22 Wednesday
October 2025
2025 October 22
1447 Joumada I 0

നിങ്ങള്‍ക്ക് അംബീഷന്‍ ഉണ്ടാകണം

മന്‍സൂര്‍ ഒതായി

ബി എഡ് കഴിഞ്ഞ ഉടന്‍ ഞാന്‍ അധ്യാപകനായെത്തിയത് മഞ്ചേരി നോബിള്‍ പബ്ലിക് സ്‌കൂളിലായിരുന്നു. അക്കാലത്ത് സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കിയിരുന്ന സ്ഥാപനം ആയിരുന്നു അത്. അതുകൊണ്ടുതന്നെ നോബിള്‍ സ്‌കൂളില്‍ ജോലി കിട്ടുന്നത് അഭിമാനകരമായ കാര്യമായിട്ടാണ് ആളുകള്‍ കണ്ടിരുന്നത്. ജോലിയില്‍ ചേര്‍ന്ന ആദ്യ ആഴ്ചത്തെ മീറ്റിംഗില്‍ സ്‌കൂള്‍ ചെയര്‍മാനായിരുന്ന അബ്ദുറഹ്മാന്‍ ഡോക്ടര്‍ പറഞ്ഞു: നിങ്ങള്‍ക്ക് അംബീഷന്‍ ഉണ്ടാവണം. നിങ്ങള്‍ എന്നും ഇവിടുത്തെ കേവലം അധ്യാപകരായി തുടരരുത്’. അദ്ദേഹത്തിന്റെ ഈ വാചകങ്ങള്‍ എന്നെ വളരെ സ്വാധീനിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. സാധാരണ സ്‌കൂള്‍ മാനേജര്‍മാര്‍ പറയാറുള്ളത്, നിങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് നിയമനം തന്നത്, അതിനാല്‍ എന്നും നിങ്ങളുടെ സേവനം ഞങ്ങളുടെ സ്ഥാപനത്തില്‍ ഉണ്ടാവണം എന്നാണ്. എന്നാല്‍ സ്‌കൂളിന്റെയും കുട്ടികളുടെയും ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ട് അധ്യാപകന്‍ പരമാവധി വളരാനും ഉയരാനുമുള്ള അവസരം ഡോക്ടര്‍ നല്‍കി. കേവലം ഭാഷാധ്യാപകനായി ഒതുങ്ങി നില്‍ക്കാതെ വിദ്യാഭ്യാസ മനശാസ്ത്ര മേഖലകളില്‍ പഠന ഗവേഷണങ്ങള്‍ നടത്താനും ഒരു പരിശീലകനായി മാറാനും ഡോക്ടറുടെ സമീപനങ്ങളും സ്‌കൂളില്‍ നിന്ന് കിട്ടിയ പരിശീലനങ്ങളും എനിക്ക് നല്ല മോട്ടിവേഷന്‍ ആയിട്ടുണ്ട്. ഒരു നല്ല നേതാവ് മറ്റുള്ളവരെ നേതാക്കളാക്കി മാറ്റുന്നവരാണ് എന്ന ആശയം അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് അബ്ദുറഹ്മാന്‍ ഡോക്ടര്‍ കടന്നുപോയത്.

Back to Top