അന്നൂര്‍: ഖുര്‍ആനിന്റെ ആത്മീയ പ്രഭ
ഡോ. പി എം മുസ്തഫ കൊച്ചിന്‍
ഇമാം അബൂഹാമിദുല്‍ ഗസ്സാലിയുടെ (1058-1111) പ്രശസ്തമായ ഒരു കൃതിയാണ് വെളിച്ചങ്ങളുടെ ദിവ്യമാളം (മിശ്കാതുല്‍ അന്‍വാര്‍). വെളിച്ചം (അന്നൂര്‍) എന്ന അപരനാമമുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍. അതിന്റെ 24ാം അധ്യായത്തിന്റെ നാമം സൂറത്തുന്നൂര്‍ എന്നാണ്. അതിലെ ആയത്തുന്നൂര്‍ ഇതിവൃത്തമാക്കി രചിച്ച കൃതിയാണ് മിശ്കാതുല്‍ അന്‍വാര്‍. മനുഷ്യ നേത്രത്തിന് സംവേദനക്ഷമമാകുന്ന ആവൃത്തിയിലുള്ള വികിരണമാണ് വെളിച്ചം.
വെളിച്ചം രണ്ട് തരമുണ്ട്. ഒന്നാമത്തേത്, ഭൗതികവെളിച്ചം (നൂര്‍ ഹിസിയ്യ്/മാദ്ദിയ്യ്). ആശയവെളിച്ചമാണ് (നൂര്‍ മഉ്‌നവീ) രണ്ടാമത്തേത്. ഇതില്‍ ആത്മീയ വെളിച്ചവും ഉള്‍പ്പെടും.
ഇസ്‌ലാമിലെ ആറ് വിശ്വാസകാര്യങ്ങളില്‍ രണ്ടെണ്ണമൊഴികെ നാലു കാര്യങ്ങളും വെളിച്ചവുമായി ബന്ധപ്പെട്ടതാണ്. അല്ലാഹു വാന-ഭൂവനങ്ങളിലെ പ്രകാശമാണ് (24:35). മാലാഖമാര്‍ വെളിച്ചത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു (മുസ്‌ലിം). മുഹമ്മദ് നബി(സ) വെളിച്ചം പ്രസരിപ്പിക്കുന്ന വിളക്ക് ആകുന്നു (33:46). ഖുര്‍ആന്‍ (4:174), ഇന്‍ജീല്‍ (5:46), തൗറാത്ത് (6:91) തുടങ്ങി വേദഗ്രന്ഥങ്ങള്‍ വെളിച്ചമാണ്.
അന്ധകാരമാകുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രകാശപൂരിതമാക്കിക്കൊണ്ട് പരമോന്നത പ്രകാശമായ അല്ലാഹു പ്രകാശത്താല്‍ സൃഷ്ടിച്ച ജിബ്‌രീല്‍ എന്ന മാലാഖ മുഖേന പ്രകാശിക്കുന്ന വിളക്കായ മുഹമ്മദ് നബി(സ) യിലൂടെ പ്രകാശമയമുള്ള ഖുര്‍ആനിനെ ലോകര്‍ക്ക് പ്രകാശമായി അവതരിപ്പിച്ചു. സകലതും പ്രകാശമയം. പ്രകാശം ചൊരിയുന്ന ടോര്‍ച്ച് ലൈറ്റ് കക്ഷത്തുവെച്ച് ഇരുട്ടില്‍ തപ്പാതിരിക്കണമെങ്കില്‍ അതിന്റെ ഉപയോഗം അറിയണം.
ലോകത്തിന് ആത്മീയ പ്രഭ ചൊരിയുന്ന ഖുര്‍ആന്‍ മനുഷ്യരാശിയുടെ ഇഹ പരമോക്ഷത്തിനനുഗുണമായ ഇതിവൃത്തങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഇരുളും വെളിച്ചവും ഖുര്‍ആനിക ഇതിവൃത്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. വെളിച്ചം ദൈവസൃഷ്ടിയും ഇരുട്ടുകള്‍ ചെകുത്താന്റെ സൃഷ്ടിയുമായി കരുതുന്നവരെ നിഷേധിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”വാന-ഭൂവനങ്ങളെ സൃഷ്ടിക്കുകയും ഇരുളുകളും വെളിച്ചവും ഏര്‍പ്പെടുത്തുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സര്‍വ നന്ദിയും.” (6:1)
വെളിച്ചത്തെപ്പോലെ തന്നെ ഇരുളും രണ്ട് തരമുള്ളതായി ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. അതില്‍ ഭൗതിക പ്രകാശത്തെക്കുറിച്ചാണ് സൂറത്തു യൂനുസില്‍ പറയുന്നത്: ”സൂര്യനെ ഒരു പ്രകാശവും ചന്ദ്രനെ ഒരു വെളിച്ചവുമാക്കിയത് അവനാകുന്നു” (10:5), സൂറത്തുല്‍ അന്‍ആമില്‍ ഭൗതിക ഇരുട്ടിനെക്കുറിച്ച് പറയുന്നുണ്ട്. ഭൂമിയിലെ ഇരുട്ട് (6:59), കരയിലെയും കടലിലെയും ഇരുട്ട് (6:63) എന്നിവ ഭൗതിക ഇരുട്ടുകളാണ്. വെളിച്ചമില്ലാത്ത അവസ്ഥയാണല്ലോ ഇരുട്ട്.
പ്രകാശത്തെ രാസപ്രക്രിയയിലൂടെ കാഴ്ച സാധ്യമാക്കുന്ന അവയവമാണ് നേത്രം. വെളിച്ചമില്ലെങ്കില്‍ നമുക്ക് കണ്ണുകളുണ്ടായിട്ട് കാര്യമില്ല. ഏത് വസ്തുവും നമ്മള്‍ കാണുന്നത് അതില്‍ തട്ടിവരുന്ന വെളിച്ചം നമ്മുടെ കണ്ണുകളിലെത്തുമ്പോഴാണ്. നമ്മെ പ്രകാശവുമായി ബന്ധിപ്പിക്കുന്നത് കണ്ണുകളാണ്. ഇരുള്‍, വെളിച്ചം എന്നിവയ്ക്ക് ഭൗതികതലം ഉള്ളതുപോലെ തന്നെ അതിന് ആശയതലവും (ആത്മീയതലം) ഉണ്ട്. ശിര്‍ക്ക്, തൗഹീദ് എന്നിവ തുലനം ചെയ്തുകൊണ്ട് ഖുര്‍ആനിന്റെ ഒരു ചോദ്യവും അതിന്റെ മറുപടിയും നമുക്ക് കാണാം. ”അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുളും വെളിച്ചവും തുല്യമാകുമോ?” (13:16), ”അന്ധനും കാഴ്ചയുള്ളവനും ഇരുളുകളും വെളിച്ചവും തണലും വെയിലും സമമാവുകയില്ല” (35: 19-21)
കണ്ണിന് ‘ഐന്‍’ എന്നും കണ്ണിന്റെ ധര്‍മമായ കാഴ്ചയ്ക്ക് ‘ബസ്വര്‍’ എന്നുമാണ് അറബി ഭാഷയില്‍ പറയുക. കാഴ്ചയ്ക്ക് കാരണമാകുന്ന പ്രകാശത്തെക്കുറിച്ച് അബദ്ധജഡിലമായ പല ധാരണകളും പണ്ടുണ്ടായിരുന്നു. കണ്ണില്‍ നിന്ന് പുറത്തേക്കാണ് പ്രകാശകിരണങ്ങള്‍ പുറപ്പെടുന്നതെന്നും പ്രാചീന ഗ്രീക്ക് ചിന്തകര്‍ വിശ്വസിച്ചിരുന്നു. കണ്ണ് പുറപ്പെടുവിക്കുന്ന പ്രകാശം ഒരു ടോര്‍ച്ച് ലൈറ്റ് പോലെ വസ്തുക്കളില്‍ പതിക്കുമ്പോഴാണ് നാമ്മള്‍ വസ്തുക്കളെ കാണുന്നത് എന്നായിരുന്നു യൂക്ലിഡ് (ബിസി 300), പ്ലേറ്റോ (ബിസി 348) തുടങ്ങിയവരുടെ കാലത്തുണ്ടായിരുന്ന വിശ്വാസം. കണ്ണേറ്, കരിങ്കണ്ണ് പോലുള്ള വിശ്വാസങ്ങള്‍ ഇതില്‍ നിന്ന് ഉടലെടുത്തതാവാം.
മധ്യകാലഘട്ടത്തിലെ അറബ് ശാസ്ത്രജ്ഞരായ അല്‍കിന്ദി(801-873), ഇബ്ന്‍ സഹ്ല്‍ (940-1000), ഇബ്‌നുല്‍ഹൈഥം (965-1040) എന്നിവര്‍ പ്രകാശശാസ്ത്രത്തില്‍ (Optics) മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. വസ്തുക്കളില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചം നമ്മുടെ കണ്ണിലുണ്ടാക്കുന്ന പ്രതിബിംബങ്ങളാണ് കാഴ്ച സാധ്യമാക്കുന്നതെന്ന് ഇബ്‌നുല്‍ഹൈഥമാണ് ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം തയ്യാറാക്കിയ കണ്ണിന്റെ രൂപഘടനയില്‍ പില്‍ക്കാല ശാസ്ത്രം കണ്ടെത്തിയ റെറ്റിന, ലെന്‍സ്, കോര്‍ണിയ എന്നിവയൊക്കെ ഉണ്ടായിരുന്നു.
പ്രകാശം അതിവേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും അതിന്റെ വേഗം കണക്കാക്കാമെന്ന് ഇബ്‌നുല്‍ഹൈഥം ചിന്തിച്ചിരുന്നു. വെളിച്ചത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് 1676 ല്‍ ദാനിശ് ശാസ്ത്രജ്ഞനായ ഓല്‍റോമെല്‍ (1644 -1710) ആണ്. സെക്കന്റില്‍ 2,20,000 കിലോമീറ്ററാണ് വേഗം.
നേര്‍രേഖയില്‍ ചലിക്കുന്ന പ്രകാശം ഇല്ലാത്ത കാഴ്ചകള്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന വികൃതിയാണ് അപവര്‍ത്തനം (Refraction). അന്തരീക്ഷത്തിലെ ജലകണങ്ങളില്‍ സംഭവിക്കുന്ന നിറങ്ങളുടെ അപവര്‍ത്തനമാണ് മഴവില്ല് (Rainbow) മാരിവില്ല് (Moonbow) എന്നിവ. മരുഭൂമിയില്‍ ഇല്ലാത്ത വെള്ളം ഉണ്ടെന്ന് ധ്വനിപ്പിക്കുന്ന പ്രതിഭാസമായ മരീചികയില്‍ സംഭവിക്കുന്നതും അപവര്‍ത്തനമാണ്. ദൈവനിഷേധികള്‍ അവരുടെ ജീവിത വിജയത്തിന് നിദാനമായി കണക്ക് കൂട്ടിയിരുന്ന ചെയ്തികളൊക്കെ ഫലശൂന്യമായിപ്പോയ കാര്യം പാരത്രിക ലോകത്തുവെച്ച് ബോധ്യമാകുന്നത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
”സത്യനിഷേധികളാകട്ടെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മണലാരണ്യത്തിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് ജലമാണെന്ന് കരുതുന്നു. അങ്ങനെ അതിന് സമീപത്തേക്ക് അവര്‍ ചെന്നാല്‍ അങ്ങനെയൊന്ന് ഉള്ളതായി തന്നെ അവന്‍ കാണുകയില്ല….” (24:39)
ഭൗതിക പ്രകാശവും ഇരുട്ടും പോലെ ആത്മീയ വെളിച്ചവും ഇരുട്ടും ഖുര്‍ആന്റെ പരാമര്‍ശ വിഷയമാണ്. ആത്മീയ വെളിച്ചത്തിന്റെ സ്രോതസ്സാണല്ലോ ഖുര്‍ആന്‍. ”അല്ലാഹുവില്‍ നിന്ന് ഒരു വെളിച്ചവും വ്യക്തമായ ഗ്രന്ഥവും നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു” (മാഇദ 15). ”മനുഷ്യരെ അവരുടെ സംരക്ഷകന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് നാം അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത് പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്” (14:1)