അനന്തരാവകാശം: ശരീഅത്തില്‍ ഭേദഗതി അനുവദിക്കില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സ്ത്രീ സമത്വത്തിന്റെ പേരു പറഞ്ഞ് ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള മുസ്‌ലിം വ്യക്തിനിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുവദിക്കില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അനന്തരാവകാശ സ്വത്തില്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവകാശം വകവെച്ചു കൊടുത്തത് ഇസ്‌ലാമിക ശരീഅത്ത് ആണെന്നിരിക്കെ ഇസ്‌ലാമിക അനന്തരാവകാശ നിയമത്തെ സ്ത്രീ വിരുദ്ധമെന്ന് വികലമായി ചിത്രീകരിച്ച് ഭേദഗതി ആവശ്യപ്പെടുന്നത് കടുത്ത അപരാധമാണ്.
അനന്തരാവകാശമെന്നാല്‍ കാരുണ്യ പദ്ധതിയായല്ല ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ബാധ്യതയ്ക്കനുസൃതമായ വിഹിതമാണ് അനന്തരാവകാശം. സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ക്കാണ് അനന്തരാവകാശം നിശ്ചയിച്ചിരിക്കുന്നത്. മാതാപിതാക്കളെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ ആണുങ്ങളാണെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ആരുടെയും സംരക്ഷണ ബാധ്യത ഇസ്‌ലാം ചുമത്തിയിട്ടില്ല. എന്നിട്ടും പുരുഷന്റെ പകുതി വിഹിതം സ്ത്രീക്കും അനുവദിച്ചു നല്‍കുന്നു എന്നതാണ് ഇസ്‌ലാമിക അനന്തരാവകാശ നിയമത്തിന്റെ മഹത്വം.
പിതാവ് ജീവിച്ചിരിക്കെ മരണപ്പെട്ട മകന്റെ മക്കള്‍ക്ക് സ്വത്തു വിഹിതം നല്‍കുന്നില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. പൗത്രന്‍മാര്‍ക്ക് ആരുടെയും സംരക്ഷണ ബാധ്യതയില്ല. എന്നാലും അവര്‍ക്ക് സ്വത്തിന്റെ കേവല വിഹിതത്തേക്കാള്‍ ഉപരി സ്വത്തിന്റെ പങ്ക് ഇസ്‌ലാം വിഭാവനം ചെയ്യുന്നുണ്ട്. അനാഥരായ പൗത്രന്മാരുടെ സംരക്ഷണത്തിന് സ്വത്തിന്റെ ആനുപാതിക വിഹിതംകൊണ്ട് മാത്രം ചിലപ്പോള്‍ മതിയാകില്ല. അനാഥരായ പൗത്രന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സ്വത്തിന്റെ മതിയായ വിഹിതം വസ്വിയ്യത്ത് ചെയ്യാന്‍ ഇസ്‌ലാം നിര്‍ബന്ധിക്കുന്നുണ്ട്. മുസ്‌ലിം സമുദായവുമായി യാതൊരു ബന്ധവുമില്ലാത്ത കടലാസ് സംഘടന നല്‍കിയ പരാതി പരിഗണിച്ച് ഇസ്‌ലാമിക ശരീഅത്തില്‍ കടന്നുകയറാന്‍ അനുവദിക്കില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ അവസരം സൃഷ്ടിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്മദ്കുട്ടി മദനി, സി മമ്മു, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, പി പി ഖാലിദ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, അബ്ദുല്‍ജബ്ബാര്‍ മംഗലത്തയില്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അഡ്വ. പി മുഹമ്മദ് ഹനീഫ, എം കെ മൂസ, കെ എ സുബൈര്‍, എം എം ബഷീര്‍ മദനി, ഫൈസല്‍ നന്മണ്ട, റുക്‌സാന വാഴക്കാട്, കെ പി അബ്ദുറഹ്മാന്‍ ഖുബ, ബി പി എ ഗഫൂര്‍, ശംസുദ്ദീന്‍ പാലക്കോട്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, അബ്ദുസ്സലാം പുത്തൂര്‍, ഫഹീം പുളിക്കല്‍ പ്രസംഗിച്ചു.