3 Tuesday
December 2024
2024 December 3
1446 Joumada II 1

അല്ലാഹുവിന്റെ ചിഹ്നങ്ങളും ആദരിക്കപ്പെട്ട മാസങ്ങളും

പി കെ മൊയ്തീന്‍ സുല്ലമി


ഈ ലോകത്തുള്ള സകല സൃഷ്ടികളും അല്ലാഹുവിന്റെ പടപ്പുകളാണ്. അവയില്‍ ജീവനുള്ളവയും ഇല്ലാത്തവയുമുണ്ട്. എല്ലാ വസ്തുക്കളും തുല്യമല്ല. ചിലതിനു മറ്റു ചിലതിനെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്, മനുഷ്യരെയെല്ലാം തുല്യരായിട്ടല്ല അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യരില്‍ വെച്ച് അല്ലാഹു ഏറ്റവും ശ്രേഷ്ഠത നല്‍കിയിട്ടുള്ളത് പ്രവാചകന്മാര്‍ക്കാണ്. ”അത് (പ്രവാചകത്വം) അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കുന്നു” (ജുമുഅ 4). ആ പ്രവാചകന്മാരില്‍ ശ്രേഷ്ഠരായവര്‍ അഞ്ചു പേരാണ്. നൂഹ്(അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ്(സ) എന്നിവരാകുന്നു അവര്‍. അവരെക്കുറിച്ച് അല്ലാഹു അരുളി: ”ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചതുപോലെ താങ്കളും ക്ഷമിക്കുക” (അഹ്ഖാഫ് 35).
ചില മാസങ്ങള്‍ക്ക് അല്ലാഹു പ്രത്യേകത നല്‍കിയിട്ടുണ്ട്. ഏറ്റവും ശ്രേഷ്ഠത നല്‍കിയ മാസമേതാണെന്നു ചോദിച്ചാല്‍ നിസ്സംശയം ഉത്തരം പറയാവുന്ന മാസമാണ് റമദാന്‍. പ്രസ്തുത മാസത്തിലാണ് ഖുര്‍ആന്‍ അവതീര്‍ണമായത്. ”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍” (അല്‍ബഖറ 185).
അല്ലാഹു ആദരിച്ച മറ്റു നാലു മാസങ്ങളെക്കുറിച്ച് അല്ലാഹു അരുളി: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതു പ്രകാരം അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു” (തൗബ 36). പ്രസ്തുത യുദ്ധം വിലക്കപ്പെട്ടതായ മാസങ്ങള്‍ മുഹര്‍റം, റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ എന്നിവയാണ്. മേല്‍പറഞ്ഞ നാലു മാസങ്ങളില്‍ ഏറ്റവും പവിത്രത നല്‍കേണ്ടത് ഹജ്ജ് മാസമായ ദുല്‍ഹിജ്ജക്കാണ്.
ചില മാസങ്ങള്‍ക്ക് ശകുനപ്പിഴകള്‍ നല്‍കുന്ന സമ്പ്രദായം യഹൂദി സമ്പ്രദായമാണ്. വിശുദ്ധ ഖുര്‍ആനും പണ്ഡിതന്മാരും അപ്രകാരമാണ് പഠിപ്പിക്കുന്നത്. അന്താക്കിയ പട്ടണത്തില്‍ പ്രവാചകന്മാര്‍ വന്നപ്പോള്‍ മുശ്‌രിക്കുകളുടെ പ്രതികരണം അപ്രകാരമായിരുന്നു. അല്ലാഹു അരുളി: ”അവര്‍ (മുശ്‌രിക്കുകള്‍) പറഞ്ഞു: തീര്‍ച്ചയായും നിങ്ങളെ ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ ഇതില്‍ നിന്നു വിരമിക്കാത്തപക്ഷം ഞങ്ങള്‍ നിങ്ങളെ എറിഞ്ഞോടിക്കുക തന്നെ ചെയ്യും” (യാസീന്‍ 18).
മൂസാ നബി(അ)യുടെ ജനത അദ്ദേഹത്തോട് അനുവര്‍ത്തിച്ച നയവും അപ്രകാരം തന്നെയായിരുന്നു. അല്ലാഹു അരുളി: ”ഇനി അവര്‍ക്ക് വല്ല തിന്മയും ബാധിച്ചെങ്കിലോ, അത് മൂസയുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്” (അഅ്‌റാഫ് 131).
നബി(സ) പറഞ്ഞു: ”ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്.” ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തുന്നു: ”ലക്ഷണം നോക്കല്‍ ശിര്‍ക്കായിത്തീരാന്‍ കാരണം അത് (അദൃശ്യമായ നിലയില്‍) ഒരു ഉപകാരം വരുത്തും, അല്ലെങ്കില്‍ ഉപദ്രവത്തെ തടയും എന്ന അവരുടെ വിശ്വാസം കാരണത്താലാണ്” (ഫത്ഹുല്‍ബാരി 13:130).
അല്ലാഹുവല്ലാത്ത ശക്തികള്‍ അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും (നന്മയും തിന്മയും) വരുത്തിവെക്കും എന്ന വിശ്വാസം ശിര്‍ക്കന്‍ വിശ്വാസമാണ് എന്നു ഗ്രഹിക്കാം.
”നിശ്ചയമായും അല്ലാഹു മണ്ണിനെ സൃഷ്ടിച്ചത് ചൊവ്വാഴ്ച ദിവസമാണ്” (മുസ്‌ലിം). ഈ ഹദീസിനെ വിമര്‍ശിച്ചുകൊണ്ട് ഇബ്‌നു തൈമിയ്യ പറയുന്നു: ”ഇമാം മുസ്‌ലിമിനേക്കാള്‍ അറിവുള്ള പണ്ഡിതന്മാര്‍ പ്രസ്തുത ഹദീസിനെ ആക്ഷേപിച്ചിട്ടുണ്ട്. യഹ്‌യബ്‌നു മഈന്‍, ഇമാം ബുഖാരി തുടങ്ങിയവരും അതില്‍ ഉള്‍പ്പെടുന്നു” (മജ്മൂഉ ഫതാവാ: 18:18). ചൊവ്വാഴ്ച ദിവസം ശകുനപ്പിഴയുള്ള ദിവസമാണ് എന്നതാണ് മേല്‍ ഹദീസിന്റെ താല്‍പര്യം.
അബൂദാവൂദ് ഉദ്ധരിച്ച മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”നിശ്ചയം, ചൊവ്വാഴ്ച ദിവസം രക്തത്തിന്റെ ദിനമാണ്. രക്തം പുറപ്പെട്ടാല്‍ നിലയ്ക്കാത്ത ഒരു സമയം പ്രസ്തുത ദിവസത്തിലുണ്ട്” (അബൂദാവൂദ്). അതുപോലെ ശകുനപ്പിഴയുള്ള ബുധനാഴ്ചകളും നിര്‍മിത ഹദീസുകളില്‍ വന്നിട്ടുണ്ട്.
ഇബ്‌നു ജൗസി ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: ”എല്ലാ മാസവും അവസാനം വരുന്ന ബുധനാഴ്ചകള്‍ ശകുനപ്പിഴയുള്ളതായിരിക്കും” (തദ്കിറത്തുല്‍ മൗദൂആത്ത്). ഏതെങ്കിലും ഒരു മാസമോ ദിവസമോ ശകുനപ്പിഴയുള്ളതാണെന്ന് പറയല്‍ അല്ലാഹുവിനെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണ്. കാരണം കാലത്തിനു മാറ്റം വരുത്തുന്നത് അല്ലാഹുവാണ്.
അക്കാര്യം നബി(സ)യും പറഞ്ഞിട്ടുണ്ട്: ”നബി(സ) പറഞ്ഞു: നിങ്ങള്‍ കാലത്തെ കുറ്റപ്പെടുത്തരുത്. നിശ്ചയം കാലം എന്നു പറയുന്നത് (മാറ്റം വരുത്തുന്നത്) അല്ലാഹുവാണ്” (അഹ്‌മദ് 5:299). ശകുനം നോക്കുകയെന്ന ശിര്‍ക്കന്‍ അനാചാരം യഹൂദികള്‍ക്ക് ലഭിച്ചത് മുശ്‌രിക്കുകളില്‍ നിന്നാണ്.
ഇബ്‌നു ഹജര്‍ ഹൈതമി(റ)യുടെ പ്രസ്താവന അക്കാര്യം വ്യക്തമാക്കുന്നു: ”തീര്‍ച്ചയായും അത് (ശകുനം നോക്കല്‍) യഹൂദികളുടെ ചര്യയാകുന്നു. സ്രഷ്ടാവായ അല്ലാഹുവില്‍ ഭരമേല്‍പിച്ചു ജീവിക്കുന്ന മുസ്‌ലിംകളുടെ ചര്യയല്ല. അലി(റ)യില്‍ നിന്നും മറ്റും ആ വിഷയത്തില്‍ അവതരിപ്പിക്കപ്പെട്ട (ഹദീസ്) അടിസ്ഥാനരഹിതവും അടിത്തറയില്ലാത്തതുമാണ്” (ഫതാവല്‍ ഹദീസിയ്യ, പേജ് 23). പല്ലി കൊക്കിയാല്‍ അത് ശുഭലക്ഷണമാണെന്നും കുറ്റിച്ചൂലാന്‍ ശബ്ദമുണ്ടാക്കിയാല്‍ അത് അവലക്ഷണമാണെന്നും കണക്കാക്കല്‍, ഖൈറും ശര്‍റും അല്ലാഹുവിന്റെ പക്കല്‍ നിന്നാണെന്ന ഈമാന്‍കാര്യത്തിന് വിരുദ്ധവുമാണ്.
ശകുനം നോക്കുന്ന സമ്പ്രദായം ഇസ്‌ലാമില്‍ തുടങ്ങിവെച്ചത് ശിയാക്കളാണ്. അവര്‍ അതില്‍ വിശ്വസിക്കുന്നത് യഹൂദികളെ അന്ധമായി അനുകരിച്ചുകൊണ്ടാണ്. നബി(സ)യുടെ പേരമകന്‍ സുഹൈല്‍(റ) കര്‍ബലയില്‍ വധിക്കപ്പെട്ടത് മുഹര്‍റം പത്തിനാണ്. അതിനാല്‍ മുഹര്‍റം പത്ത് നഹ്‌സുള്ള (അപലക്ഷണമുള്ള) ദിവസമാണെന്ന് അവര്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ മുഴത്തിനു മുഴമായും ചാണിനു ചാണായും ശിയാക്കളെ കര്‍മപരമായും വിശ്വാസപരമായും അനുകരിച്ചു ജീവിക്കുന്ന സമസ്തയിലെ ചില പണ്ഡിതന്മാര്‍ മുഹര്‍റം ഒന്നു മുതല്‍ പത്തു വരെ നഹ്‌സാക്കി പ്രഖ്യാപിക്കുകയുണ്ടായി. മുഹര്‍റം ഒന്നു മുതല്‍ പത്തു വരെ കല്യാണം, കച്ചവടം, ഗള്‍ഫില്‍ പോകല്‍ എന്നീ നല്ല കാര്യങ്ങളൊന്നും പാടില്ല എന്നാണ് അവരുടെ പ്രസ്താവന.
അല്ലാഹു ആദരിച്ചതിനെ അനാദരിക്കല്‍ ഒരു മുസ്‌ലിമിനും ഭൂഷണമല്ല. അതുപോലെ അല്ലാഹു അനാദരിച്ചതിനെ ആദരിക്കലും ഒരു മുസ്‌ലിമിനും പാടില്ലാത്തതാണ്. അല്ലാഹു അരുളി: ”സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്” (മാഇദ 2). അത് തഖ്‌വയുടെ ഭാഗമാണ്. അല്ലാഹു അരുളി: ”അത് (നിങ്ങള്‍ ഗ്രഹിക്കുക:) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ഭക്തിയില്‍ നിന്നുണ്ടാകുന്നതാകുന്നു” (ഹജ്ജ് 32).
ചില പകലുകള്‍ക്കും അല്ലാഹു പ്രത്യേകത നല്‍കിയിട്ടുണ്ട്. അതില്‍ പെട്ടതാണ് വെള്ളിയാഴ്ച പകല്‍ സമയം. അത് മുസ്‌ലിംകള്‍ ഒരു മഹല്ലില്‍ സമ്മേളിച്ച് അവരുടെ ഐക്യം ഊട്ടിയുറപ്പിക്കുകയും ഖതീബ് അവര്‍ക്കു വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ദിവസമാണ്. നബി(സ) അരുളിയതായി അബൂഹുറയ്‌റ(റ) പ്രസ്താവിച്ചു: ”സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച ദിവസമാണ്. അന്നാണ് ആദം(അ) സൃഷ്ടിക്കപ്പെട്ടത്, അന്നാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതും അതില്‍ നിന്നു പുറത്താക്കപ്പെട്ടതും” (മുസ്‌ലിം). അല്ലാഹു ശ്രേഷ്ഠത നല്‍കിയ ചില രാവുകളുമുണ്ട്. അതില്‍ പെട്ടതാണ് ഖുര്‍ആന്‍ ഭൂമിലോകത്തേക്കിറങ്ങിയ ആദ്യ രാവായ ‘ലൈലത്തുല്‍ ഖദ്ര്‍’ (നിര്‍ണയത്തിന്റെ രാവ്). ആ രാവിനെ സംബന്ധിച്ച് അല്ലാഹു അരുളിയത് ഇപ്രകാരമാണ്: ”ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു” (ഖദ്ര്‍ 3). ആയിരം മാസം എന്നത് 80ലധികം വര്‍ഷം വരും. അപ്പോള്‍ പ്രസ്തുത ദിവസം മാത്രം ആരാധനകളില്‍ മുഴുകിയവര്‍ക്ക് 80ലധികം വര്‍ഷം ആരാധനകള്‍ ചെയ്ത പ്രതിഫലം ലഭിക്കും. പ്രസ്തുത ദിവസം എന്നാണെന്ന് തിട്ടമായി നബി(സ) പഠിപ്പിച്ചില്ല. റമദാനിന്റെ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കാമെന്നാണ് നബി(സ) പറഞ്ഞത്.
ലൈലത്തുല്‍ ഖദ്‌റിനെ വില കുറച്ചു കാണിക്കാന്‍ സമസ്തയിലെ അതിതീവ്രവാദികളായ ചിലര്‍ ഈ അടുത്ത കാലത്ത് ഒരുപാട് ശ്രമം നടത്തിവരുന്നുണ്ട്. അവരുടെ വാദം ലൈലത്തുല്‍ ഖദ്‌റിനെക്കാള്‍ പ്രാധാന്യം റബീഉല്‍ അവ്വല്‍ 12നാണ് എന്നാണ്. അന്നാണുപോലും നബി(സ) ജനിച്ചത്. അത് ഒരു ദുര്‍ബലമായ അഭിപ്രായം മാത്രമാണ്. നബി(സ) എന്നാണ് ജനിച്ചത് എന്ന വിഷയത്തില്‍ നിരവധി അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ഇമാം ഇബ്‌നു കസീറിന്റെ ‘അല്‍ബിദായത്തു വന്നിഹായ’ എന്ന ഗ്രന്ഥം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുന്നതാണ്. റബീഉല്‍ അവ്വല്‍ മാസത്തിന് ഇസ്‌ലാമില്‍ യാതൊരു പുണ്യവുമില്ല എന്നു മാത്രമല്ല, ആ മാസത്തിലാണ് നബി(സ) മക്കയില്‍ നിന്നു പുറത്താക്കപ്പെട്ടത്: ഇമാം ഇബ്‌നു കസീര്‍ പ്രസ്താവിച്ചു: ”നബി(സ)യുടെ മദീനയിലേക്കുള്ള ഹിജ്‌റ നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു” (അല്‍ബിദായത്തു വന്നിഹായ 3:205).
ചില ആരാധനാലയങ്ങള്‍ക്കും അല്ലാഹു പ്രത്യേകത നല്‍കിയിട്ടുണ്ട്. അതില്‍ പെട്ടതാണ് മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും മസ്ജിദുല്‍ അഖ്‌സയും. ”മൂന്നു പള്ളികളിലേക്കല്ലാതെ നിങ്ങള്‍ (പ്രത്യേകത ഉദ്ദേശിച്ച്) യാത്ര പോകരുത്. ഈ പള്ളി (മസ്ജിദുല്‍ ഹറാം), എന്റെ ഈ പള്ളി (മദീന പള്ളി). മസ്ജിദുല്‍ അഖ്‌സ (ബൈത്തുല്‍ മുഖദ്ദസിലെ) എന്നിവയാണത്” (ബുഖാരി, മുസ്‌ലിം).
ചില സ്ഥലങ്ങള്‍ക്കും അല്ലാഹു പ്രത്യേകത നല്‍കിയിട്ടുണ്ട്. സഫ, മര്‍വ, അറഫ എന്നിവ അതില്‍ ചിലതാണ്. ”തീര്‍ച്ചയായും സഫയും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു” (അല്‍ബഖറ 158). അല്ലാഹു വീണ്ടും അരുളി: ”അറഫയില്‍ നിങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞാല്‍ മസ്ജിദുല്‍ ഹറമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍”(അല്‍ബഖറ 198).

Back to Top