28 Thursday
March 2024
2024 March 28
1445 Ramadân 18

അമാനുഷിക സംഭവങ്ങളുടെ ഇസ്്‌ലാമിക മാനം

അബ്ദുല്‍അലി മദനി


നുബുവ്വത്ത്, രിസാലത്ത്, വിലായത്ത്, മുഅ്്ജിസത്ത്, കറാമത്ത്, ഹിദായത്ത് തുടങ്ങിയ പദങ്ങള്‍ സാധാരണ കേള്‍ക്കാറുള്ളതാണ്. പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ ദൂതന്മാരിലൂടെ അറിയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളാണിതെല്ലാം. ദിവ്യബോധനത്തിലൂടെ (വഹ്്‌യ്) ലഭിക്കുന്ന അറിവുകള്‍ നുബുവ്വത്ത്, രിസാലത്ത് എന്നാണറിയപ്പെടുക. ഹിദായത്ത് എന്നത് അല്ലാഹു പ്രവാചകന്മാരിലൂടെ അറിയിച്ച നേരായ പാതയിലാവുക എന്നതാണ്. അല്ലാഹുവിലേക്ക് അടുപ്പം ലഭിക്കുമ്പോള്‍ വിലായത്ത് നേടുകയെന്ന ഉല്‍കൃഷ്ട നേട്ടം സിദ്ധിക്കുന്നു. പ്രവാചകത്വത്തെ ശക്തിപ്പെടുത്താനുതകുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് എന്നും പ്രവാചകന്മാരല്ലാതെ വിലായത്ത് ലഭിച്ചയാള്‍ക്ക് അല്ലാഹു പ്രത്യേകം ആദരവ് നല്‍കി രക്ഷയേകുന്ന അടയാളങ്ങള്‍ക്കു കറാമത്ത് എന്നും പൊതുവായി പറയപ്പെടുന്നു.
മുഹമ്മദ് നബിക്കുശേഷം വഹ്‌യ് ഉണ്ടാവില്ലെന്നും രിസാലത്തും നുബുവ്വത്തും അവസാനിച്ചിട്ടുണ്ടെന്നുമാണ് ഇസ്‌ലാം ഖണ്ഡിതമായി ഉദ്‌ഘോഷിക്കുന്നത്. എന്നിട്ടും പ്രവാചകന്‍ മുഹമ്മദ് നബിക്കു ശേഷം ചിലര്‍ തങ്ങള്‍ക്ക് വഹ്്‌യ് ലഭിച്ചിട്ടുണ്ടെന്നും ലഭിച്ചുകൊണ്ടിരിക്കുന്നു എന്നും വാദിക്കുന്നു. ബുദ്ധി ഭ്രംശം സംഭവിച്ചവര്‍ മുഅ്്ജിസത്തും കറാമത്തും ഹോള്‍സെയിലായും റീട്ടെയിലായും സമൂഹത്തില്‍ കെട്ടിച്ചമച്ചു പ്രചരിപ്പിക്കുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇസ്‌ലാം മതത്തോട് കൂറുപുലര്‍ത്തുന്നവര്‍ ജാഗ്രതയുള്ളവരായേ മതിയാകൂ. സാധാരണക്കാര്‍ കാര്യം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. അതല്ലെങ്കില്‍ എല്ലാം തികഞ്ഞവരെപ്പോലെ നടിക്കുകയുമാണ്.
വഹ്‌യ് മുഖേന നുബുവ്വത്ത് ലഭിച്ചവരെ അന്‍ബിയാക്കള്‍ എന്നും പ്രത്യേകമായ ശരീഅത്തും വേദഗ്രന്ഥവും നല്‍കപ്പെട്ടവരെ മുര്‍സലുകള്‍ എന്നും പറയപ്പെടുന്നു. അതിനാല്‍ മുര്‍സലുകളെല്ലാം അന്‍ബിയാക്കളാണ്. അന്‍ബിയാക്കളെല്ലാം മുര്‍സലുകളാവില്ല. വേദഗ്രന്ഥവും ശരീഅത്തുമൊക്കെ ലഭിക്കുന്നതിനു മുമ്പായി മരണമടയുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുള്ള ദൈവദൂതന്മാരൊന്നും ‘മുര്‍സലുകള്‍’ എന്ന പദവിയിലെത്തിയവരായി പറയാവതല്ല. കാരണം അവര്‍ക്ക് ദിവ്യബോധനം മാത്രമേ ലഭിച്ചിട്ടുള്ളൂ. മുഹമ്മദ് നബിക്കുശേഷം ആരെങ്കിലും നുബുവ്വത്ത് ലഭിച്ചുവെന്നോ ലഭിക്കുമെന്നോ പറഞ്ഞാല്‍ അവന്‍ ഇസ്്‌ലാം മതത്തിനു പുറത്താണ്.
എന്നാല്‍, സൂറത്തുന്നഹ്്‌ലിലെ 68-ാം വചനത്തില്‍ സൂചിപ്പിച്ച തേനീച്ചക്കു വഹ്്‌യ്് നല്‍കിയെന്നതും, സൂറത്തു മര്‍യമിലെ 11-ാം വചനത്തില്‍ സകരിയ്യാ നബി അവിടെ കൂടിനിന്ന ജനങ്ങള്‍ക്ക് വഹ്‌യ് നല്‍കിയെന്നതും സൂറത്തു ഫുസ്സിലത്തിലെ 12-ാം വചനത്തില്‍ ഓരോ ആകാശങ്ങള്‍ക്കും വഹ്‌യ് നല്‍കിയെന്നതും സൂറത്തുസ്സല്‍സലയിലെ 5-ാം വചനത്തില്‍ ഭൂമിക്ക് വഹ്‌യ് നല്‍കിയെന്നതും, സൂറത്തു ത്വാഹയിലെ 38-ാം വചനത്തില്‍ മൂസാനബിയുടെ മാതാവിന് വഹ്‌യ് നല്‍കിയെന്നതും സൂറത്തുല്‍ അന്‍ആമിലെ 121-ാം വചനത്തില്‍ പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് വഹ്‌യ് നല്‍കുന്നു എന്നതും, അതേ സൂറത്തിലെ 112-ാം വചനത്തില്‍ മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കള്‍ തമ്മില്‍ വഹ്‌യ് അറിയിക്കുന്നു എന്നതും പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന നുബുവ്വത്ത്, രിസാലത്ത് എന്നീ ഗണത്തില്‍ പെടുന്നതായ വഹ്യല്ല. മറിച്ച് കേവലം ഭാഷാപ്രയോഗമെന്ന നിലക്കുള്ള അറിയിക്കല്‍, തോന്നിപ്പിക്കല്‍, ചൂണ്ടിക്കാണിക്കല്‍ എന്നതു മാത്രമാണ്. അഥവാ, ‘വഹ്‌യ്’ എന്നതിന് ഭാഷാപരമായി ഒരര്‍ഥവും സാങ്കേതികമായി മതപരമായി ഒരര്‍ഥവുമുണ്ടെന്ന് സാരം. നാമിവിടെ മതപരമായിട്ടുള്ള അര്‍ഥത്തെയാണ് ഉദ്ദേശിക്കുന്നത്.
വഴികാണിച്ചു, സന്മാര്‍ഗദര്‍ശനം നല്‍കി, സന്മാര്‍ഗത്തില്‍ ചേര്‍ത്തു എന്നിങ്ങനെ അര്‍ഥങ്ങളുള്ള ഒരു പദമാണ് ഹദാ, യഹ്്ദീ, ഹിദായത്ത് എന്നത്. പ്രപഞ്ചനാഥന്‍ തന്റെ സൃഷ്ടികള്‍ക്കാവശ്യമായ വായു, വെള്ളം വെളിച്ചം, ഭക്ഷണം, പാര്‍പ്പിടം മുതലായവ നല്‍കിയ പോലെ അവക്കെല്ലാം ഹിദായത്ത് നല്‍കുകയും ചെയ്തവനാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. (വി.ഖു 20:50) എന്നാല്‍, ഈ സൂക്തത്തിലെ ഹദാ എന്ന പ്രയോഗം പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും നല്‍കിയ സന്മാര്‍ഗ ദര്‍ശനമെന്ന ഉദ്ദേശ്യത്തിലുള്ള ഹിദായത്തല്ല. മറിച്ച്, മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികള്‍ക്കെല്ലാം അവയുടേതായ ജീവിത നിലനില്പിന്നാവശ്യമായ വഴികാണിച്ചുവെന്നതാണുദ്ദേശ്യം.
പ്രവാചകന്മാരിലൂടെയും വേദങ്ങള്‍ മുഖേനയും മനുഷ്യര്‍ക്കായി സന്മാര്‍ഗദര്‍ശനം അവതരിപ്പിച്ചുകൊടുത്തതിനെപ്പറ്റിയാണ് അവര്‍ക്ക് ഹിദായത്ത് നല്‍കിയെന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കേവല നൈസര്‍ഗിക കഴിവുകളല്ല. അതുകൊണ്ടുതന്നെ പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന ഹിദായത്തും സാധാരണ മനുഷ്യര്‍ക്ക് നല്‍കപ്പെടുന്ന ഹിദായത്തും മനുഷ്യരും പ്രവാചകന്മാരുമല്ലാത്ത മറ്റു സൃഷ്ടികള്‍ക്കു നല്‍കുന്ന ഹിദായത്തും പദപരമായി ഒന്നുതന്നെയാണെങ്കിലും അര്‍ഥം, ആശയം, ലക്ഷ്യം എന്നിവയില്‍ വ്യത്യാസങ്ങളുള്ളതാണ്.
പ്രവാചകന്മാര്‍ക്ക് ഹിദായത്ത് നല്‍കിയെന്ന് പറഞ്ഞാല്‍ അല്ലാഹു ദിവ്യബോധനത്തിലൂടെ അവര്‍ക്ക് സന്മാര്‍ഗം അവതരിപ്പിച്ചു കൊടുത്തുവെന്നും മനുഷ്യര്‍ക്ക് ഹിദായത്ത് നല്‍കിയെന്നാല്‍ ദിവ്യബോധനത്തിന്റെയടിസ്ഥാനത്തില്‍ പ്രവാചകന്മാര്‍ വിശദമാക്കുന്ന മാര്‍ഗമെന്നും മനുഷ്യരല്ലാത്ത ജീവികള്‍ക്ക് അവയുടെ പ്രകൃതിക്കനുകൂലമായി നിലകൊള്ളാനുതകുന്ന നൈസര്‍ഗികബോധം നല്‍കപ്പെട്ടു എന്നുമാണ് ഇവിടങ്ങളിലെല്ലാം ഉദ്ദേശ്യം.
അതിനാല്‍ സൂറത്തു ആലുഇംറാനിലെ എട്ടാമത്തെ വചനത്തില്‍ ചൂണ്ടിക്കാട്ടിയ ഹദായെന്നതും സൂറത്തുല്‍ ഫാതിഹയിലെ ആറാമത്തെ വചനത്തിലെ ഇഹ്്ദിനാ എന്നതിലെ ഹിദായത്തും കേവല നൈസര്‍ഗിക ബോധത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്ന് വ്യക്തമാകും. പ്രവാചകന്മാര്‍ക്ക് ഹിദായത്ത് നല്‍കിയിട്ടുണ്ടെന്നത് അവരെ അതില്‍ ചേര്‍ത്തുകഴിഞ്ഞിട്ടുണ്ടെന്നും മനസ്സിലാക്കണം. മാത്രമല്ല, മനുഷ്യരെ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കുകയെന്നത് പ്രവാചകന്മാരുടെ ജോലിയല്ലെന്ന കാര്യവും വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ട വസ്തുതയാണ്. സന്മാര്‍ഗത്തില്‍ ചേര്‍ക്കുകയെന്നതും വഴികാണിച്ചുകൊടുക്കുകയെന്നതും രണ്ടും രണ്ടാണ്. പ്രവാചകന്മാര്‍ക്ക് അവരുടെ സ്വന്തക്കാരെയെല്ലാം ഹിദായത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ.


സൂറത്തുല്‍ ഖസസിലെ 56-ാം വചനത്തില്‍ പരാമര്‍ശിക്കുന്ന ഹദാ, യഹ്്ദീ എന്നത് പ്രവാചകന്മാര്‍ക്ക് ആരെയും സന്മാര്‍ഗത്തില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെയാണ്. അതിനാല്‍ നേര്‍മാര്‍ഗം മനുഷ്യരെ അറിയിച്ചുകൊടുക്കല്‍ മാത്രമാണ് പ്രവാചക ജോലിയെന്നും അതില്‍ ചേര്‍ക്കുകയെന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരം സംഭവിക്കുന്നതാണെന്നും കാണാം. സൂറത്തുല്‍ ഫാതിഹയിലെ ഇഹ്്ദിനാ എന്നത് നേര്‍മാര്‍ഗത്തില്‍ ചേര്‍ത്തു കിട്ടാന്‍ വേണ്ടിയുള്ള പ്രാര്‍ഥനയാണെന്നും കേവലം ‘വഴികാട്ടിത്തരേണമേ’ എന്നല്ലെന്നും ഇതില്‍ നിന്ന് വ്യക്തമാകും. ദുര്‍മാര്‍ഗത്തിന്റെ അവസ്ഥയും ഇതേപോലെയാകാം. അതായത് ദുര്‍മാര്‍ഗത്തില്‍ മനുഷ്യരെ ചേര്‍ക്കുകയെന്നത് പിശാചിന്റെ പണിയല്ല. മറിച്ച്, ദുര്‍മാര്‍ഗം കാട്ടിത്തരല്‍ മാത്രമാണ് ചെകുത്താന്റെ ജോലി. പിശാച് കാണിച്ചു തരുന്ന വഴിയിലൂടെ എല്ലാവരും പ്രവേശിക്കാതിരിക്കുന്നതും നാം കാണുന്നതാണല്ലോ. രണ്ടു വ്യക്തമായ വഴികള്‍ ബുദ്ധിയുള്ള മനുഷ്യരുടെ മുന്നില്‍ മലര്‍ക്കെ തുറന്നുവെച്ചിരിക്കുകയാണ്. അവയിലൊന്ന് മനുഷ്യന്‍ സ്വയം സ്വീകരിക്കുന്നു. അല്ലാഹു ഇടപെടുന്നു.
വസ്തുത ഇങ്ങനെയാണെങ്കിലും പ്രവാചകന്മാര്‍ ഈമാന്‍, ഇസ്‌ലാം, ഹിദായത്ത് എന്നിവ മനുഷ്യരെ അറിയിക്കുമ്പോള്‍ അവരുടെ രിസാലത്തും നുബുവ്വത്തും ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇത്തരം ഘട്ടത്തില്‍ ഞങ്ങള്‍ ദൈവദൂതന്മാര്‍ തന്നെയാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനും പ്രവാചകന്മാര്‍ക്ക് ശക്തി പകരാനുമായിട്ടാണ് മുഅ്്ജിസത്ത്, കറാമത്ത് എന്നറിയപ്പെടുന്ന അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ അവരിലൂടെ അല്ലാഹു പ്രകടമാക്കുന്നത്. മുഅ്്ജിസത്ത് പ്രവാചകന്മാരിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്നതും കറാമത്ത് പ്രവാചകരിലൂടെയും അവരുടെ താഴെയുള്ള ശുഹദാഅ്്, സ്വാലിഹുകള്‍, വലിയ്യുകള്‍ എന്നിവരിലൂടെയെല്ലാം പ്രകടമാകാവുന്നതുമാണ്.
പ്രവാചകന്മാരിലൂടെ മാത്രം വെളിപ്പെടുന്ന മുഅ്ജിസത്ത് അവര്‍ നടത്തുന്ന ഒരു വെല്ലുവിളിയുടെ പശ്ചാത്തലത്തിലും എതിര്‍ക്കുന്നവര്‍ക്ക് അവരുടെ അശക്തത സംഭവിക്കുമ്പോഴുമാണ് അത് ‘മുഅ്്ജിസത്താ’വുക. എന്നാല്‍ കറാമത്തിന് ഒരു വെല്ലുവിളിയുടെയോ ജനങ്ങള്‍ക്ക് പരാജയം ഉണ്ടാവുന്നതിന്റെയോ ആവശ്യം വരുന്നില്ല. കാരണം ഔലിയാക്കള്‍ക്ക് തങ്ങള്‍ ഔലിയാക്കളാണെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. മറിച്ച്, പ്രവാചകന്മാരാണെങ്കില്‍ ജനത്തെ ഞങ്ങള്‍ ദൈവദൂതന്മാരാണെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. എന്നാല്‍ പ്രവാചകന്മാര്‍ക്ക് സ്വന്തം വകയായി ദൃഷ്ടാന്തങ്ങള്‍ പ്രകടിപ്പിക്കാനൊന്നും കഴിയുകയില്ല. ‘ഒരു ദൂതനും അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ലെന്ന്’ ഖുര്‍ആന്‍ 13:38ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവാചകന്മാരും ഔലിയാക്കളും ശുഹദാഅ്് സ്വാലിഹുകളും അവരവരുടെ ഇഷ്ടാനുസരണം പ്രകടിപ്പിക്കുന്നതല്ല മുഅ്്ജിസത്തും കറാമത്തുമെന്നത്.
‘മുഅ്്ജിസത്ത്’ എന്നാല്‍ അശക്തമാക്കുന്നത് എന്നാണ് വാക്കര്‍ഥം. ഇവിടെ പ്രവാചകന്മാരെ ശക്തിപ്പെടുത്തുന്നതും നേരിടാന്‍ വരുന്നവരെ തോല്പിക്കുന്നതും അല്ലാഹുവാണ്. ദൈവദൂതന്മാര്‍ക്ക് സ്വന്തമായി അതിന്ന് ഒരു കഴിവും ഇല്ലതന്നെ. തന്നെയുമല്ല, ഇത്തരം ദൃഷ്ടാന്തങ്ങള്‍ ധനാഗമ മാര്‍ഗമായോ, വ്യവസായമായോ, കാണികളെ അമ്പരപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്താനോ ഉള്ളതല്ല. പ്രവാചക മാതൃകയല്ല അതൊന്നും. മനുഷ്യരെയെല്ലാം കബളിപ്പിച്ച് പണം സമ്പാദിക്കാന്‍ വേണ്ടി ചിലര്‍ ചില ഹാവഭാവങ്ങളും വേഷങ്ങളുമുണ്ടാക്കി തങ്ങള്‍ അദൃശ്യജ്ഞാനമറിയുന്നവരും അത്ഭുതസിദ്ധിയുള്ളവരുമാണെന്ന് പ്രചരിപ്പിച്ച് പൊതുജനങ്ങളെ വഴികേടിലാക്കി വിളയാട്ടം നടത്തുന്നുണ്ട്. അത്തരക്കാര്‍ അവരുടെ ആവശ്യം കഴിഞ്ഞാല്‍ മുങ്ങുകയാണ് പതിവ്. നബിമാര്‍, ശുഹദാഅ്്, സ്വാലിഹീങ്ങള്‍, ഔലിയാക്കന്മാര്‍ മുതലായവര്‍ ഒരിക്കലും അത്ഭുത സിദ്ധി കാണിച്ചു പണം സമ്പാദിച്ചിട്ടില്ല.
കോട്ട്, പച്ചപ്പുതപ്പ്, കല്ലുമോതിരം, രുദ്രാക്ഷമാല എന്നിവ ധരിച്ച് താടിയും മുടിയും നീട്ടി, കുളിക്കുകയും നഖം മുറിക്കുകയും ചെയ്യാതെ മുറുക്കിത്തുപ്പി മഹാനായി അഭിനയിച്ച് നമസ്‌കാരം പോലുമില്ലാതെ ഒരു കുടിലില്‍ ഒഴിഞ്ഞിരിക്കലും ഇത്തരം വ്യാജ സിദ്ധന്മാരുടെ പതിവാണ്. ആരെങ്കിലും എതിര്‍ത്താല്‍ നേരിടാനുള്ള ഗുണ്ടകളെ ഒരുക്കിയവര്‍ പോലും ഇക്കൂട്ടത്തിലുണ്ടായിട്ടുണ്ട്. വിശ്വാസ ചൂഷണം ധാരാളമായി അരങ്ങേറുന്ന ഒരു രംഗമാണിത്. മുഅ്ജിസത്ത്, കറാമത്ത് എന്നതിനു പകരമായി ഇത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് ബുര്‍ഹാന്‍, സുല്‍ത്താന്‍, ആയാത്ത് എന്നീ പദങ്ങളാണ് ഖുര്‍ആനില്‍ പ്രയോഗിച്ചതായി കാണുന്നത്. ഇത് സഗൗരവം കണക്കിലെടുക്കേണ്ടതാണ്.
ഉദാഹരണമായി ഫറോവയുടെ അടുത്തേക്ക് പോകാന്‍ മൂസാനബിയോട് കല്പിക്കുന്നതിനു മുമ്പായി അല്ലാഹു മൂസാനബിക്ക് നല്‍കിയത് രണ്ടു ദൃഷ്ടാന്തങ്ങളാണ്. ‘നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിനക്ക് നാം കാണിച്ചു തരാന്‍ വേണ്ടിയത്രെ അത്.’ എന്നാല്‍ ഖുര്‍ആന്‍ 20:23 വിശദമാക്കിയത്. ഇവിടെ ‘ആയാത്ത്’ എന്നാണ് പ്രയോഗിച്ചത്. എന്നാല്‍, ഖുര്‍ആന്‍ 28:32 ല്‍ ‘ആയാത്ത്’ എന്നതിനുപകരം ‘ബുര്‍ഹാന്‍’ എന്നാണ് വിവരിച്ചത്. ഇവിടെയെല്ലാം ‘ആയാത്ത്’ ‘ബുര്‍ഹാന്‍’ എന്നുള്ളത് ‘മുഅ്്ജിസത്തി’നെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.
അതുപോലെത്തന്നെയാണ് സ്വാലിഹ്, ഹൂദ്, ഈസ, സുലൈമാന്‍, ദാവൂദ് മുതലായ പ്രവാചകരിലൂടെ പ്രകടമായ ദൃഷ്ടാന്തങ്ങളും വിശേഷിപ്പിക്കപ്പെട്ടുള്ളത്. ഖുര്‍ആനില്‍ ഒട്ടനേകം സൂക്തങ്ങളിലും അവര്‍ക്ക് നല്‍കിയ മുഅ്്ജിസത്തിനെ ‘ആയത്ത്’, ‘ആയാത്ത്’ എന്നും ‘ബുര്‍ഹാന്‍’, സുല്‍ത്താന്‍ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ (28:32), (34:21), (40:23), (44:19), (51:38) വചനങ്ങള്‍ നോക്കുക. മുഅ്ജിസത്ത്, കറാമത്ത് എന്ന് നാം പറയാറുള്ളതായാലും ബുര്‍ഹാന്‍, സുല്‍ത്താന്‍, ആയത്ത് എന്ന് നാം ഖുര്‍ആനില്‍ വിശേഷിപ്പിച്ചതായി കാണുന്നതായാലും അമാനുഷിക ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് എല്ലാമുള്ളത്. പ്രപഞ്ചത്തിലെ എല്ലാറ്റിനും ആകൃതിയും പ്രകൃതിയും ചര്യയും മാര്‍ഗവും നിശ്ചയിച്ച നാഥന് അവയില്‍ രൂപവ്യത്യാസം വരുത്തി അതിനെ അസാധാരണവും അമാനുഷികവുമായതാക്കുകയെന്നത് പ്രയാസമുള്ളതല്ലെന്നതാണതിലെ പാഠം.
ഇത്തരം ദൃഷ്ടാന്തങ്ങളില്‍ ഏറ്റവും വലിയൊരു സംഭവമാണ് ഈസാ നബിയുടെ ജനനവും അനുബന്ധ കാര്യങ്ങളുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഈസാനബിയിലൂടെ പ്രകടമായ അസാധാരണ സംഭവങ്ങളെക്കാളെല്ലാം പതിന്മടങ്ങ് അത്ഭുതകരമാണ് അദ്ദേഹത്തിന്റെ ജന്മം. ലക്ഷക്കണക്കായ ദൈവദൂതന്മാര്‍ക്കിടയില്‍ നിന്ന് ആരാധ്യനായൊരു വ്യക്തിയായി അദ്ദേഹവും അദ്ദേഹത്തിന്റെ മാതാവും ആയിത്തീരാന്‍ കാരണവും അതുതന്നെയാവാം. പക്ഷെ, എത്ര വലിയ അമാനുഷികത വെളിവായാലും സൃഷ്ടികളെ ആരാധ്യരായി ഉയര്‍ത്താന്‍ പാടില്ലെന്നാണ് ഖുര്‍ആന്‍ ഊന്നിപ്പറയുന്നത്.
മാതാവും പിതാവുമില്ലാതെ സൃഷ്ടിക്കപ്പെട്ട ആദിമ മനുഷ്യനായ ആദം(അ) പോലും ആരാധ്യനാവാന്‍ അര്‍ഹതയില്ലാത്തവനാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിയത്. സ്രഷ്ടാവായ അല്ലാഹുവല്ലാതെ ഈസാ നബിയോ മറ്റു പുണ്യവാന്മാരോ ആരാധിക്കപ്പെടാന്‍ ഞങ്ങള്‍ അര്‍ഹരാണ് എന്ന് സ്വയം അവകാശപ്പെട്ടിട്ടുമില്ല. ചില പ്രത്യേകഘട്ടത്തില്‍ രക്ഷയും ആശ്വാസവുമായി പുണ്യവാന്മാരിലൂടെ സംഭവിക്കുന്നതിനെയാണ് ‘കറാമത്ത്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ദൈവഭക്തരായി ജീവിക്കുന്നവരെ സഹായിക്കാനായിട്ടാണത് സംഭവിക്കുക. ഇത്തരം കറാമത്തുകള്‍ അവരുടെ ജീവിത കാലത്തും മരണാനന്തരവും ഉണ്ടായെന്നുവരാം. എന്നാല്‍ ശരീഅത്തിന്റെ നിയമ ചട്ടങ്ങളെ ലംഘിക്കുന്നവര്‍ എത്ര വലിയ അത്ഭുത കൃത്യങ്ങള്‍ കാണിച്ചാലും അവരെ പുണ്യപുരുഷരായി അംഗീകരിക്കാവതല്ലെന്നാണ് ഇസ്്‌ലാം പഠിപ്പിച്ചിട്ടുള്ളത്.
പ്രവാചകന്മാരിലൂടെ വെളിപ്പെടുന്ന അമാനുഷിക സംഭവങ്ങളെല്ലാം അവരുടെ കാലത്തോടെത്തന്നെ ഇല്ലാതാവുന്നതുമാണ്. ഉദാഹരണമായി മൂസാ നബിയുടെ വടികൊണ്ട് അദ്ദേഹത്തിനുശേഷം ആരും അതിനെ സര്‍പ്പമാക്കി കാണിച്ചിട്ടില്ലല്ലോ.
എന്നാല്‍, ഖുര്‍ആന്‍ അത്തരത്തില്‍പെട്ട ഒന്നല്ല. മറ്റു പ്രവാചകന്മാരിലൂടെ പ്രകടമായ അസാധാരണ സംഭവങ്ങളെപ്പോലും കൃത്യമായി വിവരിക്കുന്നത് ഖുര്‍ആനാണ്. കൂടാതെ, അതാതു കാലങ്ങളിലെ മനുഷ്യര്‍ ഏതുവിധം അഭിവൃദ്ധിയാണോ നേടിയിട്ടുള്ളത് അതിനെ അശക്തമാക്കുന്ന സംഭവങ്ങളാണ് അന്നത്തെ നബിമാരിലൂടെ പ്രത്യക്ഷമായിട്ടുള്ളത്. ഖുര്‍ആന്‍ നടത്തിയ വെല്ലുവിളിയും ജനങ്ങളുടെ കഴിവുകേടും നിലനില്ക്കുന്നേടത്തോളം ഖുര്‍ആനിന്റെ അമാനുഷികതയും നിലനില്‍ക്കുമെന്നതാണ് കാലഹരണപ്പെടാത്ത അതിന്റെ അമാനുഷികത.
മാനവരാശിയെ സന്മാര്‍ഗം കാണിക്കാനായി നിയുക്തരായ പ്രവാചകന്മാരുടെ മുഴുവന്‍ രിസാലത്തും നുബുവ്വത്തും അവരിലൂടെ പ്രകടമായ അസാധാരണ സംഭവങ്ങളും യഥാര്‍ഥത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ ഖുര്‍ആനല്ലാത്ത മറ്റു രേഖകളൊന്നും വിശ്വാസികളുടെ പക്കലില്ല. പാതിരാ പ്രസംഗങ്ങളില്‍ ചിലര്‍ തള്ളിവിടുന്ന സ്വപ്‌നക്കഥകള്‍ മതപ്രമാണമാക്കുന്നവര്‍ക്ക് മുഅ്്ജിസത്തും കറാമത്തും വെറും ദുരൂഹതകള്‍ നിറഞ്ഞ സങ്കല്പങ്ങള്‍ മാത്രമാകും. സത്യവിശ്വാസികള്‍ക്കിടയില്‍ അതൊന്നും ചിലവാകില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x