5 Thursday
December 2024
2024 December 5
1446 Joumada II 3

അല്ലാഹു ആദരിച്ച മാസങ്ങള്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂബക്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെപ്പോലെ കറങ്ങിവന്നിരിക്കുന്നു. ഒരു കൊല്ലം പന്ത്രണ്ട് മാസങ്ങളാകുന്നു. അതില്‍ നാലെണ്ണം തുടര്‍ച്ചയായുള്ളവ. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. പിന്നെ ജുമാദയുടെയും ശഅ്ബാനിന്റെയും ഇടയിലുള്ള മുദര്‍ ഗോത്രത്തിന്റെ റജബും. (ബുഖാരി, മുസ്്‌ലിം)

കാലദേശങ്ങള്‍ക്കിടയില്‍ ചിലതിന് സവിശേഷത നല്കപ്പെട്ടിരിക്കുന്നു. അതിന്റെ യുക്തിരഹസ്യങ്ങള്‍ എന്തെന്ന് അന്വേഷിച്ചാല്‍ അതില്‍ മുഴുവന്‍ കാര്യങ്ങളും നമുക്ക് മനസ്സിലാക്കുക അസാധ്യമാണ്. എന്നാല്‍ ചില കാര്യങ്ങളെ അതിലേക്ക് ചേര്‍ത്തി പറയാന്‍ സാധിക്കും.
വര്‍ഷത്തിലെ 12 മാസങ്ങളില്‍ നാലെണ്ണത്തിന് അല്ലാഹു പവിത്രത നല്‍കിയിട്ടുണ്ട്. യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളായിട്ടാണ് അവ പരിഗണിക്കപ്പെടുന്നത്. ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായി വരുന്ന മൂന്ന് മാസങ്ങളും പിന്നെ റജബ് മാസവുമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിശുദ്ധ ഗേഹത്തെ ലക്ഷ്യംവെച്ച് ഹജ്ജ് യാത്ര ചെയ്യുകയും അത് നിര്‍വഹിച്ച് തിരിച്ചുപോവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നത് ഇതിന്റെ യുക്തിയില്‍പെട്ട ഒന്നാണെന്ന് മനസ്സിലാക്കാം.
അല്ലാഹു പവിത്രമാക്കിയ ഈ മാസങ്ങളില്‍ ഒന്ന് ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റം ആകുന്നു. ലോക ചരിത്രത്തില്‍ ധാരാളം വിജയഗാഥകള്‍ രചിക്കപ്പെട്ട മാസമത്രെ അത്. അതിനെ അല്ലാഹു നിശ്ചയിച്ച പ്രകാരം തന്നെ പവിത്രമായി കണക്കാക്കുക എന്നത് വിശ്വാസികള്‍ക്ക് ബാധ്യതയാകുന്നു. കാരണം അത് ഭക്തിയുടെ അടയാളമാകുന്നു.
അനുസരണവും ആരാധനകളും അധികരിപ്പിച്ചുകൊണ്ട് ആ മാസത്തിലൂടെ ജീവിത ത്തെ ധന്യമാക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇതിന് വിരുദ്ധമായി ഈ മാസത്തെ വെറുക്കപ്പെട്ടതായും ദുശ്ശകുനത്തിന്റേതുമായി കണക്കാക്കുക എന്നത് ഇസ്്‌ലാമിക സംസ്‌കാരത്തിന് യോജിച്ചതല്ല. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കരുത്” (9:36) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന ഇവിടെ ശ്രദ്ധേയമത്രെ. അല്ലാഹു ആദരിച്ച ഈ മാസത്തെ ആരാധനകള്‍ കൊണ്ട് സജീവമാക്കുകയും അല്ലാഹുവിന്റെ സാമീപ്യം തേടുകയും ചെയ്യേണ്ടതുണ്ടെന്ന് വിശ്വാസികളെ ഓര്‍മപ്പെടുത്തുകയാണ് ഈ നബിവചനം.

Back to Top