22 Sunday
December 2024
2024 December 22
1446 Joumada II 20

അക്കങ്ങളായി അറ്റുപോകുന്ന മനുഷ്യര്‍

ഡോ. സി എം സാബിര്‍ നവാസ്‌


കാലമതിന്റെ കനത്ത കരം കൊണ്ടു
ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍
പാടെ പതറിക്കൊഴിഞ്ഞുപോം-ബ്രഹ്‌മാണ്ഡ-
പാദപ്പൂക്കളാം താരങ്ങള്‍ കൂടിയും

– വള്ളത്തോള്‍

മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന പ്രകൃതിയുടെ ഒരു ഭാവമാറ്റം എന്തെല്ലാം വിപത്തുകളാണ് വയനാട്ടില്‍ വാരി വിതറിയത്. സുഖവാസത്തിനും സൗന്ദര്യാസ്വാദനത്തിനും പേരുകേട്ട മലനാട് ചേതനയറ്റ ശവശരീരങ്ങളുടെ ശ്മശാന ഭൂമിയായി മാറാന്‍ ഒരു പകലന്തി പോലും വേണ്ടിവന്നില്ല. കളകൂജനം മുഴക്കി സ്വച്ഛന്ദം ഒഴുകുന്ന കാട്ടാറും, നഭസ്സിന്റെ നെറ്റിയില്‍ ഛന്ദസ്സ് ചാര്‍ത്തി അറ്റമില്ലാതെ കിടക്കുന്ന നീലാകാശവും, ദലമര്‍മരം കൊണ്ട് മന്ദമാരുതന്‍ പൊഴിക്കുന്ന വൃക്ഷത്തലപ്പുകളും, ദൃശ്യചാരുത കൊണ്ട് വിസ്മയം തീര്‍ക്കുന്ന മലനിരകളും, കണ്ണെത്താദൂരത്ത് വിരിഞ്ഞുനില്‍ക്കുന്ന കാനന ഭംഗിയും നിമിഷനേരം കൊണ്ട് രൗദ്രഭാവം പൂണ്ട് മനുഷ്യരെയും മൃഗങ്ങളെയും കൊണ്ട് സംഹാര താണ്ഡവമാടുന്ന ദുരന്ത രംഗങ്ങളാണ് വയനാട്ടില്‍ നമ്മള്‍ കണ്ടത്.
പടച്ചതമ്പുരാന്‍ സംവിധാനിച്ച പ്രകൃതി നിയമങ്ങള്‍ക്കു മുന്‍പില്‍ പങ്കപ്പാടോടെ പകച്ചു നില്‍ക്കാനല്ലാതെ മനുഷ്യരായ നമുക്ക് സാധ്യമല്ല എന്നുള്ള ബോധ്യമാണ് ഓരോ ദുരന്തങ്ങളും വീണ്ടും വീണ്ടും നമുക്ക് സമ്മാനിക്കുന്നത്. അലംഘനീയമായ ദൈവഹിതത്തിനു മുമ്പില്‍ നമ്മുടെ അറിവും അഭ്യാസവും എത്രമേല്‍ നിഷ്പ്രയോജനമാണ് എന്ന തിരിച്ചറിവ്. അന്ന് കൊടുംവേനലില്‍ ഉള്ളും പുറവും ചുട്ടു പഴുത്തപ്പോള്‍ മഴക്കുവേണ്ടി ദാഹിച്ചവര്‍ ഇന്ന് മാനത്തെവിടെയെങ്കിലും മേഘപടലങ്ങള്‍ ഉരുണ്ടു കൂടിയാല്‍ ഭയവിഹ്വലരായി പേടിച്ച് നിലവിളിക്കുന്ന കാഴ്ച.
എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. നാട്ടിലും വീട്ടിലും നിറഞ്ഞു നിന്നിരുന്ന, പേരിലും പെരുമയിലും അഭിമാനം നടിച്ചിരുന്ന, പരശ്ശതം പേര്‍ക്ക് പരാശ്രയമായി വര്‍ത്തിച്ചിരുന്ന മനുഷ്യര്‍ ഇന്ന് എല്ലാ മേല്‍വിലാസങ്ങളും അസ്തമിച്ച് കേവലം അക്കങ്ങളായി അറ്റുപോയിരിക്കുന്നു.
ഇന്നലെ വരെ ഒരു നാടിന്റെ നട്ടെല്ലായി നിറഞ്ഞു നിന്നവര്‍, വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ചിരപരിചിതരായി പറന്നു നടന്നവര്‍ ഇന്ന് ഉറ്റവര്‍ക്കും ഉടയവര്‍ക്കും പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അജ്ഞാത മൃതദേഹങ്ങളായി പരിണമിച്ചിരിക്കുന്നു. ഒരുപാട് പേരുടെ എല്ലാമെല്ലാമായിരുന്നവര്‍ ഒരു രാത്രി മാറി നേരം പുലര്‍ന്നപ്പോഴേക്കും ഒന്നുമല്ലാതായി ഔദ്യോഗിക കണക്കുപുസ്തകങ്ങളിലെ കേവലം അക്കങ്ങളായി മാറിയിരിക്കുന്നു. വീടും വിലാസവും നഷ്ടപ്പെട്ട് ചരിത്രത്തിന്റെ ചുമരിലെ ചിഹ്നങ്ങളായി രൂപം മാറിയിരിക്കുന്നു.
മൃതശരീരങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനുള്ള ശേഷി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍. കുടുംബത്തിലെ ഭൂരിഭാഗം പേരും ദുരന്തത്തിനിടയില്‍ മരണം വരിച്ചു എന്നതുകൊണ്ടുതന്നെ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ വീട്ടുകാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. മണ്ണിനോട് പടവെട്ടി ജീവിതം ആരംഭിച്ചവര്‍ അവസാനം തങ്ങള്‍ അത്യധികം പ്രണയിച്ച അതേ മണ്ണിലേക്ക് തന്നെ മടങ്ങി.
അവസാനമായി ഒന്ന് തിരിച്ചറിയപ്പെടാന്‍ പോലുമാകാതെ സ്വന്തം ശരീരത്തിന്റെ പല ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലും ഒരുപാട് പേര്‍ നിശബ്ദതയിലേക്ക് ലയിച്ചു. പേരും മേല്‍വിലാസവും നഷ്ടപ്പെട്ട നിരവധി മനുഷ്യര്‍ ഇനി നമ്പരുകളില്‍ അറിയപ്പെടും. ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ ആ പൊതു ശ്മശാനം മനുഷ്യന്‍ എന്ന മഹാ ദുര്‍ബലന്റെ അനശ്വര വേദനയായി എന്നെന്നും നിലനില്‍ക്കും. ആഴ്ചകള്‍ കഴിഞ്ഞ് ഡി എന്‍ എ പരിശോധനയുടെ ഫലം പുറത്തുവന്നപ്പോള്‍ ഒരു വ്യക്തിയുടെ ശരീര ഭാഗങ്ങള്‍ തന്നെ വ്യത്യസ്ത ഖബറുകളില്‍ അടക്കം ചെയ്യേണ്ടി വന്നു എന്ന യാഥാര്‍ഥ്യം വേദനയോടെ തിരിച്ചറിയുന്നു.
മനുഷ്യന്‍, എത്ര നിസ്സാരമായ ജീവിതം. നമ്മുടേതെന്ന് കരുതി കാത്തുസൂക്ഷിച്ചതെല്ലാം ഞൊടിയിടയില്‍ കൈമോശം വരുമെന്ന് നാം വേദനയോടെ തിരിച്ചറിയുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പിന്‍ബലമുണ്ടെങ്കിലും മനുഷ്യ കരങ്ങള്‍ക്ക് തടുത്തു നിര്‍ത്താന്‍ കഴിയാത്ത നൂറ് നൂറ് പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തിലുണ്ട് എന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുകയാണ്. മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളും പലപ്പോഴും ഫലപ്രദമാവാതെ പോവുന്ന സാഹചര്യങ്ങളാണ് കുറച്ചു കാലങ്ങളായി നമുക്ക് മുന്നിലുള്ളത്.
ദുരന്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ചിലപ്പോള്‍ മാസങ്ങള്‍ കൊണ്ട് അവസാനിച്ചേക്കാം. സ്‌നേഹവും നന്മയും മാത്രം ശീലമാക്കി ജീവിത യാഥാര്‍ഥ്യങ്ങളോട് പടപൊരുതുന്ന പാവം വയനാട്ടുകാരെ നമ്മള്‍ ചേര്‍ത്തു പിടിക്കണം. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു പിടി മനുഷ്യര്‍. വയനാട്ടുകാരുടെ ആതിഥ്യം ഒരു തവണയെങ്കിലും അനുഭവിച്ചവര്‍ ഇങ്ങനെ മാത്രമേ പറയൂ. ഇല്ലായ്മയോട് പൊരുതുമ്പോഴും ഇല്ല എന്ന് പറയാന്‍ മനസ്സനുവദിക്കാത്ത മഹാമനസ്‌കത. ചെറിയ ചെറിയ മണ്‍തരികള്‍ ശേഖരിച്ച് ഉറുമ്പ് കൂട് കൂട്ടുന്നതു പോലെയാണ് പത്തും ഇരുപതും കൊല്ലം അധ്വാനിച്ച് വയനാട്ടിലെ സാധാരണക്കാര്‍ വീട് പണിയുന്നത്. വയനാട്ടിലെ മനുഷ്യന്‍ നമുക്ക് അന്യരല്ല. വറുതി കാരണം പൊറുതിമുട്ടിയ പഴയ കാലത്ത് നമ്മുടെയൊക്കെ നാടുകളില്‍ നിന്ന് മലനാട്ടിലേക്ക് ചേക്കേറിയ നമ്മുടെ അടുത്ത ബന്ധുകളാണ് ഇന്നത്തെ വയനാട്ടുകാര്‍. ചുരം കേറിവരുന്ന അതിഥികളെ നാട്ടുകാര്‍ എന്നവര്‍ വിശേഷിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടു വെച്ച് കൊടുക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടുവരുന്നു എന്നുള്ളത് ഏറെ ശ്ലാഘനീയമാണ്. ദുരന്തം വന്നു പോയതിനുശേഷം സഹായ ഹസ്തങ്ങളുമായി മലകയറുന്നതിനു പകരം ആപത്തുകളില്‍ നിന്ന് നമ്മുടെ സഹജീവികളെ കാത്തുരക്ഷിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട് എന്നത് മറക്കാതിരിക്കുക. പുത്തുമലയും പുഞ്ചിരിമട്ടവും ചൂരല്‍മലയും മുണ്ടക്കൈയും മാത്രമല്ല, ദുരന്തസാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്ന പല പ്രദേശങ്ങളും ഇനിയും വയനാട്ടിലുണ്ട്. ഇത്തരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിവൃത്തികേടു കൊണ്ട് ജീവിതം കെട്ടിപ്പടുക്കേണ്ടി വന്ന നിര്‍ധനരും നിരാലംബരുമായ നൂറുകണക്കിന് കുടുംബങ്ങളെ നാം കണ്ടില്ലെന്നുനടിക്കരുത്.

Back to Top