23 Monday
December 2024
2024 December 23
1446 Joumada II 21

ക്രിസ്തുമസ് വന്ന വഴി

അന്‍വര്‍ അഹ്മദ്

ആഘോഷങ്ങളുടെ ചരിത്രത്തിന് മനുഷ്യനോളം പഴക്കമുണ്ട്. ദൈവം പ്രവാചകരെ നിയോഗിച്ചപ്പോള്‍ ആരാധനയുടെ ഭാഗമായി അതത് സമൂഹങ്ങള്‍ക്ക് ആരോഗ്യകരമായ ആഘോഷങ്ങളും നിശ്ചയിച്ചുകൊടുത്തിരുന്നു.

മതവും ജന്മദിനാഘോഷവും
മതസന്ദേശങ്ങളുടെ ആധികാരിക സ്രോതസ്സ് അതത് മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അപൗരുഷേയങ്ങളെന്നവകാശപ്പെടുന്ന വേദഗ്രന്ഥങ്ങളാണ്. ഒരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അതെപ്പറ്റി പ്രവാചകന്മാരോ വേദങ്ങളോ പ്രതിപാദിച്ചിരിക്കണം. അല്ലാത്ത പക്ഷം അവ പുതുതായി പില്‍ക്കാലത്ത് കടന്നുവന്ന നവനിര്‍മിതികളാണെന്ന് വ്യക്തമാക്കാം. ജന്മദിനാഘോഷങ്ങളുടെ തെളിവുകള്‍ തേടി വേദഗ്രന്ഥങ്ങള്‍ പരതിനോക്കിയാല്‍ സാധാരണ വ്യക്തിയുടെയോ പ്രവാചകന്മാരുടെയോ ജയന്തിയും സമാധിയും കൊണ്ടാടുവാന്‍ ഒരു നിര്‍ദേശവും കാണാവതല്ല.
പ്രവാചകന്മാരുടെ ജന്മദിനാഘോഷങ്ങള്‍ അവരുടെ കാലശേഷവും സച്ചരിതരായ അനുയായികളുടെ കാലശേഷവും വളരെ കഴിഞ്ഞാണ് ഉടലെടുത്തത്. ഇത്തരം ആചാരങ്ങള്‍ക്ക് മതത്തിന്റെ ഭാഷ്യം നല്കപ്പെട്ടത് പൗരോഹിത്യത്തിന്റെ അതിര് കടന്ന ഇടപെടല്‍ നിമിത്തമാണ്. കൃഷ്ണജയന്തിയും ക്രിസ്തുമസും നബിദിനവും പൗരോഹിത്യത്തിന്റെ അവിഹിത ഉല്പന്നങ്ങളില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

ക്രിസ്തുമസ് ആചാരവും അനാചാരവും
”ക്രിസ്റ്റസ്-മെസ്സെ (Christs,Maesse) എന്നീ രണ്ട് ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ന്നാണ് ക്രിസ്തുമസ് എന്ന പദം ഉണ്ടായിട്ടുള്ളത്. ക്രിസ്തുവിന്റെ ആഗമനം ‘ജനനം’ എന്നാണ് ഇതിന്റെ അര്‍ഥം.” (സര്‍വ വിജ്ഞാനകോശം, The State institute of Encyclopedia publication,1990, vol: 9, Page: 368)
ക്രൈസ്തവര്‍ അവരുടെ പ്രധാന ആഘോഷമായിത്തന്നെയാണ് ക്രിസ്തുമസ് കൊണ്ടാടുന്നത്. അലങ്കാര വിളക്കുകള്‍, തോരണങ്ങള്‍, രസക്കൂടുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവ കൊണ്ടും വീടും കടകളും അലങ്കരിക്കുകയും വീട്ടുമുറ്റത്ത് ക്രിസ്തുമസ് ട്രീ നാട്ടുകയും ചെയ്യുന്നു.
വളരെ ആകര്‍ഷകമായ രീതിയില്‍ പുല്‍കൂടുണ്ടാക്കി ഉണ്ണിയേശുവിന്റെ രൂപമുണ്ടാക്കി കിടത്തുകയും മര്‍യം യോസേഫ്, മാലാഖമാര്‍, ഇടയന്മാര്‍, കന്നുകാലികള്‍ എന്നിവയുടെ രൂപങ്ങള്‍ ഉണ്ണിയേശുവിനു ചുറ്റുമുണ്ടാക്കിവെക്കുകയും ചെയ്യുന്നു. ഇത് ക്രിബ് എന്ന പേരിലറിയപ്പെടുന്നു. ഡിസംബര്‍ 25, അതിരാവിലെ തന്നെ വിശ്വാസികള്‍ ചര്‍ച്ചുകളില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തുന്നു. പുതുവസ്ത്രങ്ങളണിഞ്ഞ് ഭക്ഷണവും വീഞ്ഞും കഴിച്ച് ഉല്ലാസപൂര്‍വം ആഘോഷിക്കുന്നു. യേശുവിന്റെ ജനനം 25ാം തിയ്യതിയാണെങ്കിലും ആഘോഷം ഡിസംബര്‍ മാസത്തില്‍ നീണ്ട ദിവസങ്ങള്‍ തന്നെ നിലനില്ക്കുന്നുണ്ട്. ഈ പ്രവണത അനാചാരങ്ങളില്‍ പൊതുവെ ജാതി മത ഭേദമന്യെ നിലനില്ക്കുന്നുണ്ട്. മുസ്‌ലിംകളില്‍ ഒരുവിഭാഗം ആഘോഷിക്കുന്ന പ്രമാണങ്ങളുടെ പി ന്‍ബലമില്ലാത്ത അനാചാരമായ നബിദിനം റബിഉല്‍അവ്വല്‍ പന്ത്രണ്ടിനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ പ്രവാചക ജയന്തിയും ഒട്ടും മോശമല്ലെന്ന് തെളിയിക്കാനെന്നോണം റബീഉല്‍ അവ്വല്‍ മാസം മുഴുവന്‍ ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കാറുണ്ട്.
യേശുവിന്റ ജന്മദിനം കൊണ്ടാടുന്നത് ദൈവകൃപ ലഭിക്കുവാന്‍ ഹേതുവാണെങ്കില്‍ ക്രിസ്തുയേശു അപോസ്തലന്മാരോട് കല്പിക്കുകയും അവരത് ആഘോഷിക്കുകയും ആഘോഷിക്കാന്‍ ജനങ്ങളെ ആജ്ഞാപിക്കുകയും ചെയ്യുമായിരുന്നു. യേശുവിന്റെ 33 വര്‍ഷത്തെ ജീവിതത്തിലെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു 33 വര്‍ഷം ഭൂമിയില്‍ ജീവിച്ചു) തന്റെ കാലശേഷം തന്റെ ജന്മദിനം ആഘോഷിക്കാന്‍ അരുളിചെയ്തതായി സുവിശേഷങ്ങളിലെവിടെയുമില്ല. മാത്രമല്ല, ക്രിസ്തുമതത്തില്‍ ഇന്നുകാണുന്ന പല അനാചാരങ്ങള്‍ക്കും പ്രാമാണികപരിവേഷം നല്കിയ പൗലോസിന്റെ 13 ലേഖനങ്ങളിലും (പുതിയ നിയമത്തില്‍) ക്രിസ്തുമസ് പ്രതിപാദിച്ചിട്ടില്ല.

ക്രിസ്തുമസ് എങ്ങനെ ക്രൈസ്തവരുടെ ആഘോഷമായി
തങ്ങളുടേതല്ലാത്ത പലതും തങ്ങളുടേത് ‘മാത്ര’മാക്കി ചരിത്രവിജയമാഘോഷിക്കുന്നവരാണ് ക്രൈസ്തവര്‍. ഇവിടെ പ്രമാണങ്ങള്‍ക്കോ പ്രവാചക വചനങ്ങള്‍ക്കോ ഒരു വിലയുമില്ലെന്നതാണ് പൗരോഹിത്യമതം പഠിപ്പിക്കുന്നത്. എന്നാല്‍ ക്രൈസ്തവരില്‍ തന്നെ ചില വിഭാഗങ്ങള്‍ ക്രിസ്തുമസ് ആഘോഷത്തെ അംഗീകരിക്കുന്നില്ല. അത് വിജാതീയരില്‍ നിന്ന് കടമെടുത്തതാണെന്നവര്‍ ആരോപിക്കുന്നു.
ക്രിസ്തുമതമെന്ന വന്‍ ബഹുനിലകെട്ടിടത്തിന്റെ അടിത്തറയായ ത്രിത്വ വിശ്വാസവും നെടുംതൂണുകളായ കുരിശുമരണവും പാപ പരിഹാര സിദ്ധാന്തവും വിജാതീയരില്‍ നിന്ന് കടമെടുത്തത് പോലെ തന്നെയാണ് അതിന്നലങ്കാരം പകരുന്ന മേല്‍ക്കൂരകളായ ക്രിസ്തുമസ്, പെസഹവ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റര്‍ തുടങ്ങിയവയും ഈ മതത്തിന്റെ ഭാഗമായിത്തീരുന്നത്. ഇതെല്ലാം ചോദ്യംചെയ്യാതെ അംഗീകരിക്കണമെന്നും പ്രമാണങ്ങള്‍ക്കോ യുക്തിക്കോ യാതൊരു സ്ഥാനവുമില്ലെന്നുമാണ് പൗരോഹിത്യമതം.

ക്രിസ്തുമസ് വന്ന വഴി
യേശുവിന്റെ കാലശേഷം 300 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയന്തി ആഘോഷം തുടങ്ങിയത്. എ ഡി 313ലെ മിലാന്‍ വിളംബര(Edict of milan)ത്തോടെ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായി ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. എ ഡി 325 ലെ നിഖ്യാ കൗണ്‍സി(Nicaea Council)ലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദ്വിത്ത്വം അംഗീകരിച്ചപ്പോള്‍ ത്രിത്വവാദികളായ അതനാസിയസും(Athana
ssias) കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ പല നിയമങ്ങളും അംഗീകരിച്ചിരുന്നു. അതിലൊന്നാണ് ഡിസംബര്‍ 25 ക്രിസ്തുമസായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. എ ഡി 5ാം നൂറ്റാണ്ട് വരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന മതമായിരുന്നു മിത്രമതം.
സൂര്യദേവന്റെ അവതാരമായിട്ടാണ് മിത്ര ദേവനെ ഇവര്‍ കണ്ടിരുന്നത്. കോണ്‍സ്റ്റന്‍ന്റൈന്‍ ചക്രവര്‍ത്തിയും ഈ മതത്തിന്റെ അനുയായിയായിരുന്നു. മിത്രദേവന്റെ ജന്മദിനമായി റോമക്കാര്‍ ഡിസംബര്‍ 25 ആഘോഷിച്ചിരുന്നു. മിത്ര വിശ്വാസികള്‍ക്കിടയില്‍ ജീവിച്ചിരുന്ന ക്രൈസ്തവരും അവരുടെ രക്ഷകന്റെ ജന്മദിനമായി ഡിസംബര്‍ 25 അവരുടെ കൂടെ ആഘോഷിക്കാന്‍ തുടങ്ങുകയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ (4-ാം നൂറ്റാണ്ട് അവസാനത്തോടെ) ഡിസംബര്‍ 25 എന്നത് ക്രിസ്തുവിന്റെ ജന്മദിനമായി രൂപാന്തരപ്പെട്ടു- ഇവിടെ പ്രമാണങ്ങള്‍ക്കും പ്രവാചകര്‍ക്കും എന്ത് വില-

തെളിവുകള്‍ സംസാരിക്കട്ടെ
”അങ്ങനെ റോമാ സാമ്രാജ്യത്തിലെങ്ങും ഉത്സവാന്തരീക്ഷം സജീവമായിരുന്ന ഡിസംബര്‍ 25ന് യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ റോമിലെ മാര്‍പാപ്പയായ ഗ്രിഗറിയും പിന്‍ഗാമികളും ക്രിസ്ത്യാനികള്‍ക്ക് അനുവാദവും പ്രോത്സാഹനവും നല്‍കി. റോമില്‍ ആദ്യ ദശകങ്ങളില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരുന്നു. ആര്‍ത്തുല്ലസിച്ച് ഉത്സവമാഘോഷിക്കുന്ന അക്രൈസ്തവരായ റോമക്കാരുമൊത്ത് ക്രൈസ്തവോചിതമായി സന്തോഷിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ 25ന് (സൂര്യോത്സവ ദിനം) ക്രിസ്തുമസ് ആചരിക്കാന്‍ പാശ്ചാത്യ ക്രിസ്തുസഭ നിശ്ചയിച്ചത്; പൗരസ്ത്യ ക്രൈസ്തവ സഭകളും യഥാകാലം സ്വാഗതംചെയ്തു.” (സര്‍വ വിജ്ഞാനകോശം, 1990- P: 368-369, The Sstate institute of Encyclopedia, publication)
”ക്രൈസ്തവര്‍ എന്തുകൊണ്ടാണ് ഡിസംബര്‍ 25 ആഘോഷിക്കുന്നതെന്നുള്ളത് അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുന്ന കാര്യമാണ്. എന്നാല്‍ മുന്‍കാല ക്രിസ്ത്യാനികള്‍ റോമിലെ മിത്ര മതക്കാരോടൊപ്പം യോജിപ്പിലെത്തിയതിന്റെ ഫലമാണിത്. റോമക്കാര്‍ സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലായിരുന്നു കൊണ്ടാടിയിരുന്നത്.” (Britanica, Vol: 3, P. 283, 1992, edition: 15)
”ഡിസംബര്‍ 25 യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷമായി ആചരിക്കപ്പെടുന്ന ഒരു ക്രൈസ്തവ ഉത്സവദിനമാണ്. ചരിത്രപരമായി ഈ ദിവസത്തിന്ന് ആധികാരികത കുറവാണ്. യഥാര്‍ഥത്തില്‍ ക്രിസ്തുമതത്തിന്റെ ആഗമനത്തിന്ന് മുമ്പ് ബ്രിട്ടണിലും ഒരു പാഗന്‍ മതത്തിന്റെ ഭാഗമായി ഈ ദിവസം കൊണ്ടാടിയിരുന്നു.” (Long man illustrated Encyclopedia of world History, p:173, 1991, London)
ഭൂരിപക്ഷം വരുന്ന കത്തോലിക്കക്കാര്‍ കൂടി അംഗീകരിക്കുന്ന ബൈബിള്‍ നിഘണ്ടു പറയുന്നു. ”സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ജനനദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ റോമക്കാര്‍ സൂര്യദേവന്റെ, മിത്രദേവന്റെ ജനനതിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷമായി ബന്ധപ്പെട്ടതായിരിക്കാം നീതി സൂര്യനായ ഈശോയുടെ ജനന തിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25ന് ആഘോഷിക്കുന്നത്.” (ദൈവശാസ്ത്ര നിഘണ്ടു, പേജ്: 141, ചീഫ് എഡി. ഡോ. ജോസഫ് കല്ലറങ്ങാട്ട്)

Back to Top