അലീമിയാന്റെ പിന്‍ഗാമി ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവ്
ഡോ. മുബീനുല്‍ ഹഖ് നദ്വി

ഈ കഴിഞ്ഞ റമദാന് 22 മുസ്ലിം ലോകത്തിന് പ്രത്യേകിച്ചും ഇന്ത്യന്‍ മുസ്ലിംകള്ക്ക് തീരാ നഷ്ടത്തിന്റെയും വേദനയുടെയും ദിനമായിരുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ സര്‍വ സ്വീകാര്യനായ നേതാവ്, ഇസ്ലാമിക ലോകത്തെ സമാദരണീയനായ പണ്ഡിതന് സയ്യിദ് മുഹമ്മദ് റാബിഅ് നദ്വിയുടെ വിയോഗത്തിന്റെ ദിനമായിരുന്നു ഇത്. ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ അധ്യക്ഷന്‍, ലക്നൗ ദാറുല്‍ ഉലൂം നദ്വത്തുല് ഉലമയുടെ റെക്ടര്‍, റാബിത്വത്തില്‍ അദബില് ഇസ്ലാമിയയുടെ പ്രസിഡന്റ് തുടങ്ങിയ ഒരുപാട് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. അനറബിയായിട്ടും കനപ്പെട്ട അറബിക് സാഹിത്യ ഗ്രന്ഥങ്ങള്‍ രചിച്ച് അറബിക് സാഹിത്യ ലോകത്ത് നിത്യ വിസ്മയമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്ലിംകളുടെ സ്വകാര്യ അഭിമാനമായ, അലീമിയാന് എന്ന് സ്നേഹത്തോടെ വിളിക്കുന്ന അല്ലാമ അബുല്‍ ഹസന് അലി നദ്വിയുടെ പിന്‍ഗാമിയായിരുന്നു മൗലാന സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്വി.
1929 ഒക്ടോബര്‍ 2 ന് ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ തകിയ കലാനില്‍ പ്രസിദ്ധമായ ഹസനി പണ്ഡിത കുടുംബത്തില്‍ സയ്യിദ് റഷീദ് അഹ്മദ് ഹസനിയുടേയും പണ്ഡിത വര്യയായ മഹതി അമത്തുല്‍ അസീസിന്റെയും നാലാമത്തെ മകനായാണ് സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി ജനിക്കുന്നത്. അല്ലാമ അലീമിയാന്റെ സഹോദരിയാണ് മൗലാനയുടെ മഹതിയായ ഉമ്മ. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനായിരുന്നു ദാറുല്‍ ഉലൂം നദ്വത്തുല് ഉലമയിലെ സീനിയര്‍ അധ്യാപകനും മഹാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മുഹമ്മദ് വാളിഹ് നദ്വി. അറിയപ്പെട്ട പ്രബോധകനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന മര്‍ഹും മുഹമ്മദ് സാനി ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. തന്റെ മക്കള്‍ക്കൊക്കെ മുത്ത് ഹബീബ്(സ)ന്റെ പേരിടണമെന്ന് ആ മഹതിയായ ഉമ്മക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് നാലാമതായി ജനിച്ച മൗലാനക്ക് മുഹമ്മദ് റാബിഅ് എന്ന പേര് നല്‍കുന്നത്.
തന്റെ പ്രാഥമിക വിദ്യാഭ്യാസം റായ്ബറേലിയില്‍ നിന്ന് പൂര്‍ത്തിയാക്കിയതിന് ശേഷം ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിന് ലക്നൗവിലെ ദാറുല്‍ ഉലും നദ്വത്തുല് ഉലമയില്‍ എത്തി. 1948 ല്‍ നദ്വയില്‍ നിന്ന് ബിരുദാനന്തര ബിരുദം (ഫളീലത്ത്) പുര്‍ത്തിയാക്കി പുറത്തിറങ്ങി. ശേഷം ഒരു വര്‍ഷം ദാറുല്‍ ഉലൂം ദയൂബന്ദിലും പഠനം നടത്തി. ശേഷം 1949 മുതല്‍ നദ്വയില്‍ അധ്യാപകനായി സേവനമാരംഭിച്ചു. ഒരു വര്‍ഷത്തിന് ശേഷം അല്ലാമ അലീ മിയാന്റെ കൂടെ ഹിജാസിലേക്ക് പോയി. അവിടെ ഒന്നര വര്‍ഷത്തോളം പ്രബോധന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ശേഷം നദ്വയില്‍ തിരിച്ചെത്തി അധ്യാപനം തുടര്‍ന്നു. 1993ല്‍ നദ്വയുടെ നിലവിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ മുഹിബുള്ള നദ്വി മരണപ്പെട്ടപ്പോള്‍ ആ ഉത്തരവാദിത്തം മൗലാനക്ക് ഏല്പിക്കപ്പെട്ടു. 1998 ല്‍ നദ് വയുടെ അസിസ്റ്റന്റ് റെക്ടറായി നിയമിക്കപെട്ടു. 1999 ഡിസംബര്‍ 31 ന് ലോകത്തിന് തീരാ നഷ്ടമായി മൗലാന അലീമിയാന് വിട പറഞ്ഞപ്പോള്‍ നദ്വയുടെ തലവനായി (റെക്ടര്‍) റാബിഅ് നദ്വിയെ നദ്വയുടെ ശൂറ ഐകകണ്ഠേന തിരഞ്ഞെടുത്തു.
അലീമിയാന്റെ ജീവിത കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിഴലായി കൂടെ ഉണ്ടായിരുന്നു മൗലാന. അദ്ദേഹത്തിന്റെ യാത്രകളില്‍ സന്തത സഹചാരിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഊണിലും ഉറക്കിലും കൂട്ടായിരുന്നു. അത് കൊണ്ട് തന്നെ അലീമിയാന് നല്ലൊരു പകരക്കാരനാകാന്‍ മൗലാനക്ക് സാധിച്ചു. അലീമിയാന്റെ ഒരുപാട് ഗുണങ്ങള്‍ സ്വാംശീകരിച്ച ഒരു മഹാ വ്യക്തിത്വത്തിനുടമായിരുന്നു മൗലാന. വിനയത്തിന്റെ ആള്‍രൂപവും സ്നേഹത്തിന്റെ നിറകുടവുമായിരുന്നു. ഈ സ്നേഹം മൗലാനയുടെ അടുക്കല്‍ വരുന്നവരിലേക്കൊക്കെ നിറഞ്ഞ് ഒഴുകുമായിരുന്നു. എല്ലാവരോടും ഒരുപോലെ പെരുമാറുമായിരുന്നു. മൗലാനയുമായി ഇടപഴകുന്നവര്‍ക്കൊക്കെ തന്നോടാണ് മൗലാനക്ക് കൂടുതല്‍ സ്നേഹം, ഞാന്‍ മൗലാനയുടെ അടുത്ത ആളാണ് എന്ന് തോന്നുമായിരുന്നു. ചെറിയ വിദ്യാര്‍ഥികളെ വരെ മൗലാന അങ്ങേയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തു. ലാളിത്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. റായ്ബറേലില്‍ ഒരു ചെറിയ കൂരയിലാണ് മൗലാനയും കുടുംബവും താമസിക്കുന്നത്. മുന്‍ഗാമികള്‍ താമസിച്ച അതേ വീട്. ഇനി നദ്വയിലുളള ഔദ്യോഗിക വസതിയോ അതും യാതൊരു ആഡംബരവുമില്ലാത്ത ഒരു ചെറിയ റൂമും ഹാളും അടുക്കളയും അടങ്ങുന്ന ഒരു ഗസ്റ്റ് ഹൗസ് ആണ്. ഈ ചെറിയ ഹാളിലാണ് അതിഥികള്‍ വന്നാല്‍ ഇരുത്തുക. ഇവിടെ വരുന്നവര്‍ക്കൊക്കെ മൗലാന സ്നേഹം കൊണ്ടും ഭക്ഷണം കൊണ്ടും വിരുന്നൂട്ടും. ഇവിടെ വെച്ച് എല്ലാ ദിവസവും (വ്യാഴാഴ്ച ഒഴികെ) ഇശാഇന് ശേഷം മൗലാനയുടെ വൈജ്ഞാനിക സദസ് ഉണ്ടാകും. ഇതില്‍ ഗഹനമായ പല വിഷയങ്ങളുടേയും ചര്‍ച്ചകള്‍ നടക്കും. നദ്വയിലെ അധ്യാപകരും വിദ്യാര്‍ഥികളും പുറത്ത് നിന്നുള്ളവരും ഇതില്‍ പങ്ക് ചേരും.
നദ്വയുടെ നേതൃത്വം ഏറ്റെടുത്ത് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ഇന്ത്യന്‍ മുസ്ലിംകളുടെ പരമോന്നത ബോഡിയായ ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വവും മൗലാനക്ക് ഏറ്റെടുക്കേണ്ടി വന്നു. അകങജആന്റെ അധ്യക്ഷനായിരുന്ന സമാദരണീയനായ നേതാവ് മൗലാന മുജാഹിദുല്‍ ഇസ്ലാം ഖാസിമിയുടെ പിന്‍ഗാമിയായാണ് മൗലാന തിരഞ്ഞെടുക്കപ്പെടുന്നത്. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലെ ഈ ഭാരിച്ച ഉത്തരവാദിത്തവും മൗലാന കൃത്യവും സുതാര്യവുമായി നിര്‍വഹിച്ചു.
വലിയ ദീര്‍ഘ ദൃഷ്ടിയും നല്ല നേതൃ പാടവുമുള്ള ഒരു വലിയ നേതാവിനേയാണ് പിന്നീട് മൗലാനയില്‍ ദര്‍ശിക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ മുസ്ലിംകളുടെ ആശ്രയവും അഭിമാനവുമായി മാറാന്‍ മൗലാനക്ക് സാധിച്ചു. അലീമിയാന്റെ വിയോഗത്തിന് ശേഷം ഇന്ത്യന്‍ മുസ്ലിംകള് അനുഭവിച്ച അസ്ഥിരതക്കും അനാഥത്വത്തിനും ഏറെക്കുറേ പരിഹാരം കാണാന്‍ മൗലാനക്ക് സാധിച്ചു. സമുദായത്തെ ഒരുമയോടെ കൊണ്ടുപോകുന്നതില്‍ പ്രത്യേകം ബദ്ധശ്രദ്ധനായിരുന്നു. അതിനു വേണ്ടി പലതും ബലിയര്‍പ്പിക്കാന്‍ തയ്യാറായി. പല തീരുമാനങ്ങളും തങ്ങളുടെ താല്പര്യത്തിനെതിരായിട്ടും നടപ്പിലാക്കി. സമുദായം നേരിട്ട ഒരുപാട് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ലളിതമായി പരിഹാരം കണ്ടെത്തി. ഒന്നിലും പിടിവാശി കാണിച്ചില്ല.
93 ാമത്തെ വയസ്സില്‍ മൗലാന മരണപ്പെടുമ്പോള്‍ വളരെ അപൂര്‍വം പേര്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന നീണ്ട 73 വര്‍ഷ കാലത്തെ തുല്യതകളില്ലാത്ത അവിസ്മരണീയമായ അധ്യാപന കാലഘട്ടത്തിനുമാണ് തിരശ്ശീല വീണത്. ജീവിതത്തിന്റെ അവസാന സമയങ്ങളില്‍ വരെ വാര്‍ധക്യത്തിന്റെ അവശതകള്‍ അനുഭവിക്കുമ്പോഴും മൗലാന തന്റെ അധ്യാപനം അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഈ കാലയളവില്‍ പതിനായിരങ്ങളാണ് ഈ മഹാ ഗുരുവിന്റെയടുക്കലില് നിന്ന് വിജ്ഞാനം നുകര്‍ന്നത്. ഈ വിദ്യാര്ഥികള്ക്കധികവും ഒരു നല്ല അധ്യാപകനെന്നതിനപ്പുറം പിതൃ തുല്യനുമായിരുന്നു അദ്ദേഹം. മൗലാനയുടെ പിതൃതുല്യമായ സ്നേഹത്തെ കുറിച്ച് പല ശിഷ്യന്മാരും വാചാലമായി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.
ഇന്ത്യയിലെ അതിപ്രശസ്തമായ ലളിതവും മനോഹരവുമായ അറബിക് ഭാഷ മാഗസിനായ അല്‍ റാഇദ്ന്റെ പ്രസിദ്ധീകരണം 1959ല്‍ തുടക്കം കുറിക്കുന്നത് മൗലാനയാണ്. ലോകത്തിലെ പ്രത്യേകിച്ചും ഇന്ത്യയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും മുതിര്‍ന്നവരും അറബിക് ഭാഷ പഠനത്തിന് അവലംബിക്കുന്ന അവരുടെ പ്രിയപ്പെട്ട ദ്വൈവാരികയാണ് അല്‍ റാഇദ്. നദ്വയില്‍ നിന്ന് ഇറങ്ങുന്ന രണ്ട് വിശ്വപ്രസിദ്ധ അറബിക് മാഗസിനുകളായ അല്‍ റാഇദ്ന്റെയും, അല്ബഅസുല് ഇസ്ലാമിയുടേയും എല്ലാ ലക്കങ്ങളും മൗലാനയുടെ സാഹിത്യ സുന്ദരമായ ലേഖനങ്ങള്‍ കൊണ്ട് ധന്യമായിരുന്നു. ആ മനോഹരമായ തൂലികക്കും കൂടിയാണ് ഇവിടെ വിരാമമായത്്.
