29 Friday
March 2024
2024 March 29
1445 Ramadân 19

സ്ത്രീകളുടെ സ്വത്തവകാശം പുരുഷന്മാരുടെ പകുതി മാത്രമോ?

പി മുസ്തഫ നിലമ്പൂര്‍

ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ പരിഗണനയും സ്ഥാനവും മനസ്സിലാകണമെങ്കില്‍, ജാഹിലിയ്യത്തില്‍ അവരുടെ അവസ്ഥ എന്തായിരുന്നുവെന്ന് മനസ്സിലാക്കണം. സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും അന്നത്തെ സമൂഹം അനുവദിച്ചിരുന്നില്ല.
”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത.) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം.” (വി.ഖു 16:58,59)
ജീവനോടെ കുഴിച്ചു മൂടപ്പെട്ട കുട്ടിയെയും പിതാവിനെയും പരലോകത്ത് വിചാരണ ചെയ്യപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് ഖുര്‍ആന്‍ താക്കീത് നല്‍കി. ”(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്.” (വി.ഖു 81:8,9)
സ്ത്രീകളും പുരുഷന്മാരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളില്‍ പെട്ടവരും, ഒരേ മാതാപിതാക്കളുടെ സന്താനങ്ങളുമാണെന്ന മാനവിക സന്ദേശമാണ് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്നും സൃഷ്ടിക്കുകയും, അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.” (വി.ഖു 4:1)
പുരുഷനെന്നോ സ്ത്രീയെന്നോ പരിഗണിച്ചല്ല ഒരാളുടെ മഹത്വം നിര്‍ണയിക്കുന്നത്. അവരുടെ ധര്‍മബോധം അടിസ്ഥാനമാക്കിയാണ്. ”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (വി.ഖു 49:13)
സ്ത്രീകള്‍ക്ക് ആത്മാവ് പോലുമില്ലെന്ന് ധരിക്കപ്പെടുകയും കേവലം ഭോഗവസ്തുവായി മാത്രം കാണുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് പ്രവാചകന്‍(സ) ഭൂജാതനായത്. മനുഷ്യന്റെ ഏറ്റവും ഉത്തമമായ സൗഭാഗ്യം സദ്‌വൃത്തയായ ഇണയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ഏറ്റവും കൂടുതല്‍ പരിചരണത്തിന് അവകാശപ്പെട്ടത് മാതാവാണെന്ന് മൂന്ന് തവണ ആവര്‍ത്തിച്ച പ്രവാചകന്‍(സ) നാലാമത്തെ തവണ പിതാവ് എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്.
മാതാപിതാക്കളെ പൊതുവായും മാതാക്കളെ വിശേഷിച്ചും ആദരിക്കണമെന്ന് ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സ്വര്‍ഗം മാതാക്കളുടെ കാല്‍പാദങ്ങള്‍ക്ക് ചുവട്ടിലാണ് എന്ന് പഠിപ്പിച്ചു. സ്ത്രീകള്‍ക്ക് സ്വത്തിന് ഒട്ടും അവകാശമില്ലാത്ത, എന്നാല്‍ സ്ത്രീയും സ്വത്തുക്കളും അനന്തരം എടുക്കപ്പെടുന്ന കാലഘട്ടത്തിലാണ് ഈ സന്ദേശം സമൂഹത്തിന് ഇസ്‌ലാം നല്‍കിയത്. പിതാവ് മരിച്ചാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മാത്രമല്ല പുരുഷന്മാര്‍ അനന്തരം എടുത്തിരുന്നത്, അദ്ദേഹത്തിന്റെ ഭാര്യയെ കൂടിയായിരുന്നു.
”സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്കനുവദനീയമല്ല. അവര്‍ക്കു (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്.” (വി.ഖു 4:19)
”നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്‍ഗവുമാകുന്നു.” (വി.ഖു 4:22)
ഈ ദുഷിച്ച സമ്പ്രദായം അവസാനിപ്പിക്കുകയും സ്ത്രീകള്‍ക്ക് അവരുടേതായ അവകാശങ്ങളും സ്വത്തുക്കളില്‍ നിര്‍ബന്ധമായ ഓഹരിയും പ്രഖ്യാപിക്കുകയും ചെയ്തു. ”സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്.” (വി.ഖു 2:228)
”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.” (വി.ഖു 4:7)
സ്വന്തമായി സ്വത്ത് സമ്പാദിക്കാനും വിനിമയം ചെയ്യാനുമുള്ള അവകാശം ഇസ്‌ലാം അവള്‍ക്ക് നല്‍കി. ഭര്‍ത്താവിന് പോലും അവളുടെ അനുവാദമില്ലാതെ അവളുടെ സ്വത്ത് വിനിമയം ചെയ്യാന്‍ അവകാശമില്ല. എന്നാല്‍ ഭര്‍ത്താവിന്റെ ധനത്തില്‍ നിന്ന് ന്യായമായത് എടുക്കാനും ആവശ്യമാകുമ്പോള്‍ ദാനം ചെയ്യാനും സ്ത്രീക്ക് അവകാശം നല്‍കുന്നു. അവള്‍ സാമ്പത്തിക ശേഷി ഉള്ളവളാണെങ്കിലും ഉദ്യോഗസ്ഥയാണെങ്കിലും ഈ അവകാശത്തില്‍ മാറ്റമില്ല. കുടുംബത്തിന്റെ സാമ്പത്തികബാധ്യത പുരുഷനാണ്. അതുകൊണ്ടാണ് കുടുംബത്തിന്റെ നായകത്വം ഇസ്‌ലാം പുരുഷനെ ഏല്‍പ്പിച്ചത്. ”പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്.” (വി.ഖു 4:34)
വിവാഹം കഴിക്കുന്നതുവരെ പിതാവിന്റെയോ സഹോദരന്റെയോ അടുത്ത ബന്ധുവായ പുരുഷന്റെയോ സംരക്ഷണത്തിലാണ് സ്ത്രീ ഉള്ളത്. വിവാഹിതയാകുമ്പോള്‍ മഹ്ര്‍ എന്ന ധനം അവള്‍ക്ക് നല്‍കി അവളുടെ സംരക്ഷണം ഭര്‍ത്താവ് ഏറ്റെടുക്കുന്നു. പിന്നീട് ഭര്‍ത്താവോ ആണ്‍മക്കളോ അടുത്ത ബന്ധുക്കളോ സംരക്ഷിക്കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തികബാധ്യത ഒന്നും ഇല്ലാതിരുന്നിട്ടും സ്വത്തവകാശത്തില്‍ അര്‍ഹമായ പങ്ക് ഇസ്‌ലാം അവള്‍ക്ക് നല്‍കുന്നുണ്ട്. സ്വത്തവകാശത്തില്‍ അടിസ്ഥാന അളവായി സ്ത്രീയുടെ അവകാശമാണ് പരിഗണിച്ചത്. രണ്ട് സ്ത്രീയുടെ ഓഹരി ഒരു പുരുഷന് എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. പുരുഷന്റെ പകുതി സ്ത്രീക്ക് എന്നല്ല. ഏത് കാലഘട്ടത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നതെന്ന് നാം വിലയിരുത്തണം.

സ്ത്രീക്ക് പകുതി
മാത്രമോ?

ഇസ്‌ലാമില്‍ സ്ത്രീക്ക് പകുതി മാത്രമേ സ്വത്ത് ലഭിക്കൂ എന്ന് ആരോപിക്കുന്നത് ഇസ്‌ലാമിന്റെ അനന്തരാവകാശ നിയമത്തെ സംബന്ധിച്ച് അറിവില്ലാത്തതു കൊണ്ടാണ്. നിര്‍ണ്ണിത ഓഹരിയില്‍ ഏറ്റവും കൂടുതല്‍ മൂന്നില്‍ രണ്ട് ആകുന്നു. അതിലെ അവകാശികള്‍ മുഴുവന്‍ സ്ത്രീകള്‍ മാത്രമാണ്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തില്‍ പുരുഷനേക്കാള്‍ സ്ത്രീക്ക് കുറവ് ലഭിക്കുന്നതും തുല്യമായി ലഭിക്കുന്നതും പുരുഷനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നതുമായ സാഹചര്യങ്ങളുണ്ട്.
ഒരാള്‍ മരിച്ചു. അദ്ദേഹത്തിന് മാതാവ്, രണ്ട് ആണ്‍കുട്ടി, ഒരു പെണ്‍കുട്ടി എന്നിങ്ങനെ അവകാശികള്‍ ആയിട്ടുണ്ടെങ്കില്‍ സ്വത്ത് ആറായി ഭാഗിച്ച്, മക്കള്‍ ഉള്ളതിനാല്‍ മാതാവിന് ആറിലൊന്ന് കിട്ടും. ബാക്കി വന്ന അഞ്ച് ഓഹരികളില്‍ നാല് ഓഹരി (രണ്ടു ഓഹരി വീതം) രണ്ട് പുരുഷന്മാര്‍ക്കും ബാക്കിവന്ന ഒരോഹരി പെണ്‍കുട്ടിക്കും നല്‍കുന്നു. ഇവിടെ ആണ്‍കുട്ടിയുടെ പകുതിയാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്.
മരിച്ച വ്യക്തിക്ക് ഭാര്യയും മാതാപിതാക്കളും മകളും സഹോദരനും സഹോദരിയും ഉണ്ടെങ്കില്‍ അവകാശിയായ മകള്‍ക്ക് ഏകമകള്‍ ആയതിനാല്‍ പകുതി ലഭിക്കും. ആറിലൊന്ന് ഉമ്മാക്കും ലഭിക്കും. ബാക്കി വരുന്നത് ശിഷ്ടാവകാശിയായ ഉപ്പാക്ക് ലഭിക്കും. അതായത് സ്വത്ത് ആറായി ഭാഗിച്ചാല്‍ മകള്‍ക്ക് മൂന്ന് ഓഹരി, ഒരു ഭാഗം മാതാവിന്, ബാക്കി രണ്ട് ഭാഗം ഉപ്പാക്ക്, ഉപ്പയുള്ളതിനാല്‍ സഹോദര സഹോദരിമാര്‍ക്ക് സ്വത്ത് ലഭിക്കില്ല. ഇവിടെ സംരക്ഷകനായ പിതാമഹന് ആറില്‍ രണ്ട് ആണ് കിട്ടുന്നത്. എന്നാല്‍ സ്ത്രീയായ മകള്‍ക്ക് ആറില്‍ മൂന്ന് കിട്ടുന്നു. ഇവിടെ പുരുഷനേക്കാള്‍ സ്ത്രീക്ക് ലഭിക്കുന്നു. സംരക്ഷിക്കേണ്ട ബാധ്യത പുരുഷനായിട്ടുപോലും ഏക മകള്‍ എന്ന നിലയില്‍ പകുതി മകള്‍ക്ക് ലഭിക്കുന്നു.
പരേതന് ഉമ്മയും ഉപ്പയും രണ്ടു പെണ്‍മക്കളും ഉണ്ടെങ്കില്‍ രണ്ടു പെണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ട് ഓഹരിയാണുണ്ടാവുക. ബാക്കിയുള്ളത് ഉമ്മയും ഉപ്പയും തുല്യമായി പങ്കുവെക്കുന്നു, അതായത് ആറായി ഭാഗിച്ചാല്‍ 4 ഭാഗം 2 പെണ്‍മക്കള്‍ക്കും ഓരോ ഭാഗം വീതം മാതാവിനും പിതാവിനും ലഭിക്കും. ഇവിടെ മാതാവിനും പിതാവിനും തുല്ല്യമായ ഓഹരിയാണ് ലഭിക്കുന്നത്.

3.7 3 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x