ജ്ഞാനദര്‍ശനങ്ങളുടെ ഉറവ; സംഗീതമധുരമായ ഭാഷ
അലി തല്‍വാര്‍
ഉര്‍ദു സാഹിത്യത്തിന്റെ ചരിത്രം ഉര്‍ദു ഭാഷയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഉര്‍ദു എന്ന വാക്ക് പട്ടാളസങ്കേതം എന്നര്‍ഥമുള്ള തുര്‍ക്കി ഭാഷയിലെ പദമാണ്. പൊതുവേ, ഉര്‍ദു എഴുതപ്പെടുന്നത് അറബിക് അക്ഷരമാലയുടെ കൂടെ ഇന്‍ഡോ-പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് കടമെടുത്ത മറ്റു ചില അക്ഷരങ്ങളും കൂടി ചേര്‍ത്തു കൊണ്ടാണ്. ഉര്‍ദു ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ വിവിധ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എങ്കിലും, എല്ലാവരും ഒരുപോലെ യോജിക്കുന്നതും തെറ്റിദ്ധാരണകള്‍ നന്നേ കുറഞ്ഞതുമായ ഒരു വീക്ഷണം എന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ദില്ലിയില്‍ പേര്‍ഷ്യന്‍ ഭാഷയെ തല്‍സ്ഥാനത്ത് നിന്ന് ക്രമപ്രവൃദ്ധമായി മാറ്റിക്കൊണ്ട് കടന്നുവന്ന ഒരു സാഹിത്യഭാഷയാണ് ഉര്‍ദു എന്നതാണ്.
ദില്ലിയില്‍ നിന്ന് ഈ ഭാഷ അവധ്, പഞ്ചാബ്, ഡെക്കന്‍, ബീഹാര്‍ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും, കാലക്രമേണ ദില്ലിയുടെ കൂടെത്തന്നെ ലഖ്നൗ, ലാഹോര്‍, ഹൈദരാബാദ് എന്നീ സ്ഥലങ്ങള്‍ ഉര്‍ദു സാഹിത്യത്തിന്റെ പ്രമുഖകേന്ദ്രങ്ങളായി മാറുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടിന്റെ പിറകോട്ട് നോക്കുകയാണെങ്കില്‍, ഉര്‍ദു ഭാഷയുടെ ആദിമരൂപങ്ങളായ പല പ്രാദേശികഭാഷകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അങ്ങോളമിങ്ങോളമായി ജനങ്ങള്‍ക്കിടയില്‍ വളരെയധികം പ്രചാരത്തിലുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ ഭാഷാസ്വാധീനത്തെ കാലചക്രത്തില്‍ ചരിത്രപരമായി പിറകോട്ട് ബന്ധിപ്പിക്കുകയാണെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ മുസ്‌ലിംകളുടെ ഉത്തരേന്ത്യയിലേക്കുള്ള ആഗമനം വരെ നമുക്ക് ചെന്നെത്താന്‍ സാധിക്കും. ആ കാലഘട്ടം മുതല്‍ തന്നെ അറബിക്, പേര്‍ഷ്യന്‍, തുര്‍ക്കിഷ് ഭാഷകളിലെ പദപ്രയോഗങ്ങള്‍ പലതും പ്രാദേശിക ഇന്ത്യന്‍ ഭാഷകളുമായി കൂടിക്കലരാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. ഇങ്ങനെ രൂപപ്പെട്ടു വന്ന ഭാഷകള്‍ നൂറ്റാണ്ടുകളിലൂടെ പല വ്യത്യാസങ്ങളോടെ വിവിധ മേഖലകളിലേക്ക് യഥാക്രമം വ്യാപിക്കുകയും വിവിധ പേരുകളില്‍ അറിയപ്പെടുകയും ചെയ്തു.
ഹിന്ദവി (പ്രാകൃത ഹിന്ദി), അവധി, ബ്രജ്, ഖഡി ബോലി, ഭോജ്പുരി, ദെഹ്‌ലവി എന്നിവയൊക്കെ ആ ഗണത്തില്‍ വരുന്ന ഭാഷകളാണ്. ഇതില്‍ പലതും കാലക്രമേണ ഇതരസാഹിത്യ ഭാഷകളുടെ പ്രസരിപ്പില്‍ പാടെ ഇല്ലാതാവുകയും ചെയ്തു.
ഉര്‍ദു സാഹിത്യത്തിന്റെ ആരംഭം
ഉര്‍ദു സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അമീര്‍ ഖുസ്രോ എന്ന സൂഫിവര്യനായ കവിയാണ്. അദ്ദേഹത്തിന്റെ രചനകള്‍ പേര്‍ഷ്യന്‍, അവധി, ഹിന്ദവി ഭാഷകളിലായിരുന്നു. ഇവയാണ് പിന്നീട് ഉര്‍ദു സാഹിത്യത്തിന് അടിത്തറ പാകിയത്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള ഉര്‍ദു സാഹിത്യചരിത്രം രണ്ട് ഘട്ടങ്ങളിലായി തരം തിരിക്കാവുന്നതാണ്.
1) മത കാലഘട്ടം (മസ്ഹബി ദൗര്‍): പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള ഈ കാലഘട്ടത്തില്‍ ഉര്‍ദുവിന്റെ ആദിമ ഭാഷാരൂപങ്ങളില്‍ മതപഠനത്തിന് വേണ്ടി വിശിഷ്യാ സൂഫി ചിന്തകള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നസ്മുകളും (കവിത) കത്തുകളും രചിക്കപ്പെട്ടിരുന്നു. ഇതുകൊണ്ട് കൂടിയാണ് ഉര്‍ദു ഭാഷ സൂഫികളിലൂടെ പ്രചാരം നേടിയ ഭാഷയാണ് എന്ന് പറയുന്നതിനുള്ള പ്രധാന കാരണം.
2) സാഹിത്യ കാലഘട്ടം (അദബി ദൗര്‍): പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള ഈ കാലഘട്ടത്തില്‍ ഉര്‍ദു ഭാഷയിലെ കൃതികള്‍ പ്രായോഗികതലത്തില്‍ ഉണ്ടായിരുന്നത് ഡെക്കന്‍ പ്രദേശങ്ങളിലായിരുന്നു. അതേസമയം, ഉത്തരേന്ത്യയില്‍ പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു രചനകള്‍ നടന്നിരുന്നത്. ദില്ലിയില്‍ ഉര്‍ദു സാഹിത്യരചനകള്‍ക്ക് തുടക്കം കുറിക്കുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെക്കനില്‍ ഉര്‍ദു സാഹിത്യപരമ്പരകള്‍ ഉണ്ടായിരുന്നുവെന്ന കാര്യം അമ്പരപ്പിക്കുന്നതാണ്! അതിനാല്‍ തന്നെ ഉര്‍ദു സാഹിത്യത്തില്‍ ഡെക്കനിലെ കവികള്‍ക്കും രാജാക്കന്മാര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. ഇവിടെ അല്പം ചരിത്രം പറയേണ്ടതായിട്ടുണ്ട്.
1296-ല്‍ സ്ഥാനാരോഹിതനായ അലാഉദ്ദീന്‍ ഖില്‍ജിയുടെ കല്പനപ്രകാരം മലിക് കാഫൂറിന്റെ നേതൃത്വത്തില്‍ ഒരു പട്ടാളസംഘം യുദ്ധത്തിനായി ഡെക്കാനിലേക്ക് തിരിച്ചു. ഇവരുടെ കൂടെ ഉര്‍ദുവിന്റെ പ്രഥമഭാഷാരൂപവും ചേക്കേറി. പിന്നീട് 1326-ല്‍ തുഗ്ലക് തന്റെ ആസ്ഥാനം ദില്ലിയില്‍ നിന്നും ഡെക്കനിലെ ദൗലത്താബാദിലേക്ക് മാറ്റുന്നു, ഉര്‍ദു സാഹിത്യചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഔറംഗാബാദ് എന്ന സ്ഥലത്തിന്റെ അടുത്തായിരുന്നു ഈ പുതിയ ആസ്ഥാനം.
21 വര്‍ഷങ്ങള്‍ക്ക് ശേഷം തുഗ്ലക്കിന് കീഴിലുള്ള ദൗലത്താബാദ് ശോഷിക്കുകയും, അന്നത്തെ ആര്‍മി കമാന്റര്‍ ആയിരുന്ന സഫര്‍ ഖാന്‍ ഭരണാവകാശം സ്വയം ഏറ്റെടുക്കുകയും ഡെക്കനില്‍ ‘ബഹ്മനി’ സല്‍ത്തനത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ഇവര്‍ ആദ്യം മുതലേ ദില്ലിയിലുള്ള സുല്‍ത്താന്മാരോട് അമര്‍ഷം പ്രകടിപ്പിക്കുന്നവരായിരുന്നു, കഴിയുവോളം ദില്ലി ആസ്ഥാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. ഈ തര്‍ക്കം ഭാഷയെയും സാഹിത്യത്തെയും ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ദില്ലിയിലെ ബാദ്ഷാക്കള്‍ പേര്‍ഷ്യന്‍ ഭാഷാ-സാഹിത്യത്തില്‍ വിഹരിച്ചപ്പോള്‍, ഡെക്കനിലെ ബഹ്മനികള്‍ ‘ഡെക്കന്‍ ഉര്‍ദുവിന്’ മുന്‍ഗണന നല്‍കി. ഈ ഭാഷാരൂപമാണ് ദക്‌നി, ഡെക്കനി എന്നൊക്കെ അറിയപ്പെടുന്നത്. ദക്‌നിയില്‍ അവിടുത്തെ പ്രാദേശികഭാഷകളായ ഗുജറാത്തി, മറാഠി ഭാഷകളുടെ സ്വാധീനവും ഉണ്ടായിരുന്നു. ഈ ഭാഷാ പാരമ്പര്യം പിന്നീടങ്ങോട്ട് നൂറ്റാണ്ടുകളോളം നീണ്ടുനിന്നു.
ഉര്‍ദു ഭാഷ ഡെക്കനില്‍
സുല്‍ത്താന്‍ അഹ്മദ് ഷാ ബഹ്മനി (1422-36) ഒരു കലാസാഹിത്യ സ്‌നേഹിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്തുള്ള ഫഖ്‌റുദ്ദീന്‍ നിസാമി എന്ന കൊട്ടാരകവി (ദര്‍ബാരി ഷായര്‍) ‘കദം റാഓ പദം റാഓ’ എന്ന 4000 വരികളുള്ള ഉര്‍ദു ഭാഷയിലെ ആദ്യത്തെ മസ്‌നവി രചിക്കുന്നു. മീറാന്‍ ജി ഷംസുല്‍ ഉഷാക്, ബുര്‍ഹാനുദ്ദീന്‍ ജാനം എന്നിവരായിരുന്നു മറ്റു പ്രധാനകവികള്‍.
പ്രസിദ്ധനായ ഖ്വാജ ബന്ദ നവാസ് എന്ന സൂഫിയാണ് ആദ്യമായിട്ട് ഗദ്യം ഉര്‍ദുവില്‍ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും ഉതകിയതും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഗ്രാഹ്യവുമായ ദക്‌നി ഉര്‍ദു തന്നെ രചനകള്‍ക്ക് തിരഞ്ഞെടുത്തത് ഉര്‍ദു ഗദ്യരചനകളുടെ വളര്‍ച്ചയില്‍ പിന്നീട് വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. അഷ്‌റഫ് ബയാബാനി, ഹസന്‍ ഷൗകി എന്നിവരായിരുന്നു ഈ കാലത്തെ രണ്ടു പ്രസിദ്ധ കവികള്‍. ശേഷം പതിനാറാം നൂറ്റാണ്ടില്‍ (1518) ബഹ്മനി സാമ്രാജ്യം തകരുകയും അഞ്ചു പ്രവിശ്യകളായി വിഭജിക്കപ്പെടുകയും ചെയ്തു.
ആദില്‍ ഷായുടെ നേതൃത്വത്തില്‍ ബേജാപൂര്‍, കുതുബ് ഷായുടെ നേതൃത്വത്തില്‍ ഗോല്‍കണ്ടയും ഇവയില്‍ പ്രധാനപ്പെട്ടതാണ്. കാരണം ഈ രണ്ട് പ്രവിശ്യകളിലുമായിട്ട് ഉര്‍ദു സാഹിത്യ രചനകള്‍ക്ക് അങ്ങേയറ്റം വളര്‍ച്ച ലഭിച്ച കാലമായിരുന്നു എന്നതാണ്. ഉര്‍ദു കവിതയുടെ ചരിത്രപഠനങ്ങളില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത പേരാണ് വലി ദക്‌നിയുടേത്. 1667-ല്‍ ഓറംഗാബാദില്‍ ജനിച്ച അദ്ദേഹം വിവിധ നാമങ്ങളില്‍ അറിയപ്പെട്ടു. ഡെക്കനില്‍ നിന്നായത് കൊണ്ട് ‘വലി ദക്‌നി’ എന്നും, ജനനസ്ഥലമായ ഓറംഗാബാദിലേക്ക് ചേര്‍ത്തിക്കൊണ്ട് ‘വലി ഓറംഗാബാദി’ എന്നും, പിന്നീട് ഗുജറാത്തിലേക്ക് മാറി താമസിച്ചപ്പോള്‍ ‘വലി ഗുജറാത്തി’ എന്ന പേരിലും അദ്ദേഹം സാഹിത്യലോകത്ത് വിഖ്യാതനായി. പല ഗവേഷകരും ‘ഉര്‍ദു കവിതയുടെ പിതാവ്’ എന്ന് വിശേഷിപ്പിക്കുന്നത് ഇദ്ദേഹത്തെയാണ്. നൂറ്റാണ്ടുകളോളം ഡെക്കനില്‍ മാത്രം തളംകെട്ടി നിന്നിരുന്ന ഉര്‍ദു കവിതയെ 1700-ല്‍ ദില്ലിയിലേക്ക് കൊണ്ടുവരുന്നത് വലി ദക്‌നിയാണ്.
ഔറംഗസേബിന്റെ ഭരണകാലത്താണ് ഇത് സംഭവിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ മാത്രം ഗസലുകള്‍ രചിച്ചിരുന്ന ദില്ലിയിലെ കവികള്‍ക്കിടയില്‍ വലിയുടെ ഉര്‍ദു കവിതകള്‍ തരംഗം സൃഷ്ടിച്ചു. ഉര്‍ദുവിലും വളരെ മനോഹരമായി ഈരടികള്‍ രചിക്കാന്‍ സാധിക്കുമെന്ന് അപ്പോഴാണ് ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലായത്! രേഖ്ത എന്നവര്‍ വിളിച്ചിരുന്ന ഈ ഭാഷയുടെ കാവ്യപ്രാപ്തിയും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന സ്വീകാര്യതയും ദില്ലിയിലെ കവികള്‍ തിരിച്ചറിയുന്നത് വലി ദക്‌നിയിലൂടെയാണ്. ദില്ലിയിലേക്ക് ചേക്കേറിയതോട് കൂടി തന്റെ ഡെക്കന്‍ ചുവയുള്ള ഉര്‍ദുവില്‍ നിന്നും കുറച്ചുകൂടി ശുദ്ധമായ ഉര്‍ദു ഭാഷയെ പരിചയപ്പെടാന്‍ വലി ദക്‌നിക്ക് സാധിച്ചു. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ തൂലിക ചലിപ്പിച്ച വ്യക്തിയാണെങ്കിലും, ഗസല്‍ ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ശ്രദ്ധ. വളരെ എളുപ്പവും സാധാരണവുമായ ഭാഷാശൈലി ആയിരുന്നു അദ്ദേഹത്തിന്റെ ഗസലുകള്‍ക്ക്. ആ സാധാരണത്വത്തിലും വായിക്കുന്നയാള്‍ക്ക് ഭംഗിയേറെ ദര്‍ശിക്കാന്‍ സാധിച്ചിരുന്നു.
ഉര്‍ദു കവിതയുടെ സുവര്‍ണ കാലഘട്ടം
പ്രസിദ്ധനായ ഉര്‍ദു കവി മീര്‍ തകി മീറിന്റെ (1723-1810) കാലഘട്ടത്തിന് ശേഷം സാഹിത്യരംഗത്ത് ദില്ലി വിജനമാവുകയും ലഖ്നൗ പ്രധാനകേന്ദ്രമാവുകയും ചെയ്തുവെങ്കിലും അധികം വൈകാതെ തന്നെ ഉര്‍ദു ‘മുഷായറ’കള്‍ (കവിയരങ്ങ്) കൊണ്ടും മെഹ്ഫിലുകളാലും ദില്ലിയില്‍ വീണ്ടും കവിതയുടെ ഓളങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇബ്രാഹിം സൗക്, മിര്‍സ ഗാലിബ്, മോമിന്‍ ഖാന്‍ മോമിന്‍ എന്നീ ത്രിമൂര്‍ത്തികള്‍ ജീവിച്ചിരുന്ന ഈ കാലഘട്ടമാണ് ഉര്‍ദു കവിതയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്. തുരുമ്പെടുക്കാനായ മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന കണ്ണിയായ ബഹാദുര്‍ ഷാ സഫറിന്റെ കൊട്ടാരകവിയും ഉസ്താദുമായിരുന്നു ഇബ്രാഹിം സൗക്. ആഗ്രയില്‍ നിന്നും ദില്ലിയിലേക്ക് വന്ന മിര്‍സ ഗാലിബും, ജന്മനാ ദില്ലിക്കാരനായ ഇബ്രാഹിം സൗകും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കേളികേട്ടതാണ്. മികച്ച കവി എന്ന പേര് നേടിയെടുക്കാന്‍ നിരന്തരം കവിതയിലൂടെയുള്ള ദ്വന്ദയുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു ഇരുവരും.
സൗകിന്റേത് ലളിതഭാഷയിലുള്ള മനോഹരമായ ഗസലുകളായിരുന്നുവെങ്കില്‍, ഗാലിബിന്റേത് സങ്കീര്‍ണ്ണമായ വാക്കുകളും ഉയര്‍ന്ന ചിന്തകളും നിറഞ്ഞ ഗസലുകളായിരുന്നു. പില്‍ക്കാലത്ത് ഉര്‍ദു സാഹിത്യ മൈതാനത്തില്‍ ഗാലിബിന്റെ ഗസലുകള്‍ക്ക് ലഭിച്ച ജനസമ്മിതിയും പ്രീതിയും മറ്റൊരു കവിക്കും ലഭിച്ചു കാണില്ല! ഉര്‍ദു കവിതകള്‍ക്ക് ഉത്തരേന്ത്യയില്‍ നാലു ചിന്താധാരകള്‍ ഉണ്ടായിരുന്നു. ദില്ലി, ലഖ്നൗ, അസീമാബാദ്, റാംപൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ പക്ഷങ്ങള്‍. ഇവയില്‍ ദില്ലി പക്ഷവും, ലഖ്നൗ പക്ഷവുമാണ് പ്രധാനപ്പെട്ടത്.
ദില്ലി പക്ഷം
(ദബിസ്താനെ ദില്ലി)
ദില്ലി തുടക്കം മുതലേ കവികളുടെ കേന്ദ്രമായിരുന്നു. അതിലേക്ക് വലി ദക്‌നിയുടെ ഉര്‍ദു കവിതകളുമായിട്ടുള്ള വരവ് കൂടിയായപ്പോള്‍ കാവ്യസദസ്സുകള്‍ക്ക് ഊഷ്മളതയേറി. ഖാന്‍ ആര്‍സൂ, ആബ്‌റൂ, ഹാതിം, ഷാകിര്‍ എന്നിവരായിരുന്നു അന്നത്തെ ദില്ലിയിലെ പ്രധാന കവികള്‍. കവിതയില്‍ ദ്വയാര്‍ഥ പദങ്ങളുടെ ഉപയോഗം വളരെ കൂടുതലായിരുന്ന ഒരു സമയമായിരുന്നു അത്. ഇത്തരം ശൈലികള്‍ കവിതയുടെ പുരോഗതിക്ക് ഭീമമായ തടസ്സമായിരുന്നു. അതില്‍ നിന്നും ഉര്‍ദു കവിതയെ മോചിപ്പിക്കുന്നതിന് വേണ്ടി മീര്‍, മിര്‍സ മസ്ഹര്‍, യകീന്‍, സൗദാ തുടങ്ങിയ കവികള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇവരിലൂടെ ഉര്‍ദു കവിതയുടെ വിവിധ ശാഖകളായ ഗസല്‍, മസ്‌നവി, മര്‍സിയ എന്നിവ പുഷ്ടിപ്പെട്ടു.
സൂഫികളുടെ ഇഷ്ടകേന്ദ്രമായിരുന്നല്ലോ ദില്ലി. അതിനാല്‍ തന്നെ ദില്ലി കവികളുടെ രചനകളില്‍ തസവ്വുഫിന്റെ സ്വാധീനം ഉണ്ടായിരുന്നു. പ്രണയത്തിന്റെ അംശങ്ങള്‍ പ്രകടമായിട്ടു തന്നെ കാണാമെങ്കിലും, വിശുദ്ധിയുടെ സ്വാധീനം ഒരിക്കലും വിട്ടുപോയിരുന്നില്ല. ഇവിടെ സംഗമത്തേക്കാള്‍ കൂടുതല്‍ വേര്‍പാടിനെ കുറിച്ചായിരുന്നു കവിതകള്‍ രചിക്കപ്പെട്ടത്. മാത്രമല്ല, പദപ്രയോഗങ്ങളെ കൂടുതല്‍ അണിയിച്ചൊരുക്കുന്നതില്‍ ഇവര്‍ അധികം ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. ഭാവനകളുടെ പ്രകടനത്തിന്റെ കാര്യത്തിലും അധികം അലങ്കാരങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. പുറംപൂച്ചുകളില്‍ നിന്നും കൃതിമത്വങ്ങളില്‍ നിന്നും വിദൂരത്തു നില്‍ക്കുന്നവരായിരുന്നു ദില്ലിയിലെ കവികള്‍.
ലഖ്നൗ പക്ഷം
(ദബിസ്താനെ ലഖ്നൗ)
മീര്‍ ഹസന്‍, ഇന്‍ഷാ, മുസ്ഹഫി തുടങ്ങിയ കവികളായിരുന്നു ലഖ്നൗ പക്ഷത്തിലെ തുടക്കക്കാര്‍. ഈ കാലത്ത് കവിതകളില്‍ ഗതകാലസ്മരണകളും, സ്ത്രീകളുടെ വികാരങ്ങളും ആവിഷ്‌കരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അടുത്ത തലമുറയിലെ പ്രധാന കവികളായിരുന്നു നാസിഖ്, ആതിഷ് എന്നിവര്‍. ഇവര്‍ക്ക് പുറമെ, ദയാശങ്കര്‍ നസീം, ബര്‍ക്, മുനീര്‍, റഷ്‌ക് എന്നിവരും കവിതയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്. സമീര്‍, ഖലീക് എന്നീ കവികള്‍ക്ക് ശേഷം വിലാപകാവ്യങ്ങളില്‍ (മര്‍സിയ) അങ്ങേയറ്റം തരംഗം സൃഷ്ടിച്ചവരാണ് അനീസ്, ദബീര്‍ എന്നീ 2 കവികളും.
ലഖ്നൗ കവിതകളുടെ പ്രധാന പ്രത്യേകത അവ പ്രസരിപ്പ് കൂടിയ കവിതകളായിരുന്നു എന്നതാണ്. വീക്ഷണ-നിലപാടുകളെക്കാള്‍ ഭംഗിക്കും ഹൃദ്യതക്കും മുന്‍ഗണന കൊടുക്കുന്നവരാണ് ഈ കവികള്‍. ഭാഷാശൈലിയുടെ കാര്യത്തില്‍ ദില്ലി പക്ഷക്കാരുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു വഴി തന്നെ അവര്‍ വെട്ടിതെളിച്ചു. വികാരാവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം കുറച്ചുകൊണ്ട്, വാക്കുകള്‍ക്ക് മോടി പിടിപ്പിക്കുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ ലഖ്നൗ പക്ഷക്കാരുടെ പൊതുഭാഷ താരതമ്യേന കൂടുതല്‍ ഹൃദ്യവും ഭംഗിയുമുള്ളതായി മാറി. പില്‍കാലത്ത് ‘ലഖ്‌നവി തഹ്സീബി’ (ലഖ്നവിയന്‍ സംസ്‌കാരം) എന്ന പ്രയോഗം തന്നെ ഇവരുടെ ഭാഷയെക്കുറിച്ച് പ്രത്യേകമായി ഉണ്ടായിവന്നു.
ഉര്‍ദു ഭാഷയിലെ ഗദ്യസാഹിത്യം
ഉര്‍ദു ഗദ്യത്തിന് അടിസ്ഥാനപരമായി തുടക്കം കുറിക്കപ്പെട്ടത് ഡെക്കനിലാണ്. ആദ്യകാലത്തുള്ള ഗദ്യരചനകള്‍ മുഴുവനും സൂഫികളുടെ മഹത് വാക്യങ്ങളും ഉപദേശങ്ങളുമായിരുന്നു. ഇതിലെ സുപ്രധാനമായ രചനകളാണ് ഖ്വാജ ബന്ദ നവാസിന്റെ മിഅ്റാജുല്‍ ആഷികീന്‍, ഷികാര്‍ നാമ, തിലാവതുല്‍ വുജൂദ് തുടങ്ങിയ കൃതികള്‍. ഇതിനു പുറമെ, മീറാന്‍ ജി ഷംസുല്‍ ഉഷാക്കിന്റെ ‘മര്‍ഗൂബുല്‍ കുലൂബ്, ബുര്‍ഹാനുദ്ദീന്‍ ജാനമിന്റെ’ കലിമതുല്‍ ഹകാഇക്’ എന്നിവയും പ്രസിദ്ധമാണ്.
ഉര്‍ദു ഗദ്യസാഹിത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് പതിനേഴാം നൂറ്റാണ്ട്. പ്രധാനമായി, കവിയും ഗദ്യരചയിതാവുമായ മുല്ല വജ്ഹിയുടെ കൃതികളാല്‍ അക്കാലത്തെ ഉര്‍ദുസാഹിത്യം നിറഞ്ഞൊഴുകി. ‘സബ് രസ്’ എന്ന കൃതിയായിരുന്നു അദ്ദേഹത്തിന്റെ രചനകളില്‍ പ്രധാനപ്പെട്ടത്. സബ് രസ് എഴുതപ്പെട്ടതിന് ശേഷം ഡെക്കനില്‍ ഗദ്യരചനകളുടെ വലിയ ഒഴുക്ക് തന്നെ കാണപ്പെട്ടു. ‘തൂത്തി നാമ’ എന്ന പേരില്‍ പഞ്ചതന്ത്രകഥകള്‍ അവതരിപ്പിച്ചത് ഗവ്വാസി എന്ന എഴുത്തുകാരനാണ്.
ഇതേസമയം ഉത്തരേന്ത്യയില്‍ ഉര്‍ദുവിനുള്ള സ്വീകാര്യത വര്‍ധിച്ചുവരികയും, ഫസല്‍ അലി ഫസ്ലി എന്ന സാഹിത്യകാരന്‍ ‘കര്‍ബല്‍ കഥ’ എന്ന കൃതി എഴുതുകയും ചെയ്തു. ഉത്തരേന്ത്യയിലെ ആദ്യത്തെ ഉര്‍ദുവിലുള്ള ഗദ്യരചനയാണ് ഇത്. 1732-59 കാലയളവില്‍ രചിക്കപ്പെട്ട പ്രണയകഥയാണ് ഈസ്വി ഖാന്‍ ബഹാദുറിന്റെ ‘കിസ്സയെ മെഹര്‍ ആഫ്രോസ് വ ദില്‍ബര്‍’.
പതിനെട്ടാം നൂറ്റാണ്ടില്‍ മീര്‍ ഹുസൈന്‍ അത്താ തഹ്സീനിന്റെ ‘നൗ തര്‍സെ മുറസ്സ’ താരതമ്യേന എളുപ്പമല്ലാത്ത ഭാഷയില്‍ രചിച്ച സുപ്രധാന കൃതിയാണ്. ഈ നൂറ്റാണ്ടിലെ മറ്റു പ്രധാനകൃതികള്‍ അജാഇബുല്‍ കസസ്, നൗ ആയീനെ ഹിന്ദി, ജസ്‌ബെ ഇഷ്‌ക് എന്നിവയാണ്.
ആധുനിക ഉര്‍ദു സാഹിത്യം
ആധുനിക സാങ്കേതികവിദ്യകളും രാഷ്ട്രീയ കോളിളക്കങ്ങളും തുടര്‍ന്നുള്ള ഉര്‍ദു സാഹിത്യത്തെ സാരമായി സ്വാധീനിച്ചു. ഉര്‍ദുവിന്റെ ലോകത്ത് സര്‍ സയ്യിദ് അഹ്മദ് ഖാനിനെ പോലുള്ള ദീര്‍ഘദൃഷ്ടിയുള്ളവര്‍ കുറവായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വ്യാപ്തിയുള്ളതാണ്. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത യുവാക്കളില്‍ ശാസ്ത്രീയബോധം വളര്‍ത്താന്‍ ഉര്‍ദു മാധ്യമ ഭാഷയായിക്കൊണ്ട് ഗാസിപുറില്‍ അദ്ദേഹം സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ചു, പിന്നീട് സര്‍ സയ്യിദ് അലിഗഢിലേക്ക് മാറിയപ്പോള്‍ അവിടെയും സമാനരീതിയിലുള്ള സ്ഥാപനം ആരംഭിച്ചു. അദ്ദേഹം തുടക്കം കുറിച്ച ‘തെഹ്സീബുല്‍ അഖ്ലാക്’ എന്ന ഉര്‍ദു മാസിക ആധുനിക-ശാസ്ത്രീയ തലത്തിലുള്ള ഗദ്യരചനകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
ഈ കാലഘട്ടില്‍ തന്നെയാണ് ഉര്‍ദു ഭാഷയിലുള്ള നോവലുകളും ചെറുകഥകളും രംഗപ്രവേശം ചെയ്യുന്നത്. 1969 ലാണ് നസീര്‍ അഹ്മദ് ഉര്‍ദുവിലെ ആദ്യത്തെ നോവല്‍ ‘മിര്‍ആതുല്‍ ഉറൂസ്’ രചിക്കുന്നത്. തന്റെ ബെനാത്തുന്‍ നാഷ്, തൗബതുന്‍ നുസൂഹ്, ഇബ്‌നുല്‍ വക്ത് എന്നീ നോവലുകള്‍ ദില്ലിയിലെ ജീവിതസാഹചര്യങ്ങള്‍ പ്രതിഫലിക്കുന്നതും, സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്നതുമാണ്.
ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിന്റെ ചോരപ്പാടുകളും കോലാഹലങ്ങളും അസ്വസ്ഥതകളുമെല്ലാം സാദത് ഹസന്‍ മന്‍ടോ, ഇസ്മത് ചുഗ്‌തൈ, അഹ്മദ് നദീം കാസ്മി തുടങ്ങിയവരുടെ കഥകളില്‍ വായനക്കാരന് കാണാന്‍ സാധിക്കും. കാവ്യങ്ങളാണെങ്കില്‍ ഫെയ്സ് അഹ്മദ് ഫെയ്സിന്റെ ഗസലുകളും നസ്മുകളും ഇക്കാലത്തും വളരെയേറെ വായിക്കപ്പെടുന്നവയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഉര്‍ദു സാഹിത്യലോകത്ത് തിളങ്ങിനില്‍ക്കുന്ന മറ്റു രണ്ട് പേരുകളാണ് അല്ലാമാ ഇക്ബാല്‍, പ്രേംചന്ദ് എന്നിവര്‍.
അല്ലാമാ ഇഖ്ബാല്‍ കവിതയുടെ അന്തരംഗങ്ങളിലേക്ക് സഞ്ചരിച്ചപ്പോള്‍, പ്രേംചന്ദ് കഥയുടെ ലോകത്ത് അറ്റങ്ങളില്ലാതെ വിഹരിച്ചു. ഇന്നും ഉര്‍ദു ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രേമികള്‍ ഒട്ടനേകമുണ്ട്. മുഷായറകളും മെഹ്ഫിലുകളും കവി സമ്മേളനങ്ങളും സാഹിത്യസദസ്സുകളും പഴയ രൂപത്തിലല്ലെങ്കിലും പുതിയരീതികളില്‍ അവ ഇന്നും ജനങ്ങള്‍ക്കിടയില്‍ വേരോട്ടം സൃഷ്ടിക്കുന്നുണ്ട്.`