27 Tuesday
January 2026
2026 January 27
1447 Chabân 8

അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുക

സലീം കോഴിക്കോട്‌

അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത് കേവല വായനക്കോ പള്ളികളില്‍ മാത്രം ഒതുങ്ങുന്ന പ്രബോധനത്തിനോ വേണ്ടി മാത്രമല്ല, മനുഷ്യകുലത്തിന്റെ ആകമാന ജീവിതവിജയത്തിനു വേണ്ടിയാണ്. ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവ് മാത്രമേയുള്ളൂവെന്നും അവന്‍ മാത്രമേ ആരാധനക്കര്‍ഹന്‍ ആയുള്ളൂവെന്നുമുള്ള വസ്തുത ലോകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തേണ്ടത് പ്രബോധനത്തില്‍ കൂടിയാണ്. ഈ സത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ പ്രബോധനമല്ലാതെ മറ്റൊരു മാര്‍ഗവും സ്വീകരിക്കേണ്ടതില്ല. അതാണ് അല്ലാഹു നബിയോട് കല്‍പിച്ചതും. പ്രബോധനം കേള്‍ക്കുന്നയാള്‍ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യട്ടെ, അവന്റെ വിശ്വാസമനുസരിച്ച് അവനു ജീവിക്കാം.
പ്രബോധനരംഗത്ത് ഇതാണ് അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ജീവിതത്തിലെ സര്‍വ മേഖലയിലും വന്നേക്കാവുന്ന മൂല്യച്യുതിയുടെ കാര്യത്തില്‍ കേവലം ഒരു പ്രബോധനം എന്ന സമീപനമല്ല അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെടുന്നത്. അവിടെ കര്‍മങ്ങളാണ് അല്ലാഹുവിന്റെ ആവശ്യം. നിങ്ങളില്‍ നിന്ന് ഒരു സമുദായം ഉണ്ടാകണം, അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തുകൊള്ളട്ടെ. ഇത് ഒരു വിശ്വാസിയുടെ നിലപാടായി അല്ലാഹു കല്‍പിക്കുന്നു. ഭൂമിയിലെ സര്‍വതും മാന്യമായും ധാര്‍മികമായും പുലര്‍ന്നുപോകാന്‍ അല്ലാഹു ആഗ്രഹിക്കുന്നു. അതിന്റെ നിര്‍വഹണമാണ് വിശ്വാസി സമൂഹമായിക്കൊണ്ട് നമുക്കു മുമ്പിലുള്ളത്. അല്ലാഹുവിന്റെ ഈ ലക്ഷ്യത്തില്‍ ആര് തന്റെ പ്രവര്‍ത്തനഫലമായി വിജയിക്കുന്നുവോ അവിടെ അല്ലാഹുവിന്റെ തൃപ്തി നേടാം. എന്നാല്‍ ഇതിനു വിഘാതമായി വ്യ ക്തികളുടെ മുമ്പിലുള്ളത് സ്വന്തം സംഘടനയോ പാര്‍ട്ടിയോ അപകര്‍ഷബോധമോ ആണെങ്കില്‍ അല്ലാഹുവിന്റെ തൃപ്തി അവരെ സ്പര്‍ശിക്കാതെ പോകുന്നു.

Back to Top