19 Friday
April 2024
2024 April 19
1445 Chawwâl 10

പിന്നാക്ക വിഭാഗങ്ങളും ‘അമൃത്കാല്‍ ബജറ്റും’

നിസാര്‍ അഹമ്മദ് /വിവ. റാഫിദ് ചെറവന്നൂര്‍


ഉള്‍ക്കൊള്ളലിന്റെയും അഭിവൃദ്ധിയുടെയും ഇന്ത്യക്കായുള്ള സ്വപ്‌നം പങ്കുവെച്ചുകൊണ്ടാണ് ഇത്തവണത്തെ സാമ്പത്തിക ബജറ്റ് ആരംഭിക്കുന്നത്. എന്നാല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ‘അമൃത് കാല്‍’ ബജറ്റിലെ ‘ഉള്‍ക്കൊള്ളല്‍ നയങ്ങള്‍’ കേവലം പ്രഖ്യാപനമായി ഒതുങ്ങുമോ? ഇനിയും ബാക്കി നില്‍ക്കുന്ന കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയില്‍ അനുഭവിക്കുന്ന വേതനക്കുറവുള്‍പ്പെടെയുള്ള വെല്ലുവിളികളും ഒക്കെ കണക്കിലെടുക്കുമ്പോള്‍ എല്ലാവരിലേക്കുമെത്തുന്ന വികസന പദ്ധതികള്‍ അനിവാര്യമാണ്.
നീതി ആയോഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡെവലപ്‌മെന്റ് മോണിറ്ററിങ് ആന്റ് ഇവാലുവേഷന്‍ ഓഫീസ് 2021 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്‍ക്ലൂസീവ് ബജറ്റിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്: ”എസ് സി, എസ് ടി, സഫായി കര്‍മചാരി, ഡീനോട്ടിഫൈഡ് ട്രൈബ്‌സ്, നോട്ടിഫൈഡ് ട്രൈബ്‌സ്, സെമി നോട്ടിഫൈഡ് ട്രൈബ്‌സ് എന്നീ വിഭാഗങ്ങള്‍ സാമ്പത്തിക ശ്രേണിയില്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലാണുള്ളത്. അവര്‍ സാമൂഹികവും സാമ്പത്തികവുമായ വലിയ വിവേചനങ്ങളനുഭവിക്കുന്നുണ്ട്. പൊതു ഇടങ്ങളിലും തൊഴില്‍ മേഖലയിലുമെല്ലാം പുറന്തള്ളപ്പെട്ടവരായി ഈ ജനവിഭാഗങ്ങള്‍ മാറുന്നു.” ഇതേ റിപ്പോര്‍ട്ട് തന്നെയാണ് ആസ്തിയുടെയും സ്വത്തിന്റെയും കാര്യത്തില്‍ എസ് സി, എസ് ടി വിഭാഗങ്ങളും മുസ്ലിം കളും ശരാശരിക്കും താഴെയാണ് എന്ന് പറഞ്ഞുവെക്കുന്നതും.
ഐക്യരാഷ്ട്രസഭ 2030-ഓടെ ലക്ഷ്യം വെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ് ഡി ജി) ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ‘ആരും പിറകിലായിപ്പോവരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന എസ് ഡി ജി പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. എസ് ഡി ജികളില്‍ രാജ്യത്തിന്റെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി നീതി ആയോഗ് വാര്‍ഷിക റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. അവസാന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്‌കോര്‍ 100ല്‍ 66 ആണ്.
അതിനാല്‍, ബജറ്റില്‍ പിന്നാക്കവിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിന് ദേശീയവും അന്തര്‍ദേശീയവുമായ മാനങ്ങളുണ്ട്. എന്നാല്‍ പുറംമോടിക്കപ്പുറം ബജറ്റിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കുറഞ്ഞുവരുന്നതായി കാണാം. ഉദാഹരണത്തിന്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മന്ത്രാലയങ്ങള്‍ക്ക് വകയിരുത്തുന്ന തുകയില്‍ കാര്യമായ വര്‍ധനവൊന്നുമില്ല. സാമൂഹികനീതി മന്ത്രാലയം, ആദിവാസികാര്യ മന്ത്രാലയം, ന്യൂനപക്ഷകാര്യ മന്ത്രാലയം, സ്ത്രീ-ശിശു വികസന മന്ത്രാലയം എന്നിവക്കായി അനുവദിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പട്ടിക-1ല്‍ നോക്കുക.

ഈ പട്ടികയില്‍ കാണുന്നതു പോലെ, ആദിവാസികാര്യ മന്ത്രാലയം ഒഴികെ മറ്റു പിന്നാക്ക വിഭാഗക്കാരുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ഫണ്ടില്‍ ബജറ്റില്‍ വര്‍ധനയില്ല. വികലാംഗരുടെ ശാക്തീകരണ വകുപ്പിനും വനിത ശിശു വികസന മന്ത്രാലയത്തിനുമുള്ള വിഹിതത്തില്‍ കഴിഞ്ഞ ബജറ്റില്‍ നിന്ന് കാര്യമായ മാറ്റമൊന്നുമില്ല. ആകെ വര്‍ധനവുള്ളത് ദലിതര്‍, വയോജനങ്ങള്‍, ഡീനോട്ടിഫൈഡ് ട്രൈബ്‌സ്, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തിലാണ് (7.75% വര്‍ധനവ്).
കുറേക്കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ വര്‍ധനവിന്റെയും കാരണം കണ്ടെത്താന്‍ സാധിക്കും. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ബജറ്റ് വിഹിതം 2000 കോടി രൂപയില്‍ നിന്ന് 6000 രൂപയില്‍ താഴെയായി വര്‍ധിച്ചതാണ് ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ ബജറ്റ് വര്‍ധനയ്ക്ക് കാരണം. ഇതല്ലാതെ മറ്റ് പദ്ധതികളിലൊന്നും വര്‍ധനയില്ല. മറ്റൊരു പദ്ധതി പ്രധാനമന്ത്രിയുടെ ‘പര്‍ട്ടിക്കുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ് മിഷന്‍’ ആണ്. മൂന്ന് വര്‍ഷത്തേക്ക് 15,000 കോടി രൂപ ചെലവിട്ട് ഈ പദ്ധതി നടത്തുന്നുണ്ടെങ്കിലും പ്രസ്തുത പദ്ധതിക്ക് കീഴില്‍ വരുന്ന ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിനായുള്ള ബജറ്റില്‍ വന്ന വര്‍ധനവ് 4 കോടി രൂപ മാത്രമാണ്.
ന്യൂനപക്ഷ മന്ത്രാലയ ബജറ്റ് വെട്ടിച്ചുരുക്കി
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനായുള്ള ബജറ്റ് 38% വെട്ടിക്കുറച്ചു. ന്യൂനപക്ഷങ്ങള്‍ക്കായുള്ള ചില പദ്ധതികള്‍ നിര്‍ത്തലാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ തന്നെയും, അവ നിര്‍ത്തലാക്കുന്നതിലൂടെ വരുന്ന കുറവിലും എത്രയോ വലുതാണ് ഇപ്പോള്‍ ബജറ്റില്‍ വന്ന കുറവ്. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പും നയ് ഉഡാനും (യുപിഎസ്സി, സംസ്ഥാന കമ്മീഷന്‍ പരീക്ഷകളുടെ പ്രിലിമിനറി പാസാകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ) സര്‍ക്കാര്‍ ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി. വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍, നൈപുണി വികസനം, ഉപജീവന പദ്ധതികള്‍, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിലും വലിയ കുറവ് ഉണ്ട്. ഡടഠഅഉ (പരമ്പരാഗത കല/കരകൗശല വികസനത്തിനുള്ള നൈപുണി പരിശീലനം), നയ് റോഷ്നി (ന്യൂനപക്ഷ സ്ത്രീകളുടെ നേതൃത്വ വികസനം), നയ് മന്‍സില്‍ (സംയോജിത വിദ്യാഭ്യാസ, ഉപജീവന സംരംഭം) തുടങ്ങിയ പദ്ധതികള്‍ ഇതുവരെ അവസാനിപ്പിച്ചിട്ടില്ലെങ്കിലും, തുച്ഛമായ ബജറ്റാണ് അവയ്ക്കു വേണ്ടി അനുവദിച്ചിരിക്കുന്നത്.
എസ് സി, എസ് ടി
വിഹിതത്തിലും
വര്‍ധനവില്ല

The Tribal Sub Plan (TSP) and Scheduled Caste Sub Plan (SCSP) എന്നിവയിലൂടെ ദലിത് ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വലിയ തുക ബജറ്റുകള്‍ മാറ്റിവെക്കാറുണ്ട്. ഇത്തവണ ഇങ്ങനെ വിവിധ മന്ത്രാലയങ്ങളിലുടനീളം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച വിഹിതം പട്ടിക-2ല്‍ കാണിച്ചിരിക്കുന്നു.

പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള മൊത്തത്തിലുള്ള ബജറ്റില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും, മൊത്തം ബജറ്റിന്റെ ആനുപാതികമായി ഇത് വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള ബജറ്റില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 33% വന്‍ വര്‍ധനവ് കാണിക്കുന്നു. ഇത് പ്രധാനമായും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ വകയിരുത്തല്‍ വര്‍ധനയാണ്.
ജെന്‍ഡര്‍
റെസ്പോണ്‍സീവ്
ബജറ്റിംഗ്!

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കായി പ്രത്യേക വിഹിതം കാണിക്കുന്ന ജെന്‍ഡര്‍ ബജറ്റ് പ്രസ്താവന (ജിബിഎസ്) (സ്റ്റേറ്റ്‌മെന്റ് 13) കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകളിലായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ബജറ്റ് വിഹിതം പട്ടിക-3ല്‍ ചേര്‍ത്തിരിക്കുന്നു.

ജെന്‍ഡര്‍ ബജറ്റ് പ്രസ്താവനയില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. ഭാഗം എ-യില്‍ സ്ത്രീകള്‍/പെണ്‍കുട്ടികള്‍ക്കായി 100% ബജറ്റ് വിഹിതം മാറ്റിവെച്ച സ്‌കീമുകള്‍/പ്രോഗ്രാമുകള്‍ ആണുള്ളത്. അതേസമയം ഭാഗം ബി യില്‍ സ്ത്രീകള്‍/പെണ്‍കുട്ടികള്‍ക്കായി 30% ല്‍ താഴെയുള്ള ബജറ്റ് നീക്കിവെച്ച സ്‌കീമുകള്‍ ആണുള്ളത്. പട്ടിക കാണിക്കുന്നതു പോലെ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജെന്‍ഡര്‍ ബജറ്റിന്റെ ആകെ വിഹിതത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും, പാര്‍ട്ട് ബിക്ക് കീഴിലുള്ള വിഹിതം 6% കുറഞ്ഞതായി കാണാം. കൂടാതെ, മൊത്തം യൂണിയന്‍ ബജറ്റില്‍ ജെന്‍ഡര്‍ ബജറ്റിനായി മാറ്റിവെച്ച വിഹിതത്തില്‍ നേരിയ വര്‍ധനവേയുള്ളൂ, അത് ഇപ്പോഴും 5%ല്‍ താഴെയായി തുടരുന്നു.
മുകളിലുള്ള പട്ടിക കാണിക്കുന്നതു പോലെ, പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീണ പ്രധാനമന്ത്രി ആവാസ് യോജന, നഗരത്തിന് കീഴിലുള്ള റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് കീഴിലുള്ള വിഹിതം വര്‍ധിപ്പിച്ചതിനാല്‍ മാത്രമാണ് ബജറ്റ് വിഹിതത്തില്‍ വര്‍ധനവ് കാണിക്കുന്നത്.
ബജറ്റിലെ വന്‍കിട
പദ്ധതികള്‍

ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും വലിയ തോതില്‍ പിന്തുണയ്ക്കുകയും സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന പ്രധാന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കും ഈ വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം 60,000 കോടി രൂപയായി വെട്ടിക്കുറച്ചു. കോവിഡിനു മുമ്പുള്ള 2019-20 കാലയളവില്‍ ഇത് 71,687 കോടി രൂപയായിരുന്നു.
തൊഴിലുറപ്പ് പദ്ധതി കോവിഡ് കാലയളവില്‍ സാമ്പത്തിക വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനു പകരം വെക്കാന്‍ മറ്റു പദ്ധതികള്‍ ഇല്ലാത്തതും ഗ്രാമീണ മേഖലയിലെ വേതന വര്‍ധനവിന് മാര്‍ഗങ്ങളൊന്നുമില്ലാത്തതും ജനജീവിതം ദുസ്സഹമാക്കിയേക്കാം.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രാവിഷ്‌കൃത
പദ്ധതി വിഹിതം


മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ ഏകദേശം 13% വര്‍ധനവുണ്ട്. (പട്ടിക-4). എന്നാല്‍ മൊത്തം ബജറ്റിനെ വിലയിരുത്തുമ്പോള്‍ ഇത് വളരെ വലിയ വര്‍ധനവല്ല (കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഏറെ പ്രാധാന്യമുള്ളവയാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍. ഇവ ‘കോര്‍ സ്‌കീമുകള്‍’ എന്ന് അറിയപ്പെടുന്നു). ജല്‍ ജീവന്‍ മിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ എന്നിവയ്ക്കുള്ള ബജറ്റ് വിഹിതവും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദേശീയ വിദ്യാഭ്യാസ ദൗത്യം, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ഉപജീവന ദൗത്യം – ആജീവിക, പിഎം ആയുഷ്മാന്‍ ഭാരത്, രാഷ്ട്രീയ കൃഷി വികാസ് യോജന തുടങ്ങിയ മറ്റ് പ്രധാന പദ്ധതികള്‍ മുകളിലെ പട്ടികയില്‍ കാണിച്ചിരിക്കുന്നതുപോലെ വര്‍ധിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ല. ഈ പദ്ധതികള്‍ സമൂഹത്തിലെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്.
2023-24 ബജറ്റ് ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നില്ലെന്നാണ് മുകളിലെ വിശകലനം സൂചിപ്പിക്കുന്നത്. ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വികസനം ലക്ഷ്യമിടുന്ന നിലവിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള വിഹിതത്തില്‍ കാര്യമായ വര്‍ധനവ് കാണാനാവില്ല. അരികുവത്കരിക്കപ്പെട്ടവരുടെ ആശങ്കകള്‍ വരവ് വെക്കുന്നതില്‍ ഈ ബജറ്റ് പരാജയമാണ്.
(ജയ്പൂരിലെ ബജറ്റ് അനാലിസിസ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ സ്ഥാപക ഡയറക്ടറാണ് ലേഖകന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x