6 Friday
March 2026
2026 March 6
1447 Ramadân 17

അനുസ്മരണം – ഷബീര്‍ മുണ്ടൂര്‍

ഡോ. ജാബിര്‍ അമാനി

മക്കയിലെ മതസാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഷബീര്‍ മുണ്ടൂര്‍ വാകേരി ചേലേമ്പ്ര (36) നിര്യാതനായി. മക്ക ഇന്ത്യന്‍ ഇസ്്‌ലാഹി സെന്ററിന്റെയും ഫോക്കസ് മക്കയുടെയും മുന്‍നിര പ്രവര്‍ത്തകനായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ശബീര്‍, ഇക്കഴിഞ്ഞ അറഫാ ദിനത്തില്‍ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ചാണ് നാഥനിലേക്ക് യാത്രയായത്. കെ എം സി സി, ഒ ഐ സി തുടങ്ങിയ സന്നദ്ധ സംഘടനകളിലെ സജീവ അംഗമായിരുന്നു അദ്ദേഹം. സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വലിയ സുഹൃദ് വലയം തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
വര്‍ഷങ്ങളായി ഹജ്ജ് വളണ്ടിയറായിരുന്നു. പരിശുദ്ധ മക്കയില്‍ ഉംറ കര്‍മങ്ങള്‍ക്കെത്തുന്ന പരിചയക്കാര്‍ക്കും ഇസ്്‌ലാഹി പ്രവര്‍ത്തകര്‍ക്കും കയ്യും മെയ്യും മറന്ന് സേവന നിരതനാവുക എന്നതായിരുന്നു ഷബീറിന്റെ ആവേശം. ഇക്കഴിഞ്ഞ ഈദുല്‍ഫിത്‌റില്‍ കോവിഡ് പശ്ചാത്തലത്തില്‍ മക്കയില്‍ പ്രവര്‍ത്തകര്‍ വളരെ കുറവായിരുന്നിട്ടും നാനൂറിലധികം അംഗങ്ങള്‍ക്ക് ഫിത്ര്‍ സകാത്ത് വിതരണം ചെയ്യാന്‍ നേതൃപരമായ പങ്കുവഹിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രബോധന രംഗത്ത് തന്റേതായ ഒരു മുദ്ര തന്നെ അടയാളപ്പെടുത്തി. ശബി ജുബൈല്‍ എന്ന നാമം ആ നിലക്ക് എല്ലാവര്‍ക്കും പരിചിതമാണ്. കര്‍മ വസന്തം കൊണ്ട് തന്നെ അന്ത്യകര്‍മങ്ങളിലും അനുശോചന സന്ദേശങ്ങളിലും ഒട്ടേറെ പേര്‍ പങ്കാളികളായി.
മലപ്പുറം ചേലേമ്പ്ര അബ്ദുറസ്സാഖ് പിതാവും ഖദീജ മാതാവുമാണ്. സൈദ് മൗലവി രണ്ടത്താണിയുടെ മകന്‍ അബ്ദുറഷീദിന്റെ മകള്‍ ഷമീലയാണ് ഭാര്യ. സിന്‍സില, ഷബീല എന്നിവര്‍ സഹോദരിമാരാണ്. മക്കയിലെ ശറായ ശുഹദ ഖബര്‍സ്ഥാനിലാണ് ജനാസ മറമാടിയത്. അല്ലാഹു, പ്രിയസഹോദരന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കേണമേ. (ആമീന്‍)

Back to Top