23 Thursday
October 2025
2025 October 23
1447 Joumada I 1

അല്‍ഷിഫ ആശുപത്രി ആക്രമണം ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല


കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ സൈന്യം ഗസ്സയിലെ ഏറ്റവും വലുതും യുദ്ധത്തില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയുമായിരുന്ന അല്‍ഷിഫ ആശുപത്രി ബോംബിട്ട് തകര്‍ത്തത് ഫലസ്തീന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായുള്ള യൂറോ-മിഡ് മനുഷ്യാവകാശ സംഘടനയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. ആക്രമണത്തില്‍ 400 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രി പരിസരത്ത് കുട്ടികള്‍ അടക്കമുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു. ആശുപത്രി കെട്ടിടത്തിനകത്തും പുറത്തുമായി മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നെന്നും സംഘടന പറഞ്ഞു.
തീവ്രവാദികള്‍ ആശുപത്രി സമുച്ചയത്തില്‍ ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ആശുപത്രി ഒന്നടങ്കം ബോംബിട്ട് തകര്‍ത്തത്. സംശയിക്കപ്പെടുന്ന 500 പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
മെഡിക്കല്‍ കോംപ്ലക്‌സില്‍ ഇസ്രായേലിന്റെ ഉപരോധത്തിനിടെ ഭക്ഷണം, വൈദ്യസഹായം, അവശ്യസാധനങ്ങള്‍ എന്നിവയ്ക്കുള്ള പ്രവേശനം മനഃപൂര്‍വം നിഷേധിക്കുന്നതിനിടെയാണ് ആശുപത്രിക്കു നേരെ ബോംബിട്ടത്. 22 രോഗികള്‍ കിടക്കകളില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മനുഷ്യത്വ സഹായം വിതരണം ചെയ്യുന്നതിനും പലായന സഹായത്തിനുമായി അല്‍ഷിഫയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ദുരിതാശ്വാസ സംഘടനകളെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെയും ഇസ്രായേല്‍ സൈന്യം തടഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായിട്ടുണ്ട്.

Back to Top