5 Thursday
March 2026
2026 March 5
1447 Ramadân 16

അനുസ്മരണം-വി മുഹമ്മദ് മാസ്റ്റര്‍

അന്‍വര്‍ ജൗഹര്‍

അരീക്കോട്: നോര്‍ത്ത് കൊഴക്കോട്ടൂരില്‍ താമസിക്കുന്ന എളമരം സ്വദേശി വളപ്പില്‍ മുഹമ്മദ് മാസ്റ്റര്‍ (93) നിര്യാതനായി. ആദ്യകാലം മുതലേ ശബാബിന്റെ വായനക്കാരനായിരുന്നു. ഒരു സാധാരണ വായനക്കാരന്‍ എന്നതിലുപരി ഓരോ ലേഖനങ്ങളും ആഴത്തില്‍ മനസ്സിലാക്കുകയും അത് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുകയും ചിലപ്പോള്‍ വായിച്ചതിനെ കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് തോന്നിയാല്‍ ലേഖകനെ ബന്ധപ്പെടാവുന്ന നമ്പര്‍ ശേഖരിച്ച് വിളിക്കുകയും തന്റെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖനാണ്.
മികച്ച ഓര്‍മശക്തിയുണ്ടായിരുന്ന അദ്ദേഹത്തിന് മത, ചരിത്ര, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ വരെ അറിയാന്‍ ശ്രമിക്കും. സ്വാതന്ത്ര്യത്തിനു മുമ്പ് മുതലുള്ള വാഴക്കാടിന്റെയും പരിസരപ്രദേശശങ്ങളുടെയും സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തുണ്ടായ മാറ്റങ്ങളെകുറിച്ച് അദ്ദേഹം പഠനം നടത്തിയിരുന്നു. 2015-ല്‍ ‘അനുഭവം, യാത്ര, ഓര്‍മ’ എന്ന പുസ്തകം രചിച്ചു. ചെറുപ്പം മുതല്‍ തന്നെ സാഹിത്യ അഭിരുചി പ്രകടിപ്പിച്ചിരുന്നു. ആ കാലത്ത് രചിച്ച കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ സ്വന്തമായി രചിച്ച സൃഷ്ടികള്‍ തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു മത്സരത്തിന്നു സജ്ജമാക്കല്‍ പതിവായിരുന്നു. വെട്ടുപാറ വാവൂര്‍ എ എം എല്‍ പി സ്‌കൂള്‍, ചാലിയപ്പുറം യു പി സ്‌കൂള്‍, ചീക്കോട് ഗവ. യു പി സ്‌കൂള്‍, മാവൂര്‍ ഗവ. സ്‌കൂള്‍, ജി യു പി എസ് അരീക്കോട്, ജി എല്‍ പി എസ് പുത്തലം എന്നിവിടങ്ങളില്‍ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ടിച്ചു. എളയൂര്‍ ഓര്‍ഫനേജ്, മുക്കം ഓര്‍ഫനേജ്, എടവണ്ണ ഓര്‍ഫനേജ്, പണിക്കരപ്പുറായ സി എച്ച് മെമ്മോറിയല്‍ സ്‌കൂള്‍, ഫാറൂഖ് ഹയര്‍ സെക്കന്‍ഡറിയുടെ രാജാസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. പിതാവ്: പരേതനായ മുസ്‌ലിയാരകത്ത് ലവക്കുട്ടി മുസ്‌ലിയാര്‍. മാതാവ്: പരേതയായ മറിയക്കുട്ടി. ഭാര്യ: അരീക്കോട് നിമ്മിണിയില്‍ മൂര്‍ക്കന്‍ ആയിശ, മക്കള്‍: ഫാത്തിമ സുഹ്‌റ, സലീമത്ത്, മഹബൂബ് ഹസന്‍, മറിയം സഹീദ, റൈഹാന ബീഗം, ആസ്യ സുഹൈറ. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top