അനന്തരാവകാശവും ഇസ്‌ലാംവിരുദ്ധ പ്രചാരണവും
ആയിശ ഹുദ എ വൈ
ഇസ്‌ലാമിനെതിരിലുള്ള ആരോപണങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും പ്രാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ദിനംപ്രതി കാണാന്‍ സാധിക്കുന്നത്. ദൈവത്തിന്റെ അസ്തിത്വം, സ്ത്രീകളുടെ അവകാശം തുടങ്ങി പല വിഷയങ്ങളിലും മുസ്‌ലിം സമൂഹം നിരന്തരം വേട്ടയാടപ്പെടുന്നു. അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ച് ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇസ്‌ലാമിന്റെ നിയമങ്ങള്‍ ഇസ്‌ലാമെന്ന ആശയസംഹിതയിലേക്കാണ് പ്രയോഗിക്കാന്‍ സാധിക്കുക, അല്ലാതെ ഏതെങ്കിലും ഒരു സന്ദര്‍ഭത്തെ മാത്രം അടര്‍ത്തിയെടുത്ത ഈ നിയമങ്ങള്‍ നീതിപൂര്‍വമല്ല എന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്.
കുടുംബം എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വിശാലമായ ഒരു കാഴ്ചപ്പാടാണ്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ മാത്രം അടങ്ങുന്ന ഒന്നല്ല ഒരു കുടുംബം. അതിലുപരി പ്രായമായ മാതാപിതാക്കളും സഹോദരങ്ങളും അവരുടെ കുടുംബവും ഉള്‍പ്പെടെ എല്ലാ ബന്ധവും കുടുംബത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. ഇത് മനസ്സിലാക്കാത്തവരാണ് സ്വത്ത് മക്കളില്‍ മാത്രം ഒതുക്കുന്നതിനായി പുതിയ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നതും അത് സമൂഹത്തില്‍ പുരോഗമനത്തിന്റെ അടയാളമായി കൊണ്ടാടുന്നതും. ഈ സന്ദര്‍ഭത്തില്‍ അനന്തരാവകാശ നിയമങ്ങളുടെ വിവാദത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ലേഖനങ്ങള്‍ ഏറെ പ്രസക്തമായി.