അലീഗഢിന്റെ ന്യൂനപക്ഷ പദവി
1875ല്‍ സര്‍ സയ്യിദ് അഹമ്മദ് ഖാനാണ് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് എന്ന പേരില്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയാണ് കോളജ് സ്ഥാപിച്ചത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ അനന്തരഫലമായി സമുദായത്തിലുണ്ടായിരുന്ന അരക്ഷിതാവസ്ഥയെ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് സര്‍ സയ്യിദിനുണ്ടായിരുന്നത്.
ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ കുറവ് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണ് അലീഗഢിന്റെ പിറവി. 1920-ല്‍ അത് സര്‍വകലാശാലയായി മാറി. 1981-ലാണ് അലീഗഢ് സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത്. എന്നാല്‍ 2006-ല്‍ അലഹബാദ് ഹൈക്കോടതി അത് റദ്ദാക്കുകയുണ്ടായി. പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല എന്ന നിലയില്‍ അതിന് ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ദേശീയ പ്രാധാന്യമുള്ള സര്‍വകലാശാലയാണെന്നും അത് ഏതെങ്കിലും സമുദായത്തിന് പരിമിതപ്പെടുത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.
അലീഗഢിന് ന്യൂനപക്ഷ പദവി ഇല്ലെന്ന 1967-ലെ അസീസ് ബാഷ കേസിലെ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഭരിക്കാനും നിയന്ത്രിക്കാനും പാര്‍ലമെന്റ് നിയമം പാസാക്കിയത് കൊണ്ടോ ന്യൂനപക്ഷക്കാര്‍ അല്ലാത്തവര്‍ നടത്തിപ്പുകാരായതു കൊണ്ടോ ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി ഇല്ലാതാകില്ലെന്നതാണ് ചരിത്രപരമായ ഈ തിരുത്തിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. ഈ വിധിന്യായം അനുസരിച്ചാണ് 2006 ലെ അലഹബാദ് ഹൈക്കോടതി വിധിയില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ചരിത്രം വളരെ കൃത്യമാണ്. മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് അത് സ്ഥാപിച്ചിട്ടുള്ളത്. കാലക്രമത്തില്‍ അതിന്റെ ഭരണനിര്‍വഹണം പലവിധമുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടാണ് പ്രായോഗികമായി നിര്‍വഹിച്ചിട്ടുള്ളത്. ന്യൂനപക്ഷ പദവി എന്നാല്‍ പ്രസ്തുത ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമുള്ള സ്ഥാപനം എന്നല്ല വിവക്ഷിക്കുന്നത്. മറിച്ച് അതിന്റെ പ്രധാന ഗുണഭോക്താക്കള്‍ അതത് ന്യൂനപക്ഷമായിരിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അത് നിലകൊള്ളുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ട്. ഈ മൗലികാവകാശത്തിന്റെ പ്രായോഗിക രൂപമാണ് ന്യൂനപക്ഷ പദവി. ഭരണനിര്‍വഹണത്തിനുള്ള അവകാശം എന്നാല്‍ സ്ഥാപനം നിയന്ത്രിക്കാന്‍ അതത് കമ്മ്യൂണിറ്റി അംഗങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന് വാദിക്കുന്നില്ല. എന്നാല്‍, സ്ഥാപനത്തിന്റെ സ്ഥാപിത ലക്ഷ്യവും കമ്മ്യൂണിറ്റി – നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടപ്പാക്കുവാന്‍ സാധിക്കണം. സര്‍വകലാശാലയിലെ അഡ്മിഷനിലും മറ്റ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും അതത് ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ഈ പദവി കൊണ്ട് സാധിക്കും.
ഇപ്പോള്‍ ന്യൂനപക്ഷ പദവി നല്‍കുന്നതിനുള്ള ഒരു മാര്‍ഗരേഖ എന്ന നിലക്കാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി വന്നിട്ടുള്ളത്. ഈ മാര്‍ഗരേഖ അടിസ്ഥാനമാക്കിയാകും വിവിധ സ്ഥാപനങ്ങളുടെ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുക. ഡല്‍ഹി ജാമിഅ മില്ലിയ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണിത്. 2014 ന് ശേഷം, മുസ്ലിം പശ്ചാത്തലമുള്ള സ്ഥാപനങ്ങളെയെല്ലാം പലതലത്തില്‍ ക്രൂശിക്കുവാനുള്ള ഇടപെടലുകള്‍ നടന്നിരുന്നു. 2006 മുതല്‍ അലീഗഢ് ന്യൂനപക്ഷ പദവി കോടതിയുടെ മുമ്പാകെ ഉണ്ടെങ്കിലും 2014 ന് ശേഷം സര്‍ക്കാര്‍ വാദങ്ങള്‍ സര്‍വകലാശാലക്ക് എതിരെയാണ് ഉണ്ടായിരുന്നത്.
ന്യൂനപക്ഷ പദവി നല്‍കരുത് എന്നായിരുന്നു പ്രധാന ആവശ്യം. ഇപ്പോഴുണ്ടായിരിക്കുന്ന ഈ വിധി ചരിത്രപരമായ ഇടപെടലാണ്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന മൗലികാവകാശത്തെ സംരക്ഷിക്കുന്ന വിധിയാണിത്. വരും നാളുകളില്‍, ഇത് നിരവധി സ്ഥാപനങ്ങള്‍ക്ക് അവയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉതകുംവിധം ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ നിയമപരമായ പിന്തുണ നല്‍കുമെന്ന് പ്രത്യാശിക്കുന്നു.