20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

തവാസുല്‍ സാംസ്‌കാരിക നിര്‍മിതിയുടെ കേന്ദ്രം

റോമില്‍ നിന്ന് അബ്ദുല്‍ലത്തീഫ് ചാലിക്കണ്ടി

എന്റെ ഉപ്പ ചെറുപ്പത്തില്‍ തന്നെ അക്കാലത്തെ പല മലബാര്‍ മുസ്ലിംകളെയും പോലെ ശ്രീലങ്കയിലേക്ക് (സിലോണ്‍) പോയി. 1955 കാലഘട്ടത്തിലാണത്. അവിടെ അദ്ദേഹം വിജയകരമായ ഒരു ബിസിനസ് ഉണ്ടാക്കിയെടുത്തു. 1955 മുതല്‍ 1970 വരെയുള്ള കാലത്ത് ശ്രീലങ്കയിലെ മന്നാറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു വിജയിച്ച ഒരു എം പി ഉണ്ടായിരുന്നു- ആല്‍ബര്‍ട്ട് അളെഗാക്കോണ്‍ (Virasipillai Albert Alegacone). ഇദ്ദേഹത്തെ ബാപ്പ അന്ന് സാമ്പത്തികമായി സഹായിച്ചിരുന്നു. സ്വന്തം മകനെപ്പോലെയാണ് അദ്ദേഹം ബാപ്പയെ കണക്കാക്കിയിരുന്നത്. മലബാറില്‍ നിന്നുള്ള ഒരു മാപ്പിള ശ്രീലങ്കയില്‍ പോയി ബിസിനസ് കെട്ടിപ്പടുക്കുന്നതും അവിടുത്തെ ഒരു എം പിയെ സഹായിക്കുന്നതും അദ്ദേഹവുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നതുമൊക്കെ ഒന്നോര്‍ത്തു നോക്കൂ.
തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള ഒരു ക്രൈസ്തവ കുടുംബത്തെക്കുറിച്ചൊക്കെ ബാപ്പ പറഞ്ഞു തന്ന കഥകള്‍ മനസിലുണ്ടായിരുന്നതിനാല്‍ത്തന്നെ മറ്റു മതങ്ങളോടോ മതസ്ഥരോടോ ജീവിതത്തിലൊരിക്കലും, ഒരു തരത്തിലുള്ള അകല്‍ച്ചയും എനിക്കനുഭവപ്പെട്ടിട്ടില്ല. അത് സബ്രീനയുമായുള്ള വിവാഹ ജീവിതത്തിലും അങ്ങനെ തന്നെയായി.
കുവൈത്തിലെ അബ്ദുല്‍ വഹാബ് ആല്‍ശായയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നല്ലോ. അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍ ആല്‍ശായയുമായും എനിക്ക് ബന്ധമുണ്ടായിരുന്നു. ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ഒരാള്‍. പുസ്തകങ്ങളോടുള്ള താല്‍പര്യമാണ് ഞങ്ങളെ തമ്മിലടുപ്പിച്ചത്. അതിന്റെ ഫലമായി, ഒരു ബുക്ക് പബ്ലിഷിംഗ് ഹൗസ് തുടങ്ങാനുള്ള പദ്ധതി ഞങ്ങള്‍ ഇടക്ക് ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെ ആല്‍ശായ പബ്ലിഷിംഗ് ഹൗസ് എന്ന പേരില്‍ റോമില്‍ അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
എന്നാല്‍ ചില കാരണങ്ങളാല്‍ ആ പദ്ധതി ഏറെ മുന്നോട്ടു പോയില്ല. ആ അവസരത്തിലാണ് ഞാന്‍ സബ്രീനയോടൊപ്പം മറ്റൊരു പബ്ലിഷിംഗ് ഹൗസ് രജിസ്റ്റര്‍ ചെയ്തത്. ഇമാം ഗസ്സാലിയുടെ ‘ആരാധനകളുടെ ആന്തരികത’യും ഇഖ്ബാലിന്റെ റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഇസ്‌ലാമിക് തോട്ട് അടക്കമുള്ള ചില കൃതികള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് ചാര്‍ലി ഹെബ്ദോയുടെ വിവാദമായ പ്രവാചക കാര്‍ട്ടൂണ്‍ പുറത്തിറങ്ങുന്നത്. അതോടൊപ്പം മറ്റു ചില കാരണങ്ങള്‍ കൂടിയായപ്പോള്‍, വിശ്വാസ-സാംസ്‌കാരിക വിനിമയം സാധ്യമാകുന്ന രചനകള്‍ (Interfaith &
Crosscultural Literature) കൂടുതല്‍ പുറത്തു വരേണ്ടതുണ്ടെന്ന ചിന്തയുണ്ടായി. ഇതാണ് പിന്നീട് ‘തവാസുല്‍’ എന്നൊരു സംഘടനയായി രൂപം പ്രാപിക്കുന്നത്.
പടിഞ്ഞാറിന്റെ ചരിത്രത്തില്‍ ക്രിസ്തുമതത്തിനോ ജൂതായിസത്തിനോ ഉള്ളതിനു സമാനമായ, അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ സ്ഥാനം ഇസ്ലാമിനുണ്ട് എന്നതൊരു വസ്തുതയാണ്. ഇരുണ്ട യുഗത്തിനു ശേഷം അവിടെയുണ്ടായ നവോത്ഥാനത്തില്‍ അന്നത്തെ മുസ്‌ലിം വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്ന അന്തലൂസിയയും ബഗ്ദാദുമൊക്കെ വഹിച്ച പങ്ക് അവഗണിക്കാവുന്നതല്ല. എന്നിട്ടും വര്‍ത്തമാനകാലത്തെ ചില സംഭവങ്ങളുടെ പേരില്‍ പാശ്ചാത്യലോകത്ത് ഇസ്‌ലാം മാറ്റിനിര്‍ത്തപ്പെട്ടു.
ഈയൊരു പശ്ചാത്തലത്തില്‍, ആധുനിക ഇറ്റാലിയന്‍ സാമൂഹ്യപരിസരത്തില്‍ ഒരു സ്വാഭാവിക മതമായി ഇസ്‌ലാമിനെ തിരികെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളായിരുന്നു തവാസുലിന്റെ പ്രവര്‍ത്തനങ്ങള്‍. മുമ്പ് സൂചിപ്പിച്ചതു പോലെ, വത്തിക്കാനിലെ പല ക്രൈസ്തവ പണ്ഡിതരും നേതൃത്വവുമായൊക്കെ നേരത്തേ തന്നെ ബന്ധപ്പെടാന്‍ അവസരങ്ങളുണ്ടായിരുന്നതും ഇതിനു സഹായകമായി.
തവാസുലിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ യൂനിവേഴ്‌സിറ്റികളിലും, വത്തിക്കാന്റെ പല സദസുകളിലും ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും സംസാരിക്കാനും സാധിച്ചിരുന്നു. തവാസുലുമായി സഹകരിച്ചിരുന്നവരില്‍ വലിയൊരു പങ്കും അമുസ്‌ലിംകളായിരുന്നു.
ഇറ്റലി ഒരു ജനാധിപത്യ രാജ്യമാണ്. 1980-കളുടെ അവസാനം വരേക്കും അവിടെ കാത്തലിസിസം ഔദ്യോഗിക മതമായി ഉണ്ടായിരുന്നെങ്കിലും, പിന്നീട് ആ സ്ഥാനം എടുത്തു മാറ്റുകയാണ് ചെയ്തത്. ഇന്ന് അങ്ങനെ ഒരു മതത്തിനു മാത്രമായി പ്രത്യേക പദവിയില്ല. എങ്കിലും ഓരോ മതനേതൃത്വത്തിനും ഭരണകൂടവുമായി ചര്‍ച്ച നടത്തി ഔദ്യോഗികാംഗീകാരം നേടിയെടുക്കാനുള്ള അവസരമുണ്ട്. മറ്റു പല മതങ്ങളും ഇങ്ങനെ അംഗീകാരം നേടിയെടുത്തെങ്കിലും ഇസ്‌ലാമിന് അതു സാധിച്ചില്ലെന്നത് മറ്റൊരു ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. ഇതിനു പ്രധാന കാരണം, ഏതാണ്ട് കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ മാത്രമാണ് ഇറ്റലിയിലെ മുസ്ലിം ജനസംഖ്യ കാര്യമായി വര്‍ധിച്ചത് എന്നതാണ്.
1983-ലാണ് ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്‌ലിം കേന്ദ്രമായ റോം ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അതിനുമുമ്പ് ഇവിടെ മുസ്‌ലിംകള്‍ നാമമാത്രമായിരുന്നുവെന്നു തന്നെ പറയാം. എന്നാല്‍ ഇന്ന് ഇറ്റലിയില്‍ കാത്തലിസിസം കഴിഞ്ഞാല്‍, രണ്ടാമത്തെ ഏറ്റവും പ്രബലമായ മതവിഭാഗം ഇസ്‌ലാമാണ്. അങ്ങനെയാണെങ്കിലും, ക്രിസ്ത്യാനികളെയോ ജൂതന്മാരെയോ പോലെയുള്ള ഒരു ഏകോപിത മതനേതൃത്വത്തിന്റെ അസാന്നിധ്യം, ഭരണകൂടത്തിന്റെ ഔദ്യോഗികാംഗീകാരം നേടിയെടുക്കുന്നതില്‍ ഇസ്‌ലാമിനു തടസമായിട്ടുണ്ട്. സ്റ്റേറ്റിന്റെ പല ആനുകൂല്യങ്ങളും മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് നഷ്ടമാകാനും ഇത് കാരണമാകുന്നു. ഈ വിഷയത്തില്‍ ഒരു ഏകോപനത്തിനും സമന്വയത്തിനുമുള്ള ശ്രമങ്ങള്‍ തവാസുല്‍ നടത്തി വരുന്നുണ്ട്.
ഇറ്റലിയില്‍ ഇസ്‌ലാം മതം നേരിടുന്ന പ്രതിസന്ധികളൊന്നും ഇവിടുത്തെ മറ്റേതെങ്കിലും മതങ്ങളുടെ കുത്സിത ശ്രമങ്ങളുടെ ഫലമല്ല. ഇസ്‌ലാമോഫോബിയയോ ആസൂത്രിതമായ അപരവത്കരണമോ അല്ല ഇവിടെ ഇസ്‌ലാമിനെ തടഞ്ഞത്. മറിച്ച് അതെല്ലാം ഇവിടുത്തെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന അനൈക്യത്തിന്റെയും അവര്‍ക്കൊരു പൊതുനേതൃത്വം ഇല്ലാതെ പോയതിന്റെയും ഫലമായിരുന്നു. മറ്റു പല പാശ്ചാത്യരാജ്യങ്ങളെയും അപേക്ഷിച്ച്, ഇറ്റലി ഏറെക്കുറെ ഇസ്‌ലാമോഫോബിയയില്‍ നിന്ന് മുക്തവുമാണ്. മറ്റു പലയിടങ്ങളിലും അടിച്ചമര്‍ത്തലിന്റെ പ്രതിരൂപമായി വിലയിരുത്തപ്പെടുന്ന ഹിജാബ്, പൊതുവേ സൗന്ദര്യത്തിന്റെയും ഫാഷന്റെയും ഭാഗമായാണ് ഇറ്റലിയില്‍ സ്വീകരിക്കപ്പെടുന്നത്. ഇതിനര്‍ഥം ഇസ്‌ലാമോഫോബിയ ഈ സമൂഹത്തില്‍ ഒട്ടും ഇല്ലെന്നല്ല. പക്ഷേ താരതമ്യേന പരിമിതമാണ്.
എത്രത്തോളമെന്നാല്‍, ഈ കൊറോണക്കാലത്ത് തവാസുല്‍ പ്രസിദ്ധീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷ ആവശ്യക്കാര്‍ക്ക് അയക്കാനായി സബ്രീന പോസ്റ്റ് ഓഫീസില്‍ പോയ സമയത്ത്, ‘ഇതില്‍ ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങള്‍ ഇല്ല’ എന്ന് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു! ഇത്തരത്തില്‍ നിയമം മുഖേന പോലും ഇസ്‌ലാമോഫോബിയയെ അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.

ജനസംഖ്യയുടെ 80 ശതമാനത്തോളം പാരമ്പര്യമായി കത്തോലിക്കരാണെങ്കിലും അതില്‍ ചെറിയൊരു വിഭാഗം മാത്രമേ വിശ്വാസികളായി ഉള്ളൂ എന്നതാണ് ഇതിനൊരു കാരണം. ബാക്കി വരുന്ന ഭൂരിഭാഗവും വിശാലമായ ചിന്താഗതികള്‍ പിന്തുടരുന്നവരാണ്. ക്രൈസ്തവതയുടെ ഏറ്റവും വലിയ കേന്ദ്രമായ വത്തിക്കാന്റെ തൊട്ടടുത്തും പരിസരങ്ങളിലും കച്ചവടം നടത്തുന്നവരില്‍ വലിയൊരു പങ്കും ബംഗ്ലാദേശില്‍ നിന്നും മറ്റുമുള്ള മുസ്‌ലിംകളാണെന്നതും ഇതിനോട് ചേര്‍ത്തു വായിക്കാം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അമേരിക്കയിലെയും മറ്റും തീവ്രവലതുപക്ഷ മാധ്യമങ്ങള്‍, അവരുടെ സ്വതസിദ്ധമായ രീതിയില്‍, ഈ സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നത് പറയാതെ വയ്യ.
തവാസുല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഏതാണ്ട് ഏഴു വര്‍ഷമായി. ‘തവാസുല്‍ ഇറ്റലി’ ആയിട്ടായിരുന്നു തുടക്കം. പിന്നീടത് ‘തവാസുല്‍ യൂറോപ്പും’ ഒടുവില്‍ ‘തവാസുല്‍ ഇന്റര്‍നാഷണലും’ (Tawasul International
Centre for Publishing, Research and Dialogue)ആയി മാറുകയായിരുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘സാംസ്‌കാരിക നിര്‍മിതി’ എന്ന ദൗത്യമാണ് തവാസുല്‍ നിര്‍വഹിക്കുന്നത്. ഒരു സമൂഹത്തെയോ സംസ്‌കാരത്തെയോ കുറിച്ച് ആധികാരികമായി പഠിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം അവരുമായി നേരിട്ട് ഇടപഴകുക എന്നതാണല്ലോ. മറ്റൊരു മാര്‍ഗം പുസ്തകങ്ങളാണ്. ഇറ്റലിയില്‍, ഇസ്‌ലാമിനെക്കുറിച്ച് അറിയാനുള്ള ഒന്നാമത്തെ സ്രോതസ് ഇവിടുത്തെ ഖുര്‍ആന്‍ പരിഭാഷകളായിരുന്നു. എന്നാല്‍ അതില്‍ ബഹുഭൂരിഭാഗവും അമുസ്‌ലിംകളോ ഓറിയന്റലിസ്റ്റുകളോ തയ്യാറാക്കിയവയായിരുന്നു. ഏറേ പ്രചാരമുണ്ടായിരുന്ന ഒരു മുസ്‌ലിം പരിഭാഷയാകട്ടെ, ഇവിടുത്തെ ബഹുസ്വര സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഒട്ടും ആശാസ്യമല്ലാത്ത രീതിയില്‍ എഴുതപ്പെട്ടതും. ഈയൊരു സാഹചര്യത്തിലാണ്, ഇറ്റാലിയന്‍ ഭാഷയില്‍ ആധികാരികമായ ഒരു ഖുര്‍ആന്‍ പരിഭാഷ എന്ന ദൗത്യം തവാസുല്‍ ഏറ്റെടുത്തത്.
ഇതിനായി ഒരുപാട് റിസേര്‍ച്ചുകള്‍ നടത്തി. പുതിയ ഒരു ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. അതിനാല്‍ത്തന്നെ അബ്ദുല്ലാ യൂസുഫ് അലിയുടെ പരിഭാഷ, അഞ്ചു വര്‍ഷത്തോളമെടുത്ത് ഇറ്റാലിയനിലേക്ക് മൊഴിമാറ്റം നടത്തുകയാണ് ചെയ്തത്. മറ്റെന്തിനുമുപരി, മനുഷ്യന് ആത്മീയശാന്തി പകരുന്ന ഒരു മാര്‍ഗദര്‍ശനമായി ഖുര്‍ആനെ അവതരിപ്പിച്ചുകൊണ്ട്, മനസുകളുമായി നേരിട്ടു സംവദിക്കാന്‍ സാധിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പരിഭാഷയുടെ പ്രത്യേകത. അതിന്റെ മനോഹാരിത ഒട്ടും ചോരാത്തവിധത്തില്‍, ഉന്നത നിലവാരത്തില്‍, സബ്രീനയുടെ ഭാഷാമികവിന്റെ കൂടി സഹായത്തോടെ, രണ്ടു വാല്യങ്ങളിലായി ആ പരിഭാഷ പുറത്തിറക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഇറ്റലിയിലെ സുപ്രധാന നവോത്ഥാനകേന്ദ്രങ്ങളായ റോം, മിലാന്‍, വെനീസ്, ഫ്‌ലൊറെന്‍സ് തുടങ്ങിയിടങ്ങളിലെല്ലാം ലൈബ്രറികളിലും യൂനിവേഴ്‌സിറ്റികളിലും ഈ പരിഭാഷ സൗജന്യമായി എത്തിക്കാനും സാധിച്ചു.
ഇതു കൂടാതെ സബ്രീന തന്നെ രണ്ടു വാല്യങ്ങളിലായി തയ്യാറാക്കിയ പ്രവാചക ജീവചരിത്രവും ഇഖ്ബാലിന്റെ ഗ്രന്ഥങ്ങളുമടക്കം ഏതാണ്ട് അറുപതോളം പുസ്തകങ്ങള്‍ നിലവില്‍ തവാസുലിന്റേതായി പുറത്തിറങ്ങിയിട്ടു ണ്ട്. ‘മതചിന്തകളുടെ പുനസ്സംവിധാനം ഇസ്‌ലാമില്‍’ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ, അല്ലാമാ ഇഖ്ബാലിനെ ഒരു വലിയ തത്വചിന്തകനായി ഇവിടെ അടയാളപ്പെടുത്താന്‍ പോലും ഇത് സഹായകമായി. ഇന്ന് പല യൂനിവേഴ്‌സിറ്റികളും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്റെ പിന്തുണയിലും മേല്‍നോട്ടത്തിലും, സബ്രീന തന്നെയാണ് ഇതിന്റെയെല്ലാം മുന്നണിയില്‍ പ്രവര്‍ത്തിച്ചത്.
പലരുടെയും ആവശ്യപ്രകാരം, യൂസുഫ് അലിയുടെ പരിഭാഷ മൂന്ന് വാല്യങ്ങളായി ഇംഗ്ലീഷിലും പിന്നീട് പ്രസിദ്ധീകരിച്ചു. ഇതും സബ്രീന തന്നെയായിരുന്നു തയ്യാറാക്കിയത്. ഇതിനെല്ലാം പുറമെ എടുത്തു പറയേണ്ടത് സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയാണെന്നു തോന്നുന്നു. 35 വാല്യങ്ങളായി ഇറക്കാന്‍ ഉദ്ദേശിക്കുന്നതില്‍ 15 എണ്ണം ഇതുവരെ പുറത്തു വന്നു. സ്വഹീഹുല്‍ ബുഖാരിയിലെ അവസാനഭാഗമായ കിതാബുത്തൗഹീദ് ആയിരുന്നു ഇവിടെ ആദ്യം പരിഭാഷപ്പെടുത്തിയതില്‍ ഒന്ന്.
കേവലം പരിഭാഷക്കപ്പുറം, തൗഹീദുമായി ബന്ധപ്പെട്ട ലേഖനങ്ങളും, ഹദീസിന്റെ പഠനങ്ങളുമെല്ലാമായി വിശദമായ പുസ്തകമായാണ് ഇത് പുറത്തിറക്കുന്നത്. കൊറോണ സമയത്ത് ഏറ്റവുമധികം വായിക്കപ്പെട്ട ഒരു പുസ്തകം അതായിരുന്നു. വായനക്കാരില്‍ ഏറെയും അമുസ്‌ലിംകള്‍. മുഹമ്മദ് നബി(സ)യെ ഒരു ‘മുസ്‌ലിം പ്രവാചകന്‍’ ആയി പരിമിതപ്പെടുത്താതെ, ഒരു മഹാഗുരുവായി അവതരിപ്പിക്കാന്‍ സാധിച്ചുവെന്നതായിരുന്നു ഈ സ്വീകാര്യതക്ക് കാരണം. ഇത്തരത്തില്‍ ഉള്‍ക്കൊള്ളലിന്റെ ഭാഷാരീതിയാണ് നേരത്തെ പറഞ്ഞ ഖുര്‍ആന്‍ പരിഭാഷകളിലുള്‍പ്പടെ സ്വീകരിച്ചിട്ടുള്ളത്.
ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മാത്രമല്ല തവാസുല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. യാദൃച്ഛികമായി ഞാന്‍ ഇവിടെ വെച്ച് കണ്ടുമുട്ടിയ ഒരു ഇറ്റാലിയന്‍ ഹിന്ദുവുമായുള്ള സംസാരമാണ് ഭഗവദ്ഗീതയുടെ പരിഭാഷ എന്ന ചിന്തയിലേക്ക് നയിക്കുന്നത്. ഇക്കാര്യത്തോടുള്ള മുസ്‌ലിംകളുടെ പൊതുസമീപനം ഇവിടെ പ്രത്യേകം വിലയിരുത്തപ്പെടേണ്ടതുണ്ട്. ആദ്യകാലങ്ങളില്‍ ‘വിഗ്രഹങ്ങളുടെ പുസ്തകം’ എന്ന പേരില്‍ വിഗ്രഹങ്ങളെക്കുറിച്ച് ഗ്രന്ഥമെഴുതിയ മുസ്‌ലിം പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. അല്‍ബിറൂനി ഗീതയെക്കുറിച്ച് എഴുതിയിരുന്നു. ഇവരൊന്നും ആ വിശ്വാസങ്ങളെ സ്വീകരിച്ചതു കൊണ്ടായിരുന്നില്ല ഇതിനു തയ്യാറായത്. മറിച്ച്, അത് മുസ്‌ലിംകളുടെ സാംസ്‌കാരിക നി ര്‍മിതിയുടെ ഭാഗമായിരുന്നു.
രാജാറാം മോഹന്‍ റോയിയുടെ തുഹ്ഫത്തുല്‍ മുവഹിദീനും തവാസുല്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അറബി ഭാഷ പഠിച്ച, വേഷവിധാനങ്ങളില്‍ പോലും മുസ്‌ലിംകളെ അനുകരിച്ച വ്യക്തിത്വമായിരുന്നു രാജാറാം. വേഷത്തില്‍ മാത്രമല്ല, ഹിന്ദുമതത്തിന്റെയും മുഖമുദ്ര ഈ ഉള്‍ക്കൊള്ളല്‍ ആണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തിന്റെ പുസ്തകവും ഗീതയും പ്രസാധനം ചെയ്തതിലൂടെ, ഈ നിലപാടിനു സമാനമായ ഒരു മാറ്റം ഇന്ത്യയിലെ ഹിന്ദു സാംസ്‌കാരിക മണ്ഡലത്തില്‍ സംഭവിക്കേണ്ടതുണ്ടെന്ന സന്ദേശവും, അത്തരത്തിലുള്ള ഒരു സാംസ്‌കാരിക നിര്‍മിതിയുമാണ് തവാസുല്‍ മുന്നോട്ടു വെച്ചത്.
പുസ്തക പ്രസാധനം മാത്രമായിരുന്നില്ല തവാസുലിന്റെ പ്രവര്‍ത്തനം. പല യൂനിവേഴ്‌സിറ്റികള്‍ക്കും സിലബസ് നിര്‍ദേശിക്കുകയെന്ന ഉത്തരവാദിത്വവും നിര്‍വഹിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാനും സബ്രീനയും ചില യൂനിവേഴ്‌സിറ്റികളില്‍ ഒരു സെമസ്റ്ററില്‍ ഇസ്‌ലാമിനെക്കുറിച്ച് അക്കാദമിക് ക്ലാസുകള്‍ എടുക്കുന്നുമുണ്ട്. ഇങ്ങനെ വ്യത്യസ്തമായ മേഖലകളില്‍ തവാസുല്‍ ഇന്ന് സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്നു.

Back to Top