അനീതിയുടെ വക്താക്കളുമായി സന്ധി ചെയ്യുന്നത് പ്രതിരോധമല്ല
ബി പി എ ഗഫൂര്‍
ഫാസിസം എല്ലാ രൗദ്രഭാവങ്ങളോടും കൂടി രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു എന്ന വസ്തുത പ്രകടമായിരിക്കുന്നു. ഒരു പേരോ ഒരു വസ്ത്രമോ മതി ഇന്ന് രാജ്യത്തെ ഒരാളുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍. ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ അതിഭീകരമാണ് ഇന്ത്യന്‍ ഫാസിസം എന്നത് ദിനേനയെന്നോണം വ്യക്തമായിക്കൊണ്ടിരിക്കുന്നു.
2014-നു ശേഷം ഇന്ത്യയുടെ ഗതി മാറിയിരിക്കുന്നു. ഫാസിസം സര്‍വ തലങ്ങളിലും ആഴത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടികള്‍ക്കിടയിലെ പാര്‍ട്ടി എന്നതിലുപരി ബി ജെ പി രാഷ്ട്രീയവും സാംസ്‌കാരികവുമായ മേല്‍ക്കോയ്മ നേടിയെടുത്തിരിക്കുന്നു. മൂലധന ശക്തികള്‍ വെള്ളവും വളവും നല്കി അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യാ ചരിത്രം 2014-നു മുമ്പും ശേഷവും എന്നത് വ്യക്തമായി വിഭജിക്കപ്പെട്ടിരിക്കുന്നു.
2014-ല്‍ മുംബൈയിലെ റാം റഹീം മിത്ര മണ്ഡലിന്റെ മുന്നില്‍ വെച്ച് മുഹ്‌സിന്‍ ശൈഖ് എന്ന, യാതൊരുവിധ രാഷ്ട്രീയ ബന്ധങ്ങളുമില്ലാത്ത നിരപരാധിയായ ഒരു ഐ ടി പ്രഫഷണലിനെ തൊപ്പിവെച്ചു എന്ന ഒറ്റക്കാരണത്താല്‍ തല്ലിക്കൊന്ന് തുടങ്ങിയ സംഘ്പരിവാര്‍ വംശീയ വേട്ട ഇന്നതിന്റെ മൂര്‍ധന്യതയിലെത്തി നില്‍ക്കുന്നു.
ബുള്‍ഡോസര്‍ ബാബയെന്നറിയപ്പെടുന്നത് അഭിമാനമായി കരുതുന്ന മുഖ്യമന്ത്രി വരെയുള്ള രാജ്യത്ത് ഹരിദ്വാറിലെ സന്‍സദില്‍ പരസ്യമായി കൊലവിളികളുയരുന്നു. റോഹിങ്ക്യന്‍ മോഡലില്‍ ഇന്ത്യയിലെ മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറാവാത്ത ഭരണവര്‍ഗമാണ് ഇന്നുള്ളത്.
വയലന്‍സ് വിപണനോപാധിയായി മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ കലാപവും കൊലവിളിയും ഫാസിസ്റ്റുകള്‍ വിജയത്തിന്റെ ചവിട്ടുപടിയാക്കിയിരിക്കുന്നു. കൊലവിളിയും കലാപവും നടത്തുന്നവരെ മാറ്റിനിര്‍ത്തുന്നതിനു പകരം അവരെ ചേര്‍ത്തുപിടിക്കാനും ആദരവ് അര്‍പ്പിക്കാനുമുള്ള വംശീയ ദേശീയത ഉന്‍മാദാവസ്ഥയിലെത്തിയിരിക്കുന്നു. ആള്‍ക്കൂട്ടങ്ങള്‍ നിയമം കയ്യിലെടുത്ത് ശിക്ഷ വിധിച്ച് നടപ്പിലാക്കുമ്പോള്‍ ജുഡീഷ്യറി പോലും നിശ്ശബ്ദമാവുന്നു.
സാമ്രാജ്യത്വവും സയണിസവുമായി കൈകോര്‍ത്ത് ഇന്ത്യന്‍ ഫാസിസം രാജ്യത്തെ നല്ല മനുഷ്യരെപ്പോലും നിശ്ശബ്ദരാക്കുന്നു. ഐ ടി ആക്ട് ഭേദഗതി വരുന്നതോടെ മാധ്യമ സ്വാതന്ത്ര്യം കൂടി സീല്‍ ചെയ്യപ്പെടും. പ്രതികരിക്കുന്നവര്‍ക്ക് ഭൂമിലോകത്തു നിന്ന് വിട പറയേണ്ടിവരുമെന്ന് തീര്‍ച്ച. രാജ്യം 75 വര്‍ഷത്തെ അമൃതവര്‍ഷം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ പ്രബല മതന്യൂനപക്ഷമായ മുസ്‌ലിം സമുദായം ഭരണപരമായ പ്രാതിനിധ്യത്തില്‍ നിന്ന് തീര്‍ത്തും പുറത്തെറിയപ്പെട്ടു. രാഷ്ട്രനായക പദവി മുതല്‍ കേന്ദ്രമന്ത്രിസഭ, പാര്‍ലമെന്റ്, ബി ജെ പി ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭകളിലും ജനപ്രതിനിധി സഭകളിലുമെല്ലാം മുസ്‌ലിം സമുദായം ക്ലീന്‍ ഔട്ട്.
ശാസ്ത്ര സാങ്കേതിക മേഖലകളിലും വിദ്യാഭ്യാസ മേഖലയിലും സാംസ്‌കാരിക മേഖലയിലും ഹിന്ദുത്വ ഫാസിസം അതിന്റെ സാംസ്‌കാരികാധിനിവേശം പൂര്‍ണമായും നടപ്പിലാക്കിക്കഴിഞ്ഞു. ഇന്നത്തെ സര്‍ക്കാറിന്റെ മൗലികമായ അടിത്തറ തന്നെ സംഘ്പരിവാറിന്റെ സാംസ്‌കാരിക മേല്‍ക്കോയ്മയാണ്. സര്‍ക്കാറും സ്‌റ്റേറ്റും മേല്‍ക്കോയ്മാ പ്രത്യയശാസ്ത്രത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അധികാരം മാത്രം ലക്ഷ്യംവെക്കുന്ന അപരവത്കരണത്തിന്റെ ജാതി മേല്‍ക്കോയ്മ രാജ്യത്തെ ഒരു ബ്രാഹ്മണിക് ജാതി രാഷ്ട്രമാക്കാനുള്ള എല്ലാ അടിത്തറയും തീര്‍ത്തുകഴിഞ്ഞു.
ജനാധിപത്യം ഭയാധിപത്യത്തിന് വഴിമാറിയ ഇന്ത്യയില്‍ ജനാധിപത്യം ഒരു യാഥാര്‍ഥ്യമാവണമെങ്കില്‍ ജാതിരഹിതവും മതനിരപേക്ഷവുമായി ഒരു സമൂഹം വാര്‍ത്തെടുക്കപ്പെടണം. ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ പ്രഹരശേഷിയുള്ള ഇന്ത്യന്‍ ഫാസിസം രാജ്യത്തെ ജനങ്ങളുടെ നിലനില്‍പിനെ തന്നെ അപകടപ്പെടുത്തുന്ന പദ്ധതികള്‍ അവരെക്കൊണ്ടു തന്നെ നടപ്പിലാക്കിക്കും വിധം ഒരു സാമാന്യാവബോധം വളര്‍ത്തിയെടുത്തിരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമെല്ലാം പ്രതിലോമ ദേശീയതയില്‍ വിസ്മരിക്കപ്പെടുന്ന തന്ത്രപരമായ ഒരു സാമാന്യബോധം. ഇതിനെ മറികടക്കുകയെന്ന ശ്രമകരമായ ഒന്നാണ് ജനാധിപത്യ സമൂഹ സൃഷ്ടിപ്പിനായി അവശ്യമുള്ളത്.
രാജ്യം അടക്കിവാഴുന്ന ഹിന്ദുത്വ ഫാസിസം യഥാര്‍ഥത്തില്‍ ന്യൂനപക്ഷമായ ബ്രാഹ്മണിക്കല്‍ ജാതി മേല്‍ക്കോയ്മയുടെ കൈകളിലാണെന്നതിനാല്‍ തന്നെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനത ഇന്ത്യന്‍ ഫാസിസത്തിന്റെ കൂടെയില്ലെന്ന വസ്തുത തിരിച്ചറിയപ്പെടണം. ഹിന്ദുത്വ ഫാസിസം നിശ്ശബ്ദമാക്കിയ നല്ലവരായ മനുഷ്യര്‍ക്ക് ശക്തി പകരാന്‍ കൂട്ടായ മുന്നേറ്റമുണ്ടായാല്‍ ലക്ഷ്യം അകലെയല്ലെന്നാണ് ചരിത്രം നല്‍കുന്ന പാഠം.
ഹിറ്റ്‌ലര്‍ ആയിരം കൊല്ലം സ്വപ്‌നം കണ്ട് കരുപ്പിടിപ്പിച്ച ക്ലാസിക്കല്‍ ഫാസിസം 1919 മുതല്‍ 1944 വരെ കേവലം 25 വര്‍ഷം മാത്രമേ നിലനിന്നിട്ടുള്ളൂ എന്നത് നമുക്ക് ഊര്‍ജം പകരുന്നതാണ്.
സംവാദങ്ങള്‍ കൊണ്ടോ സ്‌നേഹ പ്രകടനങ്ങള്‍ കൊണ്ടോ മൃദുസമീപനം സ്വീകരിച്ചതു കൊണ്ടോ അവരെ വിളിച്ച് സ്വീകരിച്ച് അംഗീകാരം നല്‍കിയതുകൊണ്ടോ ഇന്ത്യന്‍ ഫാസിസത്തെ കീഴടക്കാമെന്നത് മൗഢ്യമാണ്. മൃദുസമീപനം കൊണ്ട് ഫാസിസത്തെ മറികടക്കാമായിരുന്നെങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കഴിയേണ്ടിയിരുന്നു.
2002-ല്‍ ഗുജറാത്തില്‍ കൂട്ടക്കശാപ്പ് നടന്നപ്പോള്‍ ഇരകള്‍ക്കു വേണ്ടി ശബ്ദിക്കാനോ അവരെ കേള്‍ക്കാനോ അവര്‍ക്കുവേണ്ടി ഒരു പെറ്റിക്കേസ് പോലും ഫയല്‍ ചെയ്യാനോ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നത് ഗുജറാത്തിലെ ഹൈന്ദവ സമൂഹത്തെ പ്രകോപിപ്പിക്കേണ്ടെന്ന് കരുതിയാണല്ലോ. എന്തിനധികം, കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജഫ്രി കൊല്ലപ്പെട്ടിട്ട് ഒരു ചെറുവിരലനക്കാന്‍ പോയിട്ട് അദ്ദേഹത്തിന്റെ വിധവ സകിയ ജഫ്രിയെ ഒന്ന് സമാധാനിപ്പിക്കാന്‍ പോലും കോണ്‍ഗ്രസ് മുന്നോട്ടു വന്നിട്ടില്ല.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ ഒഴിവാക്കുകയും പ്രകടനപത്രികയില്‍ പശുത്തൊഴുത്തും ചാണക സംസ്‌കരണവും തുടങ്ങിയ ഹിന്ദുത്വ പ്രീണന പദ്ധതികളും ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. എന്നിട്ടും രക്ഷപ്പെട്ടില്ല. മാത്രമല്ല കഴിഞ്ഞ ഗുജറാത്ത് പൊതുതെരഞ്ഞെടുപ്പില്‍ സംഘ് പരിവാറിനോട് നിരന്തരമായി വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടിയ കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി ജയിച്ചുകയറുകയും ചെയ്തു. കീഴ്‌വഴങ്ങിയല്ല പോരാടി തന്നെ വേണം ഫാസിസത്തെ പ്രതിരോധിക്കാന്‍ എന്നുവേണം മനസ്സിലാക്കാന്‍.
ഹിമാചലില്‍ സംഘ് പരിവാറിനോട് നേര്‍ക്കുനേരെ ഏറ്റുമുട്ടി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലൂടെയുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചതും ഹിന്ദുത്വ ശക്തികളോട് പോരാടിക്കൊണ്ടുതന്നെ ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ശക്തമായ ഭരണം നേടിയതും നമുക്ക് മാതൃകയായുണ്ട്.
കോര്‍പ്പറേറ്റ്
ബാന്ധവം
മുസ്‌ലിം സമുദായം ഏറെ ജാഗ്രതയോടെ രാഷ്ട്രീയ സമീപനം സ്വീകരിക്കാന്‍ തയ്യാറായാല്‍ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ കഴിയും. കോര്‍പറേറ്റ് മൂലധന താല്‍പര്യക്കാര്‍ ഫാസിസത്തിന്റെ പിണിയാളുകളായാണ് എല്ലാ കാലത്തും നിലകൊള്ളുന്നത്. ഗുജറാത്തിലെ വ്യവസായ പ്രമാണിമാരായ മുസ്‌ലിം ധനാഢ്യര്‍ എന്നും മോദിക്കൊപ്പം നിലയുറപ്പിച്ചു എന്നത് അവഗണിക്കാവതല്ല. ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് മുസ്‌ലിംകള്‍ പുറമ്പോക്കിലെറിയപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി കണ്ണീര്‍ വാര്‍ക്കാന്‍ പോലും അവിടത്തെ ധനാഢ്യ മുസ്‌ലിംകള്‍ മുന്നോട്ടുവന്നില്ല. ടീസ്റ്റ സെറ്റല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് പോലുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കോടതി വ്യവഹാരങ്ങളുമായി മുസ്‌ലിംകളെ സഹായിക്കാന്‍ രംഗത്തിറങ്ങിയപ്പോള്‍ സാമ്പത്തികമായി പോലും അവരെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ബി ജെ പിക്കനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു എന്നതാണ് ദുഃഖകരമായ സത്യം.
സമുദായത്തിലെ ധനാഢ്യര്‍ക്ക് കൃഷിചെയ്യാനും കച്ചവടം ചെയ്യാനും തൊഴിലെടുക്കാനും മറ്റും ബി ജെ പി ഭരണത്തില്‍ പ്രയാസമുണ്ടാവില്ല. അവര്‍ സേഫ് സോണിലായിരിക്കും. അവരുടെ കൂടി സംഭാവനയുടെ പിന്‍ബലത്തിലാണല്ലോ സംഘ്പരിവാര്‍ ഭരണം നിലനില്‍ക്കുന്നത്. എന്നാല്‍ ധനാഢ്യന്മാരുടെ താല്‍പര്യം സംരക്ഷിക്കാനായി മുസ്‌ലിം സമുദായം സംഘ്പരിവാര്‍ ഫാസിസത്തോട് മൃദുസമീപനം സ്വീകരിച്ചാല്‍ അത് സമുദായത്തിന്റെ നാശത്തിലേക്കാണ് വഴിവെക്കുക.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും വക്കം മൗലവിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിന് ഒരിക്കലും അനീതിയുടെ വക്താക്കളുമായി സന്ധി ചെയ്യുക സാധ്യമല്ല. ഇന്ത്യന്‍ ജനതയെ അടക്കിവാണ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അനീതിക്കെതിരെ തൂലികയേന്തി ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടാണ് വക്കം മൗലവി നവോത്ഥാന വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. കേവലം മുപ്പത് വയസ്സു മാത്രം പിന്നിട്ട വക്കം മൗലവി ‘സ്വദേശാഭിമാനി’യെന്ന പത്രം സ്ഥാപിച്ച് വൈദേശികാധിപത്യത്തിനെതിരെ ശക്തമായ തൂലികാ യുദ്ധത്തിന് നേതൃത്വം നല്‍കി. ഒന്ന് വഴങ്ങിക്കൊടുത്തിരുന്നുവെങ്കില്‍ തന്റെ പത്രാധിപരെ നാടുകടത്തുകയോ പ്രസ് കണ്ടുകെട്ടുകയോ ചെയ്യുമായിരുന്നില്ല. തല്‍ക്കാലം വഴങ്ങിക്കൊടുത്ത് മൃദുസമീപനം സ്വീകരിച്ച് തന്റെയും സമുദായത്തിന്റെയും രക്ഷകവേഷം കെട്ടാമെന്ന് മൗലവി കരുതിയില്ല. സര്‍വസ്വവും നഷ്ടപ്പെടുമെന്നായിട്ടും വക്കം മൗലവി ബ്രിട്ടീഷുകാരോട് മുഖാമുഖം നിന്ന് പോരാടി.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് സുഖാഡംബര സാധ്യതകളെല്ലാം ബലികഴിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ജീവിതം ഉഴിഞ്ഞുവെച്ചു. അനീതിയുടെ ശക്തികളോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ പോരാടി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ട വീഥിയില്‍ നെറ്റിത്തടം വിയര്‍ത്തുകൊണ്ട് യൗവനം പിന്നിടും മുമ്പേ ഈ ലോകത്തോട് വിട പറഞ്ഞു. ഇത്തരം വീരധീര നവോത്ഥാന നായകരുടെ പിന്‍മുറക്കാരെന്നവകാശപ്പെടുന്നവര്‍ തങ്ങളിലെ സമ്പന്നന്മാരുടെ താല്‍പര്യ സംരക്ഷണത്തിനും പ്രസ്ഥാനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ സുരക്ഷിതത്വത്തിനുമായി സംഘ്പരിവാറിനോട് മൃദുസമീപനം സ്വീകരിക്കുകയില്ല തന്നെ.
മുസ്‌ലിം സമുദായത്തിന് രാഷ്ട്രീയ ദിശാബോധം നല്‍കിയ വക്കം മൗലവി, കെ എം മൗലവി, കെ എം സീതി സാഹിബ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പിന്മുറക്കാരായ ഇസ്‌ലാഹീ പ്രസ്ഥാനം നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ മുസ്‌ലിം സമുദായത്തെ സജ്ജമാക്കാന്‍ ബാധ്യതപ്പെട്ടവരാണ്.
മുസ്‌ലിം സമുദായത്തില്‍ മുളച്ചുപൊന്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം വോട്ട് ബാങ്കിനെ ശിഥിലമാക്കി സംഘ്പരിവാറിന്റെ ഗതി എളുപ്പമാക്കുമെന്ന തിരിച്ചറിവ് ഇസ്‌ലാഹീ പ്രസ്ഥാനത്തിനുണ്ട്. നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ഇടതുപക്ഷകക്ഷികള്‍ തുടങ്ങിയ മതേതര കക്ഷികളുടെ ഏകോപനവും ശാക്തീകരണവും ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയെന്നതാണ് കരണീയമായിട്ടുള്ളത്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തില്‍ കേവലം 31 ശതമാനത്തോളം വോട്ടിന്റെ പിന്‍ബലമാണ് സംഘ്പരിവാറിനുള്ളത്. സംസ്ഥാനങ്ങളുടെ ഭരണം എടുത്തു പരിശോധിച്ചാലും ഒട്ടും ഭിന്നമല്ല. മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തന്നെ ബി ജെ പി അധികാരത്തിലിരിക്കുന്നത് ജനവിധിയുടെ അടിസ്ഥാനത്തിലല്ല. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളെ കോര്‍പറേറ്റുകളുടെ സഹായത്തോടെ വിലക്കെടുത്ത് ഭരണം നടത്തുകയാണ്. അതുകൊണ്ടുതന്നെ ബി ജെ പിക്ക് ഒരു ബദല്‍ വളര്‍ത്തിക്കൊണ്ടുവരികയെന്നത് മാത്രമാണ് ജനാധിപത്യ ഇന്ത്യയില്‍ ഫാസിസത്തെ നേരിടാനുള്ള ഏറ്റവും ക്രിയാത്മകമായിട്ടുള്ള മാര്‍ഗം.
രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഫാസിസത്തോട് നേരിട്ടേറ്റുമുട്ടി ധീരമായി മുന്നേറുന്ന ഈ ചെറുപ്പക്കാരനെ വിശ്വാസത്തിലെടുത്ത് സി പി എം അടക്കമുള്ള മതേതര കക്ഷികള്‍ ഒന്നിക്കുമെങ്കില്‍ 2026 പ്രത്യാശക്ക് വക നല്‍കുന്നതാണ്. ത്രിപുരയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഹകരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് ഏറെ ശുഭോദായകമാണ്. ഭാരത് ജോഡോ യാത്രയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളും സെലിബ്രിറ്റികളും സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കാളികളായി എന്നത് അവഗണിക്കാവുന്നതല്ല.
മുസ്‌ലിം ലീഗിന് ഏറെ പ്രവര്‍ത്തിക്കാനുണ്ട്. കേരളത്തെ പോലെ മുസ്‌ലിം ലീഗ് ഉത്തരേന്ത്യയില്‍ ശക്തമല്ലെന്നിരിക്കെ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നതിലുപരി ബി ജെ പിയെ പരാജയപ്പെടുത്താനുള്ള സാധ്യതകളെന്തെന്ന് കണ്ടെത്തി മുസ്‌ലിം സമുദായത്തിന് ദിശാബോധം നല്‍കുകയെന്നതാണ് ചെയ്യേണ്ടത്. വിജയസാധ്യതയില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത്സരത്തിനിറങ്ങുന്നത് മുസ്‌ലിം വോട്ടുകള്‍ ശിഥിലമാകാനും സംഘ്പരിവാറിന് കാര്യം എളുപ്പമാക്കാനും മാത്രമേ സഹായകമാവൂ.
വളരെ ദീര്‍ഘദൃഷ്ടിയോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യമുള്ള മണ്ഡലങ്ങളെ പഠനവിധേയമാക്കി ബി ജെ പിക്കെതിരെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് മുസ്‌ലിം വോട്ടര്‍മാരെ അനുകൂലമാക്കിയെടുക്കാനുള്ള ഏറെ ശ്രമകരമായ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിനും മുസ്‌ലിം സംഘടനകള്‍ക്കും ഫാസിസത്തിനെതിരിലുള്ള പോരാട്ടത്തില്‍ ചെയ്യാനുള്ളത്.
അത്തരമൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കേണ്ടത് കേരളത്തില്‍ നിന്നാണ്. മുസ്‌ലിം സംഘടനകള്‍ – പ്രത്യേകിച്ച് മുജാഹിദ് പ്രസ്ഥാനവും സമസ്തയുമെല്ലാം ഉത്തരേന്ത്യയില്‍ ഒട്ടേറെ ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അവരെയെല്ലാം സംഘടിപ്പിച്ച് ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ രാഷ്ട്രീയമായി സമുദ്ധരിക്കാനുള്ള ശ്രമത്തിന് മുജാഹിദ് പ്രസ്ഥാനം നേതൃത്വപരമായ പങ്കുവഹിക്കും എന്ന് പ്രതീക്ഷിക്കാം.