9 Friday
January 2026
2026 January 9
1447 Rajab 20

നമുക്ക് അല്ലാഹു പോരേ?

ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി


അല്ലാഹു പോരേ അവന്റെ അടിമക്ക്? അവന് പുറമെയുള്ളവരെ പറഞ്ഞ് നിന്നെ അവര്‍ ഭയപ്പെടുത്തുന്നു. ആരെയെങ്കിലും അല്ലാഹു പിഴവിലാക്കുന്നുവെങ്കില്‍ അവനെ നേര്‍വഴിയിലെത്തിക്കാന്‍ മറ്റാരുമില്ല (സുമര്‍ 36).

ഈമാനിന്റെ മുഖ്യ ഭാഗമാണ് തൗഹീദ്. ആദര്‍ശവും ആരാധനകളും സ്വീകരിക്കപ്പെടാനും അത് നിര്‍ബന്ധമാണ്. തൗഹീദിന്റെ പ്രധാനപ്പെട്ടതും ലളിതവുമായ ആശയമാണ് ഈ ആയത്ത്. അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന ബോധ്യമാണ് ഇതിന് വേണ്ടത്. അല്ലാഹു അല്ലാത്തവരിലേക്ക് ഒരു രൂപത്തിലും പ്രാര്‍ഥന വഴിതെറ്റാതിരിക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ‘നീ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അത് അല്ലാഹുവിനോട് ചോദിക്കുക. സഹായം തേടുന്നതും അവനോട് തന്നെയാവണം…’. നബി (സ) ഇബ്‌നു അബ്ബാസിന്(റ) നല്‍കുന്ന ഉപദേശവും ഈ ആയത്ത് നല്‍കുന്ന സന്ദേശത്തെ ബലപ്പെടുത്തുന്നു.
തന്റെ എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹു മതി എന്ന ബോധം മുസ്ലിമിന് വലിയ മനോധൈര്യമാണ് നല്‍കുന്നത്. തന്റെ സാമര്‍ഥ്യമില്ലായ്മയോ ഭൗതിക സൗകര്യങ്ങളുടെ കുറവോ മറ്റുള്ളവര്‍ തനിക്കെതിരെ നീങ്ങുന്നതോ ഒന്നും ഈ മാനസികാവസ്ഥയില്‍ നമ്മെ അസ്വസ്ഥമാക്കുകയില്ല. തൗഹീദ് ആദര്‍ശത്തിന്റെ വിളംബരം കൂടിയാണ് ഈ ഖുര്‍ആന്‍ വചനം. അല്ലാഹു വാഗ്ദാനം ചെയ്യുന്ന കിഫായത്ത് (സംരക്ഷണ ഉത്തരവാദിത്തം) പല തലങ്ങളിലായി ഖുര്‍ആന്‍ വിശദികരിക്കുന്നുണ്ട്.
വകഫാ ബില്ലാഹി വലിയ്യന്‍, വകഫാ ബില്ലാഹി നസീറന്‍, വകഫാ ബില്ലാഹി വകീലന്‍, വകഫാ ബില്ലാഹി ഹസീബന്‍, വകഫാ ബില്ലാഹി ശഹീദന്‍ (സൂറ നിസാഇലെ വിവിധ വചനങ്ങള്‍). നമ്മുടെ രക്ഷാകര്‍തൃത്വം (വലിയ്യ്), സഹായി (നസീര്‍), കാര്യങ്ങള്‍ ഏല്‍പിക്കാന്‍ (വകീല്‍), പ്രവൃത്തികളുടെ കണക്കെടുപ്പിന് (ഹസീബ്), എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായി (ശഹീദ്) തുടങ്ങിയവയാണ് മനുഷ്യന്‍ ആഗ്രഹിക്കുന്ന സഹായ മേഖലകള്‍. ഇത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാന്‍ ഭൗതിക സംവിധാനങ്ങളുണ്ടെങ്കിലും അതിന് അതീതമായ ഒരു പ്രാര്‍ഥന നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കും. ഈ ദുആയിലൂടെ, പൂര്‍ണ മനസ്സോടെ അല്ലാഹുവിനെ സ്വീകരിക്കുകയെന്നതാണ് ഈമാനിന്റെ ശക്തി.
എക്കാലത്തും മനുഷ്യന് ഉണ്ടായിരുന്ന ഗുരുതര അപചയമായിരുന്നു ശിര്‍ക്ക്. അത് സംഭവിക്കുമ്പോള്‍ അല്ലാഹുവില്‍ നിന്ന് മനസ്സ് അകന്നു പോകുന്നു. ‘അവരില്‍ അധികം പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനില്‍ പങ്ക് ചേര്‍ത്തു കൊണ്ടാണ്’ (12:106) എന്ന ഖുര്‍ആന്‍ വചനം ഇതിനോട് ചേര്‍ത്ത് വായിക്കണം. അല്ലാഹുവിനോടുള്ളതിനെക്കാള്‍ ബഹുമാനവും ആദരവും മറ്റു ആരാധ്യര്‍ക്കാണ് മനുഷ്യന്‍ നല്‍കുന്നത്. അവരുടെ പൊരുത്തക്കേട് തന്നെ അപകടത്തില്‍ പെടുത്തുമെന്ന ഭയപ്പാടും മനുഷ്യരില്‍ കാണാം.
യുക്തിസഹമായി ചിന്തിക്കുന്ന അഭ്യസ്തവിദ്യര്‍ പോലും ഈ മാനസികാവസ്ഥയിലാണുള്ളത്. ലോകം തന്നെ നിയന്ത്രിക്കുന്നത് അത്തരം മഹത്തുക്കളാണെന്ന അവകാശവാദം പണ്ഡിതന്‍മാര്‍ പോലും പ്രചരിപ്പിക്കുന്നു. തൗഹീദില്‍ നിന്ന് അകന്നാല്‍ മനുഷ്യന്‍ എത്തിപ്പെടുന്ന ദുരവസ്ഥ ഭീകരമായിരിക്കും. ‘അല്ലാഹു എന്തെങ്കിലും പ്രയാസം വിധിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇവര്‍ക്കാവുമോ? അവന്‍ നിശ്ചയിച്ച റഹ്‌മത്ത് തടഞ്ഞ് വെക്കാന്‍ ഇവര്‍ക്ക് കഴിയുമോ’ എന്നും മേല്‍ വചനത്തിന്റെ തുടര്‍ച്ചയായിഖുര്‍ആനില്‍കാണാം.
‘ഹസ്ബുനല്ലാഹു’ (ഞങ്ങള്‍ക്ക് അല്ലാഹു മതി) എന്നതാണ് മേല്‍ ചോദ്യത്തിന്റെ മറുപടിയായി യഥാര്‍ഥ മുസ്ലിം പറയേണ്ടത്. അവന്റെ ആചാര അനുഷ്ഠാനങ്ങളിലും അത് തന്നെയായിരിക്കണം പ്രതിഫലിക്കേണ്ടത്.

Back to Top