അല്‍അഖ്‌സ കയ്യടക്കാനുള്ള ശ്രമങ്ങള്‍
ടി ടി എ റസാഖ്
ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഏറ്റവും സങ്കീര്‍ണമായ സമസ്യയാണ് മസ്ജിദുല്‍ അഖ്‌സ. 1948 മെയ് 14ന് അര്‍ധരാത്രിയോടെ ഫലസ്തീനില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ അധികാരം അവസാനിച്ചു. തുടര്‍ന്ന് 1947ലെ ഐക്യരാഷ്ടസഭയുടെ വിഭജന പദ്ധതി നിര്‍ദേശപ്രകാരം ഫലസ്തീനെ ഏകദേശം 56% ജൂതര്‍ക്കും 44% മുസ്‌ലിംകള്‍ക്കുമായി വിഭജിച്ചു. കൂടാതെ, അല്‍അഖ്‌സ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ജറൂസലം ദേശം തല്‍സ്ഥിതി നിലനിര്‍ത്തപ്പെട്ട അന്താരാഷ്ട്ര സംരക്ഷിത പ്രദേശമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനാനുമതിയും മറ്റുള്ളവര്‍ക്ക് സന്ദര്‍ശനാനുമതിയും നല്‍കി വേര്‍തിരിക്കുകയും ചെയ്തു.
1948ലെ യുനെസ്‌കോ റിപ്പോര്‍ട്ട് പ്രകാരം ഫലസ്തീനിലെ ജൂതജനസംഖ്യ 32% മാത്രമായിരുന്നു. ഒരു ന്യൂനപക്ഷ സമൂഹത്തിന് പകുതിയിലധികം ഭൂമി ദാനം ചെയ്ത നടപടി അറബ് സമൂഹം അംഗീകരിച്ചില്ല. എന്നാല്‍ ഉടന്‍ തന്നെ ഇസ്‌റാഈല്‍ തങ്ങളുടെ അധിനിവേശപ്രദേശത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെട്ടതോടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും അത് ഒന്നാം അറബ്- ഇസ്‌റാഈല്‍ യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. 1948ല്‍ നടന്ന ഒന്നാം അറബ്- ഇസ്‌റാഈല്‍ യുദ്ധത്തില്‍ ഫലസ്തീന്റെ 78% പ്രദേശങ്ങളും ഇസ്‌റാഈല്‍ കൈയേറി. എങ്കിലും അല്‍അഖ്‌സ കോംപൗണ്ട് സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ജറൂസലം ഇസ്‌റാഈലുമായുള്ള രൂക്ഷമായ പോരാട്ടം വഴി ജോര്‍ദാന്റെ അധീനതയില്‍ വന്നു. എന്നാല്‍ 1967ല്‍ നടന്ന രണ്ടാം അറബ്- ഇസ്‌റാഈല്‍ യുദ്ധത്തില്‍ (ആറു ദിന യുദ്ധം) ഇസ്‌റാഈല്‍ ഈസ്റ്റ് ജറൂസലമും അഖ്‌സ പ്രദേശവും അടക്കം കൈയേറി അവരുടെ വ്യാപ്തി വീണ്ടും വര്‍ധിപ്പിച്ചു. ഇവിടെയാണ് അല്‍അഖ്‌സയുടെ അധിനിവേശ ചരിത്രം തുടങ്ങുന്നത്.
ഫലസ്തീനികള്‍ക്ക് അല്‍അഖ്‌സ മസ്ജിദ് ഒരു പുണ്യ ഗേഹം മാത്രമല്ല, മറിച്ച്, ദേശീയതയുടെ ചിഹ്നമായി കരുതുന്ന അതിപുരാതനമായ ഒരാരാധനാകേന്ദ്രം കൂടിയാണ്. മുസ്ലിംകള്‍ മാത്രമല്ല, ജൂതരും ക്രൈസ്തവരും അതിനെ പുണ്യഗേഹമായി കണക്കാക്കുന്നു. എന്നാല്‍ ജൂതമതത്തില്‍ ടെംപിള്‍ മൗണ്ട് എന്നറിയപ്പെടുന്ന അല്‍അഖ്‌സ സമുച്ചയത്തിന്റെ ഉള്‍ഭാഗത്ത് പ്രവേശിക്കാനോ പ്രാര്‍ഥിക്കാനോ ഇന്ന് ജൂതനിയമം അവരെ അനുവദിക്കുന്നില്ല. കാരണം, ഈ പ്രദേശത്ത് പ്രാചീനകാലത്ത് തകര്‍ക്കപ്പെട്ട, എന്നാല്‍ ഇന്ന് സ്ഥാനം തിരിച്ചറിയപ്പെടാതെ കിടക്കുന്ന രണ്ടാമത്തെ ഒരാരാധനാസ്ഥലത്ത് അറിയാതെയെങ്കിലും ചവിട്ടി നടക്കുക എന്നത് വലിയ പാപമായിട്ടാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് ജൂത വേദഗ്രന്ഥമായ തോറ അനുശാസിക്കുന്ന പ്രകാരം ജൂതര്‍ക്ക് പ്രവേശനാനുമതി നിരോധിച്ചുകൊണ്ടുള്ള ഒരു മുന്നറിയിപ്പ് അല്‍അഖ്‌സ സമുച്ചയ (ടെംപിള്‍ മൗണ്ട്) കവാടത്തില്‍ എഴുതിവെച്ചിട്ടുണ്ട്.
എന്നാല്‍ മുസ്‌ലിംകള്‍ക്ക് മസ്ജിദിന്റെ ഉള്‍ഭാഗത്ത് പ്രാര്‍ഥന നടത്തുന്നതിന് തടസ്സമില്ല. അഥവാ മുസ്‌ലിംകള്‍ അല്‍അഖ്‌സ മസ്ജിദിന്റെ ഉള്‍ഭാഗത്ത് നമസ്‌കാരം നിര്‍വഹിക്കുകയും ജൂതര്‍ കോംപൗണ്ടിന്റെ പടിഞ്ഞാറേ മതിലില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം ഏറെ കാലമായി അല്‍അഖ്‌സയില്‍ നിലനില്‍ക്കുകയാണ്.
എന്നാല്‍ ഈ തല്‍സ്ഥിതിക്ക് മാറ്റം വരുത്താന്‍ നിരന്തര ശ്രമങ്ങളാണ് ഇസ്‌റാഈല്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ടെംപിള്‍ മൗണ്ട് മൂവ്‌മെന്റ് എന്നാണീ ആവേശസംഘം അറിയപ്പെടുന്നത്. പേരിനാണെങ്കിലും, യഥാര്‍ഥത്തില്‍ ഇന്നും അല്‍അഖ്‌സയുടെ സംരക്ഷകന്‍ (ഖാദിമുല്‍ ഹറം) എന്ന സ്ഥാനം വഹിക്കുന്നത് ജോര്‍ദാനിലെ ഭരണകൂടമാണ്. 1967ലെ ഇസ്‌റാഈല്‍- ജോര്‍ദാന്‍ കരാര്‍ പ്രകാരം ജോര്‍ദാന്‍ വഖഫ് അഡ്മിനിസ്‌ട്രേഷനു കീഴിലാണ് അല്‍അഖ്‌സ. എന്നാല്‍ അല്‍അഖ്‌സയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തല്‍സ്ഥിതി ലംഘിക്കാന്‍ ഇസ്‌റാഈല്‍ ആസൂത്രിത ശ്രമങ്ങളാണിന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
പലപ്പോഴും പള്ളിപരിസരങ്ങളില്‍ കണ്ണീര്‍വാതകവും കൊലയും വെടിവെപ്പും അറസ്റ്റുകളും നടന്നുകൊണ്ടിരിക്കുന്നു. പള്ളിപ്രവേശനത്തിന് പലപ്പോഴും ഇസ്‌റാഈലി സേന പ്രായപരിധി നിശ്ചയിക്കുന്നുമുണ്ട്. ജുമുഅഃ ദിനങ്ങളില്‍ യുവാക്കളെയും സ്ത്രീകളെയും തടയുന്നതും വലിയ സംഘര്‍ഷങ്ങള്‍ക്കു തന്നെ കാരണമാവാറുണ്ട്. റമദാന്‍ വേളകളില്‍ പോലും വിശ്വാസികളെ പുറത്താക്കി പള്ളി അടച്ചുപൂട്ടുന്നു. മന്ത്രിമാരും തീവ്രവലതുപക്ഷ ജൂതകുടിയേറ്റക്കാരും മുമ്പൊന്നും പതിവില്ലാത്ത വിധം കോംപൗണ്ടില്‍ അതിക്രമിച്ച് കടക്കാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടായിരാമാണ്ടില്‍ ഇസ്‌റാഈലി പ്രതിപക്ഷ നേതാവായ ഏരിയല്‍ ഷാരോണ്‍ നടത്തിയ പ്രകോപനപരമായ അല്‍അഖ്‌സാ സന്ദര്‍ശനമാണ് രണ്ടാം ഇന്‍തിഫാദക്ക് വഴിവെച്ചത്.
ഇങ്ങനെ അല്‍അഖ്‌സയില്‍ പ്രാര്‍ഥനയ്ക്ക് എത്തുന്ന മുസ്‌ലിംകള്‍ക്കെതിരേ പലവിധ നിയന്ത്രണ നടപടികളും തടസ്സങ്ങളും സൃഷ്ടിക്കുമ്പോള്‍ തൊട്ടടുത്തുള്ള ഇബ്‌റാഹീമീ മസ്ജിദിന്റെ ചരിത്രം അല്‍അഖ്‌സയുടെ ഭാവിയെ കുറിച്ചും ചില സൂചനകള്‍ നല്‍കുന്നുണ്ട്. ജറൂസലമിന്റെ 20 മൈല്‍ കിഴക്ക് ഹെബ്രോണില്‍ ഇബ്‌റാഹീം നബിയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന (ജൂതര്‍ക്ക് cave of the Patriarchs) ഇബ്‌റാഹീമീ മസ്ജിദ് ഇന്ന് കുടിയേറ്റക്കാര്‍ക്ക് ഭാഗം വെച്ചുകഴിഞ്ഞു. പലപ്പോഴും പള്ളിയില്‍ കുടിയേറ്റക്കാരെ മാത്രം കടത്തിവിടുകയും മുസ്‌ലിംകള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു.
1994ല്‍ ഗോള്‍ഡ്സ്റ്റീന്‍ എന്ന ഇസ്‌റാഈലി റിസര്‍വിസ്റ്റ് ഭടന്‍ ഇബ്‌റാഹീമീ മസ്ജിദില്‍ സുജൂദിലായിരുന്ന 29 പേരെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തിന്റെ മറപിടിച്ച്, ഇസ്‌റാഈല്‍ ഈ പള്ളിയില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുകയും പിന്നീട് ആ കോംപൗണ്ട് 40% മുസ്‌ലിംകള്‍ക്കും 60% ജൂതര്‍ക്കുമായി വിഭജിക്കുകയും ചെയ്തു. ഇബ്‌റാഹീമീ മസ്ജിദില്‍ സംഭവിച്ച പോലെ, ഇന്ന് പൂര്‍ണ ഇസ്‌റാഈലീ സൈനിക നിയന്ത്രണത്തിലുള്ള അല്‍അഖ്‌സയും വിഭജിക്കപ്പെടുകയോ ഇസ്‌റാഈലി പട്ടാളം പറയുന്നവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന രീതിയില്‍ മുസ്‌ലിം പൊതുസമൂഹത്തിന് അപ്രാപ്യമാവുകയോ ചെയ്യാം.
കൂടാതെ അല്‍അഖ്‌സ സ്ഥിതി ചെയ്യുന്ന ജറൂസലം ഇന്ന് ഇസ്‌റാഈലിന്റെ തലസ്ഥാന നഗരി കൂടിയാണ്. ഇത് പല രാഷ്ട്രങ്ങളും ഇന്ന് അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, യുഎന്‍ ആ തീരുമാനത്തെ അസാധുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് യു എസ് അടക്കം നാല് രാ്രഷ്ടങ്ങളുടെ എംബസികള്‍ മാത്രമാണവിടെ പ്രവര്‍ത്തിക്കുന്നത്. ഇസ്‌റാഈലിന്റെ വാണിജ്യ തലസ്ഥാനമായ തെല്‍അവീവിലാണ് എംബസികള്‍ അധികവും സ്ഥിതിചെയ്യുന്നത്.
എങ്കിലും, ലോകാഭിപ്രായം തെല്ലും മാനിക്കാതെ ജറൂസലമിനെ തലസ്ഥാന നഗരിയായി പ്രതിഷ്ഠിച്ചതിനു പിന്നിലുള്ള രഹസ്യവും അല്‍അഖ്‌സ സമുച്ചയത്തെ കൈയടക്കുക എന്നതുതന്നെയാവാം. അഖ്‌സ പ്രദേശം ‘ഖത്തുന്‍ അഹ്മര്‍’ (ചുവപ്പു രേഖ) ആണെന്നും അവിടെ നടക്കുന്ന സേനാ നടപടികള്‍ അത്യന്തം പ്രകോപനപരമായിരിക്കുമെന്നും മഹ്മൂദ് അബ്ബാസ് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ഈസ്റ്റ് ജറൂസലമില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അധിനിവേശ നടപടികളില്‍ അല്‍അഖ്‌സ കുന്നും പരിസരവും ശ്വാസംമുട്ടിത്തുടങ്ങി എന്നതാണ് സത്യം.