3 Sunday
December 2023
2023 December 3
1445 Joumada I 20

അലസതയെ അതിജയിക്കാം

യാസിന്‍ അല്‍ഗാനിം


മനസിന്റെ ഉണര്‍വും ഉന്മേഷവുമാണ് മനുഷ്യനെ കര്‍മോത്സുകനാക്കുന്നത്. ഈ ഭൂമിയിലെ മനുഷ്യന്റെ സാധ്യതകളും അവസരങ്ങളും അനവധിയാണ്. ഈയൊരു സന്തോഷവാര്‍ത്തയാണ് ഓരോ പ്രഭാതവും നമുക്ക് സമ്മാനിക്കുന്നത്. ജീവിതമാകുന്ന സാധ്യതകളെ സമയോചിതം പ്രയോജനപ്പെടുത്താനായി ഓരോ ദിവസവും മനസ്സിന്റെ ഉന്മേഷം വീണ്ടെടുക്കേണ്ടതുണ്ട്. വിശ്വാസികള്‍ അല്‍ഹംദുലില്ലാഹ് എന്ന സ്തുതിവാക്യം ഉരുവിട്ട് പ്രഭാതത്തെ വരവേല്‍ക്കുന്നു. ആലസ്യത്തിലേക്ക് വഴിമാറാതെ മനസിന്റെ ഉന്മേഷാവസ്ഥയുടെ വീണ്ടെടുപ്പാണ് ഈ സ്തുതിവാക്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. എങ്കിലും ആലസ്യവും അശ്രദ്ധയുമൊക്കെ വിശ്വാസികളുടെ ജീവിതചര്യകളില്‍ പോലും പ്രകടമാവുന്നു.
ആരാധനകള്‍, വിജ്ഞാന അന്വേഷണം, ബാധ്യത നിര്‍വഹണം തുടങ്ങിയ നിര്‍ബന്ധ കാര്യങ്ങളില്‍ പോലും വീഴ്ച സംഭവിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജീവിതത്തില്‍ അലസവഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അശ്രദ്ധയായിരിക്കും എപ്പോഴും കൂട്ട്. ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയാതെ ഇക്കൂട്ടര്‍ പരാജിതരുടെ ഗണത്തിലാണുള്‍പ്പെടുന്നത്. ആലസ്യത്തെ കൈവെടിഞ്ഞ് കര്‍മനിരതരാവാന്‍ മുറുകെ പിടിക്കേണ്ട കാര്യങ്ങളെ സംഗ്രഹിക്കാം.
യാഥാര്‍ഥ്യബോധം
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ജീവിത വീക്ഷണമുള്‍ക്കൊള്ളുമ്പോള്‍ യാഥാര്‍ഥ്യബോധ്യത്തോടെ എല്ലാറ്റിനെയും സമീപിക്കാന്‍ സാധിക്കുന്നു. നശ്വരമായ ഐഹിക ജീവിതത്തിലുള്ളത് വര്‍ണപ്പകിട്ടേറിയ വിഭവങ്ങള്‍. പക്ഷേ അതിന്റെ ആസ്വാദനങ്ങളില്‍ അഭിരമിച്ച് കൗതുകങ്ങളില്‍ കണ്ണഞ്ചിപ്പോകേണ്ടതല്ല നമ്മുടെ ഈ ചുരുക്കായുസ്സ്. ആസ്വാദനങ്ങള്‍ക്കപ്പുറം ആയുസില്‍ ഒന്നും കര്‍മങ്ങളായി ബാക്കിവെക്കാനില്ലെങ്കില്‍ ഈ ജീവിതം തീരാനഷ്ടം തന്നെയാണ്. മധുരാനുഭൂതി നല്‍കുന്ന വര്‍ണശബളമായ ഐഹികവിഭവങ്ങള്‍ നശ്വരമാണെന്ന് തിരിച്ചറിയുന്നതോടെ സുസ്ഥിരവും അനശ്വരവുമായ സൗഖ്യത്തിന്റെ ജീവിത വഴി തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാകുന്നു.
ഈ ജീവിത വീക്ഷണമുള്‍ക്കൊണ്ടവര്‍ സമയത്തെ യഥോചിതം വിനിയോഗിക്കുന്നതില്‍ വിജയിക്കുകയും ആലസ്യത്തിനും അശ്രദ്ധയ്ക്കും അവരുടെ ജീവിതത്തില്‍ ഇടമില്ലാതിരിക്കുകയും ചെയ്യുന്നു. ഇവ്വിഷയകമായി മനസ്സിരുത്തി ചിന്തിക്കാന്‍ മനോഹരമായ ഉപമ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹു പറയുന്നു: ”ഐഹിക ജീവിതത്തിന്റെ ഉപമ ആകാശത്തു നിന്ന് നാം ഇറക്കിയ വെള്ളംപോലെ മാത്രമാകുന്നു. എന്നിട്ട് മനുഷ്യരും കാലികളും ഭക്ഷിക്കുന്ന തരത്തിലുള്ള ചെടികള്‍ അതുമൂലം ഭൂമിയില്‍ ഇടകലര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ മോടി സ്വീകരിക്കുകയും അത് അലംകൃതമാകുകയും തങ്ങള്‍ അതിനു കഴിവുള്ളവരാണെന്ന് അതിലെ ആള്‍ക്കാര്‍ ധരിക്കുകയും ചെയ്തപ്പോള്‍ രാത്രിയിലോ പകലിലോ അതിന് നമ്മുടെ കല്പന വന്നെത്തി. അങ്ങനെ നാം അതിനെ (വിളയെ) കൊയ്‌തെടുക്കപ്പെട്ടതു പോലെ, തലേദിവസം അത് ഉണ്ടായിരുന്നിട്ടില്ലാത്തതുപോലെ ആക്കിത്തീര്‍ത്തു. അപ്രകാരം ചിന്തിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നാം ആയത്ത് (ദൃഷ്ടാന്തം) വിശദീകരിക്കുന്നു.” (10:24)
കര്‍മനൈരന്തര്യത്തിന്റെ വഴി
ഇന്നിന്റെ സാധ്യതയെ പ്രയോജനപ്പെടുത്താത്തവര്‍ നാളെയിലേക്ക് കാര്യങ്ങള്‍ നീട്ടിവെക്കും. നാളെ എന്നത് ജീവിത്തില്‍ പ്രതീക്ഷാപൂര്‍വം കാണേണ്ടത് തന്നെയാണ്. പക്ഷേ ഇന്ന് പ്രാപ്യമായ അവസരത്തെ അവഗണിച്ച് നാളെയില്‍ മാത്രം പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത് ആലസ്യത്തിന്റെ ലക്ഷണമാണ്. ഇന്ന് ചെയ്യാനുള്ള ദൗത്യം നിര്‍വഹിച്ച് നാളെയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കര്‍മനൈരന്തര്യത്തിന്റെ അടയാളമാണ്. കഠിനാധ്വാനി തെരഞ്ഞെടുക്കുന്നത് കര്‍മനൈരന്തര്യത്തിന് വിഘ്‌നം വരാത്ത വിധം ലക്ഷ്യാധിഷ്ഠിത വഴിയാണ്. ആരോഗ്യം, സമ്പത്ത്, ജീവിതത്തിലെ സുസ്ഥിതി എന്നിവ ഇന്നത്തെ ജീവിതത്തിലെ അനുകൂലാവസ്ഥകളാണെങ്കില്‍ അജ്ഞാതമായ നാളെയുടെ നന്മയ്ക്ക് അവ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: പ്രദോഷമായാല്‍ പ്രഭാതത്തെ നീ പ്രതീക്ഷിക്കരുത്, പ്രഭാതമായാല്‍ പ്രദോഷത്തെയും നീ പ്രതീക്ഷിക്കരുത്. നിങ്ങളുടെ രോഗത്തിന് നിങ്ങളുടെ ആരോഗ്യത്തില്‍ നിന്ന് എടുക്കുക, നിങ്ങളുടെ ജീവിതത്തില്‍നിന്ന് നിങ്ങളുടെ മരണത്തിനായി (എടുത്തു വെക്കുക). പ്രവാചകന്‍(സ) ഇബ്‌നു ഉമറിന്റെ(റ) ചുമലില്‍തട്ടി ഇങ്ങനെ കൂടി പറഞ്ഞു: നീ ഈ ദുനിയാവില്‍ അപരിചിതനെപോലെ അല്ലെങ്കില്‍ വഴിയാത്രക്കാരനെപ്പോലെയാവുക. (ബുഖാരി)
താബിഉകളില്‍ പ്രമുഖനായ ഹസനുല്‍ബസ്വ്‌രി പറയുന്നു: മനുഷ്യന്‍ ദിവസങ്ങളുടെ സന്തതിയാണ്. ഇന്നത്തെ നിങ്ങള്‍ നാളെയിലെ നിങ്ങളെ സൃഷ്ടിക്കുന്നു. ഇന്നത്തെ പ്രവര്‍ത്തനവും നാളെയെക്കുറിച്ച പ്രതീക്ഷയും സമം ചേരുമ്പോള്‍ അതില്‍ നിന്ന് മോചിതനാകുന്നു. (ഹില്‍യത്തുല്‍ ഔലിയാഅ് 117:2)
സമയോചിതമായ കര്‍മപദ്ധതി
ജീവിതമെന്നത് സമയകലയാണ്. കലാകാരന്റെ നൈപുണിയോടെ സമയ നിര്‍വഹണത്തിന് സാധിച്ചാല്‍ ജീവിതം മനോഹരമാകും. അതിനു വേണ്ടത് സമയോചിതമായ കര്‍മപദ്ധതികളാണ്. അലസതയേതുമില്ലാതെ അഭിരുചികള്‍ക്കനുസരിച്ച് ആവിഷ്‌കാരങ്ങള്‍ നടത്താന്‍ നാം വിജയിക്കുന്നതോടെ ജീവിതവും കര്‍മനിരതമാവും.
സമയത്തിന്റെ വിനിയോഗം
സമയത്തിന്റെ സൂക്ഷ്മാംശമായ സെക്കന്റുകള്‍ പോലും കൊഴിഞ്ഞു പോവുന്നത് നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ? സമയത്തെക്കുറിച്ച് ഗൗരവചിന്തയുള്ളവര്‍ക്കേ അതിന്റെ സക്രിയ വിനിയോഗം സാധ്യമാവൂ. മണിക്കൂറുകള്‍ പാഴാക്കിയാലും യാതൊരു മനസ്താപവുമില്ലാത്തവര്‍ ആലസ്യത്തിന്റെ സുഖനിദ്രയില്‍ കഴിഞ്ഞുകൂടുന്നവരാണ്. മരണം പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ ഇത്തരക്കാര്‍ നടത്തുന്ന ഖേദപ്രകടനം അല്ലാഹു പറഞ്ഞു തരുന്നു: അങ്ങനെ (ഒടുക്കം) അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: റബ്ബേ, എന്നെ മടക്കിത്തരുവീന്‍. ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ളതില്‍ ഞാന്‍ സല്‍ക്കര്‍മം പ്രവര്‍ത്തിച്ചേക്കാം എന്ന്. ഒരിക്കലുമില്ല. അതൊരു വാക്യം, അവനത് പറഞ്ഞുകൊണ്ടിരിക്കുന്നു. (അത്രമാത്രം). അവരുടെ അപ്പുറം അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരേക്കും ഒരു (തരം) വേലി മറയുണ്ട്. അതവരെ മടങ്ങിപ്പോകാന്‍ വിടുന്നതല്ല. (23:99,100)
മനുഷ്യന്റെ ജീവിതം ഉരുകുന്ന ഐസ് പോലെയാണ്. ഓരോരുത്തര്‍ക്കും വിഹിതമായിട്ടുള്ള സമയം സ്ഥിരമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം റാസി ഒരിക്കല്‍ ബഗ്ദാദില്‍ ആയിരിക്കെ, ഒരു ഐസ് വില്പനക്കാരന്റെ ശബ്ദം കേട്ടു. അയാള്‍ ജനങ്ങളെ വിളിക്കുകയാണ്. ഹേ, ജനങ്ങളേ, ഇത് ഉരുകി ഇല്ലാതായിപ്പോകുന്നതിനു മുമ്പ് വേഗം വന്ന് വാങ്ങിക്കൊള്ളൂ. ഈയൊരു ബോധ്യമാണ് സമയവിനിയോഗ കാര്യത്തില്‍ നമുക്കും വേണ്ടത്. നഷ്ടമാകുന്ന സമയത്തെക്കുറിച്ച് ഗൗരവ ചിന്തയുള്ളവര്‍ക്ക് അലസമായിക്കഴിയാന്‍ സാധ്യമല്ല. ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: അലസത ജന്മമെടുക്കുന്നത് സമയം പാഴാക്കിക്കളയുന്നവരിലാണ്. ഖേദവും നഷ്ടവും ആയിരിക്കും ഇതിന്റെ അശുഭകരമായ പര്യവസാനം. സമയ വിനിയോഗത്തില്‍ വിജയിച്ചവര്‍ കര്‍മവഴിയില്‍ സംതൃപ്തരായിരിക്കും. (മിഫ്താഹുദാറുസ്സആദ 1:113)
സാധ്യമായത് പ്രവര്‍ത്തിക്കുക
സാധ്യമായത് പ്രവര്‍ത്തിക്കാന്‍ ഉത്സാഹമുള്ളവര്‍ അലസതയോട് അകലം പാലിക്കുന്നവരായിരിക്കും. സ്വന്തം കഴിവില്‍ ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തി സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ ഇക്കൂട്ടര്‍ വിജയിക്കുകയും ചെയ്യും. കര്‍മ രംഗത്ത് സാധ്യതകളുടെ വഴി തേടുന്നവര്‍ക്ക് അവസരങ്ങളുടെ ജാലകങ്ങള്‍ തുറക്കപ്പെടും. കഴിവ് പരിപോഷിപ്പിക്കാന്‍ കഠിനാധ്വാനമാണ് വേണ്ടത്. കഴിവുകേട് അലസതയുടെ സന്തതിയാണ്. അലസതയും അശക്തിയും ജീവിത പരാജയത്തിന് ഹേതുവായിത്തീരും. നബി(സ) ഇങ്ങനെ ഒരു പ്രാര്‍ഥന പഠിപ്പിച്ചിട്ടുണ്ട്.
‘അല്ലാഹുവേ, ഞാന്‍ അലസതയില്‍ നിന്നും കഴിവുകേടില്‍ നിന്നും നിന്നോട് രക്ഷതേടുന്നു’. അലസത എന്നത് സാധ്യമായത് പ്രവര്‍ത്തിക്കാനുള്ള വിമുഖതയാണെങ്കില്‍ അതുതന്നെയാണ് കഴിവിന്റെ ശോഷണത്തിനും ജീവിത പരാജയത്തിനും നിമിത്തമാവുന്നത്. നബി(സ) പഠിപ്പിച്ച പ്രാര്‍ഥനയുടെ പൊരുളും അതാണ്.
വിവ. സി കെ റജീഷ്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x