അന്ധവിശ്വാസ മരണങ്ങള്‍ ഉത്തരവാദികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം: കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ
കോഴിക്കോട്: സംസ്ഥാനത്ത് മന്ത്രവാദ മരണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അന്ധവിശ്വാസം വിപണനം ചെയ്ത് ഇരകളെ സാമ്പത്തിക ചൂഷണത്തിനും ശാരീരിക പീഡനത്തിനും വിധേയമാക്കുന്ന ചൂഷകരെ സമൂഹം ഒറ്റപ്പെടുത്തണം. അന്ധവിശ്വാസവും അനാചാരവും ഇല്ലായ്മ ചെയ്യാന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശ ചെയ്ത നിയമനിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ നടപടി വേണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അന്ധവിശ്വാസ പ്രചാരകര്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കി മുഖ്യധാരയില്‍ ഇടം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് തിരുത്തണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ റശീദ് മടവൂര്‍, ടി പി ഹുസൈന്‍കോയ, പി അബ്ദുറഹിമാന്‍ സുല്ലമി, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, മെഹബൂബ് ഇടിയങ്ങര, ലത്തീഫ് അത്താണിക്കല്‍, എന്‍ ടി അബ്ദുറഹിമാന്‍, അക്ബര്‍ കാരപറമ്പ്, മുഹമ്മദലി കൊളത്തറ, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ ഫൈസല്‍ ഇയ്യക്കാട്, സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു.