1 Friday
March 2024
2024 March 1
1445 Chabân 20

ബഹുദൈവാരാധനയുടെ ഉത്ഭവവും നാഗരികതകളുടെ ചരിത്രവും

അന്‍വര്‍ അഹ്മദ്

മനുഷ്യവംശത്തിന്റെ ആദ്യത്തെ മാതാപിതാക്കളാണ് ആദമും ഹവ്വയും. പ്രപഞ്ചനാഥനായ ദൈവം സ്വന്തം കരങ്ങളാല്‍ ആദമിനെ സൃഷ്ടിക്കുകയും അതില്‍ അവന്റെ ആത്മാവ് സന്നിവേശിപ്പിക്കുകയും ചെയ്തുകൊണ്ട് ആദ്യത്തെ മനുഷ്യസൃഷ്ടി നടന്നു. തുടര്‍ന്ന് ആദം-ഹവ്വായിലൂടെ മനുഷ്യകുലം വികസിച്ചുവന്നു.
ആദിമ മനുഷ്യരായ ആദമും ഹവ്വയും തികഞ്ഞ ഏകദൈവ വിശ്വാസികളായിരുന്നു. കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസം. ബഹുദൈവവിശ്വാസമോ ബഹുദൈവാരാധനയോ അവര്‍ക്കറിയുമായിരുന്നില്ല. കാരണം, ഏകദൈവത്തിന്റെ ആദ്യത്തെ മനുഷ്യ സൃഷ്ടികളായ ഇവര്‍ക്ക് ബഹുദൈവത്വം എന്ന സങ്കല്‍പം അജ്ഞാതമായിരുന്നു. ഏകദൈവവിശ്വാസവും ഏകദൈവാരാധനയും പ്രകൃതിയില്‍ ഊട്ടപ്പെട്ട വിധമാണ് അവര്‍ സൃഷ്ടിക്കപ്പെട്ടത്. ഇതിന് വിരുദ്ധമായ, ബഹുദൈവത്വപരമായ ഒന്നും അവിടെ നിലവിലുണ്ടായിരുന്നില്ല. ഏകദൈവ വിശ്വാസവും ഏകദൈവാരാധനയുമാണ് മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രകൃതിയെന്ന് വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നു. (30:30) അഥവാ, ആദിമ മനുഷ്യരായ ആദമും ഹവ്വയും വിശ്വാസകാര്യത്തില്‍ യഥാര്‍ഥ നിലപാട് സ്വീകരിച്ച ഏറ്റവും പരിഷ്‌കൃതരായ മനുഷ്യരായിരുന്നു. ബഹുദൈവാരാധനയില്‍ നിന്ന് പില്‍ക്കാലത്ത് പരിണമിച്ചുവന്നതല്ല ഏകദൈവത്വമെന്നര്‍ഥം.
ഇത്തരം ശുദ്ധമായ പ്രകൃതിയില്‍ തന്നെയാണ് ഇവരുടെ മക്കളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്തുകൊണ്ടുവരികയും അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷിനിറുത്തുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ത്തു നോക്കുക). (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യംവഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു എന്ന് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കുമെന്നതിനാലാണ് (അങ്ങനെ ചെയ്തത്)” (7:172)
ഖുദ്‌സിയായ ഹദീസില്‍ പറയുന്നു: ”ഞാന്‍ എന്റെ ദാസന്മാരെയെല്ലാം സൃഷ്ടിച്ചത് ഋജുമാനസരായിക്കൊണ്ടാണ്. അവരുടെയടുക്കല്‍ പിശാച് വരികയും അവരെ ശരിയായ മതത്തില്‍ നിന്ന് തെറ്റിച്ചു കളയുകയും ചെയ്തു. അങ്ങനെ, അവര്‍ക്കു ഞാന്‍ അനുവദിച്ചത് നിഷിദ്ധമാക്കുകയും ഞാന്‍ ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതിനെ എന്നോടു പങ്കുചേര്‍ക്കാന്‍ അവരോടു കല്പക്കുകയും ചെയ്തു.” (മുസ്‌ലിം 2565)
പരിണാമവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് മതത്തെയും വിശ്വാസത്തെയും വ്യാഖ്യാനിക്കുന്ന ഭൗതിക ദര്‍ശനങ്ങള്‍, മതത്തിന്റെ അടിസ്ഥാനമായ ദൈവവിശ്വാസത്തെയും ഇങ്ങനെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആദിമ മനുഷ്യന്‍ ബഹുദൈവ വിശ്വാസിയായിരുന്നുവെന്നും പില്‍ക്കാലത്ത് ബഹുദൈവത്വം ഏക ദൈവത്വത്തിലേക്ക് പരിണമിക്കുകയാണുണ്ടായതെന്നും സമര്‍ഥിക്കുകയാണവര്‍ ചെയ്യുന്നത്. ഇതുപക്ഷെ, കൃത്യമായ രേഖകളുടെയോ പ്രമാണങ്ങളുടെയോ അടിസ്ഥാനത്തിലല്ല. കേവല ഊഹങ്ങളുടെയും സങ്കല്പങ്ങളുടെയും പിന്‍ബലത്തില്‍ മാത്രമാണ്. വിവിധ സമൂഹങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന ദൈവവിശ്വാസത്തെക്കുറിച്ച് പ്രമാണ നിബദ്ധമായി പഠിക്കാന്‍ ശ്രമിച്ച പണ്ഡിതനായ അബുല്‍കലാം ആസാദ് ഈ വിഷയകമായി എത്തിച്ചേര്‍ന്ന നിഗമനം പൗരാണിക സമൂഹങ്ങളില്‍ നിലനിന്നിരുന്നത് ശുദ്ധമായ ഏകദൈവവിശ്വാസമാണെന്നും ബഹുദൈവത്വം പില്‍ക്കാലത്ത് സംഭവിച്ചതാണെന്നുമാണ്. ആദിമ മനുഷ്യന്‍ ശുദ്ധമായ ഏകദൈവ വിശ്വാസിയാണെന്നതിനാണ് ഉല്‍ഖനന രേഖകളും മറ്റും സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.
വിയന്ന യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡബ്ലിയു ഷ്മിറ്റിനെ ആസാദ് തന്റെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ ഉദ്ധരിക്കുന്നത് നോക്കുക: ”നരവംശ ശാസ്ത്രത്തിന്റെ(Ethnolgoy) സാമ്രാജ്യത്തില്‍ പഴയ പരിണാമ പ്രസ്ഥാനം പാപ്പരായിരിക്കുന്നു. പുതിയ ചരിത്ര പ്രവണതകളുടെ വിമര്‍ശനത്തിനു മുമ്പില്‍ വലിയ ഒരുക്കത്തോടുകൂടി അവര്‍ നിര്‍മിച്ചെടുത്ത സുന്ദരവും സുദീര്‍ഘവുമായ നൂലിഴകള്‍ പൊട്ടിത്തകര്‍ന്നു കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.” തുടര്‍ന്ന് അദ്ദേഹം എഴുതുന്നു: ”പുരാതന നാഗരികതകളിലെ പരാശക്തി ഏക ദൈവാദര്‍ശത്തിലധിഷ്ഠിതമായ ദൈവവും അവയുള്‍ക്കൊണ്ടിരിക്കുന്ന മതം ശുദ്ധമായ ഏകദൈവത്വത്തിലധിഷ്ഠിതമായ മതവുമായിരുന്നു. ഒരുപാട് ഗ്രന്ഥകാരന്മാരുടെ ശക്തമായ എതിര്‍പ്പിന് പാത്രമായ ഒരു വിഷയമാണിത്. സാക്ഷാല്‍ ഏകദൈവസങ്കല്പത്തിലുള്ള പരാശക്തിയുടെ സ്വഭാവം തന്നെയാണ് അതിപ്രാചീന ഗോത്രവര്‍ഗങ്ങളില്‍ മിക്കതിന്റെയും ദൈവത്തിനുള്ളതെന്ന് ഒരു ഉപരിപ്ലവ വീക്ഷണത്തില്‍ പോലും വ്യക്തമാകുന്നുവെന്നതിനാല്‍ ഈ എതിര്‍പ്പു നേരിടുക ഇന്ന് പ്രയാസകരമല്ല. പുരാതന കിരാത വര്‍ഗങ്ങളായ ടിറഡല്‍ ഫ്യൂജിയന്മാരും(Tierradel Fuggians) പ്രാചീന ബുഷ്മാനും (Boshman) തെക്കുകിഴക്കന്‍ ആസ്‌ത്രേലിയയിലെ കുര്‍ന്നായി (Kurnai) ജൂലിന്‍ (Julin), യൂയിന്‍ (Yuin) വര്‍ഗങ്ങളും കൊര്യാക്കു (Koryaks) കളല്ലാത്ത ആര്‍ട്ടിക് സംസ്‌കാരവര്‍ഗങ്ങളും വിശ്വസിച്ചിരുന്ന പരാശക്തിയുടെ സ്വഭാവം ഏകദൈവത്തിന്റേതാണെന്നതാണ് വാസ്തവം. (The Origin and Growth of Religion:Fact and Theories, Page 8)”’ (ഉദ്ധരണം: ഇസ്‌ലാം വാള്യം ഒന്ന്, വിശ്വാസദര്‍ശനം, പുറം: 393)
പ്രകൃതി പ്രതിഭാസങ്ങളുടെ മുമ്പില്‍ അന്ധാളിച്ചുനിന്ന പൗരാണിക മനുഷ്യന്‍ അവയ്ക്ക് അഭൗതികമായ ശക്തി കല്‍പിക്കുകയും അവയെ വഴക്കിയെടുക്കാന്‍ പൂജാ-പ്രാര്‍ഥനാ കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തുകൊണ്ടാണ് മത-ദൈവ വിശ്വാസത്തിലേക്ക് വരുന്നതെന്ന സിദ്ധാന്തവും ഗോത്രചിഹ്നങ്ങളായി കരുതിയിരുന്ന ചില വൃക്ഷങ്ങളും ചെടികളും മൃഗങ്ങളും പിന്നീട് ആരാധ്യമൂര്‍ത്തികളായി മാറിയതാണ് ദൈവവിശ്വാസത്തിലേക്കെത്തിച്ചതെന്ന ഊഹവും തീര്‍ത്തും അസ്വീകാര്യമാണ്. കാരണം കണിശമായ രേഖകളില്ലാതെ പൗരാണിക മനുഷ്യരെക്കുറിച്ചു നടത്തുന്ന കേവല ഊഹങ്ങളും നിഗമനങ്ങളും മാത്രമാണിവയെല്ലാം. പൗരാണിക മനുഷ്യന്‍ തികച്ചും അപരിഷ്‌കൃതനാണെന്നും മൃഗത്തില്‍ നിന്ന് പരിണമിച്ചുവന്നവനാണെന്നും അതിനാല്‍ പാതി മനുഷ്യനും പാതി മൃഗവുമായിരുന്ന കാലത്ത് പേടിച്ചരണ്ട പൂര്‍വികന്‍ പ്രകൃതി ശക്തികളെ പൂജിച്ച് സമാധാനമടയുകയും ചെയ്തുവെന്നത് വെറും കെട്ടുകഥ മാത്രമാണ്. ആധുനിക പഠനങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും ഇതിനെ നിരാകരിക്കുന്നു. ഇതിനുവേണ്ടി ഭൗതികവാദികള്‍ മാനവചരിത്രത്തെ അവരാഗ്രഹിക്കുന്ന വിധത്തില്‍ ശിലായുഗം, ഓടുയുഗം, ഇരുമ്പുയുഗം… എന്നിങ്ങനെ വ്യാഖ്യാനിച്ചുകൊണ്ട് തെറ്റായ സങ്കല്പങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ ഇവയ്‌ക്കൊന്നും യാതൊരു ശാസ്ത്രീയമായ അടിത്തറയുമില്ല. (കൂടുതല്‍ വിശദീകരണത്തിന് ഹാറൂന്‍ യഹ്‌യയുടെ പ്രപഞ്ചം സൃഷ്ടിയോ പരിണാമമോ എന്ന ഗ്രന്ഥം നോക്കുക, പുറം: 55-64)
ചുരുക്കത്തില്‍, ആദിമ മനുഷ്യന്‍ മുതല്‍ നിലനിന്നിരുന്നത് ഏകദൈവവിശ്വാസവും സത്യമതവുമായിരുന്നുവെന്നും ബഹുദൈവാരാധനയും അതിന്റെ അനുബന്ധങ്ങളും പില്‍ക്കാലത്ത് കടന്നുവന്നതാണെന്നും വ്യക്തം.


ബഹുദൈവാരാധനയുടെ ഉത്ഭവം
ആദമിന്റെയും ഹവ്വയുടെയും സന്താന പരമ്പരകളിലൂടെ ഭൂമിയില്‍ മനുഷ്യവംശം നിലവില്‍ വന്നു. തികഞ്ഞ ഏകദൈവ വിശ്വാസികളും ഏക ദൈവാരാധകരുമായിരുന്ന അവരില്‍ പില്‍ക്കാലത്ത് ബഹുദൈവാരാധന കടന്നുവന്നു. പ്രകൃതി പ്രതിഭാസങ്ങളെയും പുണ്യപുരുഷന്മാരെയും തുടങ്ങി ഒട്ടനവധി വസ്തുക്കളെ ആരാധനാപാത്രങ്ങളായി ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഏകദൈവാരാധനയില്‍ നിന്ന് എങ്ങനെയാണ് മനുഷ്യന്‍ ബഹുദൈവാരാധനയിലേക്ക് വ്യതിചലിച്ചത്? ആദമിന്റെ സന്താനപരമ്പരകള്‍ ഏറെക്കാലം ഏകദൈവ വിശ്വാസികളായിത്തന്നെ നിലകൊണ്ടുവെന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് (2:213).
പിന്നീട് സംഭവിച്ച വ്യതിയാനത്തെക്കുറിച്ച് ഹിജ്‌റ 204ല്‍ മരണമടഞ്ഞ കൂഫക്കാരനായ ഇബ്‌നുല്‍കല്‍ബി പറയുന്നത് നോക്കുക: ”ആദം മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സന്തതികളില്‍ പെട്ട ശേഥിന്റെ സന്തതികള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിനടുത്ത് ചെന്ന് അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അപ്പോള്‍ ആദമിന്റെ മറ്റൊരു പുത്രനായ ഖാബീലിന്റെ സന്തതികളില്‍ പെട്ട ഒരുവന്‍ പറഞ്ഞു: ശേഥിന്റെ സന്തതികള്‍ക്ക് പ്രദക്ഷിണം ചെയ്യാനും ബഹുമാനിക്കാനും ഒരു സ്ഥലമുണ്ട്. നിങ്ങള്‍ക്കാകട്ടെ ഒന്നുമില്ല. അങ്ങനെ അവര്‍ ഒരു വിഗ്രഹത്തെ കൊത്തിയുണ്ടാക്കുകയും ആരാധിക്കുകയും ചെയ്തു.” (അല്‍അസ്‌നാം, പുറം 4)
എന്നാല്‍ ഇബ്‌നുല്‍ കല്‍ബിയുടെ ഈ അഭിപ്രായം ശരിയായിരിക്കാന്‍ സാധ്യതയില്ല. കാരണം, ആദമിന്റെ സന്തതി പരമ്പരകളില്‍ പെട്ട ഒരു സംഭവം ഉദ്ധരിക്കുമ്പോള്‍ ആവശ്യമായ രേഖയുടെ ആധികാരികത കല്‍ബി ഇതിന് ഉദ്ധരിക്കുന്നില്ല. എന്നല്ല, പ്രബലമായ മറ്റു ചില റിപ്പോര്‍ട്ടുകള്‍ക്ക് ഇത് വിരുദ്ധവുമാണ്. ഇബ്‌നുഅബ്ബാസില്‍(റ) നിന്ന് പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാവായ ത്വബ്‌രിയും (1:194) ഹാകിം അദ്ദേഹത്തിന്റെ മുസ്തദ്‌റകിലും (2:546) ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ ആദമിന്റെയും (അതിനു ശേഷം വന്ന പ്രവാചകന്‍) നൂഹിന്റെയും ഇടയില്‍ പത്ത് നൂറ്റാണ്ട് കാലവ്യത്യാസമുണ്ട്. അവരെല്ലാം ഇസ്‌ലാമില്‍ ഏകദൈവാരാധനയില്‍ തന്നെയായിരുന്നു. അപ്പോള്‍ പത്ത് നൂറ്റാണ്ട് കാലം ഏകദൈവാരാധനയില്‍ ആദമിന്റെ സന്താനപരമ്പരകള്‍ നിലനിന്നിരുന്നു. പിന്നീടാണ് ബഹുദൈവാരാധനയിലേക്ക് വ്യതിചലിച്ചത്. എന്നാല്‍ മേല്‍ റിപ്പോര്‍ട്ട് ആദമിന്റെ മരണത്തിന്റെ തൊട്ടടുത്തു തന്നെ വിഗ്രഹാരാധന തുടങ്ങിയതായാണ് കാണിക്കുന്നത്.
ഹിജ്‌റ 194ല്‍ ജനിച്ച് 256 മൃതിയടഞ്ഞ ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരിയില്‍ വിശുദ്ധ ഖുര്‍ആന്‍ 71:23ലെ ”അവര്‍ പറഞ്ഞു: (ജനങ്ങളേ) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്”. വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌റ് എന്നിവരെയും നിങ്ങള്‍ ഉപേക്ഷിക്കരുത്” എന്ന സൂക്തത്തിന്റെ വ്യാഖ്യാനമായി ഇബ്‌നുഅബ്ബാസില്‍(റ) നിന്ന് ഉദ്ധരിക്കുന്നു: ഇവയത്രയും നൂഹ്‌നബിയുടെ ജനതയില്‍ പെട്ട നല്ല മനുഷ്യരുടെ പേരുകളാണ്. അവര്‍ മൃതിയടഞ്ഞപ്പോള്‍ പിശാച് അവര്‍ ഇരുന്നിരുന്ന സ്ഥലത്ത് അവരുടെ രൂപങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്കി. അവയ്ക്ക് അവരുടെ പേരുകള്‍ നല്കപ്പെടുകയും ചെയ്തു. ഇത് ചെയ്തവര്‍ മരിക്കുവോളം അവരെ ആരാധിക്കുകയുണ്ടായില്ല. എന്നാല്‍, പിന്നീട് അവ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം വിസ്മരിക്കുകയും അവ ആരാധിക്കപ്പെടുകയും ചെയ്തു.” (ബുഖാരി 4636)
ചരിത്രകാരനും പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്‌നുജരീര്‍ ത്വബ്‌രി
(ഹി. 224-310) പറയുന്നു: ”മേല്‍പറഞ്ഞ പേരുകള്‍ സുകൃതവാന്മാരായ ചില നല്ല മനുഷ്യരുടേതാണ്. ഇവര്‍ ആദമിന്റെയും നൂഹിന്റെയും കാലഘട്ടത്തിനിടയില്‍ ജീവിച്ചവരാണ്. ഇവര്‍ക്ക് ഇവരെ മാതൃകയാക്കുന്ന ചില അനുയായികളുമുണ്ടായിരുന്നു. ഇവരെല്ലാം മൃതിയടഞ്ഞപ്പോള്‍ അവരെ വിശ്വസിച്ചിരുന്നവര്‍ പറഞ്ഞു: ഇവരുടെ രൂപങ്ങള്‍ കൊത്തിവെച്ച് ഇവരെയോര്‍ത്തുകൊണ്ട് ആരാധന നിര്‍വഹിച്ചാല്‍ അത് നമുക്ക് ആരാധനയില്‍ കൂടുതല്‍ താല്പര്യം ജനിപ്പിക്കും. അങ്ങനെ അവരുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ഇത് ചെയ്തവര്‍ മരണമടഞ്ഞപ്പോള്‍ പിന്നീടു വന്നവരോടു പിശാച് പറഞ്ഞു: ഇവയെ അവര്‍ ആരാധിച്ചിരുന്നു. ഇവര്‍ മുഖേന മഴയെ തേടിയിരുന്നു. അങ്ങനെ അവരെ ആരാധിച്ചു.” (തഫ്‌സീര്‍ ത്വബ്‌രി 12:252)
ശുദ്ധ ഏകദൈവ വിശ്വാസിയായിരുന്ന ആദമിന് ശേഷം ആയിരത്തോളം വര്‍ഷം ജനങ്ങള്‍ അതേ ആദര്‍ശത്തില്‍ തന്നെ തുടരുകയും ഇതിനിടയില്‍ പുണ്യ പുരുഷന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന പേരില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവരെ ബഹുദൈവാരാധനയിലേക്ക് എത്തിക്കുകയും ചെയ്യുകയാണുണ്ടായത്. മഹാന്മാരുടെ രൂപങ്ങള്‍ കൊത്തിവെച്ച് അവരെ ആരാധിച്ച ജനതയാണ് ആദ്യമായി ബഹുദൈവാരാധന നടത്തുന്നത്. പ്രാമാണികമായ ചരിത്രരേഖകളും വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളും ഇതാണ് കാണിക്കുന്നത്. ഇത്തരമൊരു ജനതയെ ശരിയായ ഏകദൈവ വിശ്വാസത്തിലേക്കു തന്നെ തിരിച്ചുവിളിക്കാന്‍ വേണ്ടി ദൈവം നിശ്ചയിച്ച ദൂതനാണ് നൂഹ്(അ). നൂഹിന് ശേഷം പല കാലങ്ങളിലായി പല സ്ഥലങ്ങളിലായി ഒട്ടനേകം ദൈവദൂതന്മാര്‍ ഇതേ ആവശ്യത്തിനു വേണ്ടി വന്നുപോവുകയുണ്ടായി എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ സമൂഹത്തിന്റെ ഈ ചരിത്രത്തിലേക്ക് ഖുര്‍ആന്‍ വെളിച്ചം വീശുന്നത് നോക്കുക: ”മനുഷ്യര്‍ (യഥാര്‍ഥ ഏക ദൈവവിശ്വാസികളായ) ഒരൊറ്റ സമുദായമായിരുന്നു. (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷം അറിയിക്കാനും (നിഷേധികള്‍ക്ക്) താക്കീതു നല്‍കാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പു കല്‍പിക്കാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു.” (2:213)


ബഹുദൈവാരാധന അറബികളിലേക്ക്


നൂഹ് നബി(അ)യുടെ കാലശേഷം നിയുക്തരായ പ്രവാചകന്മാരിലൂടെ ഏകദൈവവിശ്വാസം നിലനിന്നുകൊണ്ടിരുന്നു. പ്രവാചകപരമ്പരയില്‍ ഏറെക്കാലം കഴിഞ്ഞ് വന്ന ഇബ്‌റാഹീംനബി(അ)യുടെ പ്രബോധന പ്രദേശങ്ങളില്‍ മക്കയും ഉള്‍പ്പെട്ടിരുന്നു. ഇബ്‌റാഹീംനബി(അ)യുടെ പുത്രന്‍ ഇസ്മാഈലിനെ മക്കയില്‍ താമസിപ്പിക്കുകയും അദ്ദേഹം അഹറാനിനെ വിവാഹം ചെയ്തു കുടുംബമായി കഴിയുകയും ചെയ്തു. അങ്ങനെ ഇബ്‌റാഹീംനബി(അ)യുടെ സന്തതികള്‍ അറേബ്യന്‍ ഉപദ്വീപില്‍ വ്യാപിച്ചു. അവരെല്ലാം ഇബ്‌റാഹീംനബി(അ)യില്‍ നിന്നും ഇസ്മാഈല്‍ നബി(അ)യില്‍ നിന്നും പഠിച്ച ശുദ്ധ ഏകദൈവവിശ്വാസം തന്നെയായിരുന്നു വെച്ചുപുലര്‍ത്തിയിരുന്നത്.
പില്‍ക്കാലത്ത് ഇവരിലേക്കും ബഹുദൈവാരാധന കടന്നുകയറി. ഇതിന്റെ കാരണത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. ഇബ്‌നുല്‍ കല്‍ബി പറയുന്ന അഭിപ്രായങ്ങളിലൊന്ന് ഇങ്ങനെ: ”അറബികള്‍ പരിശുദ്ധ ഹറമിന്റെ പരിധിയില്‍ നിന്ന് വിദൂരങ്ങളിലേക്ക് യാത്ര ചെയ്തപ്പോള്‍ ഹറമിനോടുള്ള ആദരവ് കാരണം അവിടെ നിന്ന് ഒരു കല്ല് കൂടെ കൊണ്ടുപോവുകയും, എവിടെയെങ്കിലും ഇറങ്ങിത്താമസിക്കുമ്പോള്‍ കഅ്ബ പ്രദക്ഷിണം ചെയ്യുന്നതു പോലെ ഈ കല്ലിനെ പ്രദക്ഷിണം വെക്കുകയും ചെയ്യും. അങ്ങനെ, പിന്നീട് അവരിഷ്ടപ്പെട്ടതിനെയെല്ലാം ആരാധിക്കുന്നേടത്ത് അത് അവരെ എത്തിച്ചു” (അല്‍അസ്ഹാം, പുറം 6).
എന്നാല്‍, ശഹ്‌റുസ്താനി (ഹി. 479-548) തന്റെ അല്‍മിലല്‍ വന്നിഹല്‍ എന്ന ഗ്രന്ഥത്തിലും ഇബ്‌നു ഇസ്ഹാഖും മറ്റും പറയുന്നത് നോക്കുക: ”വിഗ്രഹാരാധനക്ക് അറബികള്‍ക്കിടയില്‍ പ്രചാരണം നല്കിയത് ഖുസാഅ ഗോത്രക്കാരനായ അംറ്ബിന്‍ ലുഹയ്യ് ആണ്. അദ്ദേഹം ശാമിലെ (സിറിയ) ബല്‍ഖാഅ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ വിഗ്രഹാരാധന നടത്തുന്ന ജനങ്ങളെ കാണുകയുണ്ടായി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഇവയെല്ലാം ഉന്നതലോകത്തെ രൂപങ്ങളും വ്യക്തികളുടെ രൂപങ്ങളുമാണ്. ഇവ മുഖേന സഹായവും മഴയും ശോഗശമനവും ലഭിക്കുന്നു. ഇതില്‍ ആകൃഷ്ടനായ അംറ് ഒരു വിഗ്രഹത്തെ ചോദിക്കുകയും അവര്‍ ‘ഹുബ്ല്‍’ എന്ന വിഗ്രഹത്തെ നല്കുകയും ചെയ്തു. ഇതിനെ മക്കയില്‍ കൊണ്ടുപോയി കഅ്ബയില്‍ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ആരാധിച്ചുതുടങ്ങി. (അല്‍മിലലു വന്നിഹല്‍, പുറം 488). ഇത് മക്കയില്‍ എത്തുമ്പോള്‍ വലതു കൈ നഷ്ടപ്പെട്ട ചെമന്ന നിറത്തിലുള്ള ഒരു മനുഷ്യരൂപമായിരുന്നുവെന്നും ഖുറൈശികള്‍ അതിനൊരു സ്വര്‍ണക്കരം വെച്ചുകൊടുത്തുവെന്നും പറയപ്പെടുന്നു. (അല്‍അസ്വ്ഹാം, പുറം 28)
എന്നാല്‍, നൂഹ് നബി(അ)യുടെ മുമ്പുണ്ടായ വിഗ്രഹങ്ങള്‍ എങ്ങനെ അറബികളില്‍ എത്തി എന്നതിനെക്കുറിച്ച് കൃത്യമായ രേഖകളൊന്നുമില്ല. ഇബ്‌നുഹജര്‍ അസ്ഖലാനി സുഹൈലില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത്, നൂഹിന് ശേഷം വിഗ്രഹാരാധന തുടങ്ങിയത് ഇന്ത്യക്കാരാണെന്ന് പറയപ്പെടുന്നതുകൊണ്ട് അവരില്‍ നിന്ന് വന്നതാകാം എന്നാണ്. അതല്ലെങ്കില്‍, പിശാച് അവര്‍ക്ക് സന്ദേശം നല്കിയതുമാകാം. നൂഹിനു ശേഷം മണല്‍ മൂടി കിടന്ന വിഗ്രഹങ്ങളെ അംറ് പൈശാചിക വെളിപാടനുസരിച്ച് കുഴിച്ചെടുത്ത് സമര്‍പ്പിച്ചതാണെന്നും പറയപ്പെടുന്നു.” (ഫത്ഹുല്‍ ബാരി 8:536,537, ഹദീസ് 4920)
ഇവയ്ക്ക് പുറമെ അറബികള്‍ക്കിടയില്‍ പ്രചാരത്തില്‍ വന്ന പ്രധാന വിഗ്രഹമാണ് മനാത്ത. ഇത് ഹുദൈല്‍, ഖുസാഅ ഗോത്രക്കാരുടേതായിരുന്നു. ചെങ്കടല്‍ തീരത്ത് ഖുദയ്ദിന് സമീപം മണല്‍ക്കൂനയായ മുശല്ലലിലായിരുന്നു അത് പ്രതിഷ്ഠിച്ചത്. പിന്നീട് സഖീഫ് ഗോത്രക്കാര്‍ ത്വാഇഫില്‍ ലാത്ത വിഗ്രഹത്തെയും വാദിനഖ്‌ലയില്‍ ഉസ്സയെയും സ്ഥാപിച്ചു.
ഇത് ഖുറൈശ്, കിനാന തുടങ്ങിയ ഗോത്രങ്ങളുടേതായിരുന്നു. ഇവയായിരുന്നു അറബികളുടെ പ്രധാനപ്പെട്ട മൂന്ന് വിഗ്രഹങ്ങള്‍. നേരത്തെ പരാമര്‍ശിച്ച വിഗ്രഹങ്ങള്‍ വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടതോടെ വിഗ്രഹാരാധന അറബികള്‍ക്കിടയില്‍ വ്യാപകമായി. ഇതിനു പുറമെ ദുല്‍ഖല്‍സ്വാ, ഫില്‍സ്, റയാം,  ശംസ്, ഉംയാനീസ് തുടങ്ങി അനേകം വിഗ്രഹങ്ങള്‍ വേറെയുമുണ്ടായി. ഗോത്രങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വീടുകള്‍ക്കുമെല്ലാം വേറെ വേറെ വിഗ്രഹങ്ങള്‍ വന്നു. പ്രവാചകന്‍ മക്ക കീഴടക്കുന്ന സമയത്ത് കഅ്ബയില്‍ മാത്രം മുന്നൂറ്റി അറുപത് വിഗ്രഹങ്ങളുണ്ടായിരുന്നു!
അറബികളുടെ വിഗ്രഹപൂജാ സംസ്‌കാരം എത്രത്തോളമായിരുന്നുവെന്ന് അബൂറജാഅ് അല്‍ഉത്വാരിദി(റ) പറയുന്നത് നോക്കുക: ”ഞങ്ങള്‍ ഒരു കല്ലിനെ പൂജിക്കും. അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു കല്ല് കണ്ടാല്‍ ഇതൊഴിവാക്കി അത് സ്വീകരിക്കും. ഇനി കല്ലൊന്നും കിട്ടിയില്ലെങ്കില്‍ ഒരു മണ്‍കൂനയുണ്ടാക്കി അതിലേക്ക് ആടിനെ കറന്ന് അതിനു ചുറ്റും പ്രദക്ഷിണംചെയ്യും.” (ബുഖാരി 4376)
ഈ വിഗ്രഹങ്ങള്‍ക്കെല്ലാം ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും അവിടെ പൂജാരികളെയും പരിചാരകരെയും നിശ്ചയിക്കുകയും അവിടേക്ക് നേര്‍ച്ച കാഴ്ചകളും കാണിക്കയും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അവയുടെ മുന്നില്‍ ഭജനമിരിക്കല്‍, അവിടേക്ക് തീര്‍ഥാടനം, അവയുടെ മുന്നില്‍ സാഷ്ടാംഗം, അവയുടെ നാമത്തില്‍ ബലി, അവയ്ക്ക് കുര്‍ബാന അര്‍പ്പിക്കല്‍, അവയുടെ പേരില്‍ നേര്‍ച്ചമൃഗങ്ങളെ അയയ്ക്കല്‍, കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് വിഹിതം നിശ്ചയിക്കല്‍, സന്നിഗ്ധ ഘട്ടങ്ങളില്‍ അവയോട് പ്രാര്‍ഥിക്കല്‍, സഹായാര്‍ഥന നടത്തല്‍, ഇവയെ ഇടയാളന്മാരാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കല്‍ തുടങ്ങി ബഹുദൈവാരാധനയുടെ എല്ലാ രൂപങ്ങളും അവര്‍ സ്വീകരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ദൈവദൂതനായി മുഹമ്മദ് നബി(സ) മക്കയില്‍ നിയുക്തനാകുന്നത്. അദ്ദേഹത്തിലൂടെ ഈ സമൂഹം ബഹുദൈവാരാധനയില്‍ നിന്ന് മുക്തിനേടുകയുണ്ടായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x