23 Thursday
March 2023
2023 March 23
1444 Ramadân 1

അനന്തരാവകാശ നിയമങ്ങളെ വിവാദമാക്കുന്നത് ഗൂഢപദ്ധതി -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


മലപ്പുറം: ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ വികലമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കുന്നത് ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങളെ അംഗീകരിക്കുകയും ജീവിത രീതിയാക്കുകയും ചെയ്തവര്‍ക്കാണ് ഇസ്‌ലാമിക ശരീഅത്ത് ബാധകമെന്നിരിക്കെ അതിനെ അംഗീകരിക്കാത്തവര്‍ ഇസ്‌ലാമിലെ അനന്തരാവകാശങ്ങളെ അധിക്ഷേപിക്കുന്നത് സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ. ഇസ്‌ലാമിലെ അനന്തരാവകാശ നിയമം മാനവികതയുടെ അടിസ്ഥാനത്തിലാണെന്ന യാഥാര്‍ഥ്യം പഠിക്കാതെ വിമര്‍ശിക്കുന്നത് അസംബന്ധമാണ്.
നീതിയുടെയും തുല്യതയുടെയും സന്ദേശങ്ങള്‍ ബാധ്യതകളുടെയും അവകാശങ്ങളുടെയും മാനദണ്ഡം കൂടി പരിഗണിച്ച് വേണമെന്നതാണ് ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിന്റെ യുക്തിഭദ്രത. അവകാശങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് ബാധ്യതകളെയും കടപ്പാടുകളെയും മാനുഷിക ബന്ധങ്ങളെയും അവഗണിക്കുന്നവരാണ് ഇസ്‌ലാമിക ശരീഅത്തിനെ വികലമാക്കി ചിത്രീകരിക്കുന്നത്.
ലിംഗസമത്വത്തിന്റെ പേരു പറഞ്ഞ് ലിംഗനീതിയെ നിരാകരിക്കുകയാണ് നവലിബറല്‍ സമൂഹങ്ങള്‍ ചെയ്യുന്നത്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും അടിസ്ഥാനപരമായ സ്വാഭാവിക ഘടനയെ അവഗണിച്ച്‌കൊണ്ടുള്ള കുത്തഴിഞ്ഞ ലൈംഗികതാ സ്വാതന്ത്ര്യം സ്ത്രീകളെ കേവലം ഉപഭോഗവസ്തുവാക്കി മാറ്റിയിരിക്കുകയാണ്. സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും പരിഗണിച്ച് അര്‍ഹമായ അംഗീകാരവും അവകാശവും വകവെച്ചുകൊടുത്തുകൊണ്ട് സ്ത്രീകളെ ആദരിച്ച ഇസ്‌ലാമിനെതിരെയുള്ള ഒളിയുദ്ധം ലൈംഗിക അരാജകത്വത്തിലേക്കാണ് വഴിതെളിയിക്കുന്നതെന്ന് സമ്മേളനം വ്യക്തമാക്കി.
കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ആമുഖഭാഷണം നടത്തി.

മുജാഹിദ് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം കെ എല്‍ പി യൂസുഫ് ഹാജി നിര്‍വഹിച്ചു. നൗഫല്‍ ട്രൂബറി ലോഗോ വിശദീകരണം നടത്തി. എം അഹമ്മദ്കുട്ടി മദനി മുഖ്യ ഭാഷണം നടത്തി. ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ സമ്മേളന പ്രമേയം എം ടി മനാഫ് അവതരിപ്പിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. കെ പി സകരിയ്യ, പി അബ്ദുല്‍അലി മദനി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, സി ടി ആയിശ ടീച്ചര്‍, ആദില്‍ നസീഫ് ഫാറൂഖി, ശാദിയ, പി സുഹൈല്‍ സാബിര്‍, സലീം കരുനാഗപ്പള്ളി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x