8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

അല്ലാഹുവിന്റെ ഇടപെടല്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: ഒരാള്‍ നബി(സ)യോട് ഉപദേശം തേടി. നബി(സ) പറഞ്ഞു. നീ കോപിക്കരുത്. അദ്ദേഹം പല തവണ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും നബി(സ) പറഞ്ഞു: നീ കോപിക്കരുത്’ (ബുഖാരി)

മനുഷ്യപ്രകൃതിയുടെ വികാരങ്ങളില്‍പെട്ടതാണ് കോപം. ദൂരവ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവെക്കാന്‍ കാരണമാകുന്ന ഒരു ദുശ്ശീലവുമത്രെ അത്. അവിവേകവും അധര്‍മവും അക്രമവുമാണ് അതിന് അനന്തരമായി വരുന്ന പ്രതികരണങ്ങള്‍. വിശ്വാസി നിര്‍മല മനസ്സിന്റെ ഉടമയായിരിക്കണം. പരുഷതയും കാഠിന്യവും വിശ്വാസിക്ക് അനുയോജ്യമല്ല. തിന്മകള്‍ക്ക് കാരണമാവുകയും തിന്മയിലേക്ക് നയിക്കുകയും ചെയ്യുന്ന കോപത്തെ വെടിയണമെന്ന് വിശ്വാസി കല്‍പിക്കപ്പെട്ടത് അതുകൊണ്ടാണ്.
വിവേകം കൈവിടാതെ നിര്‍മ്മലമായി പെരുമാറാന്‍ കോപം അനുവദിക്കുകയില്ല. വിവേകവും വിനയവും വിശ്വാസികളില്‍ അനിവാര്യമായി ഉണ്ടാവേണ്ട സ്വഭാവ ഗുണങ്ങളത്രെ. ദേഷ്യം വരുമ്പോള്‍ എന്ത് പറയണമെന്നോ എന്ത് പ്രവര്‍ത്തിക്കണമെന്നോ ചിന്തയില്ലാതെയാകുന്നത് ലജ്ജയുടെ അപര്യാപ്തതയാണ്. ലജ്ജയും സഹനശീലവുമാണ് കോപത്തെ തടുത്തു നിര്‍ത്തുന്നത്.
മറ്റുള്ളവരോട് ദേഷ്യപ്പെടുകയും പരുഷമായി പെരുമാറുകയും ഏത് കാര്യത്തിലും സൗമ്യത കൈവിട്ട് സംസാരിക്കുയും ചെയ്യുന്നത് ജനങ്ങളുടെ അകല്‍ച്ചയ്ക്ക് കാരണമാവുന്നു. വിശ്വാസികള്‍ ജനങ്ങളെ അകറ്റി നിര്‍ത്തേണ്ടവരല്ല മറിച്ച് അടുപ്പിക്കേണ്ടവരാണ്. ‘നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നുവെന്ന് (3:191) പ്രവാചക തിരുമേനിയോട് അല്ലാഹു പറയുന്നതില്‍നിന്നും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്.
കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന മനസ്സിനെ ശീതീകരിച്ചു നിര്‍ത്തേണ്ടത് വിശ്വാസിയുടെ ബാധ്യതയാകുന്നു. ‘കോപത്തെ ഒതുക്കി നിര്‍ത്തുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുക”(3:134) എന്നത് സ്വര്‍ഗാവകാശികളായ ഭക്തന്മാരുടെ സ്വാഭാവമായി വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്നു. വാക്കിലും പ്രവൃത്തിയിലും നിര്‍മലത പതിവാക്കുന്ന വ്യക്തിക്ക് കോപത്തെ നിയന്ത്രിക്കുവാനും അല്ലാഹുവില്‍ അഭയം തേടാനും സാധിക്കുന്നു. ദേഷ്യംവരുമ്പോള്‍ മൗനമവലംബിക്കുകയോ അംഗശുദ്ധി വരുത്തുകയോ ചെയ്യുവാനുള്ള നബിതിരുമേനിയുടെ ഉപദേശം മനസ്സിനെയും ശരീരത്തെയും തണിപ്പിക്കുവാന്‍ ഉതകുന്ന നിര്‍ദേശമായാണ് കാണുന്നത്.
വേഷംകൊണ്ടോ ആകാരംകൊണ്ടോ അല്ല മറിച്ച് വിവേകംകൊണ്ടും ഉദാരതകൊണ്ടുമാണ് നമുക്ക് നേട്ടങ്ങള്‍ ലഭിക്കുന്നത്. വിശ്വാസിയില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു സദ്ഗുണമത്രെ കോപത്തെ അടിക്കി നിര്‍ത്തല്‍. ജീവിതത്തിലെ നന്മയുടെ പ്രതീകമായി ഒരാള്‍ മാറുന്നതിനുതകുന്ന ഏറ്റവും പ്രധാനകാര്യം അനാവശ്യമായി ദേഷ്യപ്പെടാതിരിക്കുകയാണെന്ന് നബി(സ) ഒരാള്‍ നന്നാവാനുള്ള ഉപദേശമായി നല്‍കിയതില്‍ നിന്നും വ്യക്തമാക്കാം.
ഉപദേശം തേടി നബി(സ)യുടെ സമീപത്തെത്തിയ അനുചരന് തിരുമേനി നല്‍കിയത് കോപത്തെ അടക്കി നിര്‍ത്താന്‍ മനസ്സിനെ പാകപ്പെടുത്തി എടുക്കുക എന്നതാണ്. വീണ്ടും വീണ്ടും ഉപദേശം തേടിയപ്പോഴും ഇതേ ഉത്തരം തന്നെ ആവര്‍ത്തിച്ച് നല്‍കിയതില്‍ നിന്നു ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. സമൂഹത്തില്‍ ഇടപഴകി ജീവിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ സവിശേഷതയിലേക്കാണ് ഈ തിരുവചനം വിരല്‍ ചൂണ്ടുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x