9 Saturday
August 2025
2025 August 9
1447 Safar 14

അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണ് ചൊല്ല് !

ഇബ്‌റാഹീം ശംനാട്‌

ഇന്ത്യ സ്വതന്ത്രമായ ശേഷം മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ കടുത്ത ഭീഷണിയും പീഡനങ്ങളുമാണ് ഹൈന്ദവ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്. വര്‍ഗീയകലാപം നടക്കാത്ത ഒരു ദിവസം പോലും രാജ്യത്ത് കടന്നുപോയിട്ടില്ലെന്ന് പറയുന്നത് അതിശയോക്തിപരമല്ല. 1992-ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. മതവിദ്വേഷം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. പിന്നോക്ക ന്യൂനപക്ഷവിഭാഗങ്ങളെ പീഡിപ്പിക്കാനുള്ള ഒരു മാന്‍ഡേറ്റായിട്ടാണ് അധികാരാരോഹണത്തെ ഹിന്ദുത്വ തീവ്രവാദികള്‍ മനസ്സിലാക്കീട്ടുള്ളത്.
2025 ആവുമ്പോഴേക്കും ഇന്ത്യയെ ഒരു ഹൈന്ദവ ഫാസിസ്റ്റ് രാജ്യമാക്കുന്നതിന് നിരവധി ടെസ്റ്റുഡോസുകളാണ് അവര്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രബല ന്യൂനപക്ഷമായ മുസ്ലിംകളെ അടിച്ചമര്‍ത്തുകയും അവരുടെ തനതായ പൈതൃകത്തെ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഫാസിസ്റ്റുകള്‍ അധികാരമേറ്റ ശേഷം അനേകം ഉന്മൂലന പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്. അതിനോടുള്ള പ്രതിഷേധങ്ങളാവട്ടെ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അവിടെതന്നെ അടങ്ങിക്കൊള്ളുമെന്നാണ് സംഘ്പരിവാരിന്റെ വിചാരം.
അത്തരമൊരു ടെസ്റ്റ്‌ഡോസിന്റെ മികച്ച ഉദാഹരണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനവും തുടര്‍ന്നുണ്ടായ കോടതിവിധികളുമെന്ന് വിലയിരുത്താവുന്നതാണ്. മുഴുവന്‍ നിയമങ്ങളെയും അട്ടിമറിച്ച് നടത്തുന്ന ക്ഷുദ്ര നാടകങ്ങള്‍. ആള്‍ക്കൂട്ടകൊലകള്‍, വംശഹത്യകള്‍, നിര്‍ബന്ധിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കല്‍ എല്ലാം മുസ്ലിംകളെ അടിച്ചമര്‍ത്താനുള്ള ആയുധമാക്കുകയായിരുന്നു സംഘ്പരിപാര്‍.
ഇന്ത്യന്‍ ഭരണഘടനപ്രകാരം കഴിഞ്ഞ 74 വര്‍ഷമായി കശ്മീരിന് നല്‍കിയിരുന്ന പ്രത്യേകാധികാരം രായ്ക്കുരായ്മാനം എടുത്തുകളഞ്ഞതായിരുന്നു ഹൈന്ദവവത്കരണത്തിന്റെ മറ്റൊരു ടെസ്റ്റ്‌ടോസ്. തോക്ക്ചൂണ്ടി അതിനോടുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയത് നാമെല്ലാം കണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ചുവടുപിടിച്ചു കേരളത്തിലും ഇടതുസര്‍ക്കാര്‍ മുസ്ലിംകളുടെ വഖഫ്‌സ്വത്തുക്കളില്‍ ഇടപെടാന്‍ ശ്രമിച്ചത് കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്.
അബ്ദുന്നാസര്‍ മഅ്ദനി, സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെ നിരവധി മുസ്ലിംകള്‍ വിചാരണ തടവുകാരായി കഴിയുകയാണ്. മുസ്ലിം മാനേജ്‌മെന്റെിന് കീഴിലുള്ള സ്ഥാപനങ്ങളും കടുത്ത നിരോധന ഭീഷണി നേരിടുന്നു. മുസ്ലിം സ്ത്രീകളെ അവഹേളിക്കാന്‍ അവരെ വില്‍പനച്ചരക്കാക്കി ആപ്പുകളിലൂടെ വില്‍ക്കാനുള്ള മനോഭാവം എത്ര നികൃഷ്ടമാണ് എന്ന് പറയേണ്ടതില്ല. മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, അവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഫാസിസ്റ്റുകള്‍. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും കര്‍ഷക സമൂഹത്തിനുമെല്ലാം ഫാസിസ്റ്റുകളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. ക്രൈസ്ത ചര്‍ച്ചുകളും സ്ഥാപനങ്ങളും കൈയ്യേറ്റം ചെയ്യപ്പെടുന്നത് അതിനുള്ള ഉദാഹരണങ്ങളാണ്. ക്രിസംഘികള്‍ ഫാസിസ്റ്റുകള്‍ക്ക് നല്‍കുന്ന പിന്തുണക്ക് പകരമായി ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ മതിമറക്കുന്നേരം ഇതൊക്കെ തങ്ങള്‍ക്കു നേരെയും വന്നേക്കാമെന്ന് ഇക്കൂട്ടര്‍ കരുതിക്കാണില്ല. ഈ അക്രമങ്ങളൊക്കെ ആവര്‍ത്തിച്ചിട്ടും പാഠമുള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതാണ് അതിശയകരം.
കടുത്ത അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വിഭാഗത്തിനും അവരുടേതായ സവിശേഷ വ്യക്തിത്വവും സാംസ്‌കാരിക ചിഹ്നങ്ങളും വിശ്വാസാചാരങ്ങളും ഉണ്ടാവുന്നതിലും അംഗീകരിക്കുന്നതിലുമാണ് ബഹുസ്വരത നിലകൊള്ളുന്നത്. അതിന് ഭംഗംവരുമ്പോള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് മുറിവേല്ക്കും.
എല്ലാ അതിക്രമങ്ങള്‍ക്കും പരിധിയുണ്ടെന്ന കാര്യം ഫാസിസ്റ്റ് ശക്തികള്‍ വിസ്മരിച്ചു പോവുന്നു. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് നേരെ കൈയ്യേറ്റമുണ്ടാവുമ്പോ ള്‍, അതിനെ പ്രതിരോധിക്കാന്‍ പോലീസിനെ കാത്തുനിന്നുകൊള്ളണമെന്നില്ല. ഫാസിസം സ്വയം കുഴി തോണ്ടുകയാണ്..

Back to Top