15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

അനാഥരാകുന്ന വയോജനങ്ങള്‍

റഹ്മാന്‍ വാഴക്കാട്

ദൈവത്തിന്റെ സ്വന്തം നാടെന്ന് പുകള്‍പെറ്റ കേ രളത്തില്‍ അടുത്തിടെയായി നാം കേട്ട വാര്‍ത്തകള്‍ അത്ര സുഖകരമല്ല. തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ 42 മനുഷ്യരെ തിരികെ കൊണ്ടുപോകാന്‍ ആളില്ലാതെ അനാഥരായ സംഭവമാണത്. അവരൊക്കെയും മക്കളും പേരമക്കളും ഉള്ളവരും ഒരുകാലത്ത് ഉന്നത പദവി അലങ്കരിച്ചിരുന്നവരുമാണെന്നാണ് അറിഞ്ഞത്. ഉറ്റവരും ഉടയവരും കൂടപ്പിറപ്പുകളുമെല്ലാം ഉണ്ടായിട്ടും അനാഥരായ പച്ചമനുഷ്യരാണ് ആ പാവങ്ങള്‍. ആശുപത്രിയില്‍ അഡ്മിഷന്‍ സമയത്ത് നല്‍കിയ വ്യാജ മേല്‍വിലാസമാണ് ഇവര്‍ അവഗണിക്കപ്പെടാന്‍ ഉണ്ടായ കാരണം. രോഗം ഭേദമായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ മേല്‍വിലാസവും കൊടുത്ത ഫോ ണ്‍ നമ്പറും തെറ്റായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ക്ക് ബോധ്യം വന്നപ്പോഴാണ് ലോകം ഇത് അറിഞ്ഞത്.
യൂറോപ്യന്‍ നഗരങ്ങളില്‍ മാത്രം പറഞ്ഞു കേട്ട വൃദ്ധസദനങ്ങള്‍ ഇന്ന് പല പേരുകളിലായി സാക്ഷര കേരളത്തില്‍ സുലഭമായിക്കഴിഞ്ഞു. മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുമ്പോള്‍ അവരെ എങ്ങനെ സമര്‍ഥമായി ഒഴിവാക്കാമെന്ന ചിന്തയും പുതിയ പരീക്ഷണവുമാണ് തിരുവനന്തപുരത്ത് കണ്ടത്.
ഭാര്യാഭര്‍ത്താക്കന്മാരുടെ ജോലിക്കും അവരുടെ മക്കളുടെ ഉപരിപഠനത്തിനും സുഖകരമായ ജീവിതത്തിനും പ്രതിബന്ധമാകുന്നത് വൃദ്ധരായ മാതാപിതാക്കളാണ് എന്നാണ് പലരും കരുതുന്നത്. ചിലരൊക്കെ ഹോം നഴ്‌സുമാരെ വെച്ചുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. എന്നാല്‍, ഇതാകുമ്പോള്‍ ഒരു ചെലവുമില്ലാതെ മരുന്നടക്കം ഡോക്ടര്‍മാരുടെ ചികിത്സയും കിട്ടുന്നു എന്നതാണ് പുതിയ പരീക്ഷണത്തിലേക്ക് വരാന്‍ അവരെ പ്രേരിപ്പിച്ചത് എന്നു മനസ്സിലാക്കാം. തങ്ങള്‍ക്ക് താങ്ങും തണലുമാകുമെന്ന പ്രതീക്ഷയില്‍ കഷ്ടപ്പെട്ട് പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ക്ക് മക്കള്‍ നല്‍കിയ സംഭാവനയാണ് ഇത്.
വയോധികരെ സംരക്ഷിക്കാനും അവരുടെ സുരക്ഷയ്ക്കും വേണ്ടി സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിനു കീഴില്‍ ധാരാളം പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ജീവിതസന്ധ്യയില്‍ അനാഥത്വത്തിലേക്ക് തള്ളിവിടുന്നവരെ പുനരധിവസിപ്പിക്കാന്‍ ഫലപ്രദമായ പരിപാടികള്‍ നടപ്പാകുന്നില്ല എന്നതാണ് മറ്റൊരു കാര്യം. മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പതിനായിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വയോജന കേന്ദ്രങ്ങള്‍ ഉള്ള സംസ്ഥാനമായി പ്രബുദ്ധ കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരിചരണ കേന്ദ്രങ്ങളും അതിലെ അന്തേവാസികളുടെ എണ്ണവും പെരുകിവരുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ നല്ലൊരു ശതമാനവും മക്കള്‍ ജീവിച്ചിരിക്കുന്ന അന്തേവാസികളാണെന്നതാണ് പരമ സത്യം.
വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ മകന്‍ അച്ഛനെ തെരുവില്‍ തള്ളിവിട്ടതും, ചോരയും നീരും കുടുംബത്തിനു വേണ്ടി നല്‍കി ആരോഗ്യമുള്ള കാലത്ത് മരുഭൂമിയില്‍ കഴിഞ്ഞ പ്രവാസികളെ ചില ഭാര്യമാരും മക്കളും തെരുവില്‍ തള്ളിവിട്ട കഥകളും നമ്മുടെ മുമ്പിലുണ്ട്. ആധുനികലോകം ഉപയോഗിച്ച് വലിച്ചെറിയുക എന്ന പുതിയ തിയറിയിലേക്ക് വേഗത്തില്‍ നടന്നടുക്കുകയാണ് എന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ജീവിതസായാഹ്നത്തില്‍ ശാന്തിയും സമാധാനവും പകര്‍ന്നുകൊടുക്കേണ്ടവര്‍ അനാഥ വാര്‍ധക്യമാണോ വളര്‍ത്തി വലുതാക്കിയവര്‍ക്ക് തിരിച്ചുകൊടുക്കേണ്ടത് എന്ന പ്രസക്തമായ ചോദ്യം ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. സംസ്‌കാരസമ്പന്നരെന്ന് അഭിമാനിക്കുന്നവര്‍ ഉന്നതമൂല്യങ്ങള്‍ വിസ്മരിച്ച് ദുന്‍യാവില്‍ എന്തു നേടിയിട്ടെന്താണെന്ന് നമുക്ക് ചോദിക്കേണ്ടിവരുന്നു.
നമ്മള്‍ നമ്മുടെ മാതാപിതാക്കളോട് ചെയ്യുന്നത് നമ്മുടെ മക്കളും കാണുന്നുണ്ടെന്നത് മറക്കാതിരിക്കുക. ഫലം ഇന്നല്ലെങ്കില്‍ നാളെ അനുഭവത്തില്‍ വരും എന്നത് സത്യമാണ്. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും അനാഥരാകുന്ന വയോജനങ്ങളുടെ തേങ്ങല്‍ കാണാതെ പോകരുത്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്നു കേള്‍ക്കേണ്ട വാര്‍ത്തയായിരുന്നില്ല ഇത്. നവോത്ഥാനത്തെക്കുറിച്ചും നവകേരളത്തെക്കുറിച്ചും ഒക്കെ കൊട്ടിഘോഷിക്കാന്‍ നമുക്ക് എന്ത് അര്‍ഹതയാണ് ഉള്ളത്?

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x