2 Monday
December 2024
2024 December 2
1446 Joumada II 0

തദ്ദേശ സ്വയംഭരണം: ഭാവനാ സമ്പന്നമായ നേതൃത്വം വന്നാല്‍ വിപ്ലവങ്ങള്‍ വിളയിക്കാം

എ പി അന്‍ഷിദ്

ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഡിസംബറില്‍ കേരളം വേദിയാവുകയാണ്. അഞ്ചാണ്ടിലൊരിക്കല്‍ വിരുന്നെത്താറുള്ള തെരഞ്ഞെടുപ്പുത്സവത്തിന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഒരു മാസത്തിലധികം വൈകിയാണ് കൊടിയേറുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായതോടെ നാടും നഗരിയും പ്രചാരണത്തിന്റെ ആവേശത്തിലേക്ക് അമര്‍ന്നു തുടങ്ങി. ഡിസംബര്‍ എട്ടിനും പത്തിനും പതിനാലിനുമായി മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലേക്കാണ് ഇനി എല്ലാവരുടേയും ശ്രദ്ധ. 16ന് വോട്ടെണ്ണി ഫലം പുറത്തുവരും. തൊട്ടു പിന്നാലെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതികള്‍ നിലവില്‍ വരും. പുതുവര്‍ഷത്തിനു മുമ്പ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുള്ള ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരിക്കുന്നത്.
നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍നിന്ന് ഭിന്നമായ രാഷ്ട്രീയമാണ് തദ്ദേശ തെരഞ്ഞെടുപ്പുകളെ നയിക്കാറുള്ളത്. പൊതു വിഷയങ്ങളേക്കാള്‍ ഉപരി പ്രാദേശികമായ രാഷ്ട്രീയത്തിനും പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്കുമാണ് എല്ലാ പാര്‍ട്ടികളും പ്രാമുഖ്യം നല്‍കാറ്. സ്ഥാനാര്‍ഥികള്‍, ഇവരുടെ സ്വീകാര്യത, ജനസമ്മിതി, പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനുമുള്ള പ്രാപ്തി, തെരഞ്ഞെടുപ്പാനന്തര കാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, നിലവിലുള്ള ഭരണസമിതികളുടെ പോരായ്മകള്‍, പാളിച്ചകള്‍, നേട്ടങ്ങള്‍ എന്നിവയെല്ലാം ഇവിടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. രാഷ്ട്രീയ ചേരിതിരിവുകള്‍ ഘടകമേ അല്ല എന്നല്ല. അതിനേക്കാള്‍ ഉപരിയായി സ്വാധീനിക്കപ്പെടുന്നത് മേല്‍ പറഞ്ഞവയാണെന്നു മാത്രം. അതിസാങ്കേതികതയുടെ കാലത്തും ഈ ചേരുവകളില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
എന്നാല്‍ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ യഥാര്‍ഥ ലക്ഷ്യം നിറവേറ്റുന്നതില്‍ നമ്മുടെ തദ്ദേശ സഭകള്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നത് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് ഒരു തദ്ദേശ തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിന് അപ്പുറത്ത് ഒരു ജനതയുടെ സ്വപ്‌നങ്ങളുമായും സങ്കല്‍പ്പങ്ങളുമായും ഏറ്റവും അടുത്തു നില്‍ക്കുന്ന ഭരണകൂടമാണ് തദ്ദേശ സഭകള്‍.
അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും എളുപ്പത്തില്‍ കണ്ടെത്താനും പരിഹരിക്കാനും പ്രാപ്തിയുള്ള ഭരണകൂടങ്ങള്‍. കോടികള്‍ ചെലവു വരുന്ന വലിയ പ്രോജക്ടുകളല്ല പലപ്പോഴും ഒരു നാടിന്റെ വികസന ചിത്രങ്ങള്‍ മാറ്റി വരയ്ക്കുന്നത്. മറിച്ച് ആസൂത്രിതവും ക്രിയാത്മകവുമായ ചെറിയ ചെറിയ വികസന പദ്ധതികളാണ്. അതുകൊണ്ടു തന്നെയാണ് രാഷ്ട്ര നിര്‍മിതിയില്‍ ത്രിതല തദ്ദേശ സഭകള്‍ക്കുള്ള പങ്ക് പ്രത്യേകം അടയാളപ്പെട്ടു കിടക്കുന്നതും.

ഭരണ പക്ഷവും പ്രതിപക്ഷവുമില്ല,ജനപക്ഷം മാത്രം
പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ചട്ടക്കൂട് അനുസരിച്ച് യഥാര്‍ഥത്തില്‍ തദ്ദേശ സഭകളില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമില്ല. മുഴുവന്‍ അംഗങ്ങളെയും ഒറ്റ സമിതിയായാണ് കണക്കാക്കുന്നത്. രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് ഭരണ – പ്രതിപക്ഷ വേര്‍തിരിവ് താഴെ തട്ടിലും എത്തിക്കുന്നത്. അതിനെ ന്യൂനതയായി മാത്രം കാണേണ്ടതില്ല. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ തദ്ദേശസഭകളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ക്രിയാത്മകമാകൂ. ഈ നിലക്ക് താഴെ തട്ടിലും ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.
എന്നാല്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ ഇരുപക്ഷവും ദൗത്യങ്ങളും ഉത്തരവാദിത്തങ്ങളും മറക്കുന്ന സമീപനം ഉണ്ടായിക്കൂടാ. അത് തദ്ദേശ സഭകളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയാകും ചെയ്യുക.

പഞ്ചായത്തീരാജ് സംവിധാനവും അധികാര വീകേന്ദ്രീകരണവും

73-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ 1993-ലാണ് ആധുനിക പഞ്ചായത്തീരാജ് സംവിധാനം രാജ്യത്ത് നിലവില്‍ വരുന്നത്. ഇതിനു മുമ്പേയും പഞ്ചായത്തീരാജ് സംവിധാനം നിലനിന്നിരുന്നെങ്കിലും ഇത്ര വിപുലമായ രീതിയില്‍ താഴേ തട്ടിലേക്കുള്ള അധികാര കൈമാറ്റം നടന്നിരുന്നില്ല. തദ്ദേശ ഭരണ സംവിധാനങ്ങളെ മൂന്നു തലങ്ങളാക്കി തിരിക്കുകയും ഓരോന്നിനും അധികാരാവകാശങ്ങള്‍ കൃത്യമായി നിര്‍ണയിച്ചു നല്‍കുകയും ചെയ്യുക വഴി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം കൂടിയാണ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്. ഗ്രാമങ്ങളില്‍ ഗ്രാമ പഞ്ചായത്തുകളും നഗരങ്ങളില്‍ മുനിസിപ്പാലിറ്റികള്‍, അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ജനങ്ങളോട് ഏറ്റവും അടുത്തു കടക്കുന്ന ഭരണ സംവിധാനങ്ങളായി ഇതോടെ മാറി. അതിനു മുകളില്‍ ബ്ലോക്ക് സഭകളും തൊട്ടു മുകളില്‍ ജില്ലാ പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന വിപുലമായ ശൃംഖലയാണ് ഇവിടെ പടുത്തുയര്‍ത്തപ്പെട്ടത്.
ചില സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളില്‍ കാപ് പഞ്ചായത്തുകളും ജില്ലകളില്‍ ജില്ലാ പരിഷത്തുകളുമാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളില്‍നിന്നുള്ള സാമ്പത്തിക സഹായവും തനതു വരുമാന മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന സമ്പത്തുമാണ് തദ്ദേശസഭകളുടെ പ്രവര്‍ത്തന ഫണ്ട്. അധികാരവും ചുമതലകളും ഏറ്റവും താഴെ തട്ടിലേക്ക് കൈമാറുകയും അതുവഴി പ്രാദേശിക പ്രശ്‌നങ്ങളെ കൃത്യമായി മനസ്സിലാക്കി പരിഹാരങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുക എന്നതായിരുന്നു പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യം. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ നല്ലൊരു ശതമാനം വിജയിച്ചിട്ടുണ്ട്. സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയടക്കം വിജയകരമായി നടപ്പാക്കുന്നതില്‍ തദ്ദേശ സഭകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്ന കാലത്തെ അപേക്ഷിച്ച് ഇന്ന് തദ്ദേശ സഭകളുടെ പ്രവര്‍ത്തന മണ്ഡലം കൂടുതല്‍ വിപുലമാണ്. അധികാരാവകാശങ്ങളും വിശാലമാണ്. റോഡ് അറ്റകുറ്റപ്പണി, ടാറിങ്, സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങി വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു തൊണ്ണൂറുകളില്‍ തദ്ദേശ സഭകളുടെ പ്രവര്‍ത്തന പരിധി. എന്നാല്‍ ഇന്ന് ക്രമസമാധാനം പോലുള്ള ചില വിഷയങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സമഗ്ര പ്രാദേശിക സര്‍ക്കാറുകള്‍ തന്നെയാണ് തദ്ദേശ സഭകള്‍. കോവിഡ് വ്യാപനം പോലുള്ള സാഹചര്യങ്ങളെ നാം അതിജയിച്ചത് തദ്ദേശ ഭരണകൂടങ്ങളുടെ കൂടി ബലത്തിലാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
റോഡ് നിര്‍മാണം, ശുചിത്വ പാലനം, ഭവന, ശൗചാലയ നിര്‍മാണം, മൃഗസംരക്ഷണവും മൃഗ വളര്‍ത്തലും പ്രോത്സാഹിപ്പിക്കല്‍, കാര്‍ഷിക പുരോഗതിക്ക് ഉപകരിക്കുന്ന അനേകം പ്രവര്‍ത്തനങ്ങള്‍, തരിശു ഭൂമിയുടെ വിനിയോഗം, ജലസേചന സൗകര്യമൊരുക്കല്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നു തുടങ്ങി പ്രാദേശിക വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതില്‍ വരെ എത്തിയിരിക്കുന്നു നമ്മുടെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. കളി സ്ഥലങ്ങളുടെ നിര്‍മ്മാണം, സംരക്ഷണം, കിടപ്പു രോഗികളുടെ പരിചരണം, സംരക്ഷണം തുടങ്ങി എണ്ണമറ്റ മേഖലകളിലാണ് ഇന്ന് തദ്ദേശ സഭകള്‍ കൈവച്ചിട്ടുള്ളത്.
ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പിന്നില്‍ നിന്ന ജില്ലയായിരുന്നു മലപ്പുറം. 30 ശതമാനമോ അതിനടുത്തോ മാത്രം എസ് എസ് എല്‍ സി വിജയ ശതമാനമുണ്ടായിരുന്ന ഈ ജില്ലയെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടുന്ന ജില്ലയാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിജയഭേരി പദ്ധതിയായിരുന്നു. ഓരോ സ്‌കൂളുകളിലേയും കുട്ടികളുടെ പഠനനിലവാരം തരം തിരിച്ച് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയും അധ്യാപകര്‍ക്കു തന്നെ പ്രത്യേക പരിശീലനങ്ങള്‍ ഒരുക്കിയും പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തും നിശ്ശബ്ദമായൊരു വിപ്ലവം തന്നെയാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്.
വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനായി തയ്യാറാക്കിയ സൗജന്യ ഡയാലിസിസ് പദ്ധതി മറ്റൊരു ഉദാഹരണമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍മ്മല്‍ ഗ്രാമം പദ്ധതി വിജയകരമായി നടപ്പാക്കിയതിലും കേരളത്തിലെ തദ്ദേശ സഭകള്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ നമ്മുടെ തദ്ദേശ സഭകള്‍ക്ക് ഇനിയും ഏറെ മുന്നേറാനുണ്ട് എന്ന വസ്തുത കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു.

ആസൂത്രണത്തിന്റെ അഭാവം പ്രധാന പരിമിതി
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അതേ നിലയില്‍ തന്നെ ചെറിയൊരു ക്യാന്‍വാസിലേക്ക് പറിച്ചു നട്ടാല്‍ എങ്ങനെയിരിക്കും. ഇതാണ് നമ്മുടെ തദ്ദേശ സഭകളുടെ ആകെത്തുക. എന്നാല്‍ കൃത്യമായ ആസൂത്രണമില്ലായ്മ പലപ്പോഴും തദ്ദേശ സഭകളുടെ പ്രവര്‍ത്തനത്തെ അപര്യാപ്തമോ വികലമോ ആക്കി മാറ്റാറുണ്ട് എന്ന വസ്തുത വിസ്മരിച്ചുകൂടാ. അനന്തമായ സാധ്യതകളാണ് ഇന്ന് തദ്ദേശ സഭകള്‍ക്ക് മുന്നില്‍ തുറന്നു കിടക്കുന്നത്. എന്നാല്‍ അവയെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് കൃത്യവും സൂക്ഷ്മവമായ ആസൂത്രണം അനിവാര്യമാണ്.
പരിമിതമായ വിഭവങ്ങളെ എങ്ങനെ ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കാം എന്നതാണ് ആസൂത്രണത്തിന്റെ അടിസ്ഥാനം. തദ്ദേശ സഭകളെ സംബന്ധിച്ചിടത്തോളം വിഭവങ്ങള്‍ക്ക് പരിമിതികളുണ്ട്. ഫണ്ട്, ഭൂമിയുടെ ലഭ്യത, സാങ്കേതിക പിന്തുണ എന്നിവയെല്ലാം പരിമിതമാണ്. ഈ പരിമിതികളെ എങ്ങനെ അതിജയിക്കാം എന്നതും അസാധാരണമായ ഫലപ്രാപ്തിയിലേക്ക് കാര്യങ്ങളെ എത്തിക്കാമെന്നും ഒരു നല്ല ആസൂത്രണം വഴി കണ്ടുപിടിക്കാം.

പലപ്പോഴും തദ്ദേശ സഭകളെ സംബന്ധിച്ചിടത്തോളം അധികാരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സംവിധാനമായി ഭരണസമിതികള്‍ മാറുകയും ഉത്തരവാദിത്തങ്ങളെല്ലാം ഉദ്യോഗസ്ഥ സംവിധാനത്തിനു മേല്‍ കെട്ടിവെക്കപ്പെടുകയും ചെയ്യാറുണ്ട്. ഇത് ഉള്ള പരിമിതികളെ കൂടുതല്‍ ചുരുക്കിക്കെട്ടുക മാത്രമാണ് ചെയ്യുക. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം വ്യത്യസ്തമാണ്. രാഷ്ട്രീയത്തില്‍ ഉത്തരവാദിത്തം കൂടുതലാണ്. അത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കും. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത് അയക്കുന്നവര്‍ ആയതു കൊണ്ടുതന്നെ അവരോടുള്ള മിനിമം ഉത്തരവാദിത്തമെങ്കിലും നിറവേറ്റാന്‍ ഏതൊരു ജനപ്രതിനിധിയും ഭരണ സമിതിയും ബാധ്യസ്ഥമായിരിക്കും.
എന്നാല്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു പ്രശ്‌നം ഉദിക്കുന്നതേയില്ല. നിശ്ചിത ഇടവേളകളില്‍ ജനങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ പിന്തുണ തേടുകയും ചെയ്യേണ്ട സാഹചര്യമൊന്നും അവര്‍ക്ക് മുന്നില്‍ ഉദിക്കുന്നില്ല. അതുകൊണ്ടുതന്നെ പരിമിതികളെ അതിജയിക്കാനുള്ള ശ്രമങ്ങളേക്കാള്‍ ഉപരി സാങ്കേതികതയുടെ ചരടില്‍ കെട്ടി പരിമിതികളെ ഊതിപ്പെരുപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുക. ഇതിന് വിപരീതമായി സംഭവിക്കുന്ന സ്ഥലങ്ങളുമുണ്ടാകാം. എന്നാല്‍ അത് സാര്‍വത്രികമായിക്കൊള്ളണമെന്നില്ല. തദ്ദേശ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരും അതിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നവരും വലിയ ഇച്ഛാശക്തിയും സ്വപ്‌നങ്ങളുമുള്ളവരായിരിക്കുക എന്നതു മാത്രമാണ് ഈ പരിമിതികളെ മറികടക്കാനുള്ള മാര്‍ഗം.
അഞ്ചുവര്‍ഷം എന്ന താരതമ്യേന ദീര്‍ഘമായ ഒരു കാലയളവിലേക്കാണ് ഓരോ തദ്ദേശസഭകളിലും പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. അതുകൊണ്ടുതന്നെ അപ്പപ്പോള്‍ മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്നതിനേക്കാള്‍ ഉപരി, അടുത്ത അഞ്ചു വര്‍ഷം കൊണ്ട് തങ്ങളുടെ പ്രദേശത്ത് ക്രിയാത്മകമായ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള ആലോചനകളാണ് ഒരു ഭരണസമിതി തുടക്കത്തില്‍ തന്നെ നിര്‍വഹിക്കേണ്ടത്. വാര്‍ഡ് / ഡിവിഷന്‍ തലം മുതല്‍ ഈ ആലോചന ഉയരണം.
ഓരോ പ്രദേശത്തിനും ആവശ്യങ്ങള്‍ മാത്രമല്ല ഉള്ളത്. സാധ്യതകള്‍ കൂടിയുണ്ട്. അത് തിരിച്ചറിയേണ്ടത് അതത് പ്രദേശത്തെ ജനപ്രതിനിധികള്‍ ആണ്. വ്യവസായത്തിന് അനൂകൂലമായ പ്രദേശങ്ങളുണ്ടാകാം. കാര്‍ഷിക വൃത്തിക്ക് അനുകൂലമായ പ്രദേശങ്ങളുണ്ടാകാം. ഇവയെല്ലാം തിരിച്ചറിഞ്ഞ് ആ സാധ്യതകളെ എങ്ങനെ രാഷ്ട്രനിര്‍മിതിക്ക് ഉപയോഗിക്കാം എന്നത് സംബന്ധിച്ച ആലോചനകളാണ് വേണ്ടത്. അത്തരമൊരു ശ്രമമുണ്ടായാല്‍ ഓരോ തദ്ദേശ സഭകളുടേയും സമഗ്രമായ പുരോഗതിക്ക് അത് വഴിയൊരുക്കും.

പരിമിതികളുള്ള പ്രദേശങ്ങളും ഇക്കൂട്ടത്തിലുണ്ടാകാം. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളുണ്ടാകാം. നാലു മാസത്തിലധികം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും കുടിവെള്ള ദൗര്‍ലഭ്യം വേട്ടയാടുന്ന പ്രദേശങ്ങള്‍ നമ്മുടെ നാട്ടില്‍ അനവധിയാണ്. പരമ്പരാഗത മാര്‍ഗമായ പൈപ്പ്‌ലൈന്‍ കുടിവെള്ള വിതരണ ശൃംഖലകള്‍ എന്നതിനപ്പുറത്ത് മറ്റൊരു ചിന്തയും ഈ ദിശയില്‍ നടക്കുന്നില്ല. മഴവെള്ളം ശേഖരിച്ച് അതിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച ആസൂത്രണം ഇത്തരം പ്രദേശങ്ങളില്‍ അനിവാര്യമാണ്. മഴവെളളം ശേഖരിച്ച് ഭൂഗര്‍ഭ ജലവിതാനത്തെ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാമെന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
മഴവെള്ളം ഉപയോഗിച്ച് കിണര്‍ റീചാര്‍ജിങ് വഴി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തിക്കൊണ്ടുവരാമെന്നത് രാജസ്ഥാനിലെ ജെയ്പൂര്‍, ടോങ്ക് ജില്ലകളില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ കിണര്‍ റീചാര്‍ജിങ് നമ്മുടെ നാട്ടിലുമുണ്ട്. എന്നാല്‍ ഓരോ പ്രദേശങ്ങളുടെയും ഭൂമി ശാസ്ത്ര പ്രത്യേകതകള്‍ പഠിച്ചല്ല നിലവില്‍ അത് നടപ്പാക്കുന്നത്.

തൊഴിലുറപ്പ് നല്‍കുന്ന ഉറപ്പ്
രാജ്യത്തെ തദ്ദേശ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി കൈവന്ന അനുഗ്രഹമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ ഈ പദ്ധതിയുടെ സാധ്യതകള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടുള്ള തദ്ദേശ സഭകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. റോഡിന് ഇരുവശവും അടിക്കാട് വെട്ടുന്ന ജോലികളില്‍ മാത്രം ഇപ്പോഴും തളച്ചിട്ടിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികളെ. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഇത്ര വിപുലമായൊരു പദ്ധതി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും.
വര്‍ഷത്തില്‍ നിശ്ചിത ദിവസം തൊഴില്‍ ഉറപ്പു നല്‍കുകയും അതിന് നിശ്ചിത വരുമാനം ഉറപ്പു നല്‍കുകയും ചെയ്യുന്ന പദ്ധതി നമ്മുടെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ചലനം ചെറുതല്ല. സമൂഹത്തിന്റെ താഴെ തട്ടിലേക്ക് വിഭവങ്ങളുടെ നേരിട്ടുള്ള വിതരണമാണ് ഇതുവഴി നടക്കുന്നത്. രണ്ടു നിലയിലും ഉപയോഗപ്പെടുത്താവുന്ന ഒന്നാണിത്. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അവരുടെ പ്രദേശത്ത് പരമാവധി തൊഴിലാളികളെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആക്കുകയും അതുവഴി അത്രയും കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ നിശ്ചിത വരുമാനം നേരിട്ട് ഉറപ്പാക്കുകയും ചെയ്യാം എന്നതാണ് ഒന്നാമത്തേത്.

രണ്ടാമത്തേത് തൊഴിലുറപ്പ് തൊഴിലാളിയുടെ മനുഷ്യ വിഭവ ശേഷി ക്രിയാത്മകമായി വിനിയോഗിക്കുക എന്നതാണ്. നേരത്തെ പറഞ്ഞതുപോലെ അടിക്കാട് വെട്ടുന്നതില്‍ മാത്രം ഇതിന്റെ സാധ്യതകളെ തളച്ചിടാതിരിക്കുക എന്നതാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പല പദ്ധതികളുടേയും നോഡല്‍ ഏജന്‍സികള്‍ ഇന്ന് തദ്ദേശ ഭരണകൂടങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയുടെയെല്ലാം പ്രവര്‍ത്തനത്തിന് തൊഴിലുറപ്പ് പദ്ധതിയെ എങ്ങനെ വിനിയോഗിക്കാം എന്നത് സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ ഗൃഹപാഠം ചെയ്യണം.
അവിദഗ്ധ തൊഴിലാളികള്‍ എന്ന നിലയിലാണ് തൊഴിലുറപ്പുകാരെ കാണുന്നതും ഉപയോഗിക്കുന്നതും. ഇതിനു പകരം വിവിധ മേഖലകളിലായി നൈപുണ്യ പരിശീലനം നല്‍കിയാല്‍ കൂടുതല്‍ ക്രിയാത്മകമായി ഇവരെ ഉപയോഗപ്പെടുത്താന്‍ കഴിയും. നേരത്തെ പരാമര്‍ശിച്ചിട്ടുള്ള പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഇവരെ തന്നെ ഉപയോഗിക്കാന്‍ കഴിയും. ഇരട്ടി നേട്ടമാണ് ഇതുവഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ അതിനും കൃത്യമായ ആസൂത്രണം കൂടിയേ തീരൂ. നിലവില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വകാര്യ വ്യക്തികളുടെ കാര്‍ഷിക നിലങ്ങളില്‍ വരെ തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്താന്‍ നിയമമുണ്ട് എന്നിരിക്കെ, ഇവരെ ഉപയോഗപ്പെടുത്തി തരിശു നിലങ്ങളില്‍ പൊന്നു വിളയിക്കാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ട് ഉണ്ടായിക്കൂട.
ഓരോ പ്രദേശത്തും ലഭ്യമായ മനുഷ്യ വിഭവ ശേഷി, അവ വിനിയോഗിക്കപ്പെടുന്നതിനുള്ള സാധ്യതകള്‍, അവശ്യം നല്‍കേണ്ട പരിശീലനങ്ങള്‍ എന്നിവയെല്ലാം സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സാധ്യമാണ്.
സൂക്ഷ്മ വികസനം
വലിയ പദ്ധതികള്‍ നടപ്പാക്കുന്നതിലല്ല ഓരോ പ്രദേശത്തിന്റെയും സമഗ്ര വികസനം സാധ്യമാകുന്നതെന്ന് തുടക്കത്തില്‍ പറഞ്ഞുവല്ലോ. ഓരോ പൗരന്റെയും വളര്‍ച്ചയും പുരോഗതിയും ക്ഷേമവുമായിരിക്കണം തദ്ദേശ സഭകളുടെ ലക്ഷ്യം. അതിന് ഏറ്റവും നല്ല ഉപാധി സൂക്ഷ്മ വികസനമാണ്. ഓരോ പ്രദേശത്തിനുമുണ്ടാകും ചെറിയ ചെറിയ പരിമിതികളും ചെറിയ ചെറിയ സാധ്യതകളും. അതിനെ തിരിച്ചറിയുകയാണ് ഒന്നാമത്തെ ഘടകം. പരിമിതികളെ എങ്ങനെ മറികടക്കാം എന്നതും സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതും സംബന്ധിച്ച ആലോചനകളാണ് അടുത്ത ഘട്ടം.
സൂക്ഷ്മ – ചെറുകിട സംരംഭങ്ങള്‍ മറ്റൊരു മാര്‍ഗമാണ്. തദ്ദേശീയമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം എന്നതിലേക്ക് ഈ ആലോചനകള്‍ എത്തണം. കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഇതിന് പ്രയോജനപ്പെടുത്താം. ചെറുകിട സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാം. വീട്ടമ്മമാര്‍ക്കു മുന്നില്‍ വരുമാന മാര്‍ഗങ്ങള്‍ തുറന്നിടാന്‍ ഇത്തരം സംരംഭങ്ങളിലൂടെ കഴിഞ്ഞാല്‍ ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലയും ജീവിത നിലവാരവും കൂടിയാകും ഭദ്രമാവുക.
ഡിജിറ്റല്‍ വിദ്യാഭ്യാസം
സമ്പൂര്‍ണ സാക്ഷരത എന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ തൊണ്ണൂറുകളില്‍ തന്നെ നമ്മുടെ തദ്ദേശ ഭരണകൂടങ്ങള്‍ വിജയിച്ചിട്ടുണ്ട്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ആ ദൗത്യത്തെ ചുരുക്കിക്കാണാനാവില്ല. അതിന് തുടര്‍ച്ചയുണ്ടായില്ല എന്നത് ആദ്യ ഘട്ടത്തിലെ പരിമിതിയായിരുന്നു. തുല്യതാപഠനം വഴി തുടര്‍ വിദ്യാഭ്യാസത്തിന് വൈകിയാണെങ്കിലും തുടക്കം കുറിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കാലം അവിടെനിന്നും ഒരുപാട് മുന്നോട്ടു സഞ്ചരിച്ചിരിക്കുന്നു.
ഇത് ഡിജിറ്റല്‍ യുഗത്തിന്റെ കാലഘട്ടമാണ്. അക്ഷരജ്ഞാനം പോലെതന്നെ, കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഓരോ പൗരനേയും പ്രാപ്തനാക്കണമെങ്കില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യത്തെ നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആസൂത്രിതമായ പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയണം. ഓരോ വ്യക്തിയുമായും നേരിട്ട് ബന്ധപ്പെട്ട് താഴെ തട്ടില്‍ നടത്തേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നേരിട്ട് നിര്‍വഹിക്കാന്‍ കഴിയില്ല. തദ്ദേശ സഭകള്‍ക്കു മാത്രമേ ആ ഉത്തരവാദിത്തം കൃത്യതയോടെ നിര്‍വഹിക്കാനാവൂ. അതുകൊണ്ടുതന്നെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്നത് ഓരോ തദ്ദേശ ഭരണകൂടങ്ങളും വെല്ലുവിളിയായി ഏറ്റെടുക്കണം.
അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളും അവരുടേതായ പങ്ക് നിര്‍വഹിക്കേണ്ടിയിരിക്കുന്നു. അക്ഷയ പോലുള്ള വിശാലമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നെറ്റ് വര്‍ക്ക് ഇന്ന് നമുക്കുണ്ട്.
ഡിജിറ്റല്‍ സാക്ഷരതാ പരിശീലനത്തിന് ഇവയുടെ സാധ്യതയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. കോവിഡ് വ്യാപനം നമ്മുടെ സ്‌കൂള്‍ സമ്പ്രദായങ്ങളില്‍ സൃഷ്ടിച്ച മാറ്റം തന്നെ ഉദാഹരണമായി എടുക്കാം. കോവിഡാനന്തര കാലത്തും ഡിജിറ്റല്‍ ക്ലാസ് മുറികള്‍ എന്നത് ട്രന്‍ഡിങ് തന്നെയായിരിക്കും. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തദ്ദേശ ഭരണകൂടങ്ങള്‍ സ്വയം സജ്ജമാകുകയും അതത് പ്രദേശത്തെ ജനങ്ങളെ സജ്ജരാക്കുകയുമാണ് വേണ്ടത്.

Back to Top