6 Friday
March 2026
2026 March 6
1447 Ramadân 17

അനുസ്മരണം- കെ പി മുത്തുക്കോയ തങ്ങള്‍

കെ ടി യൂസുഫ് കുനിയില്‍`

കുനിയില്‍: ഇസ്‌ലാഹീ പ്രബോധകനും പണ്ഡിതനുമായിരുന്ന കെ പി മുത്തുക്കോയ തങ്ങള്‍ (86) നിര്യാതനായി. ഏറെക്കാലം കുനിയിലെയും പരിസര പ്രദേശങ്ങളിലെയും മത സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായിരുന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് കുനിയില്‍ പ്രദേശത്ത് താമസമാക്കുകയായിരുന്നു. യുനാനി വൈദ്യനും ഉര്‍ദു പണ്ഡിതനും കൂടിയായിരുന്നു തങ്ങള്‍.
ഇരിപ്പാംകുളം പള്ളിയിലെ ദീര്‍ഘകാലത്തെ അദ്ദേഹത്തിന്റെ ഖുതുബ വലിയ പരിവര്‍ത്തനമാണ് പ്രദേശത്തുണ്ടാക്കിയത്. വ്യക്തികള്‍ പരസ്പരം കൈമാറിയിരുന്ന സകാത്ത് സമ്പ്രദായത്തെ മഹല്ലില്‍ സംഘടിതസകാത്ത് എന്ന രീതിയിലേക്ക് മാറ്റിയത് പതിറ്റാണ്ടുകള്‍ക്കു മുമ്പെയുള്ള അദ്ദേഹത്തിന്റെ ഖുതുബകളും പ്രസംഗങ്ങളുമായിരുന്നു. കാര്‍ഷിക വിളകളിലൂടെയും കാലി സമ്പത്തിലൂടെയും കച്ചവടത്തിലൂടെയും ലഭിക്കുന്ന വരുമാനത്തിനു സകാത്ത് നല്‍കാന്‍ അദ്ദേഹം ആളുകളെ പ്രേരിപ്പിച്ചു. നമസ്‌കാരം മുറപ്രകാരം ജമാഅത്തായി പള്ളികളില്‍ വെച്ച് നിര്‍വഹിക്കാന്‍ പലര്‍ക്കും പ്രേരണയായത് തങ്ങളുടെ നിരന്തര പ്രബോധനമായിരുന്നു. കാര്‍ഷികവിളകളുടെ പാട്ടവുംമേല്‍പ്പാട്ടവും ഉണ്ടര്‍തിയും തുടച്ചുമാറ്റി. വാറ്റുശര്‍ക്കര വില്‍പ്പനയുടെ ഇസ്‌ലാമികമാനം ബോധ്യപ്പെടുത്തി കച്ചവടം നിശ്ശേഷം ഒഴിവാക്കി. നിരീശ്വരത്വം, കമ്മ്യൂണിസം ഇവക്കെതിരെ നിരന്തരബോധവല്‍ക്കരണം നടത്തി. വാടകവീട്ടിലും ലോഡ്ജിലും താമസമാക്കിയും നിത്യദാരിദ്ര്യത്തിലകപ്പെട്ടും കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും എതിര്‍പ്പുകളെ അവഗണിച്ച് ഇസ്‌ലാമിന്റെ ആദര്‍ശം പ്രബോധനം ചെയ്യാന്‍ ധൈര്യം കാണിച്ചു. മുത്തുക്കോയ തങ്ങളടക്കമുള്ള പരിഷ്‌കരണകര്‍ത്താക്കളുടെ സത്യസന്ധതയും ആത്മാര്‍ത്ഥയും ധീരതയും ത്യാഗവുമായിരുന്നു അന്ന് കുനിയില്‍ മഹല്ല് വാസികളില്‍ സ്വാധീനം ചെലുത്തിയതും മഹല്ല് നവോത്ഥാനത്തിന് കാരണമായതും. സമകാലികവിഷയങ്ങള്‍ വെള്ളിയാഴ്ച ഖുത്വുബകളില്‍ ചര്‍ച്ച ചെയ്യുന്നത് അപൂര്‍വമായിരുന്ന അക്കാലത്ത്, തങ്ങളുടെ ഖുത്ബയില്‍ അത്തരം വിഷയങ്ങളും അതിന്റെ ഇസ്‌ലാമികമാനങ്ങളും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ പഠനവിധേയമാക്കി.
ഫറോക്ക് റൗദത്തുല്‍ഉലൂം അറബിക്‌കോളജില്‍ നിന്ന് അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ക്ലാസിക്കല്‍ അറബി ഭാഷയിലും കര്‍മ്മശാസ്ത്ര അനന്തരാവകാശ നിയമങ്ങളിലും നല്ല അവഗാഹമുണ്ടായിരുന്നു. പ്രയാസമേറിയ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ലളിതമായി ശിഷ്യര്‍ക്ക് വിശദീകരിച്ചുകൊടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം സുവിദിതമാണ്. പാലക്കാട് ജില്ലയില്‍ ഇസ്‌ലാഹീ പ്രസ്ഥാനം വേരുറച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ജില്ലയുടെ പല ഭാഗത്തും ആദര്‍ശ പ്രചാരണരംഗത്ത് വലിയ സംഭാവനയാണ് അര്‍പ്പിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍, അറബിക് കോളജ്, യതീംഖാന, മദ്‌റസ തുടങ്ങിയവ സ്ഥാപിക്കുന്നതില്‍ അദ്ദേഹം നേതൃത്വം നല്‍കി.
1978-ലാണ് മുത്തുക്കോയ തങ്ങള്‍ അന്‍വാറുല്‍ ഇസ്ലാംഅറബിക്‌കോളേജില്‍ അധ്യാപകനായി ചേരുന്നത്. 13 വര്‍ഷത്തെ അധ്യാപക ജീവിതത്തിന് ശേഷം 1991-ല്‍ വിരമിച്ചു. ഇതിനിടക്ക് പ്രിന്‍സിപ്പലുടെ ചുമതലയും വഹിച്ചു. ഉമ്മനഴി എ എല്‍ പി സ്‌കൂള്‍, കല്ലടിക്കോട് സലഫി അറബിക് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു.
ഭാര്യമാര്‍: സൈനബ ബീവി (പരേതനായ എം ഐ തങ്ങളുടെ സഹോദരി), ഖദീജ (പുലാപറ്റ). മക്കള്‍: അബ്ദുല്ലക്കോയ തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ (കുവൈത്ത് ഇസ്‌ലാഹീ സെന്റര്‍), അബ്ദുല്‍ഹലീം തങ്ങള്‍ (എ ഐ എ കോളജ്, കുനിയില്‍), അബ്ദുറഹ്മാന്‍ തങ്ങള്‍, അബ്ദുല്‍ജലീല്‍ തങ്ങള്‍, അബ്ദുല്‍മലിക്ക് തങ്ങള്‍, അബ്ദുല്‍കരീം തങ്ങള്‍, അസ്മാബീവി, ഹസ്‌നാ ബീവി, സല്‍മാബീവി. സര്‍വ്വശക്തന്‍ അദ്ദേഹത്തിന് മഗ്ഫിറത്തുംമര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top