ്റുള്ളവര്‍ 29 പഞ്ചായത്തുകളിലും അധികാരത്തിലെത്തും. 2015-ല്‍ 546 പഞ്ചായത്തിലാണ് ഇടതുമുന്നണി അധികാരം നേടിയിരുന്നത്. 32 ഗ്രാമപഞ്ചായത്തുകളില്‍ അധികാരം നഷ്ടമായി എന്നതാണ് ഇടതു മുന്നണിയുടെ ഗ്രാമപഞ്ചായത്തുകളിലെ ആകെ ചിത്രം. അതേസമയം 2015-ല്‍ 367 ഗ്രാമപഞ്ചായത്തുകളില്‍ അധികാരമുണ്ടായിരുന്ന യു ഡി എഫ് ഇത്തവണ 377-ലേക്ക് ഉയര്‍ന്നു. 10 പഞ്ചായത്തുകളില്‍ കൂടുതലായി അധികാരം പിടിച്ചു. 2015-ല്‍ 13 പഞ്ചായത്തുകള്‍ ഉണ്ടായിരുന്നതാണ് എന്‍ ഡി എ ഇത്തവണ 23 ആയി ഉയര്‍ത്തിയത്. ഒമ്പത് തദ്ദേശ സഭകളില്‍ അധികമായി അധികാരം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 2015ല്‍ 15 തദ്ദേശ സഭകളില്‍ അധികാരം നേടിയ മറ്റുള്ളവര്‍ ഇത്തവണ 14 തദ്ദേശ സഭകള്‍ അധികം സ്വന്തമാക്കിയാണ് 29-ലേക്ക് ഉയര്‍ന്നത്.
മാധ്യമ വിലയിരുത്തലുകളിലെ ഇടതു തരംഗം ചര്‍ച്ചയാകുമ്പോഴും ഗ്രാമപഞ്ചായത്തുകളുടെ ഏകദേശ ചിത്രം എടുത്താല്‍ 2015-നെ അപേക്ഷിച്ച് അവര്‍ക്ക് നഷ്ടം നേരിട്ടിരിക്കുന്നു എന്നതാണ് വസ്തുത. 32 ഗ്രാമപഞ്ചായത്തുകളില്‍ അധികാരം നഷ്ടമാകുക എന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ല. ഗ്രാമങ്ങളില്‍ വലിയ തോതിലുള്ള ചോര്‍ച്ച ഇടതുപക്ഷത്തിന് സംഭവിച്ചിരിക്കുന്നു. ഇനി തദ്ദേശ വാര്‍ഡുകളുടെ കാര്യം കൂടി പരിശോധിക്കാം. 15,962 വാര്‍ഡുകളാണ് ഗ്രാമപഞ്ചായത്തുകളില്‍ ആകെയുള്ളത്. ഇതില്‍ 7,263 സീറ്റുകളിലാണ് ഇടതുമുന്നണി ജയിച്ചത്. 5892 വാര്‍ഡുകളില്‍ യു ഡി എഫും, എന്‍ ഡി എ 1182-ഉം മറ്റുള്ളവര്‍ 1620-ഉം വാര്‍ഡുകള്‍ നേടി. 2015-ല്‍ 7623 വാര്‍ഡുകളില്‍ വിജയിച്ച ഇടതുമുന്നണിക്ക് ഇത്തവണ 360 വാര്‍ഡുകള്‍ നഷ്ടമായി. 2015-ല്‍ 6,324 വാര്‍ഡുകളില്‍ വിജയിച്ച യു ഡി എഫിന് ഇത്തവണ 430 വാര്‍ഡുകളും നഷ്ടമായി. 2015-ല്‍ 933 വാര്‍ഡുകളില്‍ വിജയിച്ചിരുന്ന എന്‍ ഡി എ 249 വാര്‍ഡുകളും 2015-ല്‍ 1078 സീറ്റുകളുണ്ടായിരുന്ന മറ്റുള്ളവര്‍ 540 സീറ്റും അധികം നേടി.
ഗ്രാമപഞ്ചായത്തുകളില്‍ ഐക്യമുന്നണിക്ക് വലിയ ക്ഷീണം സംഭവിച്ചിട്ടില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടിട്ടുമുണ്ട്. എന്‍ ഡി എക്കും ട്വന്റി 20 അടക്കമുള്ള മറ്റുള്ളവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ട്വന്റി 20 ഈ തെരഞ്ഞെടുപ്പോടെ നാലു തദ്ദേശ സഭകളിലാണ് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുന്നത്.

മുനിസിപ്പാലിറ്റികള്‍
ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ 35 ഇടത്താണ് ഐക്യമുന്നണി അധികാരം പിടിച്ചത്. 2015-ല്‍ ഇത് 41 ആയിരുന്നു. 2015ല്‍ 44 മുനിസിപ്പാലിറ്റികളില്‍ അധികാരമുണ്ടായിരുന്ന ഇടതുമുന്നണി ഇത്തവണ 40ലേക്ക് ചുരുങ്ങി. യു ഡി എഫിന് ആറും ഇടതു മുന്നണിക്ക് നാലും മുനിസിപ്പാലിറ്റികള്‍ നഷ്ടമായി. എന്‍ ഡി എ രണ്ടു മുനിസിപ്പാലിറ്റികളില്‍ (2015-ല്‍ ഒന്ന്) അധികാരം പിടിച്ചപ്പോള്‍ 2015-ല്‍ ഒരു മുനിസിപ്പല്‍ ഭരണവുമില്ലാതിരുന്ന മറ്റുള്ളവര്‍ ഇത്തവണ നാലിടത്ത് അധികാരം പിടിച്ചു. വാര്‍ഡു തലത്തില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയപ്പോള്‍ ഐക്യമുന്നണിക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എന്‍ ഡി എയും മറ്റുള്ളവരും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.

കോര്‍പ്പറേഷന്‍
ആറില്‍ അഞ്ച് കോര്‍പ്പറേഷനും നേടിയാണ് ഇത്തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പ് വിജയത്തിന് തിളക്കമേറ്റിയത്. 2015ല്‍ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് ഇടതുപക്ഷവും രണ്ടിടത്ത് യു ഡി എഫുമായിരുന്നു. മൂന്നിടത്ത് ഇടതുമുന്നണിക്ക് (തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്) വ്യക്തമായ ആധിപത്യമുണ്ട്. സ്വതന്ത്രരുടെ അടക്കം പിന്തുണയോടെ കൊച്ചിയും തൃശൂരും ഇടതു മുന്നണി അധികാരമുറപ്പിച്ചിട്ടുണ്ട്. ശേഷിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാത്രമാണ് ഇത്തവണ യു ഡി എഫിന് പിടിക്കാനായത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്വതന്ത്രന്റെ ബലത്തിലാണ് യു ഡി എഫ് പിടിച്ചു നിന്നതെങ്കില്‍ ഇത്തവണ സ്വന്തം നിലയില്‍ തന്നെ യു ഡി എഫ് ഭൂരിപക്ഷം നേടിയിട്ടുണ്ട്. കോര്‍പ്പറേഷനുകളിലേക്കുള്ള ജനവിധിയില്‍ യു ഡി എഫിന്റെ ഏക ആശ്വാസമാണ് കണ്ണൂര്‍. ഇതു തന്നെ നല്ലൊരു ശതമാനം മുസ്‌ലിംലീഗ് വോട്ടിന്റെ ബലത്തിലാണ്. ഡിവിഷന്‍ തലങ്ങളിലും 2015നെ അപേക്ഷിച്ച് കോര്‍പ്പറേഷനുകളില്‍ ഇടതു മുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2015ല്‍ 196 ഡിവിഷനുണ്ടായിരുന്ന എല്‍ ഡി എഫ് ഇത്തവണ 207ലേക്ക് നില ഉയര്‍ത്തി. 143 ഡിവിഷനുകളുണ്ടായിരുന്ന യു ഡി എഫ് 120 ലേക്ക് ചുരുങ്ങി.
51 ഡിവിഷനുകളുണ്ടായിരുന്ന എന്‍ ഡി എ 59 ഉം 24 ഡിവിഷനുണ്ടായിരുന്ന മറ്റുള്ളവര്‍ 27 ഡിവിഷനുകളും നേടി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തങ്ങള്‍ അപരാജിത ശക്തികളാണെന്ന് യു ഡി എഫ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. കെ സുധാകരന്റെ ചിറകിലേറി നടത്തിയ വിജയക്കുതിപ്പ് കെ പി സി സി നേതൃമാറ്റം സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ജനങ്ങളെ കൈയിലെടുക്കാന്‍ കഴിവുള്ള കെ മുരളീധരനോ കെ സുധാകനോ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍
ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കാണ് ഇടതു മുന്നണി വലിയ തോതിലുള്ള മുന്നേറ്റം ഇത്തവണ കാഴ്ച വച്ചത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108 ഇടത്തും ഇടതുമുന്നണി അധികാരം നേടി. 2015 ല്‍ 89 ഇടത്തായിരുന്നു ഇടതുമുന്നണിക്ക് ഭൂരിപക്ഷം. 2015 ല്‍ 62 ഇടത്ത് ഭൂരിപക്ഷമുണ്ടായിരുന്ന യു ഡി എഫിന് ഇത്തവണ 18 ബ്ലോക്കുകള്‍ നഷ്ടമായി 44ല്‍ ഒതുങ്ങേണ്ടി വന്നു. എന്‍ ഡി എക്കോ മറ്റുള്ളവര്‍ക്കോ ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. 2015ലും സ്ഥിതി ഇതു തന്നെയായിരുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ 12 എണ്ണമാണ് ഇത്തവണ ഇടതുമുന്നണി തൂത്തുവാരിയത്.
2015ല്‍ ഏഴിടത്തായിരുന്നു ഭരണം. ഏഴ് ജില്ലാ പഞ്ചായത്തുകള്‍ കൈവശമുണ്ടായിരുന്ന യു ഡി എഫ് ഇത്തവണ ഒന്നിലേക്ക് നിലംപൊത്തി. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് 1266 ഡിവിഷനും യു ഡി എഫ് 727 ഡിവിഷനുമാണ് പിടിച്ചത്. 2015ല്‍ 1088, 917 എന്ന ക്രമത്തിലായിരുന്നു ഇത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 2015ല്‍ ഇടതുമുന്നണി 170 ഡിവിഷനും യു ഡി എഫ് 145 ഡിവിഷനുമാണ് നേടിയിരുന്നത്. ഇത്തവണ ഇത് യഥാക്രമം 212ഉം 110ഉം ആയി മാറി.

സ്വര്‍ണക്കടത്ത് തൊട്ട്
സൗജന്യ റേഷന്‍ വരെ
വിവാദങ്ങളുടേയും ആരോപണ പ്രത്യാരോപണങ്ങളുടേയും വന്‍ വേലിയേറ്റങ്ങള്‍ കണ്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് മുതല്‍ സൗജന്യ റേഷനും കോവിഡ് വ്യാപനവും പ്രളയവും ഓഖിയും അടക്കം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വിഷയങ്ങള്‍ അനവധിയായിരുന്നു. എന്നാല്‍ ഇവയേക്കാള്‍ ഉപരി പ്രാദേശിക വിഷയങ്ങള്‍ തന്നെയാണ് ജനവിധിയെ സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്നതാണ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. മേല്‍പറഞ്ഞ വിഷയങ്ങള്‍ ജനവിധിയെ ഒട്ടും സ്വാധീനിച്ചിട്ടില്ല എന്നല്ല ഇതിനര്‍ഥം. ജനവിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ഘടകമായി അവ മാറിയില്ല എന്നു മാത്രമാണ്.

സ്വപ്‌നാ സുരേഷും
ശിവശങ്കറും പിന്നെ രവീന്ദ്രനും
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വിഷയം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് യു ഡി എഫിന്റെ വലിയ ആയുധവും ഇടതുമുന്നണിയെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയതും. മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് സംശയത്തിന്റെ മുനയില്‍ നിര്‍ത്തി സി ബി ഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ഇടുതമുന്നണിക്കുമേല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. ദിനംപ്രതിയെന്നോണം പുറത്തുവരുന്ന പുതിയ ആരോപണങ്ങളും പുതിയ അറസ്റ്റുകളും രാഷ്ട്രീയ ഗോദയില്‍ ചെറുത്തുതോല്‍പ്പിക്കുക എന്നത് ബ്രഹ്മാണ്ഡ ദൗത്യം തന്നെയായിരുന്നു.
ഇക്കാര്യത്തില്‍ ഇടതു മുന്നണിയും സി പി എമ്മും ഒരു പരിധി വരെ വിജയിച്ചുവെന്നു വേണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നു വിലയിരുത്താന്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങള്‍ കോവിഡിന്റെ രാഷ്ട്രീയ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇടതുമുന്നണി തടഞ്ഞത്. ഇത് ചെറിയ ആശ്വാസമല്ല അവര്‍ക്കു നല്‍കിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കം വലിയ പ്രതിസന്ധി മുന്നിലുണ്ടായിട്ടും സി പി എം നേടിയ നേട്ടം സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയങ്ങളേക്കാള്‍ ഉപരി പ്രാദേശിക ഘടകങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിച്ചത് എന്നതിനു തെളിവാണ്.

പ്രളയം, ഓഖി, കോവിഡ്
പ്രളയവും ഓഖിയും കോവിഡും ഇരു മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അവരുടേതായ രീതിയില്‍ ഉപയോഗിച്ച വിഷയങ്ങളായിരുന്നു. മഹാദുരന്തങ്ങളെ നേരിടുന്നതില്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞെന്ന് ഇടതുപക്ഷവും പ്രളയ പുനരധിവാസം, കോവിഡ് കാലത്തെ പ്രവാസി പുനരധിവാസം എന്നിവയിലെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഐക്യമുന്നണിയും നടത്തിയ പ്രചാരണങ്ങള്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് ജനങ്ങളില്‍ സൃഷ്ടിച്ചത്. ഇവ ഏതെങ്കിലുമൊരു മുന്നണിക്ക് അനുകൂലമായോ പ്രതികൂലമായോ ഭവിച്ചില്ല എന്നതാണ് ചുരുക്കം.

കിറ്റില്‍ വീണ വോട്ട്
കോവിഡ് ആഘാത കാലത്ത് സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം ലഭിച്ച വലിയ ആശ്വാസം തന്നെയായിരുന്നു സൗജന്യ റേഷന്‍. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ധാന്യ വിഹിതവും സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ കിറ്റുകളും മഹാമാരി കാലത്തെ അതിജയിക്കുന്നതില്‍ ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ മതിയാകൂ. സൗജന്യ കിറ്റിലെ രാഷ്ട്രീയ സാധ്യതകള്‍ ഇടതുമുന്നണി പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണടക്കടത്ത് അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങളെ ചെറുക്കുന്നതില്‍ ഇടതു മുന്നണിക്ക് വലിയ പരിചയായി ലഭിച്ചത് ഈ സര്‍ക്കാര്‍ സൗജന്യങ്ങളായിരുന്നു എന്നതാണ് വസ്തുത. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ലോകം മുഴുവന്‍ ഈ മഹാമാരി കാലത്തെ നീന്തിക്കടക്കുന്നത്. ലോകം മുഴുവന്‍ ഇതിന്റെ അലയൊലികളുണ്ട്. കോവിഡ് വ്യാപനം സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധിയോ മരണക്കണക്കോ മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക ആഘാതം കൂടിയാണ്. മഹാമാരിയെ ചെറുക്കാന്‍ നടത്തിയ അടച്ചിടല്‍ ശ്രമങ്ങള്‍ ലക്ഷക്കണക്കിന് മനുഷ്യരെയാണ് ലോകത്തൊട്ടാകെ തൊഴില്‍ രഹിതരാക്കിയത്. വരുമാന മാര്‍ഗങ്ങള്‍ നിലച്ചു. ജീവിതോപാധികള്‍ നഷ്ടമായി. വലിയ ഉദ്യോഗങ്ങള്‍ കൈവശമുണ്ടാകുകയും ആര്‍ഭാടങ്ങളില്‍ അഭിരമിച്ച് ജീവിക്കുകയും ചെയ്തവര്‍ നിത്യജീവിതം കൂട്ടിമുട്ടിക്കാന്‍ വകയില്ലാത്തവരായി മാറി. ആ ആഘാതത്തില്‍ നിന്ന് ലോകം ഇനിയും കരകയറിയിട്ടില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തൊഴില്‍ മേഖലകളില്‍ കോവിഡ് സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളും കോടതി വിധികളും കാറ്റില്‍ പറത്തി തൊഴിലിടങ്ങളില്‍ നടക്കുന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ വാര്‍ത്തകള്‍ പോലുമല്ലായിരുന്നു. നിര്‍മ്മാണ, ഉത്പാദന മേഖലകളിലുണ്ടായ അനിശ്ചിതത്വവും അടച്ചിടല്‍ കാലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനങ്ങളും അവിദഗ്ധ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയും ഇനിയും മറികടക്കാനായിട്ടില്ല. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ തിരിച്ചടിയായി മാറാതെ ഫലപ്രദമായി ചെറുത്തത് ഭക്ഷ്യകിറ്റിലെ സൗജന്യം കൊണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാം. താഴെ തട്ടില്‍ വരെ ഇത് സ്വാധീന ഘടകവുമായി മാറി.

എന്‍ ഡി എ മുന്നേറ്റം
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും മുനിസിപ്പല്‍, കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ 1600ഓളം ഡിവിഷനുകളിലാണ് ഇത്തവണ ബി ജെ പി വിജയിച്ചത്. 22,000ത്തിന് അടുത്ത് ഡിവിഷനുകളുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് കാര്യമായ പ്രാതിനിധ്യമല്ല. പ്രത്യേകിച്ച് രണ്ടു മേജര്‍ ശക്തികളായ ഇടതുമുന്നണി 10,000ത്തില്‍ അധികം ഡിവിഷനുകളും യു ഡി എഫ് 8,000ത്തില്‍ അധികം ഡിവിഷനുകളും സ്വന്തമാക്കിയ പശ്ചാത്തലത്തില്‍. എന്നാല്‍ 2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ ഡി എ ഭേദപ്പെട്ട മുന്നേറ്റം കാഴ്ച വച്ചിട്ടുണ്ടെന്ന് തന്നെ പറയണം.
കേരളം എല്ലാ കാലത്തും കാവി രാഷ്ട്രീയത്തോട് പാലിച്ചിട്ടുളള സാമൂഹിക അകലം മുന്നില്‍ വച്ചു വേണം ഇക്കാര്യം വിലയിരുത്താന്‍. 23 പഞ്ചായത്തുകളിലാണ് ഇത്തവണ ബി ജെ പി അധികാരം പിടിച്ചത്. രണ്ട് മുനിസിപ്പാലിറ്റികളിലും. 2015ല്‍ ഇത് യഥാക്രമം 13 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമായിരുന്നു. വര്‍ഗീയതവും വിഭാഗീയതയും ആധാരമാക്കി നടത്തുന്ന പ്രചാരണങ്ങൡലൂടെയും ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിര്‍ത്തി ഭൂരിപക്ഷത്തെ ഭയപ്പെടുത്തിയും എല്ലാറ്റിനും പുറമെ മസില്‍ പവറും മണി പവറും ഉപയോഗിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഇരുട്ടിവെളുക്കും മുമ്പെ കാവിപുതപ്പിക്കുന്ന ബി ജെ പി രീതി കേരളത്തില്‍ വിലപ്പോവില്ല എന്നത് സത്യം തന്നെയാണ്. എന്നാലും സാവകാശമാണെങ്കിലും സ്വന്തമായ ഇടങ്ങള്‍ അവര്‍ കണ്ടെത്തുന്നു എന്നതിനെ ഗൗരവത്തോടെ തന്നെ കാണണം. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ എവിടേയും എന്‍ ഡി എ നിര്‍ണായക ശക്തിയല്ല. എന്നാല്‍ 49 ബ്ലോക്ക് ഡിവിഷനുകളിലേക്കും ആറ് ജില്ലാ ഡിവിഷനുകളിലേക്കും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

ശബരിമലയില്‍ വിതച്ചത്
കൊയ്തത് തദ്ദേശത്തില്‍
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശം വലിയ രാഷ്ട്രീയ, സാമുദായിക വിവാദമായി ഉയര്‍ന്നുവന്നത്. സ്ത്രീ സമത്വത്തിന്റെയും സമതുല്യതയുടേയും പേരില്‍ സര്‍ക്കാര്‍ ഒത്താശയോടെ നടത്തിയ സ്ത്രീ പ്രവേശത്തെ ഒരു സമൂഹം പതിറ്റാണ്ടുകളായി പാലിച്ചുപോരുന്ന ആചാര- വിശ്വാസങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാനും ഭൂരിപക്ഷ സമുദായം അരക്ഷിതാവസ്ഥയുടെ വക്കിലാണെന്ന് വരുത്തിത്തീര്‍ക്കാനും ബി ജെ പി കൊണ്ടുപിടിച്ചു ശ്രമിച്ചിരുന്നു. എന്നാല്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ചതിനപ്പുറത്തേക്ക് ബി ജെ പിക്ക് ശബരിമല വിഷയത്തെ കാര്യമായ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ അന്ന് കഴിഞ്ഞിരുന്നില്ല. ശബരിമലയില്‍ അന്ന് വിതച്ചതിനെ ബി ജെ പി കൊയ്‌തെടുത്തത് ഈ തദ്ദേശ തെരഞ്ഞെടുപ്പിലാണെന്ന് കണക്കുകള്‍ പറയും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗങ്ങളില്‍ ബി ജെ പി ഒരു ചിത്രമേ ആയിരുന്നില്ല. എന്നിട്ടും അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. തദ്ദേശ സഭകളിലേക്ക് 10 വോട്ട് അധികം സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ പോലും ജയപരാജയങ്ങള്‍ മാറിമറിയും. ഇതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചത്. എന്നാല്‍ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ഈ ഫാക്ടര്‍ പ്രവര്‍ത്തിക്കണമെന്നില്ല. 2019ല്‍ ശബരിമല അവര്‍ക്ക് നേട്ടമാകാതെ പോയതിന്റെ കാരണവും ഇതാണ്.

കോട്ടകള്‍ ഭദ്രമാക്കി മുസ്‌ലിംലീഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ക്യാമ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് മുസ്‌ലിം ലീഗിനു മാത്രമാണ്. സ്വന്തം കോട്ടകള്‍ ഭദ്രമാക്കി നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുന്നതിലും മുസ്‌ലിംലീഗ് നിര്‍ണായകമായി. തെക്കന്‍ ജില്ലകളില്‍ വരെ മുസ്‌ലിം ലീഗ് മത്സരിച്ച ചുരുക്കം ചില തദ്ദേശ വാര്‍ഡുകളിലാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണ മുസ്‌ലിം ലീഗിനും യു ഡി എഫിനുമെതിരെ വലിയ തോതിലുള്ള രാഷ്ട്രീയ ആയുധമാക്കി സി പി എം മാറ്റിയിരുന്നു. മുസ്‌ലിം ലീഗ് വോട്ടുബാങ്കിന് അത് ബാധിച്ചില്ല എന്നു മാത്രമല്ല, പലയിടങ്ങളിലും അവര്‍ക്ക് നേട്ടമുണ്ടാവുകയും ചെയ്തു.
എന്നാല്‍ വര്‍ഗീയവാദികളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന സി പി എം ആരോപണം കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കി. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനു ശേഷവും വെല്‍ഫെയര്‍ ബന്ധത്തെ യു ഡി എഫില്‍ നിന്ന് ഭൂരിപക്ഷ ജനവിഭാഗത്തെ അടര്‍ത്തുന്ന തരത്തിലുള്ള വര്‍ഗീയ ചുവയുള്ള പ്രചാരണത്തിന് ഇടതു മുന്നണി ഉപയോഗിക്കുമെന്നതിന് തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ നിയമസഭയിലേക്ക് വരുമ്പോള്‍ ബി ജെ പിക്കായിരിക്കും ഇതിന്റെ ആത്യന്തിക നേട്ടമുണ്ടാകുക.

സെമി ഫൈനല്‍ കഴിഞ്ഞു,
ഇനി ഫൈനല്‍
2021 മേയില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കലിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
നാട്ടങ്കം കുറിച്ച സെമിഫൈനല്‍ കഴിഞ്ഞു. ഇനി ഫൈനലാണ്. നിര്‍ണായക രാഷ്ട്രീയ പോരാട്ടത്തിന് കച്ച മുറുക്കാന്‍ മുന്നണികള്‍ക്കു മുന്നില്‍ ഇനി സാവകാശമില്ല. ആറു മാസമെന്നത് ചുരുങ്ങിയ ഇടവേള മാത്രമാണ്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുന്നതാണ് കേരളപ്പിറവി മുതലുള്ള രാഷ്ട്രീയ കീഴ്‌വഴക്കം. ഇന്നുവരെ അതു തെറ്റിക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. എങ്കിലും പോരു ജയിക്കാന്‍ അങ്കം കുറിച്ചുതന്നെയാണ് ഓരോ തെരഞ്ഞെടുപ്പിലും മുന്നണികള്‍ അടര്‍ക്കളത്തിലിറങ്ങാറ്.
ഏകപക്ഷീയമായ ജയം ഇന്നോളം ആര്‍ക്കും ലഭിച്ചിട്ടില്ല. ഓരോ തവണയും ഭരണപക്ഷത്തുള്ളവര്‍ അത് അവകാശപ്പെടുകയും ചെയ്യും. 2021ല്‍ എന്തു സംഭവിക്കും എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ ഇടതു മുന്നണിക്കു കഴിഞ്ഞാല്‍ ആറു പതിറ്റാണ്ടിനിടയിലെ ചരിത്രസൃഷ്ടിയാകും അത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈ ഒരിക്കലും നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് മാനദണ്ഡമേ അല്ല. കാര്യങ്ങള്‍ ഇനിയും മാറി മറിഞ്ഞേക്കാം. അഴിമതി ആരോപണങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ കുതറിമാറാന്‍ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയുടെ പ്രന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഏതു സമയത്തും അകത്താകാം എന്ന അവസ്ഥയിലാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ അസ്ത്രങ്ങള്‍ ഒരുപാട് ബാക്കിയുണ്ട്. കോണ്‍ഗ്രസിനകത്തെ ദുര്‍ബലമായ സംഘടനാ സംവിധാനവും ഗ്രൂപ്പുപോരുമാണ് യു ഡി എഫിനു മുന്നിലെ പ്രധാന വെല്ലുവിളി. നിര്‍ണായകമായ ഒരു രാഷ്ട്രീയ പോരാട്ടം എന്ന കാഴ്ചപ്പാടില്‍ ഗ്രൂപ്പ് മറന്ന് ഗോദയിലിറങ്ങാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇനി രക്ഷയുള്ളു.
നേമത്തെ വിജയം 2021-ലും ആവര്‍ത്തിക്കാനാവുുമോ, കൂടുതല്‍ സീറ്റുകള്‍ നേടാനാകുമോ എന്നതെല്ലാമാണ് ബി ജെ പിക്കു മുന്നിലെ ചോദ്യങ്ങള്‍. തമിഴ്‌നാട് ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ ദേശീയ രാഷ്ട്രീയത്തിലും വരാനിരിക്കുന്ന ജനവിധി നിര്‍ണായകമാണ്. കാത്തിരിക്കാം; അടുത്ത അങ്കക്കുറിക്കായി.

ജോസ് – ജോസഫ് പ്രതിഭാസം
ഇടതു മുന്നണിക്ക് കിട്ടിയ രക്ഷാബന്ധന്‍
ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മിശിഹ ആയിരുന്നു ജോസ് കെ മാണി. അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കെയാണ് ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വലിയ തിരിച്ചടി അവര്‍ സ്വയം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്ലാ കാലത്തും ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കമുള്ളതാണ് കേരളപ്പിറവി മുതലുള്ള ചരിത്രം. വല്ലപ്പോഴും ഇതില്‍ മാറ്റം വന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ നേടിയ മുന്‍തൂക്കം ഇടതു മുന്നണിക്ക് നല്‍കുന്ന ജീവശ്വാസം ചെറുതല്ല. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന ഘട്ടത്തില്‍. അതിന് അവര്‍ ജോസ് കെ മാണിയോട് നന്ദി പറയണം. കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട ചെയര്‍മാന്‍ പോരിനു പിന്നാലെ കെ എം മാണിയുടെ മകന്‍ യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് ചേക്കേറുമ്പോള്‍ പ്രായത്തിന്റെ പക്വതക്കുറവ് എന്ന നിലയിലാണ് എല്ലാവരും നോക്കിക്കണ്ടത്. യു ഡി എഫിലെ പ്രമുഖ നേതാക്കള്‍ക്കുപോലും ഇത്തരമൊരു കാഴ്ചപ്പാടായിരുന്നു. എന്നാല്‍ ജോസഫല്ല, ജോസാണ് കേരള കോണ്‍ഗ്രസ് എന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. ഇടുക്കി, പത്തനംകിട്ട, കോട്ടയം തുടങ്ങി കേരള കോണ്‍ഗ്രസിന്റെ കോട്ടകളിലെല്ലാം ഇടതുമുന്നണി ജയിച്ചുകയറിത് ജോസിന്റെ ബലത്തിലാണ്. ലയനത്തിനു മുമ്പേ കെ എം മാണിയുടെ പാര്‍ട്ടിയെ അപേക്ഷിച്ച് പകുതി ശക്തിപോലും ജോസഫിന്റെ പാര്‍ട്ടിക്കുണ്ടായിരുന്നില്ല എന്ന യാഥാര്‍ഥ്യം യു ഡി എഫ് നേതാക്കള്‍ പാടെ മറന്നു. കെ എം മാണിയുടെ അനുയായികള്‍ മുഴുവനായും തനിക്കൊപ്പം തന്നെയുണ്ടെന്ന് തെളിയിക്കാന്‍ ജോസ് കെ മാണിക്ക് കഴിയുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ദുര്‍ബലമായ
സംഘടനാ സംവിധാനം
ദുര്‍ബലമായ സംഘടനാ സംവിധാനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് തന്നെയാണ് യു ഡി എഫിനുണ്ടായ തിരിച്ചടിയുടെ പൂര്‍ണ ഉത്തരവാദിത്തം. മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് ആയിരുന്നു ഘടക കക്ഷികള്‍ക്ക് കൂടി ശക്തി സംഭരിച്ചു നല്‍കേണ്ടിയിരുന്നത്. സ്വന്തം നില ഭദ്രമാക്കുന്നതില്‍ പോലും അവര്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വലിയ വായ്ക്കു വിളിച്ചു പറഞ്ഞതല്ലാതെ, അത്തരമൊരു ജീവന്മരണ പോരാട്ടത്തിനുള്ള യാതൊരു തയ്യാറെടുപ്പും കോണ്‍ഗ്രസ് നടത്തിയിരുന്നില്ല.
നാലര വര്‍ഷം പിന്നിട്ട ഇടതു മുന്നണി ഭരണത്തില്‍ ഭരണവിരുദ്ധ വികാരത്തിനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. സ്വര്‍ണക്കടത്തും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന കള്ളപ്പണക്കേസും ലൈഫ് മിഷന്‍ അഴിമതി ആരോപണങ്ങളും തൊട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാര്‍ വരെ അന്വേഷണ ഏജന്‍സികളുടെ തിണ്ണ നിരങ്ങുന്ന സാഹചര്യമുണ്ടായിട്ടും ഇതൊന്നും വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. പരസ്പരം കാലുവാരിയും അവനവന്റെ നേട്ടം മാത്രം നോക്കിയും പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഇതൊന്നും മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല എന്നത് ഇന്ന് ആ പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തിനും അപമാനത്തിനും കാരണമാണ്.

Back to Top