അല്ലാഹുവുമായുള്ള കരാര്‍ പാലിക്കുക
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

അല്ലാഹുവുമായി നിങ്ങള്‍ ചെയ്യുന്ന കരാര്‍ പാലിക്കുക, കരാര്‍ ഉറപ്പിച്ച ശേഷം ലംഘിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ കഫീല്‍ (സംരക്ഷകന്‍) ആയി സ്വീകരിച്ചിരിക്കയാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവന്‍ അറിയുന്നുണ്ട്. (നഹ്ല്‍ 91)
നമ്മുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള ബന്ധമാണ് ഈ ആയത്തില്‍ വ്യക്തമാക്കുന്നത്. അവനുമായുള്ള ഉടമ്പടിയാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനം. ‘ഞാനല്ലേ നിങ്ങളുടെ റബ്ബ്?’ അതെ, നീ തന്നെയാണ് റബ്ബ് എന്ന ചോദ്യവും സമ്മതവും (7:172) ഈ ഉടമ്പടി നാം നേരത്തെ തന്നെ അംഗീകരിച്ചു എന്നതിന്റെ ഖുര്‍ആന്‍ സാക്ഷ്യമാണ്. അവനോടു മാത്രം നടത്തേണ്ട പ്രാര്‍ഥനയും ആരാധനകളും ഈ ബന്ധത്തെ ശാക്തീകരിക്കുന്നു.
ഈ ഉടമ്പടിയുടെ പ്രയോഗവല്‍ക്കരണത്തില്‍ പ്രധാനം അല്ലാഹു നിശ്ചയിച്ച വിധിവിലക്കുകള്‍ പാലിക്കുകയെന്നതാണ്. അപ്പോള്‍ മാത്രമേ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരാകാനും കഴിയുകയുള്ളൂ. ഈമാനും ഇസ്ലാമും തഖ്‌വയും റമദാനില്‍ പുതുക്കിപ്പണിഞ്ഞ നാം അതിലൂടെ ഈ കരാര്‍ വീണ്ടും ഉറപ്പിച്ചിരിക്കയാണ്. ചെറുതായൊരു തിന്‍മ പോലും നാം വര്‍ജിച്ചത് അല്ലാഹു ഏല്‍പിച്ച അമാനത്ത് ഏറ്റെടുക്കാന്‍ നമ്മെ സ്വയം പാകപ്പെടുത്താനായിരുന്നു. അവന് ഇഷ്ടമില്ലാത്തതൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് അല്ലാഹുവിനെ ബോധ്യപ്പെടുത്തിയ സന്ദര്‍ഭമായിരുന്നു റമദാന്‍. ലംഘിക്കാന്‍ പാടില്ലാത്ത ഉടമ്പടിയുടെ ഭാഗമാണ് അതും.
അല്ലാഹുവുമായുള്ള ഉടമ്പടിയില്‍ പ്രധാനമായും ഓര്‍ക്കേണ്ടത് അവന്‍ നമ്മുടെ കഫീല്‍ ആകുന്നു എന്നതാണ്. വളരെ അര്‍ഥ പ്രസക്തിയുള്ള പ്രയോഗമാണിത്. പ്രവാസ ജീവിതത്തില്‍ കഫീലിന്റെ റോള്‍ പ്രധാനമാണല്ലോ. അവിടത്തെ ജീവിതവും ജോലിയും യാത്രയുമെല്ലാം കഫീലിന്റെ നിയന്ത്രണത്തിന് വിധേയമാണ്. സമാന അര്‍ഥതലം തന്നെയാണ് അല്ലാഹു നമ്മുടെ കഫീലാകുന്നു എന്ന ഓര്‍മപ്പെടുത്തല്‍. നമ്മുടെ പൂര്‍ണ നിയന്ത്രണം അവനില്‍ നിക്ഷിപ്തമാകുന്നുവെന്ന ബോധ്യത്തില്‍ നിന്നാണ് ശരിയായ ഈ മാന്‍ പിറവിയെടുക്കുന്നത്.
കഫീലിനെ പിണക്കിയാല്‍ പ്രവാസിയുടെ ജീവിതം ദുസ്സഹമാകുന്നു. പിണങ്ങാതിരിക്കാന്‍ അദ്ദേഹം ചോദിക്കുന്നത് ഉടന്‍ നല്‍കുന്നു. അല്ലാഹുവിനോടുള്ള പിണക്കത്തിന്റെ പ്രത്യാഘാതം അറിയുവാന്‍ കുറച്ച് കാത്തിരിക്കണമെന്നേയുള്ളൂ. അവന്‍ നമുക്ക് നല്‍കുന്ന സംരക്ഷണത്തിന് (കഫാലത്ത്) പകരം ഒന്നും നമ്മോട് ചോദിക്കുന്നുമില്ല. ‘ഞാന്‍ അവരില്‍ നിന്ന് ഒരു ഉപജീവനവും ആഗ്രഹിക്കുന്നില്ല'(51:57). ഭക്തിയും പുണ്യവും ധര്‍മവും നഷ്ടപ്പെടാതെ ജീവിച്ചാല്‍ മാത്രം മതി. അത് അവനോടുള്ള പ്രത്യുപകാരമല്ല, മറിച്ച് അങ്ങനെ ജീവിച്ചാല്‍ ഉണ്ടാകുന്ന നേട്ടം നമുക്ക് തന്നെയാണ്. ‘നിങ്ങള്‍ നന്‍മ ചെയ്യുന്ന പക്ഷം നിങ്ങളുടെ സ്വന്തം ഗുണത്തിന് തന്നെയാണത്'(17:7).
അല്ലാഹു ഏല്‍പിച്ച ബാധ്യതകള്‍ യഥാവിധി നിര്‍വഹിച്ച് അവനുമായുള്ള ഉടമ്പടി പാലിക്കുക എന്നത് എളുപ്പവും പ്രായോഗികവുമാണ്. അത് അവഗണിച്ചുള്ള ജീവിതത്തില്‍ നാശവും കുഴപ്പങ്ങളും അരാജകത്വവും മാത്രമേ മിച്ചമുണ്ടാവുകയുള്ളൂ. ഇരു ലോകത്തും അവന്റെ ശാപകോപങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ധര്‍മ-അധര്‍മ ജീവിതത്തിന്റെ പരിണാമം ഇബ്‌നുല്‍ ജൗസി വിശദീകരിക്കുന്നത് ഇങ്ങനെ: ‘ധര്‍മ ജീവിതത്തിലെ പ്രയാസങ്ങള്‍ താല്‍ക്കാലികമായിരിക്കും, അതിന്റെ നേട്ടങ്ങളാവട്ടെ അനശ്വരമായി ലഭിക്കും. അധര്‍മ ജീവിതം നല്‍കുന്ന ആനന്ദം താല്‍ക്കാലികം മാത്രം. അതുണ്ടാക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും അന്ത്യമില്ലാതെ തുടരും’. ഈ ബോധ്യമായിരിക്കണം റമദാന്‍ നല്‍കിയ വിശുദ്ധിയിലൂടെ അല്ലാഹുവുമായുള്ള കരാര്‍ സൂക്ഷിക്കാന്‍ നാം കരുതി വെക്കേണ്ടത്.
