29 Friday
March 2024
2024 March 29
1445 Ramadân 19

അനന്തരാവകാശ വിവാദങ്ങളുടെ യാഥാര്‍ഥ്യവും രാഷ്ട്രീയവും

ടി റിയാസ് മോന്‍


ഏക സിവില്‍ കോഡ് നടപ്പാക്കി ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമത്തെ ദുര്‍ബലപ്പെടുത്തണമെന്ന ആവശ്യം സംഘ്പരിവാര്‍ പരസ്യമായി മുന്നോ ട്ടു വെക്കുന്നതിന് സമാന്തരമായി ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമത്തിനെതിരെ നിരന്തര പ്രചാരണങ്ങളും കോടതി വ്യവഹാരങ്ങളും നടത്തുകയാണ് സംഘ്പരിവാറിന്റെ ബി ടീമുകള്‍. സംഘ്പരിവാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫെമിനിസ്റ്റ് സംഘങ്ങളും ബുദ്ധിജീവികളുമാണ് മുസ്ലിം വ്യക്തിനിയമത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മുസ്ലിം വ്യക്തിനിയമത്തെ സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കുന്ന വിധത്തില്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമം സ്ത്രീപക്ഷ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാരിന് ഒരു സംഘം നിവേദനം നല്‍കുകയുണ്ടായി. കേരളത്തിലെ യുക്തിവാദി നേതാവായ ഇ എ ജബ്ബാറിന്റെ ഭാര്യ ഫൗസിയ, യുക്തിവാദി പ്രഭാഷകയായ പി എം സഫിയ എന്നിവര്‍ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സംഘത്തിലുണ്ട്. മലയാളത്തിലെ സംഘ്പരിവാര്‍ പ്രസിദ്ധീകരണമായ ‘കേസരി’യിലെ സ്ഥിരം എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗല്ലൂരും ‘ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസി’ലെ പ്രധാനിയാണ്.
കേരളത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന യുക്തിവാദ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാര്‍- വലതുപക്ഷ അജണ്ടയാണെന്ന നിരീക്ഷണം ഇതിനകം ഉയര്‍ന്നതാണ്. ഹിന്ദുത്വ-ഫാസിസ്റ്റ് അജണ്ടകള്‍ പ്രചരിപ്പിക്കാനാണ് രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതെന്ന വാദം ഉന്നയിച്ചത് കേരളത്തിലെ മുതിര്‍ന്ന യുക്തിവാദികള്‍ തന്നെയാണ്. സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ മെഗാഫോണാകുന്ന യുക്തിവാദി ഗ്രൂപ്പുകള്‍ കൂടുതല്‍ ഫലപ്രാപ്തിക്കു വേണ്ടി മുസ്ലിം സ്ത്രീ സംരക്ഷകരായി പ്രച്ഛന്ന വേഷമാടുകയാണ്. യുക്തിവാദി സമ്മേളനങ്ങളില്‍ നിന്ന് ഇരുട്ടിവെളുക്കുമ്പോഴേക്കും ‘ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ്’ എന്ന് പേരുമാറ്റാനുള്ള കൗശലം അപാരം തന്നെ. മുത്തലാഖ് നിരോധന നിയമത്തിനുവേണ്ടി സംഘ്പരിവാര്‍ ഉത്തരേന്ത്യയില്‍ ചില മുസ്ലിം വനിതാ ആക്ടിവിസ്റ്റുകളെ വിലക്കെടുത്തിരുന്നു. കേരളത്തിലെ മുസ്ലിം സംഘടനകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ആക്ടിവിസ്റ്റുകളെ ലഭിക്കാനില്ലാത്തതിനാല്‍ യുക്തിവാദി ഗ്രൂപ്പുകളില്‍ നിന്നാണ് സംഘ്പരിവാര്‍ ആക്ടിവിസ്റ്റുകളെ വിലക്കെടുത്ത് മുസ്ലിം വനിതാ ആക്ടിവിസ്റ്റുകളാക്കുന്നത്.
ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഇല്ലാതാക്കി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നത് സംഘ്പരിവാറിന്റെ ദീര്‍ഘകാല അജണ്ടയാണ്. മുസ്ലിം വ്യക്തിനിയമത്തെ നിരന്തരമായ പോരാട്ടത്തിലൂടെ ദുര്‍ബലപ്പെടുത്തി ഏകീകൃത സിവില്‍ കോഡിന് കളമൊരുക്കാനുള്ള ‘കുങ്കിയാന’കളെ സംഘ്പരിവാറിന് ആവശ്യമാണ്. ആ ദൗത്യമാണ് മുസ്ലിം വ്യക്തിനിയമ പരിഷ്‌കാരവാദികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ നാല് തരത്തിലുള്ള വ്യക്തിനിയമങ്ങളാണ് ഉള്ളത്. മുസ്ലിം വ്യക്തിനിയമം, ക്രിസ്ത്യന്‍ വ്യക്തിനിയമം, ഹിന്ദു വ്യക്തിനിയമം എന്നിവയാണ് മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍. എന്നാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയില്‍ മതവ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഉണ്ട്. പ്രത്യേക വിവാഹ രജിസ്ട്രേഷന്‍ നിയമം- 1954, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം -1925 എന്നിവ മതം പിന്തുടരാത്തവര്‍ക്കുള്ള സിവില്‍ നിയമങ്ങളാണ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ മതവ്യക്തിനിയമങ്ങള്‍ പിന്തുടരാത്തവര്‍ക്ക് അതിനുള്ള നിയമവ്യവസ്ഥകള്‍ രാജ്യത്തുണ്ട്.
മതരഹിതര്‍ക്കും യുക്തിവാദികള്‍ക്കും പിന്തുടരാന്‍ രാജ്യത്ത് സൗകര്യപ്രദമായ നിയമങ്ങളുണ്ടായിരിക്കെയാണ് മുസ്ലിം വ്യക്തിനിയമം അവര്‍ക്ക് അനുകൂലമായി തിരുത്തിയെഴുതണമെന്ന ജനാധിപത്യവിരുദ്ധമായ ആവശ്യം അവര്‍ ഉന്നയിക്കുന്നത്. സ്പെഷ്യല്‍ മാര്യേജ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം വിവാഹിതരായവര്‍ മരണപ്പെട്ടാല്‍ മുസ്ലിം വ്യക്തി നിയമം അനുസരിച്ചുള്ള പിന്തുടര്‍ച്ചാവകാശത്തിനു പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ചാണ് അനന്തരസ്വത്തുക്കള്‍ ഓഹരി വെക്കുന്നത്.
മുസ്ലിം വ്യക്തിനിയമം അനുസരിക്കണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം മുസ്ലിംകള്‍ക്ക് അതിനുള്ള അവസരവും, അതിന് പുറത്തുകടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള നിയമപരമായ സാഹചര്യവും നിലവില്‍ രാജ്യത്തുണ്ട്.
മുസ്ലിം വ്യക്തിനിയമം
പരിഷ്‌കരിക്കണമെന്നോ?

ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്ന ആവശ്യത്തോട് മതപരമായും രാഷ്ട്രീയപരമായും മുസ്ലിം സമുദായം വിയോജിക്കുന്നു. മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കേണ്ടത് വിശുദ്ധ ഖുര്‍ആനും ഹദീസുമാണ്. ശേഷം മുസ്ലിം ലോകത്തുണ്ടായ മതപണ്ഡിതന്മാരുടെ പ്രബലാഭിപ്രായങ്ങളും വ്യക്തിനിയമത്തില്‍ വിശദീകരണമായി ആശ്രയിക്കാറുണ്ട്. ഖുര്‍ആനിനും ഹദീസിനും വിരുദ്ധമായി മുസ്ലിം വ്യക്തി നിയമത്തെ കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യത്തോട് വിശ്വാസികള്‍ക്ക് യോജിക്കാന്‍ സാധ്യമല്ല. ഫെമിനിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനിനെയും സുന്നത്തിനെയും വ്യാഖ്യാനിക്കണമെന്ന ആവശ്യത്തോടും മുസ്ലിം സമുദായത്തിന് യോജിക്കാനാവില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളാണെന്നും, അത് മനുഷ്യര്‍ക്ക് സന്മാര്‍ഗം കാണിക്കുന്നുവെന്നുമുള്ള വിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. ദൈവവാക്യങ്ങളെ മനുഷ്യന് തിരുത്താനുള്ള അവകാശമില്ല. വിശുദ്ധ ഖുര്‍ആന്‍ ഒരു കാലത്തും റദ്ദായിപ്പോകുന്നുമില്ല. വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ റദ്ദ് ചെയ്ത് മുസ്ലിം വ്യക്തി നിയമം പരിഷ്‌കരിക്കണമെന്ന വാദം അതിനാല്‍ തന്നെ അപ്രസക്തമാണ്. ഖുര്‍ആനിനെ റാഡിക്കല്‍ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കണമെന്ന ആവശ്യവും അസ്ഥാനത്താണ്. വിശുദ്ധ ഖുര്‍ആനിനെ ആയിരത്തിലേറെ വര്‍ഷങ്ങള്‍ മുസ്ലിംകള്‍ വ്യാഖ്യാനിച്ചതിന് വിരുദ്ധമായ ഒരു വ്യാഖ്യാനവും സ്വീകാര്യമല്ല.
രാജ്യത്തെ മുസ്ലിം വ്യക്തിനിയമം രൂപപ്പെടുന്നത് 1937ലാണ് (മുസ്ലിം പേഴ്സണല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് 1937). ഇന്ത്യ റിപ്പബ്ലിക് ആകുന്നത് 1950ലാണ്. ഇന്ത്യന്‍ ഭരണഘടനയിലെ 26 മുതല്‍ 30 വരെ വകുപ്പുകള്‍ മതസ്വാതന്ത്ര്യവും, ന്യൂനപക്ഷാവകാശങ്ങളും ഉറപ്പുവരുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതക്ക് വേണ്ടിയുള്ള വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്ന് വാദിക്കുന്നവര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യവും സാംസ്‌കാരികാവകാശങ്ങളും ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ടെന്നത് മറന്നുപോവുകയാണ്. ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ മുസ്ലിം ലീഗ് പ്രതിനിധികളായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും ബി പോക്കര്‍ സാഹിബും ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്ലിംകളുടെ മതപരവും, സാംസ്‌കാരികവുമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന ബോധ്യത്തിലാണ് അവര്‍ ഭരണഘടനയില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ ഭരണഘടനയില്‍ അന്നുമുതല്‍ ഏഴ് പതിറ്റാണ്ട് കാലം രാജ്യത്തെ മുസ്ലിംകള്‍ അര്‍പ്പിച്ച വിശ്വാസത്തെ കൂടിയാണ് വ്യക്തിനിയമ പരിഷ്‌കരണത്തിന്റെ മറവില്‍ ഒരു സംഘം പാവനാടകക്കാര്‍ ചോദ്യം ചെയ്യുന്നത്.
മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് നിരോധന നിയമത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി വ്യക്തമാക്കിയതാണ്. അമിത്ഷായും നരേന്ദ്ര മോദിയും അത് ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്ത് നിത്യവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതിനിടയില്‍, ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ്ലിം ചേരികള്‍ ഇടിച്ചു നിരത്തുന്നതിനിടയിലാണ് മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുമെന്ന പ്രസ്താവന ബി ജെ പി നടത്തുന്നത്. കര്‍ണാടകയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ അതേ ബി ജെ പി മൗനം പാലിച്ചു എന്നത് വേറെ കാര്യം. ബി ജെ പിയെക്കാള്‍ വീര്യം കൂടിയ കപടരാണ് തങ്ങളെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തെ മുസ്ലിം വ്യക്തിനിയമത്തെ തന്നെ ദുര്‍ബലപ്പെടുത്തണമെന്ന ആവശ്യവുമായി കോടതി കയറിയത്. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മേല്‍ ഫെമിനിസത്തിന്റെ മേലങ്കിയണിഞ്ഞ് വരുന്ന ഈ കപട ആക്ടിവിസത്തിനെതിരെ രാജ്യത്തെ മതേതര ചേരിയിലുള്ള സ്ത്രീകൂട്ടായ്മകള്‍ രംഗത്തുവരേണ്ടതുണ്ട്.
വ്യക്തിനിയമത്തില്‍
സംവാദത്തെ
ഭയക്കുന്നുവോ?

ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അയാളുടെ മകന്‍ മരണപ്പെടുകയും ആ മകന് മക്കളുണ്ടായിരിക്കുകയും ചെയ്യുന്നു. ശേഷം ആ വ്യക്തി മരണപ്പെട്ടാല്‍ ആ അനാഥരായ പേരക്കുട്ടികള്‍ക്ക് സ്വത്തില്‍ അവകാശമില്ല എന്നതാണ് മുസ്ലിം വ്യക്തിനിയമത്തിന്റെ പരിമിതിയായി ഉയര്‍ത്തിക്കാണിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പതിനായിരക്കണക്കിന് അനാഥര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും വീടും സ്വത്തുക്കളും നല്‍കിയ സമുദായമാണ് കേരളത്തിലെ മുസ്ലിംകള്‍. ലോകത്തിന്റെ എല്ലാ ഭാഗത്തും യത്തീമുകളോട് മുസ്ലിംകളുടെ സമീപനം എന്താണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അനാഥരായ പൗത്രന്‍മാരെ കുറിച്ച് അനന്തരാവകാശ സ്വത്തില്‍ ഓഹരി നിശ്ചയിച്ച് പറഞ്ഞിട്ടില്ല എന്നതാണ് വ്യക്തിനിയമ വിമര്‍ശകരുടെ പരിഭവം. ചോദിച്ചു വാങ്ങാനാവുന്ന അവകാശങ്ങളെ കുറിച്ച് പറഞ്ഞ മതം, ചോദിക്കാതെ ലഭിക്കേണ്ട അനുഗ്രഹങ്ങളില്‍ കൂടി പ്രതീക്ഷ വെക്കാന്‍ വിശ്വാസികളെ പഠിപ്പിക്കുന്നു. പിതാമഹന്റെ സ്വത്തില്‍ നിന്ന് പങ്ക് ലഭിക്കാതെ പോയ അനാഥമക്കളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ സംസ്ഥാനത്ത് ശരീഅത്ത് വിരുദ്ധരുടെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുകയാണ്. മുസ്ലിം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെ ആ കുടുംബങ്ങള്‍ അഭിമാനത്തോടെ ജീവിക്കുന്നുണ്ട് എന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍. അതില്‍ അപവാദങ്ങള്‍ ഉണ്ടെങ്കില്‍ അവരെ മുസ്ലിം വ്യക്തി നിയമ പ്രചാരത്തില്‍ പങ്കാളികളാക്കാമോ എന്ന ആലോചനകള്‍ വളരെ സജീവമായി നടക്കുന്നുണ്ട്.
ഒരാള്‍ക്കുള്ളത് ഒറ്റ മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് അനന്തരാവകാശത്തില്‍ പകുതി അവകാശമാണ് ഉള്ളതെന്ന് ശരീഅത്ത് പറയുന്നു. ശരീഅത്ത് പ്രകാരം അയാളുടെ സ്വത്തിന്റെ ഭാഗം അയാളുടെ തന്നെ സഹോദരങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട് എന്നതാണ് ഫെമിനിസ്റ്റുകളുടെ ഇസ്ലാം വിമര്‍ശനത്തിന്റെ കാതല്‍. മക്കള്‍ മാത്രമല്ല, മാതാപിതാക്കളും സഹോദരങ്ങളും കൂടി ഉള്‍പ്പെടുന്നതാണ് ഇസ്ലാമിക കാഴ്ചപ്പാടിലുള്ള കുടുംബം. വിട്ടുവീഴ്ചയും, ഉദാരതയും കാണിച്ചുകൊണ്ട് മുസ്ലിം സമൂഹം അതിനകത്തുള്ള ദായക്രമങ്ങളെ വ്യവഹാരരഹിതമായി പരിഹരിച്ചിട്ടുണ്ട്. അതു കൊണ്ടാണ് 90 ലക്ഷത്തോളം വരുന്ന കേരള മുസ്ലിംകള്‍ക്കിടയില്‍ നിന്ന് ശരീഅത്തിന്റെ ഇരകളാണെന്ന് പ്രഖ്യാപിക്കുന്ന ആയിരം പേരെ പോലും ശരീഅത്ത് വിരുദ്ധര്‍ക്ക് ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കാത്തത്.
ഇസ്ലാമിക ശരീഅത്തിനെ കുറിച്ചുള്ള സംവാദങ്ങളെ അഭിമുഖീകരിക്കാന്‍ മുസ്ലിം സമുദായത്തിന് ഭയമില്ല. ഇസ്ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക ജീവിതത്തിന്റെ ഗുണഫലങ്ങള്‍ ആ സമുദായത്തിലെ മുഴുവന്‍ മനുഷ്യരും അനുഭവിക്കുന്നുണ്ട്. സംഘ്പരിവാറിനോടും സംഘ്പരിവാറിന്റെ ഏജന്‍സികളോടും സംവാദം അപ്രസക്തമാണ് എന്നതുകൊണ്ടാണ് സ്വത്തവകാശ വിഷയത്തില്‍ സംഘ്പരിവാര്‍ സ്പോണ്‍സേഡ് ഫെമിനിസ്റ്റ് ഗ്രൂപ്പുകളോട് മുസ്ലിംകള്‍ അകല്‍ച്ചപാലിക്കുന്നത്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x