23 Monday
December 2024
2024 December 23
1446 Joumada II 21

അലി തൃക്കളയൂര്‍

വി പി അക്ബര്‍ സാദിഖ് തൃക്കളയൂര്‍


അരീക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തൃക്കളയൂര്‍ യൂണിറ്റ് സെക്രട്ടറിയും ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ ഇന്‍സ്ട്രക്റ്ററും കച്ചവടക്കാരനുമായിരുന്ന അലി തൃക്കളയൂര്‍ (56) നിര്യാതനായി. ചടുലമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഘടനാ പ്രവര്‍ത്തകര്‍ക്കും നാട്ടിലെ മറ്റു സാമൂഹിക കൂട്ടായ്മകള്‍ക്കും എന്നും ആവേശമായിരുന്നു അദ്ദേഹം. ശബാബ് ഏജന്റായിരുന്ന അലി ഒട്ടേറെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. തൃക്കളയൂര്‍ മഹല്ല് ജുമാമസ്ജിദ് ഭാരവാഹി, മദ്‌റസ, സ്‌കൂള്‍ പിടിഎ ഭാരവാഹി, വ്യാപാരി വ്യവസായി വാലില്ലാപുഴ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചു. 2008 വരെയുള്ള പ്രവാസകാലത്ത് ദമ്മാം ഇസ്‌ലാഹി സെന്റര്‍ ഭാരവാഹിയായിരുന്നു. ഇക്കാലയളവില്‍ ഒട്ടേറെ ഖുര്‍ആന്‍ പഠന സംരംഭങ്ങളില്‍ അധ്യാപകനായും കീഴുപറമ്പ് പഞ്ചായത്ത് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. രണ്ട് പതിറ്റാണ്ടോളം ദീര്‍ഘിച്ച പ്രവാസജീവിതത്തില്‍ ഇസ്‌ലാഹി സെന്ററുകളുടെ വളര്‍ച്ചയില്‍ കര്‍മനിരതനായിരുന്നു.
സുഊദി അറേബ്യയിലെ ഖത്തീഫ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ അദ്ദേഹം ക്യു എല്‍ എസ് അധ്യാപകനായിരുന്നു. മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളുടെ വിജയത്തിന് എന്നും അദ്ദേഹം മുമ്പില്‍ നിന്നു പ്രവര്‍ത്തിച്ചു. സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി പുതുതായി നിരവധി പേര്‍ക്ക് സത്യമതത്തിന്റെ ആദര്‍ശം എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പുഞ്ചിരി തൂകുന്ന മുഖവുമായി ആദര്‍ശരംഗത്ത് വിശാലമായ സൗഹൃദവലയം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. തൃക്കളയൂര്‍ കണ്ടന്‍കുളങ്ങര പരേതനായ മുഹമ്മദും ഉമ്മേര്യവുമാണ് മാതാപിതാക്കള്‍. ഭാര്യ: താഹിറ മുണ്ടോളി (എം ജി എം ശാഖ ഭാരവാഹി). മക്കള്‍: ജൗഹര്‍, ജവാദ്, ജരീര്‍, ജന്ന, ജിയാദ്. നാഥന്‍ പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും സന്തപ്ത കുടുംബത്തിന് സമാധാനം നല്‍കുകയും ചെയ്യട്ടെ,ആമീന്‍.

Back to Top