അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നേറാനുള്ള ആഹ്വാനമാണ് ഹിജ്‌റ
അബ്ദുല്‍അലി മദനി
‘ഹിജ്‌റ’ എന്നാല്‍ വെടിയുക, ത്യജിക്കുക എന്നൊക്കെയാണ് ഭാഷാര്‍ഥം. മതാധ്യാപന ഭാഷയില്‍ നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ച് ആദര്‍ശ സംരക്ഷണത്തിനും മതപരമായ പ്രബോധന പ്രചാരണങ്ങള്‍ക്കുമായി പ്രപഞ്ചനാഥനില്‍ സര്‍വവും ഏല്‍പിച്ച് ദൈവമാര്‍ഗത്തിലുള്ള പലായനമെന്നാണ് ഉദ്ദേശ്യം. ദൈവ ദൂതന്മാരെല്ലാം ഇവ്വിധം അവരുടെ ഭൗതിക താല്‍പര്യങ്ങള്‍ ത്യജിച്ച് ഹിജ്‌റ ചെയ്തവരാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പലായനം നടത്തിയവരെ വേദവാക്യങ്ങളില്‍ അങ്ങേയറ്റം പ്രശംസിച്ചിട്ടുണ്ട്. അവരുടെ പാപങ്ങള്‍ പൊറുത്ത് സ്വര്‍ഗം ലഭിക്കുന്നവരുമാകും അവരെന്നും വിശദമാക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിലെ 3:195 സൂക്തത്തില്‍ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നവരെ സൂചിപ്പിച്ചേടത്ത് വ്യക്തമാക്കിയവരില്‍ സ്വന്തം നാടു വെടിഞ്ഞവരെയും സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവരെയും പരാമര്‍ശിച്ചിട്ടുണ്ട്.
ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട രണ്ടു വിഭാഗങ്ങളാണ് മുഹാജിറുകളും അന്‍സാറുകളും. സൂറഃ തൗബയിലെ 100ാം വചനത്തില്‍ മുഹാജിറുകളും അന്‍സാറുകളും സ്വര്‍ഗം കൊണ്ട് മഹത്തായ ഭാഗ്യം കിട്ടുന്നവരെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിലുള്ള മുഹാജിറുകള്‍ സ്വദേശം വിട്ടവരും അന്‍സാറുകള്‍ അവരെ സര്‍വവും നല്‍കി സഹായിച്ചവരുമാണ്. നബി(സ) മദീനയില്‍ എത്തിയ ശേഷം ആദ്യമായി ചെയ്തത് മുഹാജിറുകള്‍ക്കിടയിലും അന്‍സാറുകള്‍ക്കിടയിലും സൗഹൃദം സ്ഥാപിക്കുകയാണ്. ഇസ്‌ലാം മതത്തെ പൂര്‍ണമായി ആവാഹിച്ച് ഇസ്‌ലാമിന് ഊടും പാവും നെയ്തവരാണവര്‍. അവരെപ്പറ്റി സൂറഃ അല്‍ഹശ്‌റിലെ ഒമ്പതാം വചനം ഉദ്‌ഘോഷിക്കുന്നുണ്ട്.
ചരിത്രത്തില്‍ ഉന്നതരായി അറിയപ്പെടുന്നത് മുഹാജിറുകള്‍ തന്നെയാണ്. ആധുനിക അറബ് സാഹിത്യത്തില്‍ പോലും സ്വദേശം വിട്ടുപോയി സാഹിത്യം പോഷിപ്പിച്ചവരുള്ളതായി നാമറിയുന്നു. അദബുല്‍ മഹ്ജര്‍ എന്നത് അവരുടെ സാഹിത്യമാണ്. ഹിജ്‌റ പോയവര്‍ക്കെല്ലാം സഹായികളെ ലഭിച്ചുവോ എന്നും അറിയില്ല. എന്തുതന്നെയായിരുന്നാലും സമാനതകളില്ലാത്തവിധം ത്യാഗപൂര്‍ണമായ ജീവിതാനുഭവങ്ങള്‍ അയവിറക്കാനുള്ളവരാണവര്‍. ഇസ്രായീല്യര്‍ അത്തരമൊരു വിഭാഗത്തില്‍ പെട്ടവരാണ്. ഫറോവയുടെ കിരാതവാഴ്ച അനുഭവിച്ചവരും മോചനം തേടി പലായനം ചെയ്തവരുമാണവര്‍. പ്രവാചകന്‍ മുഹമ്മദ് നബിയും അനുചരന്മാരും ഹിജ്‌റ അനുഭവിച്ചവരാണ്. ഇപ്പോള്‍ കലണ്ടറുകളില്‍ നാം കാണുന്ന 1446 പുതിയ ഹിജ്‌റ വര്‍ഷത്തെ സൂചിപ്പിക്കുന്നതാണ്. അഥവാ, നബി(സ)യുടെ സംഭവബഹുലമായ മദീനാ പലായനമാണ് അതിലൂടെ ഓര്‍ക്കുന്നത്. അതൊരു മഹാസംഭവം തന്നെയായിരുന്നു. 1445 വര്‍ഷം പിന്നിട്ടിട്ടും ചരിത്രത്തില്‍ മായാതെ കിടക്കുന്ന ഓര്‍മകളുള്ള ചരിത്രസംഭവം!
ഇസ്‌ലാമിനു നബി(സ)യുടെ ഹിജ്‌റ തുറവിയും വിശാലതയും പ്രദാനം നല്‍കിയെന്നതാണ് അനുഭവം. നബിയും സഹാബത്തും ഹിജ്‌റ പോയില്ലായിരുന്നെങ്കില്‍ ഇസ്‌ലാം അസ്തിത്വമില്ലാതെ, വ്യക്തിത്വമില്ലാതെ, സൈന്യമില്ലാതെ, സര്‍വോപരി ചരിത്രം പോലുമില്ലാതെ, ആളും അര്‍ഥവുമില്ലാതെ മക്കയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുമായിരുന്നു. എന്നാല്‍ ഹിജ്‌റ ഇസ്‌ലാമിന് ഉണര്‍വും ആവേശവും ജീവനും നല്‍കി.
നബി(സ)യുടെ ഹിജ്‌റ മുഹര്‍റം മാസത്തിലല്ല, റബീഉല്‍ അവ്വലിലാണ് ഉണ്ടായിട്ടുള്ളതെങ്കിലും വര്‍ഷം കണക്കാക്കുന്നത് തുടക്കം മുഹര്‍റമെന്ന നിലയ്ക്കാണ്. ഈ മാസത്തെ ശഹ്റുല്ലാഹി മുഹര്‍റമെന്നും വിളിക്കാറുണ്ട്. ഫറോവയുടെ കിരാത വാഴ്ചയില്‍ നിന്ന് മൂസാ നബിയെയും വിശ്വാസികളെയും കടല്‍ പിളര്‍ത്തി അദ്ഭുതകരമായി രക്ഷപ്പെടുത്തിയത് നേരത്തേയുള്ള ഒരു മുഹര്‍റം പത്തിനാണെന്ന് പറയപ്പെടുന്നു. അതിനാല്‍ ഇസ്രായീല്യര്‍ മുഹര്‍റം പത്ത് ആഘോഷിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ 2:49, 2:50 വചനങ്ങളില്‍ ഇതുസംബന്ധമായ വിവരണങ്ങളുണ്ട്. അതിസാഹസികത നിറഞ്ഞുനില്‍ക്കുന്നൊരു മഹാസംഭവം തന്നെയായിരുന്നു അതും. ഇവ്വിധം ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമത്രേ മുഹര്‍റം. മഹാന്മാരായ പ്രവാചകന്മാരുടെ ജീവിതാനുഭവങ്ങളില്‍ എന്നും ഓര്‍ക്കപ്പെടുന്നതാണ് ഹിജ്റയെങ്കില്‍ മാസങ്ങളില്‍ ചിലതും ഓരോ ഘട്ടങ്ങളിലും വിശകലനം ചെയ്യപ്പെടുന്നു.
‘മുഹര്‍റം’ എന്നാല്‍ ആദരണീയമെന്നാണ് അര്‍ഥം. ഇസ്‌ലാം യുദ്ധം വിലക്കിയ മാസങ്ങളില്‍ ഒന്നാണത്. ആദരവുള്ള മാസമാണ് മുഹര്‍റമെങ്കിലും ചില തെറ്റായ വിശ്വാസ-ആചാരങ്ങളാല്‍ അത് അനാദരിക്കപ്പെടുന്നുണ്ടെന്നത് ഖേദകരമാണ്. വിശ്വാസപരമായ ചിലതെല്ലാം ദൈവവിധിയുമായും നിശ്ചയമായും ബന്ധപ്പെടുത്തുമ്പോള്‍ തൗഹീദില്‍ തന്നെ വികൃതമായ പലതും കല്‍പിച്ചുകൂട്ടി കടത്തിക്കൂട്ടുന്നു എന്നതാണ് നാം കാണുന്നത്. ഹിജ്‌റയെന്നത് പ്രവാചകന്മാരും വിശ്വാസികളും റബ്ബില്‍ ഭരമേല്‍പിച്ചു ചെയ്യുന്നതാകയാല്‍ അതിന്റെ വിജയപരാജയങ്ങളിലൊന്നും അവര്‍ക്ക് ആരെയും ഒന്നിനെയും പഴിക്കാനോ ശപിക്കാനോ ഇടമുണ്ടാകില്ല. അവര്‍ ഒരിക്കലും ദൈവിക നിശ്ചയങ്ങളെ മറികടക്കുന്നവരാകില്ല.
ഇവിടെയാണ് ‘നഹ്‌സ്’ (ദുശ്ശകുനം നോക്കല്‍) കടന്നുവരുന്നത്. തൗഹീദിന്റെ പ്രധാനമായൊരു ഭാഗമാണ് ‘തവക്കുല്‍’ (ഭരമേല്‍പിക്കല്‍) എന്നത്. ഖുര്‍ആനില്‍ ഒട്ടനേകം ആയത്തുകളില്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്നതു സംബന്ധമായി വിശദമാക്കുന്ന വാക്യങ്ങള്‍ കാണാനാകും. കാര്യങ്ങളുടെ അന്തിമ ഫലങ്ങളെല്ലാം നാഥനായ റബ്ബില്‍ ഏല്‍പിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
സംക്ഷിപ്തമായി അവ ഇങ്ങനെ മനസ്സിലാക്കാം: (1) ഈമാന്‍ തവക്കുല്‍ ഇല്ലാതെ പൂര്‍ണമാവില്ല. (2) അല്ലാഹുവില്‍ മാത്രമേ ഭരമേല്‍പിക്കാവൂ. (3) പ്രതികൂല സാഹചര്യങ്ങളില്‍ തവക്കുലിന്റെയും ഈമാനിന്റെയും വര്‍ധനവുണ്ടാവണം. (4) ഇസ്‌ലാമിലെ തവക്കുല്‍ കര്‍മങ്ങളുടെ കാര്യപ്രാപ്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. (5) തവക്കുല്‍ ചെയ്യാത്തവര്‍ക്ക് നേട്ടം ലഭിക്കുന്നത് പരീക്ഷണമാണ്. (6) തവക്കുല്‍ ചെയ്താലും പരീക്ഷണങ്ങളില്‍ നിന്നൊഴിവാകില്ല. (7) ഇസ്‌ലാഹ് (നവോത്ഥാനം) തവക്കുലുമായി ബന്ധമുള്ളതാണ്. (8) വിശ്വാസിയുടെ ലക്ഷണമാണ് തവക്കുല്‍. പ്രവാചകന്മാരെല്ലാം തവക്കുല്‍ ചെയ്തു മുന്നേറിയിട്ടും പരീക്ഷണങ്ങള്‍ തരണം ചെയ്യേണ്ടിവന്നിരുന്നു. ഒരു സത്യവിശ്വാസിയുടെ നിലപാട് ഇതിലെല്ലാം വ്യക്തമാണ്. എന്നാല്‍ സംഭവങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ പിശാച് അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു. അത്തരം പൈശാചികതയുടെ ഭാഗമായാണ് ഹിജ്‌റയെയും മുഹര്‍റമിലെ സംഭവങ്ങളുമെല്ലാം ദുശ്ശകുനവുമായി ബന്ധപ്പെടുത്തല്‍.
മനുഷ്യരില്‍ പലരും ആപത്തുകളെയും ദൈവിക പരീക്ഷണങ്ങളെയും ശപിച്ചുകഴിയുന്നവരാണ്. കാലം, കാറ്റ്, വസ്ത്രം, വിറക്, അഗ്‌നി, മഴ, ചൂട്, തണുപ്പ്, മക്കള്‍, വീട്, വാഹനം, വിവാഹം, യാത്ര തുടങ്ങിയവയിലെല്ലാം ശാപത്തെ കൂട്ടിക്കലര്‍ത്തുന്നു.
അതുവഴി കാലം, സമയം, ദിവസം, വ്യക്തികള്‍, ജീവികള്‍ എന്നിവയെല്ലാം അവരുടെ ശപിക്കപ്പെട്ട വസ്തുക്കളായി കണക്കാക്കുന്നു. പ്രവാചകന്മാരെല്ലാം നാഥനില്‍ ഭരമേല്‍പിക്കുന്നവരായിട്ടും അവര്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയരായി. എന്നാലും അവര്‍ കാലത്തെയോ സമയത്തെയോ ദിവസങ്ങളെയോ മാസങ്ങളെയോ ശപിച്ചിട്ടില്ല. മുസ്‌ലിംകള്‍ക്കിടയില്‍ ശകുനപ്പിഴ പറയല്‍ ശിആ വിഭാഗമാണ് തുടങ്ങിയത്. കര്‍ബലയില്‍ വെച്ച് ഹുസൈന്റെ(റ) വധം നടന്നതിനാലാണ് മുഹര്‍റമിനെ അവര്‍ നഹ്‌സായി കാണുന്നത്.
എന്നാല്‍, നബി(സ)യുടെ ഹിജ്‌റയോ ബദ്‌റോ ഉഹ്‌ദോ ഹുനൈനോ ഖന്‍ദഖോ ഒന്നും അവര്‍ക്ക് ഒന്നുമല്ല. എത്രയോ സഹാബിമാര്‍ രക്തസാക്ഷികളായി. അതൊന്നും അവര്‍ക്ക് ദുശ്ശകുനമുണ്ടാക്കുന്നില്ല. ഉമറി(റ)ന്റെ വധമോ ഉസ്മാന്റെ(റ) കൊലപാതകമോ ഹംസ(റ)യുടെ രക്തസാക്ഷിത്വമോ ശിആകള്‍ക്ക് ശകുനപ്പിഴയുണ്ടാക്കിയില്ല. ഹുസൈന്റെ(റ) വധം മുസ്‌ലിംകള്‍ക്ക് സംഭവിച്ച വലിയൊരു പരീക്ഷണം തന്നെ. എന്നാല്‍ അതു മാത്രം ഒരു ശകുനപ്പിഴയായി കാണണമെന്നില്ല. ഇസ്‌ലാമില്‍ അങ്ങനെയൊന്നില്ല. അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് മുന്നേറുമ്പോള്‍ സംഭവിക്കുന്നതൊന്നും ശുഭാശുഭങ്ങളില്‍ തടഞ്ഞുനിര്‍ത്തേണ്ടതില്ല. നഹ്‌സിന്റെ പേരും പറഞ്ഞ് കര്‍മനിരതരാകാതിരിക്കാവതല്ല. നഹ്‌സ് നോക്കല്‍ ഇസ്‌ലാമികവുമല്ല. 1446 എന്ന ഹിജ്‌റ വര്‍ഷവും അല്ലാഹുവില്‍ ഭരമേല്‍പിച്ചു മുന്നേറാന്‍ മുസ്‌ലിംകള്‍ക്ക് പ്രചോദനമാകട്ടെയെന്ന് ആശിക്കുകയാണ്.