21 Saturday
December 2024
2024 December 21
1446 Joumada II 19

അമേരിക്കന്‍ തിരഞ്ഞെടുപ്പ് മുസ്‌ലിം വോട്ടുകള്‍ക്ക് എന്തു സംഭവിച്ചു?

മുസ്തഫ നാസിം


ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും വിജയം നേടിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ശതകോടീശ്വരനായ ട്രംപ് അമേരിക്കയുടെ സാമ്പത്തിക രംഗത്തെ സൂപ്പര്‍എലീറ്റില്‍ പെട്ടയാളാണെങ്കിലും, ആഭ്യന്തര തൊഴിലാളിവര്‍ഗത്തിന്റെ സാമ്പത്തിക ദുരവസ്ഥയില്‍ നിന്നും ധനികാധിപത്യ (പ്ലൂട്ടോക്രസി) വ്യവസ്ഥയില്‍ നിന്നും ഒരു രക്ഷകനായും അവതരിക്കാനാണ് ട്രംപ് ഈ പ്രാവശ്യം ശ്രമിച്ചത്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഒരുപോലെ ജനാധിപത്യത്തിന്റെ മറവില്‍ പ്ലൂട്ടോക്രസിയെ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ബഹുജന സാമൂഹിക സാമ്പത്തിക അസമത്വത്തെ മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രത്തെക്കുറിച്ച് കാര്യമായ ഒന്നും ഉണ്ടായിരുന്നില്ല എന്ന വസ്തുതയെ ബോധപൂര്‍വം അവഗണിക്കുകയാണ് ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ (ാമസല മാലൃശരമ ഴൃലമ േമഴമശി) എന്ന പദ്ധതിയിലൂടെ ട്രംപ് ചെയ്തത്.
കുടിയേറ്റ വിദ്വേഷം എക്കാലത്തും അമേരിക്കയില്‍ സ്വാധീനം ചെലുത്തുന്ന വിഷയമാണ്. അതോടൊപ്പം, അതിര്‍ത്തി സുരക്ഷയും ഈ വര്‍ഷത്തെ വോട്ടെടുപ്പിലെ ഒരു പ്രധാന ഘടകമായിരുന്നു. യു എസ്സിന്റെ അതിര്‍ത്തി കടന്ന് അനധികൃതമായി എത്തിയവരെ കൂട്ടമായി നാടുകടത്തുമെന്നും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. യു എസിലെ അധിനിവേശത്തില്‍ ഡെമോക്രാറ്റുകളുടെ പങ്കിനെക്കുറിച്ച് അദ്ദേഹം പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പക്ഷെ, പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത് ട്രംപിന്റെ വിജയത്തിനു പിന്നില്‍ മുസ്‌ലിം വോട്ടര്‍മാരുടെ ഉതവിയാണെന്നാണ്.
സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് ഇപ്പോള്‍ രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുക എന്ന ട്രംപിന്റെ സന്ദേശത്തോട് അവിടുത്തെ സിംഹഭാഗ വോട്ടര്‍മാരും അനുകൂലമായി തന്നെയാണ് സമീപിച്ചത്. ജോ ബൈഡന്റെ പിന്മാറ്റത്തെത്തുടര്‍ന്നാണ് കമലാ ഹാരിസ് സ്ഥാനാര്‍ഥിയായത്. പാതിവഴിയില്‍ വച്ചുള്ള ഈ സ്ഥാനാര്‍ഥി മാറ്റം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നു കരുതുന്നവരുമുണ്ട്. അതിലേറെ പ്രധാനം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലിബറല്‍ കാഴ്ചപ്പാടുകളില്‍ കടുത്ത വിശ്വാസം പുലര്‍ത്തുന്ന പലരും ഫലസ്തീന്‍ പ്രശ്‌നത്തില്‍ ജോ ബൈഡന്റെ നിലപാടുകളില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇസ്‌റായേലിനെ പിന്തുണയ്ക്കുകയാണ് ബൈഡന്റെ അമേരിക്ക ചെയ്തത്. അദ്ദേഹത്തിന് ശേഷം വന്ന കമലാ ഹാരിസും ആ നിലപാടിനെ പൂര്‍ണമായും പിന്തുണച്ചു. ഇത് മുസ്‌ലിംകള്‍ക്കിടയിലും അവരുടെ പ്രസിഡന്‍സി വോട്ടിങ്ങിലും ഉണ്ടാക്കിയ മാറ്റം നിസ്സാരല്ല.
രണ്ടര ദശലക്ഷം മുസ്‌ലിം വോട്ടര്‍മാര്‍ അമേരിക്കയിലുണ്ട്. മൊത്തം സമ്മതിദായകരായ 160 ദശലക്ഷത്തിന്റെ 1.6 ശതമാനമാണിത്. ഏറെക്കുറെ ഒന്നടങ്കം ഡെമോക്രാറ്റിക് പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്ന് കരുതപ്പെടുന്ന മുസ്‌ലിംകള്‍ മറിച്ചു ചിന്തിച്ചുവെന്നു അഭിപ്രായപ്പെടുകയാണ് പല രാഷ്ട്രീയക്കാരുടെയും നിരീക്ഷണം. വലിയ അളവില്‍ മുസ്‌ലിം ജനസംഖ്യയുള്ള മിഷിഗനിലും മറ്റും ട്രംപ് നേടിയ വിജയം ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്നുമുണ്ട്. സാധാരണ നിലയ്ക്ക് മുസ്‌ലിം വോട്ടുകളില്‍ വലിയൊരു പങ്ക് ഗ്രീന്‍ പാര്‍ട്ടിയുടെ ജില്‍ സ്‌റ്റെയിനിന്ന് ലഭിക്കുമെന്നും ഇത് കമലാ ഹാരിസിന് ദോഷകരമായിത്തീരുമെന്നും ചില നിരീക്ഷകര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. കമലാഹാരിസും പാര്‍ട്ടിയും ജില്‍ സ്‌റ്റെയിനിനെ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഒരേപോലെ ഫലസ്തീന്‍ പ്രശ്‌നത്തില്‍ മുസ്‌ലിംവിരുദ്ധ നിലപാടാണ് പുലര്‍ത്തുന്നതെന്ന് സ്‌റ്റെയിന്‍ ഉറപ്പിച്ചുപറയുകയും ഇരുകൂട്ടരെയും തുല്യശത്രുക്കളായി കാണുകയുമാണുണ്ടായത്.
ഗസ്സയില്‍ വെടി നിര്‍ത്തുക, മനുഷ്യാവകാശ ലംഘനം നടത്തുന്നവര്‍ക്ക് ആയുധ വില്‍പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്‌റ്റെയിന്‍ മുന്നോട്ടു വെക്കുന്നുണ്ട്. അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് ഇത് സ്വീകാര്യമായതു കൊണ്ട് ഈ വോട്ടര്‍മാര്‍ സ്‌റ്റെയിനിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ടാകാം. ട്രംപിനെതിരില്‍ വീഴേണ്ട വോട്ടുകള്‍ സ്‌റ്റെയിനിന്ന് ലഭിച്ചതോടെ, അത് സ്വാഭാവികമായും ദോഷം ചെയ്തത് കമലാ ഹാരിസിനായിരുന്നു. 2020ല്‍ 69 ശതമാനം മുസ്‌ലിം വോട്ടുകള്‍ ബൈഡന് ലഭിച്ചപ്പോള്‍ 17 ശതമാനമേ ട്രംപിനു ലഭിച്ചിരുന്നുള്ളൂ എന്നാണ് മിക്ക സര്‍വേ ഏജന്‍സികളുടെയും കണക്ക്. 2016ല്‍ 72 ശതമാനം വോട്ടും ഹിലാരി ക്ലിന്റനായിരുന്നു. ജില്‍ സ്‌റ്റെയിന്‍ പിടിക്കുന്ന അറബ് ഫലസ്തീന്‍ അനുകൂല മുസ്‌ലിം വോട്ടുകള്‍ ട്രംപിന് ഗുണം ചെയ്‌തേക്കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. അത് സംഭവിച്ചുവെന്ന് കരുതുകയാണ് വേണ്ടത്. കാരണം പല സംസ്ഥാനങ്ങളിലും കമലയെക്കാള്‍ ഒരു പടി മുമ്പിലാണ് ട്രംപ്.
മുസ്‌ലിം സമ്മതിദായകര്‍ കമലയെ വിട്ട് ട്രംപിനുതന്നെ വോട്ടു ചെയ്‌തെന്ന് കരുതുന്നവരുമുണ്ട്. ട്രംപിനെപ്പോലെ ഇസ്‌റായേല്‍ അനുകൂലികളാണ് ഡെമോക്രാറ്റുകളും എന്ന അവരുടെ ഉറച്ച ബോധ്യം തന്നെയാണ് ഇതിന്റെ ഹേതു. ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടുകളും അവരെ ഈ ബോധ്യത്തിലേക്ക് നയിച്ചിരിക്കാം. അതിനു പുറമെ ഫലസ്തീനില്‍ സമാധാനം സ്ഥാപിക്കാന്‍ കമലാ ഹാരിസിനെക്കാള്‍ ട്രംപിനായിരിക്കും സാധിക്കുകയെന്ന് ചിലര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ട്രംപിനെ അവര്‍ കാണുന്നത് ഇസ്‌റായേലിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശേഷിയുള്ള സമാധാനവാദിയായാണ് എന്നും നിരീക്ഷിക്കുന്നവരുണ്ട്.
മുസ്‌ലിംകള്‍ക്കിടയില്‍ ട്രംപിന് സ്വീകാര്യതയുണ്ടാക്കുന്ന മറ്റു ഘടകങ്ങള്‍ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക നിലപാടുകളാണ്. അയഞ്ഞ സദാചാരത്തോട് അത്ര സുഖകരമായ നിലപാടല്ല അദ്ദേഹം പുലര്‍ത്തുന്നത്. ട്രംപാണെങ്കില്‍ ലിസ്‌ചെനിയെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ എതിരാളിയെ ഓരോ മുസ്‌ലിം രാജ്യത്തെയും ആക്രമിക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന ‘മുസ്‌ലിം വിരുദ്ധയായ യുദ്ധോത്സകി’ എന്നു വിളിച്ചു പ്രീണനം നേടിയതും ട്രംപിന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകാം.
മുസ്‌ലിം വോട്ടിന്റെ
ചരിത്രം

ഫലസ്തീനോടും മുസ്‌ലിം ലോകത്തോടുമുള്ള ഐക്യപ്പെടല്‍ മുസ്‌ലിംകളെ സംബന്ധിച്ച് എല്ലാത്തിനും അനിവാര്യമാണ്. ഈ അനിവാര്യത അമേരിക്കന്‍ മുസ്‌ലിം രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി സ്വാധീനിച്ചിട്ടുള്ളതായി കാണാം. 2000- ത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏകദേശം 40% മുതല്‍ 70% വരെ അമേരിക്കന്‍ മുസ്‌ലിംകള്‍, പോപുലര്‍ വോട്ടിംഗില്‍ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ട റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് ബുഷിനാണ് വോട്ട് ചെയ്തത് എന്ന കാര്യം സങ്കല്‍പിക്കല്‍ ഇപ്പോള്‍ പ്രയാസമായിരിക്കാം. ഫലസ്തീന്‍ നിലപാടില്‍ അടക്കം ആഭ്യന്തര വിദേശകാര്യ നയങ്ങളില്‍ ഗോറിനേക്കാളും ലിബെര്‍മാനെക്കാളും ജോര്‍ജ് ബുഷും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ഡിക്ചീനിയുമാണ് മുസ്‌ലിംള്‍ക്ക് മികച്ചവരായി തോന്നിയത്.

പല മുസ്‌ലിംകളും ബുഷിന്റെ വിജയത്തെ അന്ന് ആഘോഷിച്ചിരുന്നു. അതിനിര്‍ണായക സംസ്ഥാനമായ ഫ്‌ളോറിഡയിലെ കാര്യങ്ങള്‍ ബുഷിന് അനുകൂലമായതിന്റെ ക്രെഡിറ്റ് ചില മുസ്‌ലിംകള്‍ അവകാശപ്പെടുക വരെയുണ്ടായി. അവിടെ വെറും 537 വോട്ടിനായിരുന്നു ബുഷിന്റെ വിജയം (.009%). സപ്തംബര്‍ 11 സംഭവങ്ങളുടെ ആഴ്ചകള്‍ക്ക് ശേഷം ആ ആഹ്‌ളാദപ്രകടനം പൊടുന്നനെ ദുരന്തസമാനമായി മാറി. ബുഷും റിപബ്ലിക്കന്‍ പാര്‍ട്ടിയും പാട്രിയോട്ട് ആക്ട് നിയമമാക്കി. ഇത് അമേരിക്കന്‍ ഗവണ്‍മെന്റിന് സാധാരണക്കാരായ അമേരിക്കക്കാരുടെ മേല്‍ അവരുടെ ഫോണ്‍ കോളുകള്‍, ഇമെയില്‍, പണമിടപാടുകള്‍, ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ അകാരണമായി നിരീക്ഷിച്ച് ചാരവൃത്തി നടത്താന്‍ അനുമതി നല്‍കി. ഉയര്‍ന്ന നിരീക്ഷണ നിയമങ്ങള്‍ മുസ്‌ലിംകളെ ലക്ഷ്യം വെച്ചു.
പൗരസ്വാതന്ത്ര്യം, നീതിന്യായ അവകാശങ്ങള്‍ എന്നിവ അടിച്ചമര്‍ത്തപ്പെട്ടു. ഈ അപകടകരമായ ആഭ്യന്തര നയങ്ങള്‍ക്ക് പിറകെ ദുരന്തപൂര്‍ണമായ വിദേശകാര്യ നയങ്ങളും വന്നു. ഇറാനും അഫ്ഗാനിസ്താനും അധിനിവേശത്തിന് ഇരകളായി. 2004 തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ മുസ്‌ലിം സമൂഹം റിപബ്ലിക്കന്‍ പാര്‍ട്ടിയെ ഒന്നടങ്കം ഉപേക്ഷിച്ചിരിക്കുകയായിരുന്നു.
ബുഷിനെ പരാജയപ്പെടുത്തിയില്ലെങ്കിലും ഡെമോക്രാറ്റിക് നേതാക്കള്‍ക്കിടയില്‍ വ്യാപകമായ മുസ്‌ലിം പിന്തുണ ലഭിച്ച ആദ്യത്തെ നേതാവായി ജോണ്‍ കെറി മാറിയത് ഇതോടെയാണ്. ബുഷ് ഭരണകൂടം വിദേശത്തും സ്വദേശത്തും മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നിടത്തോളം ഡെമോക്രാറ്റിക് പാര്‍ട്ടി മുസ്‌ലിം താല്‍പര്യത്തോട് അനുഭാവം പുലര്‍ത്തി. മുസ്‌ലിം സമൂഹം ഒന്നടങ്കം പിന്നീട് ഡെമോക്രാറ്റിക് പാര്‍ട്ടിയോട് ഊഷ്മള ബന്ധം പുലര്‍ത്തി. 80% മുതല്‍ 92% വരെ ആളുകള്‍ 2008-ലും 2010-ലും ബറാക് ഒബാമക്ക് വോട്ട് ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയോടുള്ള വൈകാരിക ബന്ധം എത്രത്തോളം സുദൃഢമായി തീര്‍ന്നു എന്ന് വ്യക്തമാക്കാനായി, എത്ര വ്യത്യസ്തമായാണ് തീവ്രവാദത്തെ നേരിടാനുള്ള ശ്രമങ്ങളെ അമേരിക്കന്‍ മുസ്‌ലിംകള്‍ മനസ്സിലാക്കിയത് എന്ന് പരിശോധിക്കാം.
ബുഷിന്റെ രണ്ടാം ഭരണകാലയളവില്‍ 2007ലെ ഒരു ക്യൂപോളില്‍ 26% മുസ്‌ലിംകള്‍ യു എസ് നേതൃത്വത്തിലുള്ള തീവ്രവാദത്തിന് നേര്‍ക്കുള്ള യുദ്ധത്തെ യാഥാര്‍ഥ്യമായി മനസ്സിലാക്കിയപ്പോള്‍ 55% അതിനെ വ്യാജമായാണ് വിലയിരുത്തിയത്. നാലു വര്‍ഷങ്ങള്‍ക്കുശേഷം 2011ല്‍ 43% മുസ്‌ലിംകളും തീവ്രവാദത്തെ നേരിടാനുള്ള യു എസിന്റെ ശ്രമങ്ങളെ യാഥാര്‍ഥ്യമായി കണക്കാക്കിയപ്പോള്‍ 41% പേര്‍ വ്യാജമായി വിലയിരുത്തി. അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും പലവിധേന ബുഷിന്റെ തന്നെ ആയുധവാഴ്ചയെ മറികടന്ന് ഒബാമ ഭരണകൂടം അഴിച്ചുവിട്ട യുദ്ധങ്ങളെ കുറിച്ചും ഗൂഢമായ ഡ്രോണ്‍ അക്രമണങ്ങളെക്കുറിച്ചും ബോധവാന്മാരായിരുന്നില്ല. പിന്നീട് നിരവധി മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിരോധിക്കാനുള്ള ട്രംപിന്റെ നിര്‍ദേശത്തെ ഭയന്ന് 2016, 2020 തിരഞ്ഞെടുപ്പുകളില്‍ 65-80% വരെ മുസ്‌ലിംകള്‍ ജോബൈഡനെയും ഹിലരി ക്ലിന്റനേയുമാണ് പിന്തുണച്ചത്. അങ്ങനെ ഡെമോക്രാറ്റുകള്‍ക്ക് മുസ്‌ലിം താല്‍പര്യങ്ങള്‍ ഹൃദയത്തില്‍ ഉണ്ടെന്ന കാഴ്ചപ്പാടിലാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ സ്ഥിരമായി ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചിരുന്നത്.
അപ്പോഴും ചിലര്‍ ലൈംഗികത, സദാചാരം, ജെന്‍ഡര്‍ പോലെയുള്ള വിഷയങ്ങളില്‍ ഇസ്‌ലാമിക്- ലിബറല്‍ മൂല്യങ്ങള്‍ തമ്മിലുള്ള പ്രത്യക്ഷമായ പൊരുത്തക്കേടുകള്‍ കാരണം ഈ രാഷ്ട്രീയ സഖ്യത്തില്‍ നിന്ന് അകന്നു നിന്നിട്ടുണ്ട്. ചില മുസ്‌ലിംകള്‍ക്ക് ഘഏആഠഝ പ്രശ്‌നം പ്രധാന രാഷ്ട്രീയ ഉരക്കല്ലായി മാറിയിട്ടുമുണ്ട്. പ്രത്യേകിച്ചും തങ്ങള്‍ കൊടിയ പാപമായി കരുതുന്നവ തങ്ങളുടെ കുട്ടികളിലേക്ക് സന്നിവേശിപ്പിക്കുന്നത് വഴി ഉണ്ടായേക്കാവുന്ന തിക്ത ഫലങ്ങളെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
2023 മെയ് മാസത്തോടു കൂടി അമേരിക്കയിലെ മുസ്‌ലിം നേതൃത്വം ഘഏആഠഝ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിയുകയും ലിംഗം, ലൈംഗികത എന്നിവ സംബന്ധിച്ച് ഇസ്‌ലാമിന്റെ നിലപാട് വ്യാപകമായി പ്രചരിക്കപ്പെട്ട, ‘നാവിഗേറ്റിംഗ് ഡിഫറന്‍സസ്’ എന്ന കരടുരേഖയിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും, ഇതുള്‍പ്പെടെയുള്ള സാമൂഹിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ 2023ല്‍ മുസ്‌ലിംകളും ഡെമോക്രാറ്റും തമ്മിലുള്ള ബന്ധം വിഛേദിക്കാന്‍ മാത്രം ഉതകുന്നതായിരുന്നില്ല.
സാംപിള്‍ സര്‍വേ പ്രകാരം 69.3% പേരും 2020ല്‍ ജോ ബൈഡന് വോട്ട് ചെയ്തതായാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും വെറും 6% പേരാണ് അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്താകുന്നതിനുമുമ്പ് അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചത്. ബൈഡന് പകരം കമല ഹാരിസ് സ്ഥാനാര്‍ഥിത്വത്തിലേക്ക് വന്നപ്പോള്‍ 14% പേര്‍ മാത്രം ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഹാരിസിന് വോട്ട് ചെയ്യും എന്ന് പ്രതികരിച്ചിരുന്നു. നിരവധി അമേരിക്കന്‍ മുസ്‌ലിംകള്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക് നേതാക്കന്മാര്‍ കപടന്മാര്‍ ആണെന്നും അവര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നു എന്നും മാല്‍ക്കം എക്‌സ് 1964 തീര്‍ച്ചപ്പെടുത്തിയ അതേ തീര്‍പ്പിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
രാഷ്ട്രീയമായി നിഷ്‌കളങ്കര്‍ ആവുന്നതിനെക്കുറിച്ചും നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടാത്ത പാര്‍ട്ടികളോട് കൂറുള്ളവരാവുന്നതിനെതിരെയും മാല്‍ക്കം എക്‌സ് താക്കീത് ചെയ്തിരുന്നു. പുതിയ തന്ത്രങ്ങളും പ്രവര്‍ത്തന മണ്ഡലത്തെയും തേടുന്ന 2024ലെ അമേരിക്കന്‍ മുസ്‌ലിംകളുടെ നിലപാടുകള്‍ വരുംകാലങ്ങളില്‍ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമാകും.
Reference
1 American Muslims and the 2024 Election: Why American Muslims Are Rethinking Political Alliances, By Dr. Osman Umarji and Dr. Youssef Chouhoud, Yaqeen institute
2 Don’t dare blame Arab and Muslim Americans for Trump’s victory, By Ahmad Albia, Aljazeera english
3 Meet the Muslim Americans voting thirdpatry in the US presidential election By Azad Essa, Middle East Eye

Back to Top