ആനന്ദം കണ്ടെത്താനുള്ള വഴി
സാജിദ് പൊക്കുന്ന്
മനസ്സില്‍ കൊത്തിവെക്കാവുന്ന ചെറിയ വാക്കുകളില്‍ വലിയ ചിന്തകള്‍ സമ്മാനിക്കുന്ന പുസ്തകമാണ് ഷെരീഫ് സാഗറിന്റെ ‘ആനന്ദത്തിന്റെ മുള്ളുകള്‍’. പതിമൂന്ന് ചെറിയ തലക്കെട്ടിലൂടെ നിരവധി ചിന്തകളുടെ പൂന്തോപ്പ് ഈ പുസ്തകം സമ്മാനിക്കുന്നുണ്ട്. വായനയില്‍ മനസ്സിനെ സപര്‍ശിച്ച ഒരു ചിന്ത ഇവിടെ കുറിക്കട്ടെ: ‘ആരുമില്ലാത്തവരുടെ ആശ്വാസങ്ങളിലൊന്നാണ് നല്ല അയല്‍ക്കാര്‍. എന്നാല്‍ നമ്മുടെ അയല്‍ക്കാരെ നമുക്കറിയുമോ? ഇന്ത്യയില്‍ ഏറ്റവുമധികം മതിലുകളുള്ള സംസ്ഥാനം കേരളമായിരിക്കും. വീടു വെക്കുന്നതിനു മുമ്പേ മതില്‍ കെട്ടാനാണ് നമ്മുടെ ആഗ്രഹം. ചിലതൊക്കെ ആര്‍ക്കും എത്തി നോക്കാനാവാത്തത്. ജയിലിന്റെ മതില്‍ പോലെ ഉയരമുള്ളത്. അകത്തുള്ളതൊന്നും കാണാതിരിക്കാനായി കെട്ടിപ്പൂട്ടിയത്.’
ദൈവീകമായ എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കുന്നതിനിടയിലും ലഭിക്കാതെ പോയ വിഭവങ്ങളെ കുറിച്ച് ദൈവത്തോട് പരാതി പറയുന്ന മനുഷ്യരാണ് അധികവും. ഈ കൃതി നമുക്ക് ലഭ്യമായ അനുഗ്രഹങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ദൈവത്തെ സ്തുതിക്കാന്‍ പ്രചോദനം നല്‍കുന്നു. പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ തന്നെ കണ്ണുകാണാത്ത ‘ഹെലന്‍ കെല്ലറില്‍’ നമ്മുടെ കണ്ണുകള്‍ ഒന്നു പതിയും. ഒരുപാട് കാഴ്ചകള്‍ ഉണ്ടായിട്ടും കാണേണ്ടത് ഒന്നും കാണാതെ പോകുന്ന മനുഷ്യര്‍ക്കുള്ള ഓര്‍മപെടുത്തലായിട്ടാണ് ലേഖകന്‍ ഹെലന്‍ കെല്ലറെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഒരടി പിന്നോട്ടു വെച്ചത് മൂന്നടി മുന്നോട്ട് ചാടാനാണെന്ന് പറയാറുള്ളതു പോലെ ജീവിതയാത്രയിലെ തളര്‍ച്ചയും തകര്‍ച്ചയും ഉയര്‍ച്ചയിലേക്കും ഉണര്‍വിലേക്കും എത്താനുള്ളതാകണം. നിരാശയോടെ നില്‍ക്കുന്ന പ്രവാചകന് പടച്ചവന്‍ നല്‍കിയ ആശ്വാസ വാക്കുകള്‍ സൂറതു ‘ദ്വുഹാ’യിലൂടെ പറയുന്നുണ്ട്. നിന്റെ നാഥന്‍ നിന്നെ വിട്ടുകളഞ്ഞിട്ടില്ല എന്നാണ് അതിലെ പ്രധാന ഭാഗം. എപ്പോഴും ചേര്‍ത്തു പിടിക്കാനും എല്ലാം പറയാനും ഒരാളുണ്ടാവുക എന്നതാണ് ഏതൊരു മനുഷ്യനും ജീവിക്കാനുള്ള നവോന്മേഷം.
പരിഭവങ്ങളില്‍ നിന്ന് സ്തുതികീര്‍ത്തനങ്ങളിലേക്കും പരാതി പറച്ചിലില്‍ നിന്ന് തൃപ്തിപ്പെടലിലേക്കും മനസ്സിനെ കൊണ്ടുപോകാന്‍ ഈ പുസ്തകവായന നമ്മെ സഹായിക്കും. മക്കളുടെ വഴികാട്ടി നമ്മള്‍ തന്നെയാണ്. പുസ്തകത്തിലെ ഒരു വാചകം കടമെടുത്ത് പറയട്ടെ ‘നമ്മുടെ മക്കളെ ചേര്‍ത്താന്‍ പറ്റിയ ഏറ്റവും നല്ല സ്‌കൂള്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് നമ്മളെന്ന സ്‌കൂളാണ്. നമ്മളില്‍ നിന്ന് കിട്ടുന്ന അറിവുകളുടെയും അനുഭവങ്ങളുടെയും ആഴമാണ് അവനെയും അവളെയും അവരാക്കി മാറ്റുന്നത്. ജീവിക്കാന്‍ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാന്‍ ആളുണ്ടെന്നും നമ്മെ കാണുമ്പോള്‍ മക്കള്‍ക്ക് തോന്നണം.”
മക്കളുടെ കുമ്പസാരക്കൂടും ആശ്വാസകേന്ദ്രവുമായി മാറാന്‍ നമുക്ക് കഴിയണം. എന്നാല്‍ അതിരുകളില്ലാത്ത സ്‌നേഹവും പരിഗണനയും പ്രാര്‍ത്ഥനയും എന്നും നമുക്കു വേണ്ടി ഉണ്ടാകും. പ്രവാചക വചനങ്ങളും മഹത് വ്യക്തികളുടെ വാക്കുകളും അനുഭവങ്ങളും കോര്‍ത്തിണക്കി ഒരുപാട് ചിന്തകള്‍ കൈമാറുന്ന പുസ്തകമാണ് ആനന്ദത്തിന്റെമുള്ളുകള്‍.