1 Wednesday
May 2024
2024 May 1
1445 Chawwâl 22

അന്ധവിശ്വാസം ജീവന്‍ കവരുമ്പോള്‍

ശാസ്ത്ര സാങ്കേതിക യുഗം ഇത്രയേറെ വികസിപ്പിച്ച 21-ാം നൂറ്റാണ്ടിലും അന്ധവിശ്വാസം ചിലരുടെയെങ്കിലും മനസ്സില്‍ രൂഢമൂലമാണെന്നതിന്റെ തെളിവാണ് പാലക്കാട് കഴിഞ്ഞ ദിവസം ആറു വയസ്സുകാരനായ മകനെ മാതാവ് കഴുത്തറുത്തു കൊന്നുവെന്ന വാര്‍ത്ത. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉന്നതി കൈവരിച്ചുവെന്ന് സ്വയം അഭിമാനിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ദൈവവിളി കേട്ട് മകനെ ബലി നല്‍കിയെന്നാണ് മാതാവ് സുബൈദ പൊലീസിനു നല്‍കിയ മൊഴി. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുന്ന ഭര്‍ത്താവോ, മറ്റു മക്കളോ അറിയാതെ അര്‍ധരാത്രിയാണ് കൂടെ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ മാതാവ് ശുചിമുറിയിലെത്തിച്ച് കാലുകള്‍ കൂട്ടിക്കെട്ടി കഴുത്തറുത്ത് കൊന്നത്. അതിനേക്കാളുപരി ആസൂത്രിതമായിരുന്നു കൊലപാതകമെന്നതാണ് ഞെട്ടിപ്പിക്കുന്നത്. കൊലക്കുപയോഗിച്ച മൂര്‍ച്ചയേറിയ കത്തി ഏതാനും ദിവസം മുമ്പ് മാത്രമാണ് ഇവര്‍ വാങ്ങിയതെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. സമീപവാസികളില്‍നിന്ന് ജനമൈത്രി പൊലീസിന്റെ ഫോണ്‍നമ്പറും ഇവര്‍ നേരത്തെ ശേഖരിച്ചു വച്ചിരുന്നു. കൊലപാതകത്തിനു ശേഷം പുലര്‍ച്ചെ മൂന്നു മണിയോടെ ഈ നമ്പരിലേക്ക് വിളിച്ചാണ് ഇവര്‍ മകനെ ബലിനല്‍കിയെന്ന് പറഞ്ഞത്.
പൊലീസ് സ്ഥലത്തെത്തുമ്പോഴും തൊട്ടടുത്ത മുറിയില്‍ കിടന്ന പിതാവും മറ്റു മക്കളും സംഭവം അറിഞ്ഞില്ല എന്നാണ് വിവരം. കൊലപ്പെടുത്തും മുമ്പ് കുട്ടി നിലവിളിച്ചിരുന്നോ, എന്തുകൊണ്ട് ഇവര്‍ അറിഞ്ഞില്ല തുടങ്ങിയ ദൂരൂഹതകള്‍ ബാക്കി നില്‍ക്കുന്നുണ്ട്. എങ്കിലും അയല്‍വാസികള്‍ നല്‍കിയ മൊഴി പ്രകാരം കുട്ടികളോട് സ്‌നേഹപൂര്‍വ്വം മാത്രമാണ് മാതാവ് പെരുമാറിക്കണ്ടിട്ടിട്ടുള്ളത്. ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കുരുന്നുകളെ പഠിപ്പിക്കുന്ന മദ്രസാ അധ്യാപികയാണ് ക്രൂരമായ ഇത്തരമൊരു കൃത്യം നടത്തിയത് എന്നതും ആശ്ചര്യജനകമാണ്. ആന്ധ്രയിലെ അന്ധവിശ്വാസക്കൊലപാതകത്തിന്റെ വാര്‍ത്ത കേട്ട് ആശ്ചര്യം കൊണ്ട മലയാളിക്കു മുന്നിലേക്കാണ് സ്വന്തം കാല്‍ചുവട്ടില്‍നിന്നുതന്നെ ഇത്തരം വാര്‍ത്തകള്‍ വരുന്നത്. കലിയുഗം പിന്നിട്ടാല്‍ മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയതെന്നാണ് ആന്ധ്രയിലെ മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ മൊഴി. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തുമ്പോള്‍ മക്കളുടെ നഗ്നമായ മൃതദേഹത്തിനു മുന്നില്‍ ഉച്ചത്തില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന മാതാവിനെയാണ് കണ്ടതെന്നാണ് റിപ്പോര്‍ട്ട്.
ഏതാനും വര്‍ഷം മാത്രം മുമ്പാണ് മണ്ണെണ്ണ ലഭിച്ചില്ലെന്ന കാരണത്താല്‍ പെട്രോള്‍ ഉപയോഗിച്ച് ആഭിചാരം നടത്തിയതിനെതുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ യുവതി പൊള്ളലേറ്റു മരിച്ചത്. ആഭിചാരവും മന്ത്രവാദ ചികിത്സയുമായി ബന്ധപ്പെട്ട് എത്രയോ മരണങ്ങള്‍ നമുക്ക് ചുറ്റും പുറത്തറിയപ്പെടാതെ പോകുന്നുണ്ട്. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം മാനവരാശിയെ മുച്ചൂടും മാറ്റിമറിക്കുമ്പോഴും പാരമ്പര്യത്തിന്റെയും പൗരോഹിത്യ സങ്കല്‍പ്പത്തിന്റെയും വേരുകളില്‍ ഊന്നിപ്പിടിച്ചുകൊണ്ടുള്ള അന്ധമായ വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തില്‍ വ്യാപകമായി തുടരുന്നുണ്ട്. മാനവരാശിയുടെ പുരോഗതിയിലേക്കുള്ള ചുവടുവെപ്പുകളെയാണ് ഇവ യഥാര്‍ഥത്തില്‍ പിറകോട്ടടിപ്പിക്കുന്നത്. പ്രത്യേകിച്ച് വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ കൃത്യവും ആധികാരികവുമായ വേര്‍തിരിവ് നിലനില്‍ക്കുന്ന ഇസ്്‌ലാമിന്റെ പേരില്‍ തന്നെ ഇത്തരത്തില്‍ അന്ധവിശ്വാസങ്ങള്‍ അരങ്ങേറുന്നുവെന്നത് ലജ്ജാകരമാണ്.
വിശ്വാസമാണ് ഇസ്‌ലാമിന്റെ ആധാരം. അത് യുക്തിസഹമായ വിശ്വാസമാണ്. യുക്തിക്കുനിരക്കാത്ത ഒരു വിശ്വാസത്തേയും ഇസ്്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അന്ധമായ വിശ്വാസമോ ആഭിചാരമോ ഇസ്്‌ലാമിന്റെ വിചാരവിശ്വാസ ധാരകളില്‍ എവിടേയും കടന്നുവരുന്നില്ല. ധനസമ്പാദനത്തിനും ചൂഷണത്തിനും വിശ്വാസത്തെ മറയാക്കുന്ന വലിയൊരു വിഭാഗം സമൂഹത്തിലുണ്ട്. ഏലസ്സ്, മാന്ത്രികം, ധനാഗമന യന്ത്രം തുടങ്ങി മാധ്യമങ്ങളില്‍ പരസ്യം നല്‍കിപ്പോലും വിശ്വാസത്തെ തട്ടിപ്പിന് ആയുധമാക്കുന്ന ആള്‍ദൈവങ്ങളുള്ള നാടാണിത്. വോട്ടു രാഷ്ട്രീയം മുന്നില്‍ കണ്ട് ഇത്തരം കേന്ദ്രങ്ങളെ നിലക്കുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ ഒരുക്കമല്ല എന്നതാണ് പ്രശ്‌നങ്ങളെ ഇത്രയധികം സങ്കീര്‍ണമാക്കുന്നത്. എന്നാല്‍ അതിനു നല്‍കേണ്ടിവരുന്ന വില വളരെ വലുതാണ്. കര്‍ണാടക മോഡല്‍ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണമെന്ന മുറവിളി വര്‍ഷങ്ങളായി കേരളത്തില്‍ ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഭരണകൂടം ചെവികൊടുത്തിട്ടില്ല. എത്ര ജീവനുകള്‍ ബലി നല്‍കിയാലാണാവോ ഇതിനൊരു ഉത്തരം ലഭിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x