27 Saturday
July 2024
2024 July 27
1446 Mouharrem 20

അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങളും മനുഷ്യകഴിവും

അലി മദനി മൊറയൂര്‍


”തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു” (വി.ഖു. 17:70).
മറ്റു സൃഷ്ടികളേക്കാള്‍ ആദരവും ബഹുമാനവും ലഭ്യമാവുന്ന വിധത്തിലുള്ള പല കഴിവുകളും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ട്. കാണാനും കേള്‍ക്കാനും അറിയാനും ചിന്തിക്കാനും കണ്ടുപിടിക്കാനും കീഴ്‌പ്പെടുത്താനും ഉപയോഗപ്പെടുത്താനും നശിപ്പിക്കാനും തുടങ്ങി ഒട്ടനവധി കഴിവുകള്‍. എന്നാല്‍ ഇവക്കെല്ലാം പരിധിയും പരിമിതിയുമുണ്ട്. ഇവയെല്ലാം കാര്യ-കാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നവയുമാണ്.
മനുഷ്യരുടെ ഈ കഴിവുകളില്‍ പെട്ട കാര്യങ്ങള്‍ മനുഷ്യര്‍ക്ക് പരസ്പരം ചോദിക്കാവുന്നതാണ്. അഥവാ മനുഷ്യവര്‍ഗത്തില്‍ പെട്ടവരോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കുന്നത് അല്ലാഹു അനുവദിച്ച ഒരു നിമിത്തമാണ്. ജീവിതം അവര്‍ക്ക് സമര്‍പ്പിക്കാതെ, അവരില്‍ പ്രതീക്ഷ വെക്കാതെ, അവരില്‍ ഭരമേല്‍പിക്കാതെ അവരെ അല്ലാഹു നിശ്ചയിച്ച ഒരു കാരണം മാത്രമായി മനസ്സിലാക്കിക്കൊണ്ട് അവരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കാവുന്നതാണ്. ”പുണ്യത്തിലും തഖ്‌വയിലും നിങ്ങള്‍ അന്യോന്യം സഹകരിക്കുക” (4:2).
”ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട ഒരു ജനതക്കെതിരെ പാടില്ല” (അന്‍ഫാല്‍ 72). ”അപ്പോള്‍ അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിനെതിരെ അദ്ദേഹത്തോട് (മൂസാനബിയോട്) സഹായം തേടി” (ഖസ്വസ്വ് 15). ഈ വചനങ്ങളെല്ലാം മുകളില്‍ സൂചിപ്പിച്ച കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു.
സൃഷ്ടികഴിവ്
മനുഷ്യരല്ലാത്ത സൃഷ്ടികള്‍ക്കും അല്ലാഹു പല തരത്തിലുള്ള കഴിവുകളും അറിവുകളും നല്‍കിയിട്ടുണ്ട്. ഇവരുടെ കഴിവുകള്‍ക്കും മനുഷ്യരുടെ കഴിവുകളെപ്പോലെ തന്നെ പരിധിയും പരിമിതിയുമുണ്ട്. പരിധിയും പരിമിതിയുമില്ലാത്ത കഴിവുള്ളവന്‍ സ്രഷ്ടാവ് മാത്രമാണ്. അവനോട് മാത്രമേ പ്രാര്‍ഥിക്കുവാന്‍ പാടുള്ളൂ.
”തീര്‍ച്ചയായും അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്മാര്‍ മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാദികളാണെങ്കില്‍. അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല” (അഅ്‌റാഫ് 194, 195).
മനുഷ്യര്‍ സ്രഷ്ടാവിനു പുറമേ വിളിച്ചുതേടുന്നവര്‍ ശക്തികളും വ്യക്തികളും ജിന്നുകളും മലക്കുകളും ഔലിയാക്കളും അമ്പിയാക്കളും ബാവമാരും ബീവിമാരും ആയിരുന്നാലും അവരുടെയെല്ലാം കഴിവുകള്‍ക്ക് പരിധിയും പരിമിതിയുമുണ്ട്. സൃഷ്ടികളില്‍ അല്ലാഹു മനുഷ്യര്‍ക്ക് കീഴ്‌പ്പെടുത്തി നല്‍കിയവയെ മനുഷ്യന് അവന്റെ കഴിവും ബുദ്ധിയുമനുസരിച്ച് അവന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. പല ജീവജാലങ്ങളെയും മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നതുപോലെ. ഇത് അവയോടുള്ള സഹായതേട്ടമല്ല.
എന്നാല്‍ മനുഷ്യന് സ്രഷ്ടാവ് കീഴ്‌പ്പെടുത്തിത്തന്നിട്ടില്ലാത്ത ജിന്ന്, മലക്ക് എന്നീ സൃഷ്ടികളെ ഉപയോഗപ്പെടുത്താന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. തന്റെ പ്രാര്‍ഥനയുടെ ഫലമായി ജിന്നുവര്‍ഗത്തില്‍പെട്ട ശൈത്വാന്മാരെ സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്തതുകൊണ്ടാണ് അദ്ദേഹം അവയെ ഉപയോഗപ്പെടുത്തിയത്.
”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരുകയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍. അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിര്‍മാണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പ്പെടുത്തിക്കൊടുത്തു) ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെയും (പിശാചുക്കളെ) (അധീനപ്പെടുത്തിക്കൊടുത്തു) ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു)” (സ്വാദ് 35-39).
അവയോട് ഒരിക്കലും സുലൈമാന്‍ നബി(അ) സഹായം തേടിയിട്ടുമില്ല. ഇത് സുലൈമാന്‍ നബിക്ക് മാത്രമായി അല്ലാഹു നല്‍കിയ പ്രത്യേക കഴിവായിരുന്നു.
ജിന്നുകളും മലക്കുകളും മനുഷ്യന്റെ കാര്യത്തില്‍ തീര്‍ത്തും ഗൈബിയായ സൃഷ്ടികളാണ്. വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍(സ) പഠിപ്പിച്ചു തന്നതിലപ്പുറം അവയെക്കുറിച്ച് അറിയാന്‍ മനുഷ്യര്‍ക്ക് ഒരു മാര്‍ഗവുമില്ല. അതുകൊണ്ടാണ് അല്ലാഹു പ്രവാചകന്റെ അടുത്തേക്ക് ഖുര്‍ആന്‍ കേള്‍ക്കാന്‍ തിരിച്ചുവിട്ട ജിന്നുകള്‍ ഖുര്‍ആന്‍ കേട്ട് പോയതിനെക്കുറിച്ച് പ്രവാചകനോട് ഇപ്രകാരം പ്രഖ്യാപിക്കാന്‍ കല്‍പിച്ചത്: ”(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു”(ജിന്ന്:1).
മനുഷ്യരുടെ കാര്യസാധ്യത്തിന് ഉപയോഗിക്കാന്‍ അല്ലാഹു അനുവദിച്ച കാരണങ്ങളില്‍ ജിന്നുകളോ മലക്കുകളോ ഉള്‍പ്പെടില്ല. ബദ്‌റിന്റെ നിര്‍ണായക ഘട്ടത്തില്‍ മനുഷ്യകഴിവില്‍ പെട്ടതെല്ലാം ഒരുക്കിയ പ്രവാചകന്‍(സ) തുടര്‍ന്ന് ജിന്നുകളോടോ മലക്കുകളോടോ മണ്‍മറഞ്ഞുപോയ അമ്പിയാക്കളോടോ ഔലിയാക്കളോടോ സഹായം തേടാതിരുന്നത് അതുകൊണ്ടുതന്നെയാണ്. അഥവാ മനുഷ്യകഴിവിന്നപ്പുറത്ത് മനുഷ്യന്‍ സഹായം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്. ”അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന് ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ” (നംല് 62).
മനുഷ്യരുടെ കഴിവില്‍പെട്ട കാര്യങ്ങളില്‍ അവരെ നിമിത്തമായി ഉപയോഗിക്കാന്‍ മതം അനുവദിക്കുന്നതുപോലെ ജിന്നുകളെയോ മലക്കുകളെയോ നിമിത്തങ്ങളായി ഉപയോഗപ്പെടുത്താന്‍ മതം അനുവദിക്കുന്നില്ല. ഇത്തരത്തില്‍ ജിന്നുകളോടും മലക്കുകളോടും നടത്തുന്ന സഹായതേട്ടം കൊടിയ ശിര്‍ക്കാണ്.
പ്രാര്‍ഥന
മനുഷ്യകഴിവിന്നപ്പുറമുള്ള കാര്യങ്ങളില്‍ മനുഷ്യന്‍ സഹായം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്. ഇതിനാണ് പ്രാര്‍ഥന എന്നു പറയുന്നത്. ബദ്‌റിന്റെ രണാങ്കണത്തില്‍ മനുഷ്യകഴിവില്‍ പെട്ടതെല്ലാം ഒരുക്കിയ പ്രവാചകന്‍ തുടര്‍ന്ന് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി നടത്തിയ ദുആഇനെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് സഹായതേട്ടം എന്നാണ്: ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി” (അന്‍ഫാല്‍ 9).
പ്രാര്‍ഥന ആരാധനയാണ് അഥവാ ഇബാദത്താണ്. ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച” (ഗാഫിര്‍ 60).

ഇവിടെ ആയത്തിന്റെ ആദ്യഭാഗത്ത് പരിചയപ്പെടുത്തിയ ദുആഇനെ ആയത്തിന്റെ അവസാനഭാഗത്ത് പരിചയപ്പെടുത്തുന്നത് ഇബാദത്ത് (ആരാധന) എന്നാണ്. സൂറ അഹ്ഖാഫിലെ 5, 6 വചനങ്ങളിലും ഇത് കാണാവുന്നതാണ്. 5ാം വചനത്തില്‍ ദുആ എന്ന് പരിചയപ്പെടുത്തിയതിനെ 6ാം വചനത്തില്‍ ഇബാദത്ത് എന്നാണ് രേഖപ്പെടുത്തിയത്.
അല്ലാഹുവിലേക്ക് മാത്രം സമര്‍പ്പിക്കേണ്ട ഈ പ്രാര്‍ഥന, സഹായതേട്ടം അല്ലാഹു അല്ലാത്തവരിലേക്ക് സമര്‍പ്പിക്കുന്നത് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. ഈ പങ്കാളികള്‍ പങ്കുചേര്‍ക്കുന്നവരുടെ പ്രാര്‍ഥന കേള്‍ക്കുകയോ കേട്ടാല്‍ തന്നെ ഉത്തരം ചെയ്യുകയോ ഇല്ല. ”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെപ്പോലെ (അല്ലാഹുവെ) നിനക്ക് വിവരം തരാന്‍ ആരുമില്ല” (ഫാത്വിര്‍ 14).
പങ്കാളികള്‍ക്ക് ഉടമസ്ഥാവകാശമില്ല. അതുകൊണ്ടുതന്നെ പങ്കുചേര്‍ക്കുന്നവരുടെ പ്രയാസങ്ങളെ ഇല്ലാതാക്കാനോ അതിന് മാറ്റം വരുത്താനോ പങ്കാളികള്‍ക്ക് സാധ്യമല്ല. പങ്കാളികളുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ അവനിലേക്ക് സാമീപ്യം തേടിക്കൊണ്ടിരിക്കുന്നവരും അവന്റെ ശിക്ഷയെ ഭയപ്പെടുന്നവരുമാണ്.
”(നബിയേ,) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. അവര്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു). അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു” (ഇസ്‌റാഅ് 56, 57).
പങ്കാളികള്‍ക്ക് ഒരു കഴിവുമില്ല. അതിനാല്‍ സ്വന്തത്തെ സഹായിക്കാനോ മറ്റുള്ളവരെ സഹായിക്കാനോ അവര്‍ക്ക് സാധ്യമല്ല. ”അവനു പുറമേ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കില്ല. സ്വദേഹങ്ങള്‍ക്കു തന്നെയും അവര്‍ സഹായം ചെയ്യുകയില്ല” (അഅ്‌റാഫ് 197).
പങ്കാളികള്‍ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. ആയതിനാല്‍ അവരെ വിളിച്ചു തേടരുത്. ”അല്ലാഹുവിനു പുറമേ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്നപക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും” (യൂനുസ് 106).
പങ്കാളികളോട് സഹായം തേടുന്നവരുടെ അടിസ്ഥാനം ഊഹം മാത്രമാണ്. ”ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിനു പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്” (യൂനുസ് 66).
പങ്കാളികള്‍ വ്യാജന്മാര്‍. അവരോട് സഹായം തേടരുത്. ഇവരോടുള്ള സഹായതേട്ടം ശിക്ഷയ്ക്ക് കാരണമായിത്തീരും. ”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമേ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും” (ലുഖ്മാന്‍ 30). ”ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (ശുഅറാഅ് 213).
അല്ലാഹുവിനു പുറമേ പങ്കാളികളെ നിശ്ചയിച്ചാല്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും തകര്‍ന്നുപോകും. അവസാനം നഷ്ടകാരികളില്‍ പെട്ടുപോകും. ”തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രേ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിലാവുകയും ചെയ്യും” (സുമര്‍ 65).
അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥന കടുത്ത വഴികേടാകുന്നു. അവര്‍ ആ പ്രാര്‍ഥനയെപ്പറ്റി ശ്രദ്ധിക്കാത്തവരാണ്. പരലോകത്തുവെച്ച് അവരെ വിളിച്ചുതേടിയവരുടെ ശത്രുക്കളായി പങ്കാളികള്‍ മാറുന്നതാണ്. ”അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്തുവരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല. അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞുപോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം” (അല്‍കഹ്ഫ് 5, 6).
അല്ലാഹുവല്ലാത്തവരോട് സഹായം തേടുന്നവര്‍ക്ക് ഒരു തെളിവുമില്ല. ”വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കുന്നപക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല, തീര്‍ച്ച” (അല്‍മുഅ്മിനൂന്‍ 117).
തവക്കുല്‍
തവക്കുല്‍ പ്രാര്‍ഥനയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ സ്രഷ്ടാവില്‍ മാത്രമേ തവക്കുലാക്കാന്‍ പാടുള്ളൂ. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കു പക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്” (സുമര്‍ 38).
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന നബിവചനത്തില്‍ മന്ത്രവും ഉറുക്കും ഏലസ്സും ശിര്‍ക്കാണെന്ന് പ്രവാചകന്‍(സ) പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെത്തന്നെ ലക്ഷണം നോക്കല്‍(ത്വീറത്) ശിര്‍ക്കാണെന്ന് പ്രവാചകന്‍(സ) ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ നൂലിനോടോ ഏലസ്സിനോടോ മറ്റോ മനുഷ്യന്‍ പ്രാര്‍ഥിക്കുന്നില്ല. മറിച്ച്, അവയില്‍ അവന്‍ തവക്കുലാക്കുകയാണ് ചെയ്യുന്നത്. അഥവാ അല്ലാഹുവിലേക്ക് തിരിക്കാതെ, അവനില്‍ തവക്കുലാക്കാതെ കാരണങ്ങളെയോ നിമിത്തങ്ങളെയോ അവലംബിക്കുകയും ആശ്രയിക്കുകയുമാണ് മനുഷ്യന്‍ ചെയ്യുന്നത്. അതോടൊപ്പം മനുഷ്യനു കാര്യസാധ്യത്തിനുള്ള നിമിത്തമായി അല്ലാഹു നിശ്ചയിച്ചിട്ടില്ലാത്തതിനെ നിമിത്തമായി, കാരണമായി സ്വീകരിക്കല്‍ കൂടിയാണത്. അതുകൊണ്ടുതന്നെ അത് കൊടിയ ശിര്‍ക്കായിത്തീരുന്നു.
സ്രഷ്ടാവായ അല്ലാഹുവില്‍ തവക്കുലാക്കി അവനില്‍ ഭരമേല്‍പിച്ച് മുന്നോട്ടുപോകുന്നവനെ അല്ലാഹു കൈവെടിയുകയില്ല. ”വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്നപക്ഷം അവന് അല്ലാഹു മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്” (65:3).
അല്ലാഹു നമ്മെ സഹായിച്ചാല്‍ നമ്മെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല. അല്ലാഹു നമ്മെ കൈവെടിഞ്ഞാല്‍ നമ്മെ രക്ഷപ്പെടുത്താന്‍ ലോകത്തെ മറ്റൊരു ശക്തിക്കും സാധ്യമല്ല. ”നിങ്ങളെ അല്ലാഹു സഹായിക്കുന്നപക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്നപക്ഷം അവനു പുറമേ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ” (3:160).
അല്ലാഹു നല്‍കിയ അനുഗ്രഹത്തെ തടയാനോ തടഞ്ഞതിനെ നല്‍കാനോ ലോകത്തെ ഒരു ശക്തിക്കും സാധ്യമല്ല. ”അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്നപക്ഷം അത് പിടിച്ചുവെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ചുവെക്കുന്നപക്ഷം അതിനു ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രേ പ്രതാപിയും യുക്തിമാനും” (ഫാത്വിര്‍ 2).
അതോടൊപ്പം സത്യവിശ്വാസികള്‍ക്കു വേണ്ടി അല്ലാഹു പ്രതിരോധം തീര്‍ക്കുന്നതാണ് എന്നും നാം തിരിച്ചറിയുക. ”തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കു വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച” (22:38).
അതിനാല്‍ പരിധിയും പരിമിതിയുമില്ലാത്ത കഴിവിന്റെ ഉടമസ്ഥനായ, എല്ലാം നിയന്ത്രിക്കുന്ന, ഉറക്കമോ മയക്കമോ ബാധിക്കാത്ത ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിച്ച് അവനോട് മാത്രം പ്രാര്‍ഥിച്ച് അവനില്‍ തവക്കുല്‍ ചെയ്ത് മുന്നേറുക. നാഥാ, നീ ഞങ്ങളെ അനുഗ്രഹിക്കേണമേ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x