അനുസ്മരണം-സക്കീര്‍ ഹുസൈന്‍
ടി പി മുഹമ്മദ് അഷ്‌റഫ്
കോഴിക്കോട്: പയ്യാനക്കലിനു സമീപനം കപ്പക്കലിലെ ഇസ്‌ലാഹി പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന്‍ (48) നിര്യാതനായി. പന്നിയങ്കരയില്‍ ടൈലര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഐ എസ് എം ,കെ എന്‍ എം സിറ്റി സൗത്ത് മണ്ഡലം, പയ്യാനക്കല്‍ ഏരിയ എന്നിവയില്‍ ഭാരവാഹിയായിരുന്നു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് റൂഫ് പദ്ധതിയിലും അംഗമായിരുന്നു. സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്ന കപ്പക്കല്‍ പ്രദേശത്ത് ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും മുന്നില്‍ നടന്ന വ്യക്തിയായിരുന്നു അദ്ദേഹം. റമദാനില്‍ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന പഠനക്ലാസുകളില്‍ അദ്ദേഹം ക്ലാസ്സെടുക്കുമായിരുന്നു. ശബാബ്, പുടവ പ്രചാരണത്തിന് അദ്ദേഹം വേറിട്ട മാര്‍ഗം സ്വീകരിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വരിസംഖ്യ അദ്ദേഹം അടക്കുകയും പിന്നീട് ആഴ്ചയില്‍ ചെറിയ തുകകളായി ശേഖരിക്കുകയും ചെയ്ത് എല്ലാവര്‍ക്കും വായനക്കുള്ള സൗകര്യമൊരുക്കിയിരുന്നു. ഭക്ഷണം, മരുന്ന് എന്നിവ ആവശ്യമുള്ളവര്‍ക്ക് അതെത്തിക്കാനും പരിശ്രമം നടത്തി. പ്രദേശത്തെ കാന്‍സര്‍ രോഗികള്‍ക്ക് മരുന്നെത്തിക്കാനും റമദാനില്‍ അത്താഴം, ഇഫ്താര്‍ എന്നിവക്ക് കിറ്റുകള്‍ ഒരുക്കാനും ഉദ്ഹിയത്ത് സംഘടിപ്പിക്കാനും സമീപ പ്രദേശങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി തന്റെ നാട്ടില്‍ എത്തിക്കുമായിരുന്നു. ഭാര്യ: ബുഷ്‌റ, മക്കള്‍: ആയിഷ ബുസൈന, ആയിഷ ഹിസാന, മുഹമ്മദ് ഷഹല്‍. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വികരിക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ (ആമീന്‍)